സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: പ്രൊഫ. കെ.വി തോമസ് എം.പി

SIUS Chamber_PIC_01ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികള്‍ക്ക് അവരുടെ ബിസിനസ് രംഗത്ത് പുത്തന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും എറണാകുളം എം.പിയുമായ പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. സ്റ്റാഫോര്‍ഡില്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ പുതിയ കോര്‍പറേറ്റ് ഓഫീസ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “അമേരിക്കന്‍ മലയാളികള്‍ കേരളത്തിലും പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് മുന്‍കൈ എടുക്കണം. നാട്ടിലേക്ക് നിക്ഷേപം കൊണ്ടുവരിക വഴി കേരളത്തിന്‍റെ വികസനത്തിനും പങ്കാളികളാകേണ്ടതുണ്ട്. ടൂറിസം രംഗത്ത്, പ്രത്യേകിച്ച് മെഡിക്കല്‍ ടൂറിസം മേഖലയില്‍ കേരളത്തില്‍ അനന്തസാധ്യതയാണുള്ളത്. ഇതെല്ലാം ഉപയുക്തമാക്കി നേട്ടങ്ങള്‍ കൊയ്യാന്‍ ചേംബര്‍ ഓഫ് കൊമേഴ്സിലൂടെ ഏവരും രംഗത്ത് വരണം. സംഘടന ഇതിന് ചുക്കാന്‍ പിടിക്കുകയും വേണം”. പ്രൊഫ. കെ.വി.തോമസ് അഭിപ്രായപ്പെട്ടു.

സ്റ്റാഫോഡ് 445 എഫ്.എം 1092, സ്വീറ്റ് 101ല്‍ നടന്ന സമ്മേളനം അനു ചെറുകരയുടെ ദേശീയഗാനത്തോടെ ആരംഭിച്ചു. ചേംബര്‍ സെക്രട്ടറി ജോര്‍ജ് ഈപ്പന്‍ ആമുഖ പ്രസംഗം നടത്തി. പി.ആര്‍.ഒ ജിജു കുളങ്ങര അതിഥികളെ സദസിന് പരിചയപ്പെടുത്തി. സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ ബിസിനസ് ഡവലപ്പ്മെന്‍റ് ഡയറക്ടര്‍ ബേബി മണക്കുന്നേല്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്‍റ് ഡോ. ജോര്‍ജ് കാക്കനാട്ട് അധ്യക്ഷപ്രസംഗം നടത്തി.

“അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ബിസിനസ് കമ്മ്യൂണിറ്റിയെ ഒന്നിച്ചു നിര്‍ത്തി മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കുകയെന്ന ഉത്തമ ലക്ഷ്യത്തോടെ രണ്ടു വര്‍ഷം മുമ്പ് തുടങ്ങിയ സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സ് അസൂയാവഹമായ വളര്‍ച്ചയുടെ പാതയിലാണ്. ഈ കുറഞ്ഞ കാലയളവിനുള്ളില്‍ ബിസിനസ് സംരംഭകര്‍ക്ക് ഗുണകരമായ പല കാര്യങ്ങളും ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. രണ്ടാംഘട്ട വികസനത്തിലൂടെ സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ പേരിലെത്തിക്കുന്നതിനും നേട്ടങ്ങള്‍ വ്യാപകമാക്കാനും പുത്തന്‍ സംരംഭങ്ങള്‍ക്ക് ഗതിവേഗമുണ്ടാക്കാനും വേണ്ടിയാണ് പുതിയ കോര്‍പ്പറേറ്റ് ഓഫീസ് സ്ഥാപിക്കുന്നത്”- ജോര്‍ജ് കാക്കനാട്ട് പറഞ്ഞു.

തുടര്‍ന്ന് കീനോട്ട് സ്പീക്കറായ പ്രൊ.കെ.വി തോമസ് എം.പി കോര്‍പ്പറേറ്റ് ഓഫീസിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍ മെമ്പര്‍ കെന്‍ മാത്യു, ദീപിക ദിനപത്രത്തിന്‍റെ അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍, വോയ്സ് ഓഫ് ഏഷ്യയുടെ പ്രസിഡന്‍റും പബ്ലിഷറുമായ കോശി തോമസ്, ഫോര്‍ട്ട്ബെന്‍റ് സ്കൂള്‍ ബോര്‍ഡ് മംബര്‍ കെ.പി ജോര്‍ജ് തുടങ്ങിയവര്‍ ചേംബറിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ദീര്‍ഘകാലം കേന്ദ്ര മന്തിയായി പ്രവര്‍ത്തിച്ച് കേരളത്തിന്‍റെ ശബ്ദം ഡല്‍ഹിയിലെത്തിക്കുകയും സംസ്ഥാനത്തിന്‍റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ വിജയിക്കുകയും ചെയ്ത നേതാവാണ് പ്രൊഫ. കെ.വി തോമസ്. യു.പി.എ മന്ത്രിസഭയില്‍ ഭക്ഷ്യസുരക്ഷാ ബില്‍ അവതരിപ്പിച്ച് ഇദ്ദേഹം ശ്രദ്ധേയനാവുകയും ചെയ്തു. ഇപ്പോള്‍ എറണാകുളം മണ്ഡലത്തിന്‍റെ സമഗ്ര വികസനത്തിന് ചുക്കാന്‍ പിടിക്കുന്നു. പാര്‍ലമെന്‍റിലെ പബ്ളിക്ക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ്. പ്രൊഫ. കെ.വി തോമസിന്‍റെ സ്തുത്യര്‍ഹമായ പൊതുപ്രവര്‍ത്തനത്തെ മാനിച്ച് ചേംബര്‍ ഓഫ് കൊമ്ഴ്സ് അദ്ദേഹത്തെ ഉപഹാരം നല്‍കി ആദരിച്ചു. ചേംബറിന്റെ ഭാവികാല ലക്ഷ്യങ്ങള്‍ക്ക് ദിശാബോധം നല്‍കാന്‍ പ്രൊഫ. കെ.വി തോമസിന്‍റെ സാന്നിധ്യം സഹായകരമായി.

ജോര്‍ജ് കോളാച്ചേരില്‍ (സ്റ്റെര്‍ലിംഗ് മെക് കാള്‍ ടൊയോട്ട), ബേബി കൈതമറ്റത്തില്‍ (സൂപ്പര്‍ ടെക് കണ്‍സ്ട്രക്‌ഷന്‍), ഡേവിഡ് ജോര്‍ജ് (പ്രോംപ്റ്റ് മോര്‍ട്ട്ഗേജ് കമ്പനി), സുരേഷ് രാമകൃഷ്ണന്‍ (ന്യൂദേശി ഡിസ്കൗണ്ട് ഗ്രോസേഴ്‌സ്), ലിഡ തോമസ് (അമേരി പ്രോ ഹോം ലോണ്‍സ്), ബിനു കുര്യന്‍ (കണ്‍സോളിഡേറ്റഡ് നേഴ്സ് എയ്ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്), ശശിധരന്‍നായര്‍ ആന്‍ഡ് ഫാമിലി, ജോജി സക്കറിയ (ടാജ് ട്രാവല്‍സ് ആര്‍ഡ് ടൂര്‍സ്), സുമന്‍ തോമസ് (അക്കൗണ്ടിംഗ് ആന്‍ഡ് ടാക്സ് സര്‍വീസസ്), റെനി കവലയില്‍, ജോജി ജോസഫ് (ഏയ്ഞ്ചല്‍ ഫര്‍ണിച്ചര്‍), ബ്ലെസി ഏബ്രഹാം (ബി ആന്‍ഡ് ജെ ഓട്ടോ കെയര്‍ ആന്‍ഡ് സെയ്ല്‍സ്), ജെറിന്‍ ലൂക്കാ (റിയല്‍റ്റി അസോസിയേറ്റ്സ്), തോമസ് ജോര്‍ജ് (ടി.ജി.എം പ്രന്‍റേഴ്സ്) എന്നിവര്‍ സ്പോണ്‍സര്‍മാരായിരുന്നു.

സൗത്ത് ഇന്ത്യന്‍ യു.എസ്. ചെംബര്‍ ഓഫ് കൊമേഴ്സിന്‍റെ ഇന്‍റര്‍നാഷണല്‍ അഫയേഴ്സ് ഡയറക്ടര്‍ ഫിലിപ്പ് കൊച്ചുമ്മന്‍ കൃതജ്ഞത അര്‍പ്പിച്ചു. സണ്ണി കാരിക്കലായിരുന്നു എം.സി. ചെംബര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജിജി ഓലിക്കല്‍ നേതൃത്വമേകി. സത്യാ റസ്റ്റോറന്‍റ് ആതിഥ്യമരുളിയ ഡിന്നറോടെയാണ് പരിപാടികള്‍ക്ക് തിരശീല വീണത്. സമൂഹത്തിന്‍റെ നാനാതുറയില്‍പ്പെട്ടവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.

ജോര്‍ജ് കള്ളിവയലിലിന് ജേര്‍ണലിസ്റ്റ് ഓഫ് ദ ഡെക്കേഡ് അവാര്‍ഡ് സമ്മാനിച്ചു

ഹൂസ്റ്റണ്‍: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദീപിക ദിനപത്രത്തിന്‍റെ അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലിലിന് സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ ‘ജേര്‍ണലിസ്റ്റ് ഓഫ് ദ ഡെക്കേഡ്’ അവാര്‍ഡ് സമ്മാനിച്ചു.

ജൂലൈ അഞ്ചാം തീയതി വൈകുന്നേരം അഞ്ച് മണിക്ക് സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ സ്റ്റാഫോഡ് (445 എഫ്.എം 1092, സ്വീറ്റ് 101) കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ വച്ച് പ്രൊഫ. കെ.വി തോമസ് എം.പി, ചേംബര്‍ പ്രസിഡന്‍റ് ഡോ. ജോര്‍ജ് കാക്കനാട്ട് എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് നല്‍കിയത്.

മാധ്യമരംഗത്തെ വിശിഷ്ടവും സമാനതകളില്ലാത്തതുമായ സംഭാവനകളും മനുഷ്യാവകാശം, സാമൂഹിക നീതി തുടങ്ങിയ മേഖലകളില്‍ ഇന്ത്യയിലും ലോകത്തിന്‍റെ വിവിധയിടങ്ങളിലും നടത്തിയ വ്യക്തിനിഷ്ടമായ ഇടപെടലുകളുടെ ശക്തിയും ആര്‍ജവവും മാനിച്ചാണ് ജോര്‍ജ് കള്ളിവയലിലിനെ ഈ പുരസ്കാരത്തിന് തിരഞ്ഞെടുതെന്ന് ഡോ. ജോര്‍ജ് കാക്കനാട്ട് പറഞ്ഞു.

മാധ്യമരംഗത്തും സാമൂഹിക മേഖലയിലും ജോര്‍ജ് കള്ളിവയലിലിന്‍റെ പ്രര്‍ത്തനങ്ങള്‍ കൂടുതല്‍ ദീപ്തമാവട്ടെയെന്ന് പ്രൊഫ. കെ.വി തോമസ് ആശംസിച്ചു. ഈ മഹനീയ പുരസ്കാരം തന്‍റെ ഉദ്യമങ്ങള്‍ക്ക് കരുത്തേകുമെന്ന് ജോര്‍ജ് കള്ളിവയലില്‍ പറഞ്ഞു. ചേംബര്‍ ഓഫ് കൊമേഴ്സിനുവേണ്‍ി ജോര്‍ജ് കോളാച്ചേരില്‍ കള്ളിവയലിലിനെ പൊന്നാടയണിയിച്ചു.

SIUS Chamber_PIC_04SIUS Chamber_PIC_02 SIUS Chamber_PIC_03 SIUS Chamber_PIC_05

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News