Flash News

കേരള തീരത്ത് കോസ്റ്റ് ഗാര്‍ഡ് പിടിച്ച് വിദേശ ബോട്ടിലെ ക്യാപ്റ്റനടക്കം 12 പേരും കസ്റ്റഡിയില്‍

July 5, 2015 , സ്വന്തം ലേഖകന്‍

DSC_0277-e1436135150963തിരുവനന്തപുരം: കേരള തീരത്തു സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബോട്ടും ക്യാപ്റ്റനുള്‍പ്പെടെ 12 പേരും തീരസംരക്ഷണസേനയുടെ കസ്റ്റഡിയില്‍. ആലപ്പുഴ തീരത്തു നിന്ന് 52 നോട്ടിക്കല്‍ മൈല്‍ അകലെ കരിയിലക്കുളങ്ങര ഭാഗത്തു കണ്ടെത്തിയ ഇറേനിയന്‍ പത്തേമാരിയാണു പിടിയിലായത്.

ബറൂക്കി എന്നു പേരുള്ള ബോട്ടില്‍ നിന്നു പാക് തിരിച്ചറിയല്‍ കാര്‍ഡും നിരോധിക്കപ്പെട്ട സാറ്റലൈറ്റ് ഫോണും കണ്ടെടുത്തു. തിരിച്ചറിയല്‍ കാര്‍ഡിന്‍റെ ഉടമ ബോട്ടിലില്ല. തങ്ങള്‍ ഇറാനിലെ ബലൂച് സ്വദേശികളാണെന്നാണു പിടിക്കപ്പെട്ടവരുടെ മൊഴി. എന്നാല്‍, അന്വേഷണ ഏജന്‍സികള്‍ ഇതു സ്ഥിരീകരിച്ചിട്ടില്ല. ബലൂച് പാക് അതിര്‍ത്തിയിലായതിനാല്‍ സംഭവത്തില്‍ പാക് ബന്ധവും സംശയിക്കുന്നു. ഇവരുടെ പാതി മുറിഞ്ഞ ഹിന്ദിവാക്കുകളും പേര്‍ഷ്യനും ചേര്‍ന്ന സംസാര രീതികളാണു ദുരൂഹത വര്‍ധിപ്പിക്കുന്നതെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. വെങ്കിടേഷ്. ബാറ്ററി കേടായതിനാല്‍ ബോട്ട് അലക്ഷ്യമായി ഒഴുകി നീങ്ങുകയായിരുന്നുവെന്ന് ഇവരുടെ വാദം. എന്നാല്‍ ഇതു പൂര്‍ണമായും സുരക്ഷാ ഏജന്‍സികള്‍ മുഖവിലക്കെടുത്തിട്ടില്ല. തീവ്രവാദ ബന്ധമുള്ളവരാണെന്ന സംശയത്തെത്തുടര്‍ന്ന് ഐബിയും പൊലീസും ഇവരെ മണിക്കൂറോളം ചോദ്യം ചെയ്തു.

മയക്കുമരുന്നും ആയുധവും കടത്തുന്ന സംഘം കടല്‍മാര്‍ഗം യാത്ര ചെയ്യുന്നുവെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണു ബോട്ട് കസ്റ്റഡിയിലെടുത്തത്. ഇവരുടെ വയര്‍ലസില്‍നിന്നുള്ള സിഗ്നലുകളില്‍നിന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ച വിവരം തീര സംരക്ഷണ സേനയ്ക്കു കൈമാറുകയായിരുന്നു.

ഇന്നലെ രാവിലെ ആരംഭിച്ച നീക്കങ്ങള്‍ക്കൊടുവിലാണു മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് ബോട്ടില്‍ ഇറേനിയന്‍ ബോട്ടിനെ കെട്ടിവലിച്ച് വിഴിഞ്ഞം പുതിയ വാര്‍ഫിലെത്തിച്ചത്. ബോട്ടിലുള്ളവരെ തീരസംരക്ഷണ സേനയുടെ കപ്പല്‍ അഭിനവില്‍ തീരത്തെത്തിച്ചു.

അബ്ദുള്‍ മജീദ് ബലൂച് (30) ആണ് ക്യാപ്റ്റന്‍. ഷഹഷാദ് (32), ഹുസൈന്‍ (48), ജംഷാദ് (25), മുഹമ്മദ് (26), അഹമ്മദ് (40), കാസിം (50), അബ്ദുള്‍ ഖാദര്‍ (50), പര്‍വേശ് (45), വാഹിദ് (35), ഷാഹിദ് (30), ഇലാഹിംബക്ഷ് (40) എന്നിവരാണു കൂടെയുള്ളത്. തീരത്തെത്തിച്ച ബോട്ടില്‍ ബോംബ് സ്ക്വാഡും ഫൊറന്‍സിക് സയന്‍സ് വിഭാഗവും പരിശോധന നടത്തി. ഫൊറന്‍സിക് നടത്തിയ പരിശോധനയില്‍ സമീപകാലത്തൊന്നും ഉപയോഗിച്ചിട്ടില്ലാത്ത മീന്‍പിടിത്ത വലകളടക്കമുള്ള ഉപകരണങ്ങള്‍, മൂന്നു ചാക്ക് മൈദമാവ്, അരി, സിഗററ്റ്പായ്ക്കറ്റുകള്‍, നൂഡില്‍സ്, സോഫ്റ്റ് ഡ്രിങ്സ്, വസ്ത്രങ്ങള്‍ എന്നിവ കണ്ടെടുത്തു. മേയ് 25 ന് ഇറാനില്‍ നിന്നും തിരിച്ച ഇവര്‍ ഒരു മാസമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചുറ്റിയടിക്കുകയായിരുന്നുവെന്നു ബന്ധപ്പെട്ട ഏജന്‍സികള്‍ക്കു വിവരം ലഭിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top