Flash News

അരുവിക്കരയില്‍ ആര് ജയിക്കും?

June 26, 2015 , സ്വന്തം ലേഖകന്‍

Aruvikkara-by-electionഅരുവിക്കരയില്‍ ആര് ജയിക്കും? മലയാളികളെല്ലാം ഉദ്വേഗത്തോടെ കാത്തിരിക്കുന്ന ഉത്തരം. കേരളത്തിലെ ഒരു ഉപതെരഞ്ഞെടുപ്പും ഇത്ര ഉദ്വേഗം ജനങ്ങള്‍ക്കും പാര്‍ട്ടികളും സമ്മാനിച്ചിട്ടില്ല. അതുകൊണ്ടതന്നെ ഇരുമുന്നണികളും ബി.ജെ.പിയും ശരിക്കും ആശയക്കുഴപ്പത്തിലാണ്. ഒരുതരത്തിലുമുള്ള ഉറപ്പും ആര്‍ക്കും നല്‍കാനാകുന്നില്ല. പ്രചാരണത്തിന്‍െറ അവസാനദിവസങ്ങളില്‍ രഹസ്യമായി നടന്ന മുന്നണികളുടെ കണക്കെടുപ്പുയോഗങ്ങളില്‍ ഇത്ര വോട്ടിന് ജയിക്കാന്‍ സാധ്യതയുണ്ട് എന്നുമാത്രമാണ് ഫീല്‍ഡിലുണ്ടായിരുന്നവര്‍ റിപ്പോര്‍ട്ട് ചെയ്തത്. ജയത്തിന്‍െറ കാര്യത്തില്‍ ഇരുമുന്നണികള്‍ക്കും ഒരു ഉറപ്പും ഇല്ല. അതായത്, 5000 വോട്ടിന്‍െറയോ അതില്‍ താഴെയോ ഭൂരിപക്ഷത്തിനായിരിക്കാം ജയം. എല്ലാ പഴുതും അടച്ച പ്രചാരണമാണ് യു.ഡി.എഫും എല്‍.ഡി.എഫും ബി.ജെ.പിയും നടത്തിയത്. പിണറായി വിജയനും ഉമ്മന്‍ചാണ്ടിയുമായിരുന്നു ഇരുമുന്നണികളുടെയും പ്രചാരണത്തിന്‍െറ ചുക്കാന്‍ പിടിച്ചത്. അതുകൊണ്ടുതന്നെ, ഇരുവരുടെയും വ്യക്തിപരമായ ജയപരാജയമായിരിക്കും അരുവിക്കരയിലേത്.

അരുവിക്കരയിലെ വോട്ടര്‍മാര്‍ ഭൂരിപക്ഷവും ഗ്രാമീണരാണ്. അതുകൊണ്ടുതന്നെ ചാനലുകളില്‍ നാം കാണുന്ന തരത്തിലുള്ള കടുത്ത രാഷ്ട്രീയസംവാദങ്ങളോ തര്‍ക്കവിതര്‍ക്കങ്ങളോ അവരെ അത്രകണ്ട് ബാധിച്ചിട്ടില്ല. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വ്യക്തിപരമായി തന്നെ ലക്ഷ്യമിട്ട് ബാര്‍ കോഴ, സരിതവിവാദം തുടങ്ങിയ അഴിമതിക്കഥകള്‍ എല്‍.ഡി.എഫ് അഴിച്ചുവിട്ടെങ്കിലും ഈ ആരോപണങ്ങള്‍ വിലയിരുത്തി വോട്ട് ചെയ്യുന്നവരുടെ എണ്ണം അരുവിക്കരയില്‍ തുലോം കുറവായിരിക്കും. അത് ഏറ്റവും നന്നായി അറിയുന്നതും ഈ മുന്നണികള്‍ക്കുതന്നെയാണ്. അതുകൊണ്ടാണ് ഇരുമുന്നണികളും വോട്ടര്‍മാരെ നേരിട്ട് പങ്കെടുപ്പിച്ച് കുടുംബയോഗങ്ങള്‍ നടത്തിയത്. കുടുംബയോഗങ്ങളുടെ നേട്ടം തീര്‍ച്ചയായും യു.ഡി.എഫിനായിരിക്കും. കാരണം, മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടാണ് യു.ഡി.എഫിന്‍െറ കുടുംബയോഗങ്ങളില്‍ പങ്കെടുത്തിരുന്നത്. സര്‍ക്കാറിന്‍െറ വികസനപദ്ധതികളുടെ വിശദീകരണം മാത്രമല്ല ഈ യോഗങ്ങളിലുണ്ടായത്. ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാന്‍ കഴിയുന്ന ഒരു സംവിധാനം വോട്ടര്‍മാരുടെ അടുത്ത നേരിട്ട് എത്തുമ്പോഴുള്ള അനുകൂലതരംഗം കുടുംബയോഗങ്ങളില്‍നിന്ന് യു.ഡി.എഫിന് ലഭിക്കും. മുന്നൂറ് കുടുംബയോഗങ്ങളാണ് യു.ഡി.എഫ് മണ്ഡലത്തില്‍ നടത്തിയത്. ഓരോ യോഗത്തിലും 300 പേര്‍ വീതം പങ്കെടുത്തു. സ്ത്രീകളായിരുന്നു ഇതിലേറെയും. മണ്ഡലത്തില്‍ പുതുതായി വന്ന 20,000ഓളം പുതിയ വോട്ടര്‍മാരെ ഈ കുടുംബയോഗങ്ങളില്‍ പങ്കെടുപ്പിക്കാന്‍ ഇരുമുന്നണികളും ആവുന്നത്ര ശ്രമിച്ചു. കുടുംബയോഗങ്ങളില്‍ എല്‍.ഡി.എഫ് പറഞ്ഞത് സര്‍ക്കാറിന്‍െറ അഴിമതിയെക്കുറിച്ചാണ്. ഓരോദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന അഴിമതിക്കഥകള്‍ വിശദമായിതന്നെ അവര്‍ വോട്ടര്‍മാര്‍ക്കുമുന്നില്‍ അവതരിപ്പിച്ചു.

യഥാര്‍ഥത്തില്‍ കുടുംബയോഗങ്ങളില്‍നിന്ന് ലഭിച്ച കണക്കിന്‍െറ ആത്മവിശ്വാസത്തിലാണ് ഇപ്പോള്‍ യു.ഡി.എഫ്. കാരണം, സാമുദായിക വോട്ടുകളുടെ കാര്യത്തില്‍ അവര്‍ക്ക് ഉല്‍ക്കണ്ഡയില്ല. ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ യു.ഡി.എഫിനുള്ള പിന്തുണ തുടരുമെന്നാണ് സൂചനകള്‍. ഹിന്ദു, ക്രിസ്ത്യന്‍ നാടാന്‍ വിഭാഗങ്ങളാണ് മറ്റൊരു വോട്ടുബാങ്ക്. ഇതില്‍ ക്രിസ്ത്യന്‍ നാടാരാണ് ഭൂരിപക്ഷം. അവര്‍ പരമ്പരാഗതമായി കോണ്‍ഗ്രസ് പക്ഷത്തുള്ളവരാണ്.

വെള്ളാപ്പള്ളി നടേശന്‍െറ ബി.ജെ.പി ബാന്ധവത്തില്‍ മാത്രമാണ് യു.ഡി.എഫിന് ഉല്‍ക്കണ്ഠ. ഒ. രാജഗോപാലിന്‍െറ സാന്നിധ്യം നായര്‍ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കുമെന്ന് സൂചനയുണ്ട്. ഇത് യു.ഡി.എഫിനാണ് നഷ്ടമുണ്ടാക്കുക. കാരണം മണ്ഡലത്തില്‍ ഭൂരിപക്ഷം നായര്‍ സമുദായമാണ്. മൂന്ന് സ്ഥാനാര്‍ഥികളും നായര്‍ സമുദായക്കാരായതിനാല്‍ ആരൊക്കെ നായര്‍ വോട്ടറുടെ മനം കവരുമെന്നത് നിര്‍ണായകമായിരിക്കും. എന്‍.എസ്.എസ് പൊതുവെ സര്‍ക്കാറിന് അനുകൂലമായ നിലപാടിലാണ്. സാമുദായിക സമവാക്യം അരുവിക്കരയില്‍ പൊതുവെ യു.ഡി.എഫിന് അനുകൂലമാണ്. ഇതറിഞ്ഞുകൊണ്ടുതന്നെയാണ് എല്‍.ഡി.എഫ് സാമുദായികക്കളിക്ക് നില്‍ക്കാതെ സര്‍ക്കാറിനും മുഖ്യമന്ത്രിക്കും എതിരെ പ്രചാരണത്തിന്‍െറ കുന്തമുന നീട്ടിയത്.

തോട്ടം തൊഴിലാളികള്‍, റബര്‍ കര്‍ഷകര്‍ തുടങ്ങിയ അടിസ്ഥാനവര്‍ഗത്തെ കേന്ദ്രീകരിച്ചായിരുന്നു സി.പി.എം പ്രചാരണം. യു.ഡി.എഫിന് കിട്ടുന്ന വോട്ട് ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് എല്‍.ഡി.എഫ് സ്വീകരിച്ചത്. പി.സി ജോര്‍ജ്, ആര്‍. ബാലകൃഷ്ണപിള്ള, പൂന്തുറ സിറാജ്, കെ.ആര്‍ ഗൗരിയമ്മ എന്നിവരുടെ സാന്നിധ്യം യു.ഡി.എഫ് വോട്ടുകളില്‍ കനത്ത ചോര്‍ച്ചയുണ്ടാക്കുമെന്നും അതുവഴി ചുരുങ്ങിയത് 5000 വോട്ടിന്‍െറ ഭൂരിപക്ഷത്തിന് ജയിക്കാനാകുമെന്നുമാണ് എല്‍.ഡി.എഫിന്‍െറ പ്രതീക്ഷ. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ എ. സമ്പത്ത് നേടിയ ഭൂരിപക്ഷവും എല്‍.ഡി.എഫിന്‍െറ പ്രതീക്ഷക്ക് ചിറകുകള്‍ നല്‍കുന്നു.

ബി.ജെ.പിയുടെ ആത്മവിശ്വാസം ജയിക്കുന്നതിലല്ല, രണ്ടാം സ്ഥാനത്തെത്തുക എന്നതിലാണ്. ഇപ്പോഴത്തെ നിലക്ക് ബി.ജെ.പിക്ക് രണ്ടാംസ്ഥാനത്തത്തൊനുള്ള ഒരുസാധ്യതയുമില്ല. കാരണം, മല്‍സരം കനത്തതായതിനാല്‍ ഇരുമുന്നണികളില്‍നിന്നും വോട്ടുകള്‍ കാര്യമായി ചോരില്ല. അപ്പോള്‍, സ്വന്തം നിലക്ക് വോട്ടുകള്‍ കണ്ടെത്തേണ്ടിവരും.

അരുവിക്കരയിലെ രാഷ്ട്രീയവും സാമുദായികവുമായ സമവാക്യങ്ങളില്‍ അല്‍പം മേല്‍ക്കൈ ഇപ്പോള്‍ യു.ഡി.എഫിനുണ്ട്. ഇതോടൊപ്പം, സ്ഥാനാര്‍ഥി ശബരീനാഥിന്‍െറ പ്രതിച്ഛായ കൂടി കൂട്ടിവക്കുമ്പോള്‍ മുന്നണിക്ക് കുറച്ചുകൂടി മുന്‍തൂക്കം ലഭിക്കുന്നുവെന്ന് വിലയിരുത്താം. മണ്ഡലത്തിന്‍െറ പുതിയ വോട്ടര്‍മാരുടെ മനം കവര്‍ന്നത്, മറ്റുരണ്ടു സ്ഥാനാര്‍ഥികളേക്കാളും ശബരീനാഥാണ്. പ്രത്യേകിച്ച് പുതുതായി വന്ന യുവാക്കളുടെയും സ്ത്രീകളുടെയും ആനുകൂല്യം ലഭിക്കാന്‍ പോകുന്നത് ശബരീനാഥിനാണ്. വളരെ പെട്ടെന്ന് മണ്ഡലത്തിന്‍െറ ഭാഗമായി മാറാനും ജി. കാര്‍ത്തികേയന്‍െറ മകന്‍ എന്ന സഹതാപകാറ്റില്‍നിന്ന് വിമുക്തനാകാനും ശബരീനാഥന് കഴിഞ്ഞു. എതിര്‍സ്ഥാനാര്‍ഥികള്‍ക്കുപോലും വിമര്‍ശിക്കാന്‍ പഴുതില്ലാത്ത വിധമായിരുന്നു ശബരീനാഥിന്‍െറ പ്രചാരണമെന്നതും ശ്രദ്ധേയം. വാസ്തവത്തില്‍ യു.ഡി.എഫിന്‍െറ ആത്മവിശ്വാസത്തിന്‍െറ അമ്പതുശതമാനവും ശബരീനാഥിന്‍െറ പ്രകടനം മൂലമുണ്ടായതാണ്.

പിണറായി വിജയന്‍െറ നേതൃത്വത്തില്‍ സി.പി.എം സംഘടനാസംവിധാനം സടകുടഞ്ഞെഴുന്നേറ്റ ദിവസങ്ങളായിരുന്നു മണ്ഡലത്തില്‍. മണ്ഡലത്തിലെ ആളൊഴിഞ്ഞ വീടുകളില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്പടിച്ചു. 153 ബൂത്തുകളാണ് അരുവിക്കരയിലുള്ളത്. ഓരോ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ക്കാണ് സി.പി.എം. ഓരോ ബൂത്തിന്റേയും ചുമതല നല്‍കിയിരിക്കുന്നത്. ഇവര്‍ ഓരോരുത്തരും പിണറായി വിജയന് റിപ്പോര്‍ട്ട് ചെയ്യണം. ഓരോ ബൂത്തിലും പിണറായി വിജയന്‍ എത്തി റിപ്പോര്‍ട്ടുകള്‍ പരിശോധിക്കും. ഒരു വോട്ടുപോലും ചോര്‍ന്നുപോകാതിരിക്കാന്‍ വോട്ടെടുപ്പ് തീരുന്ന നിമിഷം വരെ എണ്ണയിട്ട യന്ത്രം പോലെ ഈ സംവിധാനം പ്രവര്‍ത്തിക്കും.

പിണറായി വിജയന്‍െറ നേതൃത്വത്തില്‍ നടന്ന ചിട്ടയായ സംഘടനാ സംവിധാനത്തിലും വി.എസിന്‍െറ നേതൃത്വത്തില്‍ നടന്ന കാടടച്ച പ്രചാരണത്തിലുമാണ് എല്‍.ഡി.എഫിന്‍െറ മുഴുവന്‍ പ്രതീക്ഷയും. അരുവിക്കരയിലെ പ്രചാരണത്തില്‍ ഏറ്റവുമധികം ആളുകളെ കൂട്ടിയ താരം സുരേഷ് ഗോപിയോ ഖുശ്ബുവോ ഇന്നസെന്‍േറാ എന്തിന് സാക്ഷാല്‍ എ.കെ ആന്‍റണിയോ പോലുമല്ല, ഈ വി.എസ് ആണ്. വി.എസിന്‍െറ സാന്നിധ്യം നല്‍കുന്ന ആത്മവിശ്വാസം എല്‍.ഡി.എഫിന് ചെറുതല്ല. അതേസമയം, പിണറായി വിജയന്‍െറ കഴിഞ്ഞ ദിവസത്തെ പ്രസ്താവന പരാജയത്തിന്‍െറ മുന്‍കൂര്‍ജാമ്യമല്ലേ എന്ന സന്ദേഹം ചില രാഷ്ട്രീയകേന്ദ്രങ്ങളില്‍നിന്നുണ്ടായിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിനെതുടര്‍ന്നാണ് ബി.ജെ.പി ഒ.രാജഗോപാലിനെ സ്ഥാനാര്‍ഥിയാക്കിയതെന്ന പിണറായിയുടെ പ്രസ്താവന പരാജയം മുന്നില്‍ കണ്ടാണെന്ന പ്രചാരണമുണ്ട്. എല്‍.ഡി.എഫ് തോല്‍ക്കുകയാണെങ്കില്‍ അത് യു.ഡി.എഫ്- ബി.ജെ.പി ബാന്ധവം മൂലമാണെന്നുപറഞ്ഞ് തടിയൂരാന്‍ വേണ്ടി. എന്തായാലും മല്‍സരം പിണറായിയും ഉമ്മന്‍ചാണ്ടിയും തമ്മിലുമാണെന്ന് പറയാം. മുന്നണികളുടെ ജയപരാജയങ്ങള്‍ ഇവരുടെ പാര്‍ട്ടിയിലുള്ള സ്വാധീനത്തെ നേരിട്ടുതന്നെ ബാധിക്കും. അത് സി.പി.എമ്മിലും കോണ്‍ഗ്രസിലും മാത്രമല്ല ഇരുമുന്നണികളിലും രാഷ്ട്രീയസ്ഫോടനങ്ങള്‍ക്ക് വഴിവക്കുകതന്നെ ചെയ്യും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top