കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ പച്ചക്കറി കൃഷിക്ക് കീടനാശിനി പ്രയോഗത്തിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി. വിളവെടുപ്പിന് 15 ദിവസം മുമ്പ് കീടനാശിനി തളിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. ചന്തകളിലേക്ക് വില്പനക്ക് അയക്കുന്നതിന് മുമ്പ് കീടങ്ങളുടെ ആക്രമണം തടയുന്നതിനുവേണ്ടി എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കുന്നത് അപായകരമാണെന്ന് കൃഷി വകുപ്പധികൃതരും മുന്നറിയിപ്പ് നല്കി. ഏറ്റവും ശക്തിയേറിയ കീടനാശിനി ബ്രാന്‍ഡുകള്‍ക്കാണ് വിലകുറവുള്ളത്. ഇതുകാരണം കര്‍ഷകര്‍ ശക്തിയേറിയ കീടനാശിനി ബ്രാന്‍ഡുകളാണ് ഉപയോഗപ്പെടുത്തുന്നതെന്ന് കണ്ടത്തെിയിട്ടുണ്ട്.
വെണ്ടക്ക പോലുള്ള പച്ചക്കറികള്‍ പച്ചക്ക് ഭക്ഷിക്കുന്നത് അധികൃതര്‍ വിലക്കിയിട്ടുണ്ട്. ഇത്തരം പച്ചക്കറികളില്‍ കീടനാശിനിയുടെ അംശം ദിവസങ്ങളോളം ഉണ്ടാവുമെന്നാണ് ഇവര്‍ പറയുന്നത്. തമിഴ്നാട്ടില്‍ പൊതുവെ കേരളത്തിലെ ഓണവിപണി ലക്ഷ്യംവെച്ച് വിളവിറക്കുകയാണ് പതിവ്.
എന്നാല്‍, പുതിയ സാഹചര്യത്തില്‍ കര്‍ഷകര്‍ ഇതിന് താല്പര്യം കാണിച്ചില്ല. രണ്ടു മാസം മുമ്പ് വരെ കോയമ്പത്തൂര്‍ മേഖലയിലെ മൊത്തവിപണികളില്‍ നിന്ന് 400 ടണ്‍ പച്ചക്കറിയാണ് കേരളത്തിലേക്ക് കൊണ്ടുപോയിരുന്നത്. എന്നാലിപ്പോള്‍ 100 ടണ്ണില്‍ താഴെ മാത്രമാണ് അതിര്‍ത്തി കടക്കുന്നത്. ഉള്ളി, കാരറ്റ്, ബീറ്റ്റൂട്ട്, മുള്ളങ്കി തുടങ്ങിയവയാണ് കേരളത്തിലേക്ക് ഇപ്പോള്‍ യഥേഷ്ടം കൊണ്ടുപോകുന്നത്. എന്നാല്‍, കോവക്ക, പാവക്ക, വഴുതിനങ്ങ, വെണ്ടക്ക, അമര, ചുരക്ക, കോളിഫ്ലവര്‍ തുടങ്ങിയവയുടെ നീക്കം കുറഞ്ഞു.