നോട്ടക്ക് പിന്നില്‍ അഞ്ചാമതായി കെ.സി ദാസ്; നാണം കെട്ട് പി.സി ജോര്‍ജ്ജ്

20941_1434087124

തിരുവനന്തപുരം: ഭരണനേട്ടങ്ങള്‍ നിരത്തി യു.ഡി.എഫും അഴിമതി ഭരണം ഉയര്‍ത്തി എല്‍.ഡി.എഫും നാടിളക്കി നടത്തിയ പ്രചാരണത്തിനൊടുവില്‍ കരതൊടാതെ പോയ രണ്ട് സ്ഥാനാര്‍ത്ഥികളാണ് പി.സി ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണിയുടെ കെ.സി ദാസും, പിഡിപിയുടെ പൂന്തുറ സിറാജും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് ഇടത് മുന്നണിക്ക് വിജയം ഉണ്ടാക്കി അതുവഴി ഇടത് മുന്നണിയില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു പി.സി ജോര്‍ജിന്റേത്. ഇതിനായി വിഷ്ണുപുരം ചന്ദ്രശേഖരന്‍ എന്ന സമുദായ നേതാവിനെ കൂടെ കൂട്ടി അരുവിക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ജോര്‍ജ് കരുനീക്കം നടത്തി.

15,000 വോട്ട് നേടി യുഡി‌എഫിനെ തറപറ്റിക്കുമെന്നായിരുന്നു ജോര്‍ജിന്റെ അവകാശ വാദം. എന്നാല്‍ അരുവിക്കരയില്‍ സ്ഥാനാര്‍ഥികളില്‍ ആരെയും തങ്ങള്‍ക്ക് വേണ്ടയെന്ന നിഷേധ വോട്ടായ നോട്ടയ്ക്കും പിന്നിലായി അഞ്ചാം സ്ഥാനത്താണ് ജോര്‍ജിന്റെ സ്ഥാനാര്‍ഥി കെ.സി ദാസ് തപ്പിത്തടഞ്ഞെത്തിയത്. ജനകീയ വോട്ടെടുപ്പ് നടത്തി ജോര്‍ജ് കണ്ടെത്തിയ സ്ഥാനാര്‍ത്ഥിയാണ് ദാസ്. എന്നാല്‍ നാടാര്‍ വോട്ടുകള്‍ പോലും സ്വന്തമാക്കാന്‍ കഴിയാത്ത ദാസിനു ലഭിച്ചത് വെറും 1197 വോട്ട് മാത്രമാണ്. നോട്ടയ്ക്കാകട്ടെ 1430 പേരും.

ഈ നാണക്കേട് ജോര്‍ജിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ ചോദ്യം ചെയ്യുന്നതായിത്തീരും. എസ്.ഡി.പി.ഐയുടെ പിന്തുണയോടെ നേടിയ വോട്ടുകള്‍ മാത്രമാണ് ദാസിന് കിട്ടയതെന്നാണ് യാഥാര്‍ത്ഥ്യം. ബാര്‍ കോഴയില്‍ കെ.എം മാണിയുമായി പിണങ്ങി യു.ഡി.എഫ് വിട്ട് പുറത്തുവന്ന ജോര്‍ജിന് വലിയ തരിച്ചടി തന്നെയാണ് ഇത്. ഇനി ജോര്‍ജിന് നിയമസഭാ അംഗത്വവും നഷ്ടമാകുമെന്ന് ഉറപ്പ്. മുന്‍ ചീഫ് വിപ്പിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ആഗ്രഹിക്കുന്ന കെ.എം മാണി ഉടന്‍ തന്നെ അയോഗ്യനാക്കാനുള്ള അപേക്ഷ സ്പീക്കര്‍ക്ക് നല്‍കും.

നിലവിലെ സാഹചര്യത്തില്‍ സ്പീക്കര്‍ അത് അംഗീകരിക്കുകയു ചെയ്യും. അങ്ങനെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജോര്‍ജ് എം.എല്‍.എ.യുമല്ലാതെയാകും. ഇതിനെതിരെ ജോര്‍ജ് കോടതിയെ സമീപിക്കും. അതും തള്ളിയാല്‍ പിന്നെ രാഷ്ട്രീയ വനവാസമാകും ഫലം. അയോഗ്യത വന്നാല്‍ അടുത്ത ആറു വര്‍ഷം മത്സരിക്കാന്‍ കഴയില്ല. ഇതോടെ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്ത സ്ഥിതിയും വന്നു. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഒരുപക്ഷേ അയോഗ്യനാക്കും മുമ്പ് ജോര്‍ജ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കാനും സാധ്യതയുണ്ട്.

തോല്‍‌വിക്ക് യാതൊരു ന്യായങ്ങളും ജോര്‍ജിന് പറയാനാകില്ല. കാരണം ജോര്‍ജിന്റെ എല്ലാ വാദങ്ങളും പൊളിയുകയാണ്. 2000 വോട്ട് പോലും കാടിളക്കി പ്രചരണം നടത്തിയിട്ടും ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിക്കായില്ല. ഇതു തന്നെയാകും കേരള രാഷ്ട്രീയത്തില്‍ പി.സി ജോര്‍ജിന്റെ പ്രസക്തിക്ക് മങ്ങലേല്‍ക്കാനുള്ള കാരണവും.

അതേസമയം, അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്ന് പി.സി ജോര്‍ജ്ജ് കൈരളി പീപ്പിളില്‍ ചര്‍ച്ചയ്ക്കിടയില്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞു. ചര്‍ച്ചയില്‍ നിന്ന് പി.സി ജോര്‍ജ് പകുതിക്ക് വെച്ച് ഇറങ്ങി പോവുകയും ചെയ്തു.

കെ.എം മാണി വാങ്ങിച്ച കാശും ഉമ്മന്‍ ചാണ്ടി വാങ്ങിച്ച കാശും തന്റെ കൈയില്‍ ഇല്ലെന്നും കൊള്ള സംഘമാണ് സംസ്ഥാനത്ത് ഉള്ളതെന്നും ഇറങ്ങി പോകുന്നതിനു മുമ്പായി പി.സി ജോര്‍ജ് പറഞ്ഞു. സത്യം കേരളത്തിലെ ജനങ്ങളെ ബോധിപ്പിക്കുമെന്നും ബി.ജെ.പിക്കുണ്ടായ മുന്നേറ്റമാണ് തിരിച്ചടിയായതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment