ഹ്യൂസ്റ്റണ്‍: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിലെ പ്രധാന ഇടവകകളിലൊന്നായ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ 41ആം ഇടവകദിനം സമുചിതമായി ആഘോഷിച്ചു.
അമേരിക്കയില്‍ ആദ്യമായി പണി കഴിക്കപ്പെട്ട മാര്‍ത്തോമാ ദേവാലയം എന്ന പദവി അലങ്കരിയ്ക്കുന്ന ട്രിനിറ്റി മാര്‍ത്തോമ്മാ ദേവലായത്തില്‍ ജൂണ്‍ 28 ഞായറാഴ്ച വിശുദ്ധ കുര്‍ബാനാന്തരം നടത്തപ്പെട്ട ഇടവകദിന സമ്മേളനം മാര്‍ത്തോമാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തായുടെ സാന്നിദ്ധ്യവും നേതൃത്വവും കൊണ്ട് ശ്രദ്ധേയയവും ധന്യവുമായി.
രാവിലെ 9 മണിക്കാരംഭിച്ച വിശുദ്ധ കുര്‍ബാന ശുശ്രൂഷക്കും മെത്രാപ്പോലീത്താ തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇടവക ഗായക സംഘത്തിന്റെ ഗാനത്തോടു കൂടി ആരംഭിച്ച ഇടവകദിന സമ്മേളനത്തില്‍ അസിസ്റ്റന്റ് വികാരി റവ. മാത്യൂസ് ഫിലിപ്പ് പ്രാര്‍ത്ഥിച്ചു. ഇടവക വികാരി റവ. കൊച്ചു കോശി എബ്രഹാം സ്വാഗതം ആശംസിച്ചു. ഇടവക സെക്രട്ടറി തോമസ് ടി. കോശി ഇടവകയുടെ സംക്ഷിപ്ത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തുടര്‍ന്ന് ഇടവകാംഗങ്ങളായ വിദ്യാര്‍ത്ഥികളില്‍ നിന്നും ഈ വര്‍ഷം ഉന്നത വിജയം കരസ്ഥമാക്കിയ വാലിഡിക്ടോറിയന്‍ ജറിന് ഫിലിപ്പ്, സാലിറ്റോറിയന് ഷോണ്‍ ജോര്‍ജ്ജ് എന്നിവര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്കി തിരുമേനി ആദരിച്ചു. തുടര്‍ന്ന് ഈ വര്‍ഷം 70 വയസ് പൂര്‍ത്തിയാക്കി സപ്തതി ആഘോഷിക്കുന്ന ഇടവകാംഗങ്ങള്‍ക്ക് പൊന്നാട നല്കി മെത്രാപ്പോലീത്താ ആദരിച്ചു. ഇടവകയുടെ ഔട്ട്റീച്ച് മിനിസ്ട്രിയോടനുബന്ധിച്ച് പ്രസിദ്ധീകരിയ്ക്കുന്ന ഇംഗ്ലീഷ് സ്പാനിഷ് ഭാഷകളില്‍ തയ്യാറാക്കിയ ലഘുലേഖയുടെ പ്രകാശനം ജയ്സണ്‍ ചെറിയാന് ഒരു കോപ്പി നല്‍കിക്കൊണ്ട് മെത്രാപ്പോലീത്താ നിര്‍വഹിച്ചു.
ജൂണ്‍ 27ന് 85ആം വയസ്സിലേക്ക് പ്രവേശിച്ച തിരുമേനി കുട്ടികളുടെയും വൈദികരുടെയും സാന്നിദ്ധ്യത്തില്‍ ജന്മദിന കേക്ക് മുറിച്ചു. തുടര്‍ന്ന് മെത്രാപ്പോലീത്താ ഇടവകദിന സന്ദേശം നല്കി. എപ്പിസ്ക്കോപ്പായായി 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ തിരുമേനി കടന്നുവന്ന വഴിത്താരകളില്‍ കരുത്തു നല്കിയ ദൈവത്തിനു സ്തോത്രം ചെയ്തുകൊണ്ട് അനുഭവങ്ങള്‍ പങ്കിട്ടു.
ഈ നാളുകളിലൊക്കെ നിരവധി പ്രതിസന്ധികളെ പ്രശ്നങ്ങളെ അഭിമുഖീകരിച്ചു. എന്നാല്‍ അവിടെയെല്ലാം പരമകാരുണികനായ ദൈവത്തിന്റെ അദൃശ്യ കരങ്ങള്‍ ബലം നല്കി. നിരവധി സ്ഥാപനങ്ങള്‍ സഭയായി ആരംഭിക്കുന്നതിന് പ്രചോദനം ലഭിച്ചു.
ദൈവത്തിന്റെ സൃഷ്ടിയായ പ്രകൃതിയെ സംരക്ഷിയ്ക്കേണ്ട ചുമതല കാര്യ വിചാരകരായ നമുക്കുണ്ട്. ഹരിതവല്‍ക്കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയകളുടെ അമിതോപയോഗം മൂലം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാദ്ധ്യതകളെ നാം കാണണം. സദാജനങ്ങള്‍ മദ്യത്തെ പൂര്‍ണ്ണമായി വര്‍ജ്ജിക്കണം എന്നു ആഹ്വാനം ചെയ്തുകൊണ്ട് മെത്രാപ്പോലീത്താ സന്ദേശം അവസാനിപ്പിച്ചു.
ജസ്നാ ജോര്‍ജ്ജ് നന്ദി പ്രകാശിപ്പിച്ചു. മെത്രാപ്പോലീത്തായുടെ സെക്രട്ടറി റവ. സിജോ ജോണ്‍ പ്രാര്‍ത്ഥിച്ചു. മെത്രാപ്പോലീത്തായുടെ ആശീര്‍വാദത്തിനു ശേഷം സമ്മേളനം അവസാനിച്ചു. സമ്മേളനത്തിനു ശേഷം സ്നേഹ സല്‍ക്കാരവും ഉണ്ടായിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply