‘അന്യഭാഷ’ : സാഹിത്യ-കലാലോകത്തിനൊരു ‘ഏകഭാഷ!’

anya titleകഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യത്തെ ഒരു അഞ്ചാറു ദശാബ്ദങ്ങളില്‍ മലയാളസാഹിത്യരംഗത്ത് നിറഞ്ഞുനിന്ന ചര്‍ച്ചാവിഷയമായിരുന്നു: ‘കല കലയ്ക്ക് വേണ്ടിയോ, അതോ ജീവിതത്തിനുവേണ്ടിയോ?’ നാടിന്‍റെ സോഷ്യലിസ്റ്റ് ഒഴുക്കിന് ഒപ്പം നീങ്ങാന്‍, ഭൂരിപക്ഷത്തിനൊപ്പം ചേരാന്‍, കല ജീവിതത്തിനുവേണ്ടിയെന്ന് അധികംപേരും, മറ്റൊന്നും ചിന്തിക്കാതെ, അങ്ങ് വിധിയെഴുതി. എന്നാല്‍ അറുപതുകളുടെ തുടക്കമായപ്പോഴേക്കും ചിലരെങ്കിലും തുറന്നു പറയാന്‍ തുടങ്ങി കല ആത്മാവിഷ്ക്കാരമാണെന്ന്!

MathewJ5ഒരു പ്രത്യേക മതവിഭാഗത്തിന്‍റെ പ്രത്യേകതയായ, ശൈലിയായ, ‘അന്യഭാഷ’ എന്ന പ്രയോഗം എന്തിന് സാഹിത്യലോകത്തിലേക്ക് കൊണ്ടുവരുന്നു? ചിലപ്പോള്‍ അത് ഭംഗിയായിരിക്കില്ല, തെറ്റിദ്ധാരണക്ക് ഇടവരുത്തുകയും ചെയ്യും. ‘ശൈലി’ എന്ന വാക്ക് ഇവിടെ ഉപയോഗിച്ചതുതന്നെ കടന്ന കൈയായിപ്പോയില്ലേയെന്ന് സംശയിക്കുന്നു.

പക്ഷേ, ഇത് സാഹിത്യത്തിന്‍റെ കാഴ്ചപ്പാടില്‍നിന്ന്, അതായത് മറ്റൊരു തലത്തില്‍നിന്ന് ചിന്തിക്കുന്നത് അര്‍ത്ഥവത്തും അതേസമയം കൗതുകകരവുമായിരിക്കും. അമേരിക്കയിലെ മലയാള സാഹിത്യ ലോകത്തിലെങ്കിലും ഈ വിഷയം ഇതുവരെ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും തോന്നുന്നില്ല, ഒരു പക്ഷേ മലയാളസാഹിത്യരംഗത്തുപോലും! ലോകസാഹിത്യത്തിലെ പരീക്ഷണങ്ങള്‍, സാഹസികത, നമ്മുടെ കയ്യെത്തുംദൂരത്താണെങ്കിലും അതിലേക്കൊന്ന് എത്തി നോക്കാന്‍തന്നെ പേടി!

മതപരമായ വിവാദങ്ങളിലേക്ക് കടക്കുകയല്ല ലക്ഷ്യം. എന്നാല്‍ ഭാഷയും ദൈവവുമായുള്ള ബന്ധം നിഷേധിക്കാനും കഴിയുകയില്ല. ‘ആദിയില്‍ വചനം ഉണ്ടായിരുന്നു’ എന്നു പറയുമ്പോള്‍തന്നെ വിവിധ വേദശാസ്ത്രങ്ങളുടെ അന്തഃസത്ത മുഴുവന്‍ അതിലടങ്ങിയിരിക്കുന്നു.

ഭംഗിയേറിയ ഉടുപ്പുകള്‍, വെള്ളയും ചുവപ്പും എന്ന പ്രതീകം, വെട്ടിത്തിളങ്ങുന്ന കുരിശ്, കാലോചിതങ്ങളായ നിറങ്ങളുടെ സമൃദ്ധി, ചിട്ടയോടുകൂടിയ കാല്‍വെയ്പ്പുകള്‍, ശാസ്ത്രീയമായ സംഗീതാവിഷ്ക്കരണം, കലാരൂപങ്ങള്‍ നിറഞ്ഞ ആലയങ്ങള്‍ ഇതെല്ലാം കാഴ്ചക്ക് സംതൃപ്തി നല്കുന്നുണ്ടായിരിക്കാം. അതുപോലെ പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന പ്രാവിന്‍റെയും പിളര്‍ന്ന അഗ്നിനാവുകളുടെയും രൂപങ്ങളും. ഈയ്യിടെ, സന്ദര്‍ഭവശാല്‍, ദേവാലയങ്ങളില്‍ വളരെയധികം താല്പര്യം പ്രകടിപ്പിക്കുന്ന ഒരു സുഹൃത്തിന് ഞാന്‍ എഴുതി: ‘എനിക്ക് ദേവാലയങ്ങള്‍ മ്യൂസിയങ്ങളാണെന്ന്.’

