ന്യൂയോര്‍ക്ക്: അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ജപ്പാന് ഏഷ്യയിലെ ഏറ്റവും വലിയ നാവിക ശക്തിയാകുമെന്നും അമേരിക്കയും ചൈനയും സാമ്പത്തികമായി തകരാന്‍ തുടങ്ങുമെന്നും പ്രവചനം. ആഗോള സ്വകാര്യ ഇന്റലിജന്‍സ് സംഘടനയായ സ്ട്രാറ്റ്ഫോറാണ് പ്രവചനം നടത്തിയിരിക്കുന്നത്.
പ്രധാനമായും യൂറോപ്പിലേക്കുള്ള കയറ്റുമതിയെ ആശ്രയിക്കുന്ന ജര്‍മ്മന്‍ സാമ്പത്തിക വ്യവസ്ഥ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ തകര്‍ച്ചയെ നേരിടും. യൂറോയുടെ തകര്‍ച്ച ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ജര്‍മ്മനിയെ ആയിരിക്കും. അതിഭയങ്കരമായ സാമ്പത്തിക മാന്ദ്യമാണ് ജര്‍മ്മനിയെ ബാധിക്കാന്‍ പോകുന്നതെന്ന് സ്ട്രാറ്റ്ഫോര്‍ പറയുന്നു. കിഴക്കന്‍, തെക്കന്‍ ചൈനാ കടലുകളിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ചൈന വന്‍ ശക്തിയാകുന്നതിനെ പ്രതിരോധിക്കാന്‍ ജപ്പാന് നാവിക ശക്തി വര്‍ദ്ധിപ്പിക്കും. ഇത് ഏഷ്യയിലെ ഏറ്റവും വലിയ നാവിക ശക്തി എന്ന നിലയിലേക്ക് ജപ്പാനെ ഉയര്‍ത്തുമെന്ന് പ്രവചനം പറയുന്നു.
ലോകത്തെ നിയന്ത്രിക്കുന്ന ശക്തി എന്ന സ്ഥാനം അമേരിക്കയ്ക്ക് നഷ്ടപ്പെടുമെന്നും ലോക വ്യാപകമായി വളരുന്ന ആണവ ശക്തികളില്‍ നിന്ന് തങ്ങളുടെ ആണവായുധങ്ങള്‍ സംരക്ഷിക്കാന്‍ അമേരിക്ക സ്വന്തം സേനയെ ഉണ്ടാക്കേണ്ടതായി വരും. സൈനിക ശക്തി എന്ന നിലയില്‍ ഇത് അമേരിക്കയുടെ തിരിച്ചു പോക്കിന് വഴിയൊരുക്കും.
അതേസമയം റഷ്യയുടെ പല പ്രദേശങ്ങളും സ്വയം ഭരണ പ്രദേശങ്ങളായി മാറുമെന്നും എണ്ണവില കുറയുന്നതും, സൈനിക ചെലവുകള്‍ വര്‍ദ്ധിക്കുന്നതും, റൂബിളിന്റെ വിലയിടിയുന്നതും റഷ്യയെ കാര്യമായി ബാധിക്കുമെന്നും പ്രവചനം പറയുന്നു. യൂറോപ്പിന്റെ ഐക്യം നഷ്ടമാകുമെന്നും കിഴക്കന്‍ യൂറോപ്പ്, പടിഞ്ഞാറന്‍ യൂറോപ്പ്, ബ്രിട്ടീഷ് ദ്വീപുകള്‍, സ്കാന്‍ഡിനേവിയ എന്നീ നാലു ഭാഗങ്ങളായി യൂറോപ്പ് മാറും. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളുടെ പരസ്പര സഹകരണത്തില്‍ കാര്യമായ ഇടിവ് സംഭവിക്കുമെന്നും പറയുന്നു.
അറബ് രാജ്യങ്ങളില്‍ തുര്‍ക്കിയായിരിക്കും അമേരിക്കയുടെ ഏറ്റവുമടുത്ത സഖ്യകക്ഷി. റഷ്യയുടെ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാന്‍ അമേരിക്കന്‍ തുണ തുര്‍ക്കിക്കും ആവശ്യമായി വരും. അതേസമയം ചൈനയില്‍ സാമ്പത്തിക വളര്‍ച്ച പിന്നോക്കം പോകുമെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ജനങ്ങള്‍ക്കുള്ള അകലം വര്‍ദ്ധിക്കുന്നതും ആഭ്യന്തര കുഴപ്പങ്ങള്‍ ചൈനയെ ബാധിക്കുമെന്നും പ്രവചനത്തിലുണ്ട്.
അതേസമയം ചൈനയുടെ തകര്‍ച്ച പതിനാറോളം രാഷ്ട്രങ്ങള്‍ക്ക് ഗുണകരമാകും. മെക്സിക്കോ, നിക്കരാഗ്വ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, പെറു , എത്യോപ്യ, ഉഗാണ്ട, കെനിയ, ടാന്‍സാനിയ, ബംഗ്ലാദേശ്, മ്യാന്മര്, ശ്രീലങ്ക, ലാവോസ്, വിയറ്റ്നാം, കമ്പോഡിയ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ചൈനയുടെ സാമ്പത്തിക തകര്‍ച്ച മൂലം അഭിവൃദ്ധിപ്പെടുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply