ന്യൂഡല്‍ഹി: പായ്ക്കറ്റ് പാല്, ഭക്ഷ്യ എണ്ണ, കുപ്പി വെള്ളം തുടങ്ങിയ നിത്യോപയോഗ വസ്തുക്കളില്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ആ വസ്തുക്കളുടെ സാംപിളുകള്‍ ശേഖരിച്ചു പരിശോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം നിര്‍ദേശം നല്കി. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കല്‍ വ്യാപകമാകുന്നതു തടയാനുള്ള നടപടികളുടെ ഭാഗമായാണിത്. ആദ്യഘട്ടമായി എല്ലാ കമ്പനികളുടേയും പാല്, ഭക്ഷ്യ എണ്ണ, കുപ്പി വെള്ളം എന്നിവയുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്താന്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍മാരോടു ദേശീയ ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭക്ഷ്യവസ്തുക്കളുടെ നിലാവരമില്ലായ്മ, മായം ചേര്‍ക്കല്‍ എന്നിവ സംബന്ധിച്ച പരാതികള്‍ വ്യാപകമായതിനെത്തുടര്ന്നാണു കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അഥോറിറ്റി സംസ്ഥാനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഗുണനിലവാര പരിശോധനകള്‍ കര്‍ശനമാക്കാനും ചേരുവകളും പാക്കിങ് വിശദാംശങ്ങളുമടങ്ങിയ ലേബലുകള്‍ നിര്‍ബന്ധമാക്കാനും നിര്‍ദേശം.
ജനങ്ങള്‍ നിത്യവും വ്യാപകമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ എന്ന നിലയിലാണു കുപ്പിവെള്ളം, പായ്ക്കറ്റ് പാല്, ഭക്ഷ്യഎണ്ണ എന്നിവയുടെ പരിശോധന കര്‍ശനമാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സാംപിള്‍ പരിശോധിക്കുന്നതിനു പുറമേ ഗുണനിലവാരം സംബന്ധിച്ച ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള വിശദപരിശോധനയ്ക്കായി സാംപിളുകള്‍ അഥോറിറ്റിക്ക് അയച്ചുകൊടുക്കുകയും വേണം.
വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള ഭക്ഷ്യ എണ്ണകളില്‍ മായം ചേര്‍ക്കുന്നുവെന്നും വ്യക്തമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു കുപ്പിവെള്ളം വില്‍ക്കുന്നതെന്നും പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു വിവിധ കമ്പനികള്‍ക്ക് അഥോറിറ്റി നോട്ടീസ് അയച്ചു. മായം ചേര്ക്കലിനെതിരേ ബോധവത്ക്കരണ പരിപാടികള്‍ വ്യാപകമാക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply