Flash News

കാട്ടില്‍ തകര്‍ന്നു വീണ വിമാനത്തിലെ യാത്രക്കാരി അമ്മയേയും കുഞ്ഞിനേയും അഞ്ചു ദിവസങ്ങള്‍ക്കുശേഷം കണ്ടെത്തി

June 25, 2015 , സ്വന്തം ലേഖകന്‍

afp-miracle-mom-baby-survive-colombia-jungle-plane-crashബോഗോട്ട: വടക്കുപടിഞ്ഞാറന്‍ കൊളംബിയയിലെ കൊടുംകാട്ടില്‍ വിമാനം തകര്‍ന്ന് കാണാതായ അമ്മയേയും പിഞ്ചുകുഞ്ഞിനേയും ദിവസങ്ങള്‍ക്കു ശേഷം അദ്ഭുതകരമായി രക്ഷപ്പെടുത്തി.

പതിനെട്ടുകാരിയായ നെല്ലി മുരില്ലോ, ഒരു വയസില്‍ താഴെ മാത്രം പ്രായമുള്ള മകന്‍ യുദിയേര്‍ മൊറേനോ എന്നിവരെയാണ് അഞ്ചു ദിവസങ്ങള്‍ക്കു ശേഷം രക്ഷാപ്രവര്‍ത്തകര്‍ പരിക്ഷീണരായ നിലയില്‍ കണ്ടെത്തിയത്. ഇവരെ ഹെലികോപ്ടറില്‍ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുരില്ലോയുടെ മുഖത്തും കൈക്കും കാലിനും പൊള്ളലേറ്റെങ്കിലും കുഞ്ഞിന് പരുക്കില്ലെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന സെസ്ന 303 വിമാനം കാട്ടില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ വിമാനത്തിന്‍റെ പൈലറ്റ് മരിച്ചിരുന്നു. ഇത്രയും ദിവസങ്ങള്‍ക്കു ശേഷം അമ്മയേയും കുഞ്ഞിനേയും കാട്ടില്‍ സുരക്ഷിതരായി കണ്ടെത്താന്‍ കഴിഞ്ഞത് അദ്ഭുതമാണെന്ന് കൊളംബിയന്‍ എയര്‍ഫോഴ്സ് കമാന്‍ഡര്‍ പറഞ്ഞു.

ശാന്തസമുദ്ര തീരത്തെ നുക്യുവില്‍ നിന്ന് ക്വിബ്ഡോയിലേക്കാണ് എയര്‍ ടാക്സിയില്‍ മുരില്ലോയും മകനും യാത്ര ചെയ്തത്. പറന്നുയര്‍ന്ന് 20 മിനിറ്റുകള്‍ക്കു ശേഷം വിമാനം റഡാറില്‍ നിന്നു അപ്രത്യക്ഷമാകുകയായിരുന്നു. പതിനാലംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനായി അപകടസ്ഥലത്ത് എത്തിയത്. കോക്പിറ്റിനുള്ളില്‍ പൈലറ്റ് കാര്‍ലോസ് മരിയോ സെബാല്ലോസിന്‍റെ മൃതദേഹം കണ്ടെത്തി. എന്നാല്‍ കൊടുംവനത്തില്‍ ഏറെനേരം തെരച്ചില്‍ നടത്തിയെങ്കിലും അമ്മയുടേയും കുഞ്ഞിന്‍റെയും വിവരം ലഭിച്ചില്ല. ദൗത്യം അവസാനിപ്പിച്ച് മടങ്ങാന്‍ തയാറെടുക്കുമ്പോഴാണ് അപകടസ്ഥലത്തിനു അരകിലോമീറ്റര്‍ അകലെനിന്ന് അമ്മയേയും കുഞ്ഞിനേയും കണ്ടെത്തിയത്. വിമാനത്തില്‍ തീപടരുന്നതു കണ്ട് കാബിന്‍ ഡോര്‍ തുറന്ന് രക്ഷപെടുകയായിരുന്നുവെന്ന് മുരില്ലോ പറഞ്ഞു. വിമാനം തകര്‍ന്നതിന്‍റെ കാരണം വ്യക്തമായിട്ടില്ല.

0 6164a4d368cd8d955b3322c855f32513fa1a9406


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top