Flash News

ജഗതി ശ്രീകുമാര്‍ പങ്കെടുത്ത വേദിയില്‍ നാടകീയ രംഗങ്ങള്‍; അച്ഛനെ കാണാന്‍ മകള്‍ ശ്രീലക്ഷ്മി വേദിയിലേക്ക് ഓടിക്കയറി

June 28, 2015 , സ്വന്തം ലേഖകന്‍

Jagathy-and-Sreelakshmi-hosT9കോട്ടയം : വാഹനാപകടത്തിനു ശേഷം ജഗതി ശ്രീകുമാര്‍ ആദ്യമായി പങ്കെടുത്ത പൊതുചടങ്ങിനിടെ നാടകീയ രംഗങ്ങള്‍. മകള്‍ ശ്രീലക്ഷ്മി വേദിയിലേക്ക് ഓടിക്കയറിയതാണ് നാടകീയ രംഗങ്ങള്‍ക്കിടയാക്കിയത്.

അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ പി.സി ജോര്‍ജിന്റെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സമ്മാനദാനം നടന്ന പരിപാടിയിലാണു സംഭവം. വേദിയില്‍ പി.സി. ജോര്‍ജ് പ്രസംഗിക്കുമ്പോഴാണു ശ്രീലക്ഷമി വേദിയിലേക്ക് ഓടിക്കയറിയത്. പെട്ടെന്നുള്ള ഈ വരവില്‍ സംഘടകര്‍ പകച്ചു. അച്ഛനെ കെട്ടിപിടിച്ച് മുത്തം നല്‍കിയ ശ്രീലക്ഷ്മിയെ പി.സി ജോര്‍ജ് പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. സംഘാടകര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും ശ്രീലക്ഷ്മി പിന്മാറിയില്ല. മാറാന്‍ കൂട്ടാക്കാതിരുന്നതോടെ സംഘാടകര്‍ ഇരിപ്പിടം ഒരുക്കി. അഞ്ച് മിനിറ്റിനോളം അച്ഛനരികില്‍ ഇരുന്ന മകളെ തിരിച്ചറിഞ്ഞ ജഗതി ചുംബനം നല്‍കി. തുടര്‍ന്ന് ജഗതിയുടെ ഇരുകവിളിലും ചുംബിച്ച ശേഷം ശ്രീലക്ഷ്‌മി വേദി വിട്ടിറങ്ങിപ്പോയി.

ഭരണങ്ങാനം പള്ളിയില്‍ പോകാനെത്തിയപ്പോഴാണ് പരിപാടി നടക്കുന്നുണ്ടെന്ന് അറിഞ്ഞതെന്നും തുടര്‍ന്നാണ് വേദിയിലേക്ക് എത്തിയതെന്നും ശ്രീലക്ഷ്മി പറഞ്ഞു. പരിപാടി തുടങ്ങുമ്പോള്‍ തന്നെ ശ്രീലക്ഷ്മി പരിപാടി നടക്കുന്നിടത്തുണ്ടായിരുന്നു. ഷാള്‍ ഇട്ടിരുന്നതിനാല്‍ ആര്‍ക്കും മനസ്സിലായില്ല. വേദിയില്‍ നിന്ന് നേരെ ഇറങ്ങി കാറില്‍ കയറി അവര്‍ പോകുകയും ചെയ്തു. ഈ കാര്‍ തടയാനും ചിലര്‍ ശ്രമിച്ചു.

മൂന്നുവര്‍ഷമായി ജഗതിയെ കാണാന്‍ ശ്രീലക്ഷ്മിയെ അനുവദിച്ചിരുന്നില്ലെന്ന് ആരോപണമുണ്ട്. പി.സി. ജോര്‍ജാണ് ശ്രീലക്ഷ്മിയെ ജഗതിയില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ടായിരുന്നു. 2012 ലെ അപകടത്തിന് ശേഷവും ജഗതിയെ കാണാന്‍ അനുവദിച്ചിരുന്നില്ല. ഒടുവില്‍ കോടതി ഉത്തരവാണ് ശ്രീലക്ഷ്മിക്ക് തുണയായത്. എന്തിനാണ് തന്നെ തന്റെ അച്ഛനില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നതെന്നറിയില്ലെന്ന് ശ്രീലക്ഷ്മി പിന്നീട് വാര്‍ത്താലേഖകരോടു പറഞ്ഞു. ജഗതി ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടിയാണ് ഈരാറ്റുപേട്ടയില്‍ നടന്നത്.

അച്ഛന്‍ ആളുകളെ തിരിച്ചറിയുന്നതായി കൂടിക്കാഴ്ചയ്ക്കുശേഷം ശ്രീലക്ഷ്മി പറഞ്ഞു. പറയുന്നതെല്ലാം അച്ഛന്‍ മനസിലാക്കുന്നുണ്ട്. സംസാരിക്കാനുള്ള ബുദ്ധിമുട്ട് മാത്രമാണ് ഉള്ളത്. അച്ഛന് അപകടം പറ്റിയെന്ന് അറിഞ്ഞ നിമിഷം മുതല്‍ അദ്ദേഹത്തെ കാണാന്‍ ഒരുപാട് ശ്രമിച്ചു. എന്നാല്‍, തനിക്കും അമ്മയ്ക്കും അതിന് അനുവാദം കിട്ടിയില്ല. കോടതി വഴിയും ശ്രമം നടത്തിയെങ്കിലും ഫലംകണ്ടില്ല.

അച്ഛനെ അടുത്തു കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും, അതിനായി തന്നെ അനുവദിച്ച പി.സി ജോര്‍ജിനോട് നന്ദി അറിയിക്കുന്നതായും ശ്രീലക്ഷ്മി പറഞ്ഞു. അദ്ദേഹം അനുവദിച്ചതുകൊണ്ടാണ് തനിക്ക് വേദിയില്‍ കയറി അച്ഛനൊപ്പം ഇരിക്കാനും അഞ്ചു മിനിട്ടെങ്കിലും ചിലവഴിയ്ക്കാനും കഴിഞ്ഞതെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top