മഹാരാജാസ് കോളേജിലെ സ്വയംഭരണപ്രശ്നം ഒത്തുതീര്‍ന്നു

Maharajas.jpg.image.784.410കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്‍െറ സ്വയംഭരണ പദവിയുമായി ബന്ധപ്പെട്ട് മഹാരാജാസ് സംരക്ഷണ സമിതി നടത്തുന്ന സമരം ഒത്തുതീര്‍പ്പായി. രണ്ട് മാസത്തോളം നീണ്ട സമരം താല്‍ക്കാലികമായി പിന്‍വലിച്ചതായും ഉറപ്പ് ലംഘിച്ചാല്‍ വീണ്ടും സമരത്തിനിറങ്ങുമെന്നും സംരക്ഷണ സമിതി വ്യക്തമാക്കി. മഹാരാജാസില്‍ തിങ്കളാഴ്ച തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. ശശിയും അറിയിച്ചു.

അസോസിയേഷന്‍ ഓഫ് കേരള ഗവണ്‍മെന്‍റ് ടീച്ചേഴ്സ് (എ.കെ.ജി.സി.ടി), എസ്.എഫ്.ഐ എന്നിവയുടെ നേതൃത്വത്തില്‍ സംരക്ഷണ സമതി രൂപവത്കരിച്ചാണ് മഹാരാജാസില്‍ സമരം തുടങ്ങിയത്. മഹാരാജാസിന്‍െറ സ്വയംഭരണ പദവി റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

രണ്ട് ആവശ്യങ്ങള്‍ കൂടി സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ഒത്തുതീര്‍പ്പിലത്തെിയത്. സമരക്കാര്‍ ആവശ്യപ്പെട്ട 41 ആവശ്യങ്ങളില്‍ 40ഉം സര്‍ക്കാര്‍ പരിഗണിച്ചു. കോളജില്‍ സര്‍ക്കാര്‍ സ്വാശ്രയ കോഴ്സുകള്‍ ആരംഭിക്കില്ല, നിലവിലുള്ള സ്വാശ്രയ കോഴ്സുകള്‍ എയ്ഡഡ് ആക്കുന്നതിനായി പ്രിന്‍സിപ്പലില്‍ നിന്നും റിപ്പോര്‍ട്ട് തേടും, സ്ഥലം മാറ്റപ്പെട്ട അധ്യാപകര്‍ക്ക് അടുത്ത ഒഴിവ് വരുന്ന മുറക്ക് തിരികെ നിയമനം കൊടുക്കും അധ്യാപകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ അടുത്തുള്ള കോളജുകളില്‍ ഒഴിവുകള്‍ നോക്കി നിയമനം നല്‍കും എന്നീ ഉറപ്പുകള്‍ കൂടി ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

41 ആവശ്യങ്ങളില്‍ മറ്റ് സര്‍ക്കാര്‍ കോളജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കരുതെന്ന ആവശ്യം ചര്‍ച്ചയില്‍ പരിഗണിച്ചില്ല. മഹാരാജാസുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതിനാല്‍ ഇക്കാര്യം പരിഗണിക്കാന്‍ കഴിയില്ലന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

കോളജ് തലത്തിലായിരിക്കും വിദ്യാര്‍ഥി പ്രവേശനമെങ്കിലും സര്‍ക്കാര്‍ കോളജുകളില്‍ സാധാരണപാലിക്കുന്ന പ്രവേശന മാനദണ്ഡങ്ങള്‍ തുടരും. സംവരണ തത്ത്വങ്ങള്‍, മാര്‍ക്കിന്‍െറ മികവ്, മറ്റാനുകൂല്യങ്ങള്‍ എന്നിവ പാലിക്കും, തെരഞ്ഞെടുക്കപ്പെട്ട സമിതികളിലേക്ക് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പൊതുപ്രവര്‍ത്തകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും പ്രാതിനിധ്യം ഉറപ്പാക്കും.

Print Friendly, PDF & Email

Leave a Comment