പ്രതീകങ്ങളില്‍ക്കൂടിയുള്ള ആരാധന സുഗമമായിരിക്കാം, എന്നാല്‍ ഈ പ്രതീകങ്ങള്‍ത്തന്നെയാണോ അവസാനവാക്ക്, ആത്മാവിന്, വ്യക്തിത്വത്തിന്, ആവസിക്കാന്‍ ഈ പ്രതീകങ്ങള്‍ത്തന്നെ വേണോ. ആത്മാവിന് ഒരു മോചനം കൊടുത്തുകൂടെ? മുന്‍വിധിയോടുകൂടിയ ആചാരങ്ങളില്‍ക്കൂടി വ്യക്തിയുടെ ആവിഷ്ക്കരണ സ്വാതന്ത്ര്യത്തിന് തടയിടുകയാണോ? ഇവിടെയാണ് പ്രസക്തമായ ചോദ്യം. എന്തുകൊണ്ട് മനുഷ്യന്‍റെ ആവിഷ്ക്കാരസ്വാതന്ത്ര്യം അംഗീകരിച്ചുകൂടാ? സ്ഥാപനീയമായ പ്രതീകങ്ങളെ വലിച്ചെറിയേണ്ട, അതുപോലെ മുനയൊടിഞ്ഞ വാക്കുകളെയും, പകരം മോചനം! അപ്പോള്‍, ദിവ്യത്വത്തിന്‍റെ അവകാശവാദം ഉന്നയിക്കാതെ, പുതിയ വാക്കുകളും ബിംബങ്ങളും തനിയെ ഉയര്‍ന്നുവന്നുകൊള്ളും. സാധാരണ ജനം മറ്റെല്ലാം മറന്ന് ശബ്ദങ്ങള്‍ക്കും രൂപങ്ങള്‍ക്കും പുതിയ അര്‍ത്ഥവും നിര്‍വചനവും ശക്തിയും കൊടുക്കും!

എന്നാല്‍ ഇത് ക്രൈസ്തവതയില്‍ ഒതുങ്ങിനില്ക്കുന്നുമില്ല. ആവിഷ്ക്കരണത്തിലെ ‘വ്യക്തി’യെപ്പറ്റി ചിന്തിക്കുമ്പോള്‍ അതിന് സ്വാതന്ത്ര്യം നിഷേധിക്കുന്ന ചില ഘടകങ്ങള്‍ മുന്നോട്ടുവെയ്ക്കുക മാത്രമാണിവിടെ. അല്ലാതെ ചിലരുടെ ഉല്ലാസം വേണ്ടെന്ന് പറയാന്‍ ഞാനാരാണ്. അല്ലെങ്കില്‍ തെറ്റിന്‍റെയും ശരിയുടെയും അവസാനവാക്കുകളോ? അല്ലേ, അല്ല!

ക്രൈസ്തവവേദത്തിലെ ബാബേല്‍ഗോപുര കഥ പറയാതെ ഒരു ഭാഷാ ചര്‍ച്ചയുമില്ല. ഭാഷയുടെ ‘കലക്കം’ എന്ന് ഉപയോഗിച്ചാല്‍ പൂര്‍ണ്ണ അര്‍ത്ഥമാകുമോ? ഞാന്‍ ഇതു കാണുന്നത് ഭാഷയുടെ സംഘര്‍ഷമായിട്ടാണ്, അല്ലെങ്കില്‍ ഭാഷയില്‍ ഉരുത്തിരിഞ്ഞുവരുന്ന പുതിയ വാക്കുകളും പ്രയോഗങ്ങളുമായിട്ടാണ്. ഇവിടെ തുടങ്ങുന്നു ഭാഷയുടെ ആത്മാവിഷ്ക്കാരം, അപ്പോള്‍ ഇത് മനസ്സിലാകുന്നില്ലെന്ന ആക്ഷേപം, അല്ല, എല്ലാവര്‍ക്കും എല്ലാം എന്നും മനസ്സിലാകുമോ? ഇതിനോട് ചേര്‍ത്തുവെയ്ക്കേണ്ടതായ ചിന്തയാണ്: ചിത്രകലയിലെയും നൃത്ത-നാട്യങ്ങളിലെ ഭാഷയും.

ഭാഷയുടെ നിയമങ്ങളാല്‍ വരിഞ്ഞുമുറുക്കിക്കെട്ടിയതാണ് സാഹിത്യംപോലും, ഇതല്ലേ ബഹുഭൂരിപക്ഷത്തിന്‍റെയും ധാരണ ഏതോ ഒരു കാലത്ത് ചിന്തിച്ചത്, എഴുതിവെച്ചത് അതുപോലെ അംഗീകരിക്കപ്പെട്ടു, അത് നിയമവുമായി. പാഠപുസ്തകങ്ങളില്‍ പഠിച്ച വളയത്തിനപ്പുറം ചാടാനും മാര്‍ഗ്ഗമില്ല, പക്ഷേ, അത് ലംഘിച്ചവര്‍ മാത്രമേ ചരിത്രത്തിന്‍റെ താളുകളില്‍ വ്യത്യസ്തരായി തീര്‍ന്നിട്ടുള്ളൂ. സാഹിത്യം ഒരുപറ്റം ശരികളുടെ കൂമ്പാരമല്ല, പകരം സുന്ദരമായ തെറ്റുകള്‍ക്കൂടിയാണ്!

സാഹിത്യം പാരമ്പര്യങ്ങളില്‍നിന്ന് വ്യതിചലിക്കുന്നത് ശ്രദ്ധയില്‍പെടാറില്ലേ, പുതിയ വാക്കുകളും പ്രയോഗങ്ങളും ഉണ്ടായിവരുന്നു. എന്തിന്, മെച്ചമായ ആശയവിനിമയത്തിന്, കാലത്തിന്‍റെ ആവശ്യമായി. ഒരു ക്രിയാപദമില്ലെങ്കിലും നാം എന്തുകൊണ്ടാണ് അര്‍ത്ഥം മനസ്സിലാക്കുന്നത്, മലയാളത്തില്‍മാത്രമല്ല, എവിടെയും!

ഭാഷ സ്വയം സംവാദനത്തിനും കൂടിയാണ്, അതുമല്ല ഉന്നതമായ മറ്റൊരു ശക്തിയോടുള്ള ആശയവിനിമയവുമാണ്. ഇവിടെയാണ് ആത്മാവിഷ്ക്കാരത്തിനുപയോഗിക്കുന്ന മറ്റൊരു ഭാഷയുടെ, ‘അന്യഭാഷ’യുടെ, പ്രസക്തി.

ദൈവവുമായുള്ള സംഭാഷണത്തിനുതകുന്ന വാക്കുകള്‍ക്ക് നിഘണ്ടുവില്‍ അര്‍ത്ഥം തേടരുത്, പ്രയോഗങ്ങള്‍ക്കും. അതുപോലെയാണ് ഇന്നത്തെ സാഹിത്യലോകത്ത് എഴുത്തുകാരനും തന്‍റെ സ്വതന്ത്ര്യമുപയോഗിക്കുന്നത്. അതേ, പ്രതിഫലേച്ഛയില്ലാത്ത എഴുത്തുകാരന്, അടിമയല്ലാത്ത ഒരു എഴുത്തുകാരന് വാക്കുകളും അതിന്‍റെ അര്‍ത്ഥവും അനന്തമാണ്, മറ്റൊരു തലത്തിലേക്ക് എത്തിപ്പിടിക്കുന്നതാണ്, അവന്‍റെ സ്വതന്ത്ര്യമാണ്. ഭാഷയുടെ മാനദണ്ഡങ്ങളൊന്നും ഇവിടെ ബാധകമല്ലതന്നെ.

എല്ലാ കലാരൂപങ്ങളും ആന്തരികമോ അല്ലെങ്കില്‍ ഉന്നതമോ ആയ ശക്തിയോടുള്ള സംവാദമാണ്. അതുകൊണ്ടാണ് കലാകാരന്‍ വ്യവസ്ഥാപിതചിട്ടകളോട് കലഹിക്കുന്നത്. അവനെന്തിന് മെത്രാന്‍റെയോ മന്ത്രിയുടെയോ സഞ്ചിയുംതൂക്കി പിന്നാലെ നടക്കണം, ‘മത-രാഷ്ട്രീയ’ നേതാക്കളുടെ ഒപ്പം നിന്ന് പടംപിടിക്കണം? എഴുത്തുകാരന് ഭാഷയുടെമേലുള്ള സ്വാധീനം എന്താണ്, അത് സ്വയം കണ്ടെത്തുന്തുതന്നെ. അടുത്തയിടെ വായിച്ച ഒരു നോവല്‍ തുടങ്ങുന്നത് ഇങ്ങനെ: ‘was thought not were yellow the irrepressible ever who said who said ends Ashtoreth one Wednesday, one Wednesday in June the damp the dampness in everything’

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment