സാന്റാ അന്ന സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ പള്ളിയില്‍ വി. തോമാശ്ശീഹായുടെ തിരുനാള്‍

santaNews_pic1ലോസ്‌ആഞ്ചലസ്‌: കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 5 വരെ ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു.

ജൂണ്‍ 28 ഞായറാഴ്‌ച രാവിലെ 10 മണിക്കുള്ള ദിവ്യബലിക്കുശേഷം ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി കൊടിയേറ്റുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിക്കും. തുടര്‍ന്ന്‌ എല്ലാദിവസവും വിവിധ വാര്‍ഡുകളുടെ നേതൃത്വത്തില്‍ വൈകുന്നേരം 7.30-നു കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും.

ദുക്‌റാന തിരുനാള്‍ ദിനമായ മൂന്നാംതീയതി വെള്ളിയാഴ്‌ച വൈകിട്ട്‌ 7.30-നു ദിവ്യബലിയും നൊവേനയും രാത്രി 12 മണി വരെ നൈറ്റ്‌ വിജിലും ഉണ്ട്‌.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ നാലിനു ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ എട്ട്‌ വൈദീകര്‍ ചേര്‍ന്നുള്ള സമൂഹബലിയും തുടര്‍ന്ന്‌ വിശുദ്ധരുടെ രൂപങ്ങള്‍ വഹിച്ചുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും നടക്കും. വൈകിട്ട്‌ 8.30 നു സാന്‍തോം തീയേറ്റേഴ്‌സ്‌ അവതരിപ്പിക്കുന്ന നാലാമത്‌ നൃത്ത സാമൂഹ്യനാടകം ‘വേര്‍പാടിന്റെ നൊമ്പരങ്ങള്‍’ അരങ്ങേറും. ജോസുകുട്ടി പാമ്പാടി കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നു. ഇടവകയിലെ വിവിധ വാര്‍ഡുകളെ പ്രതിനിധീകരിച്ച്‌ അവതരിപ്പിക്കുന്ന വിവിധ നൃത്ത കലാപരിപാടികള്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ മോടിയേകും.

ജൂലൈ 5-ന്‌ ഞായറാഴ്‌ച രാവിലെ 10-ന്‌ ആഘോഷമായ സമൂഹബലിയോടെ കൊടിയിറക്കും. തിരുനാള്‍ ദിവസങ്ങളില്‍ വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ഫാ. കുര്യാക്കോസ്‌ വടാന, ഫാ. സിജു മുടക്കോടില്‍, ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍, ഫാ. സോണി ജോസഫ്‌ എസ്‌.വി.ഡി, ഫാ. ജോസഫ്‌ കെന്നഡി, ഫാ. ആഞ്ചലോസ്‌ സെബാസ്റ്റ്യന്‍ എന്നീ വൈദീകര്‍ തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക്‌ കാര്‍മികത്വം വഹിക്കും.

ഇടവകയിലെ സെന്റ്‌ സേവ്യേഴ്‌സ്‌, ഹോളി ഫാമിലി എന്നീ വാര്‍ഡുകള്‍ സംയുക്തമായി തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നു.

തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത്‌ വി. തോമാശ്ശീഹായുടെ മധ്യസ്ഥം വഴി ധാരാളം അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഫൊറോനാ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയും, കൈക്കാരന്മാരായ ബിജു ആലുംമൂട്ടില്‍, ബൈജു വിതയത്തില്‍ എന്നിവര്‍ സ്‌നേഹാദരവോടെ ക്ഷണിക്കുന്നു.

Print Friendly, PDF & Email

Related News

Leave a Comment