വേനല്‍കാല കുളിര്‍മ്മയില്‍ ഒരു യാത്ര പുറപ്പെട്ടു. 2015 ജൂണ്‍ 23 മുതല്‍ ജൂലായ് 2 വരെ. ഞങ്ങള്‍ നാല് പേര്. ടൊറന്റോയില്‍ നിന്ന് ഞാന്‍, ഭാര്യ ആനിമ്മ, ചിക്കാഗോയില്‍ നിന്ന് തോമസ് ചിറമ്മേല്‍, ഭാര്യ അല്‍ഫോണ്‍സ. ഒരു നീണ്ട ഡ്രൈവ്. ഏതാണ്ട് നാലായിരത്തിലധികം മൈലുകള്‍. വടക്ക് കിഴക്കന്‍ അറ്റ്ലാന്‍ഡിക് തീരങ്ങളിലൂടെ.
പതിനാലാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ പൊന്നും ഭൂമിയും തേടിപ്പോയ അതിസാഹസികരായ യൂറോപ്യന്‍ കപ്പലോട്ടക്കാരുടെ കൂട്ടത്തില്‍ ക്രിസ്റ്റഫര്‍ കൊളമ്പസ് എത്തപ്പെട്ട ഭൂഖണ്ഡം. വടക്ക് അറ്റ്ലാന്റിക് തീരങ്ങളില്‍ മുറിഞ്ഞ് കിടക്കുന്ന ദ്വീപുകള്‍. ചരിത്രത്തിന്റെ ഇടനാഴികളില്‍ ഭൂമിക്ക് വേണ്ടി മല്ലിട്ട് മരിച്ചവരുടെ അനേകായിരം ശവകുടീരങ്ങള്‍. അവ നിര്‍ജ്ജീവ രക്തസാക്ഷിത്വത്തിന്റെ തിരുശ്ശേഷിപ്പുകളായി അങ്ങിങ്ങു കാണപ്പെട്ടു. അലയടിച്ച് അട്ടഹസിക്കുന്ന അറ്റ്ലാന്‍ഡിക്കില്‍ ഉടഞ്ഞു പോയ ‘ടൈറ്റാനിക്’ എന്ന ഉരുക്കു കപ്പല്‍ ഓര്‍മ്മയില്‍ എത്തി. പൊലിഞ്ഞു പോയ നിരവധി നിസ്സഹായരുടെ ദീനരോധനം അറ്റ്ലാന്‍ഡിക് തീരങ്ങളില്‍ ഒരു ശോകഗാനാലാപനം പോലെ മുഴങ്ങുന്നില്ലേ എന്ന് തോന്നി.
യാത്ര പുറപ്പെട്ടത് ക്യൂബയിലേക്കാണ്. ഒട്ടവയുടെയും, മോണ്ട്രിയോളിന്റെയും പ്രാന്തപ്രദേശങ്ങളെ പിന്നിട്ട് ഇടതൂര്‍ന്ന വനമദ്ധ്യങ്ങളിലൂടെയും കണ്ണെത്താത്ത വയലുകളിലൂടെയും അവക്കിടയിലെ തടാക കരയിലൂടെയും, നദിക്കരയിലൂടെയും പിന്നിട്ടപ്പോള്‍ ഫ്രഞ്ച് അധീന ക്യൂബക്കില്‍ ഇംഗ്ലീഷ് ഭാഷയുടെ ഒഴുക്ക് അസ്തമിച്ചു എന്ന് തോന്നി. ഫ്രഞ്ച് അക്ഷരങ്ങള്‍ പേറി നില്ക്കുന്ന വഴിവിവര ബോര്‍ഡുകള്‍, സംഗീത മഴ പോലെ പെയ്തിറങ്ങുന്ന ഫ്രഞ്ച് സംസാരിക്കുന്ന ക്യൂബക്കാര്‍ എല്ലാം ഫ്രാന്‍സിലെത്തിയ പ്രതീതി ഉണര്‍ത്തി. മുറിഞ്ഞ് വീണ ഇംഗ്ലീഷ് സംസാരിക്കുവാന്‍ ബന്ധപ്പെടുന്ന ക്യൂബക്കുകാരെ കാണുമ്പോള്‍ ‘കനാഡ’ എന്ന് പരിചയപ്പെടുത്തി സ്വന്തം ഭൂമിയെ യൂറോപ്യര്‍ക്ക് പങ്കിട്ട് കൊടുക്കേണ്ടി വന്ന ‘റെഡ് ഇന്ത്യ’ക്കാരെയാണ് നമുക്ക് ഓര്‍മ്മ വരിക. യൂറോപ്പ്യരുടെ പീരങ്കിക്ക് മുന്നില്‍ ചാവേറുകളെ പോലെ ചത്തൊടുങ്ങിയ ധീരരായ ആദിവാസികള്‍! അവരുടെ മണ്ണും, പൊന്നും, പെണ്ണും പാക്കപ്പലിലെത്തിയെ കപ്പിത്താന്മാരും അവരുടെ അനുയായികളും പിന്നീടെത്തിയ കുടിയേറ്റക്കാരും പങ്കിട്ടെടുത്തപ്പോള്‍ ഒരു പുതിയ ഭൂഖണ്ഡത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്നു.

അവിടെ സാമ്രാജ്യങ്ങളുയര്ന്നു. ഫ്രാന്‍സിലെ ധീരരായ കപ്പിത്താന്മാരുടെയും, പട്ടാള മേധാവികളുടെയും, രാജാക്കന്മാരുടെയും, പ്രഭുക്കന്മാരുടെയും ഉരുക്ക് ചെമ്പ് പ്രതിമകള്‍ മദ്ധ്യകാല യൂറോപ്പിന്റെ ഗതകാല സ്മരണകളെ ഉണര്‍ത്തി. കുടിയേറ്റക്കാരുടെ ഇടുങ്ങിയ ഭവനങ്ങള്‍, അതിശീതത്തെ അതിജീവിച്ച ജീര്‍ണ്ണിച്ച അവരുടെ വിറക് ചിമ്മിനികളുടെ കറുത്ത മഷിക്കറ, ചൂപ്പല് പിടിച്ച കൃഷി ആയുധങ്ങള്‍, കുതിര വണ്ടികള്‍, അവക്കിടയിലുയര്ന്ന് നില്ക്കുന്ന ഗോധിക് ഗോപുരങ്ങളുള്ള പള്ളികള്‍. ഇന്നവ ആരാധനാലയങ്ങളല്ല, മറിച്ച് പുരാതന വസ്തു നിരീക്ഷണ കാഴ്ച വസ്തുക്കളായി സന്ദര്‍ശകരുടെ മുന്നില്‍ കൈകൂപ്പി നില്ക്കുന്നു. കല്ലുകളില്‍ കൊത്തിയ പുണ്യവാളന്മാരും, പറക്കാന്‍ ചിറകുകളുയര്‍ത്തി നില്ക്കുന്ന മാലാഖമാരും നമ്മെ മദ്ധ്യകാല ജീവിതത്തിന്റെയും അതിഭാവനയുടെയും, അതിവിസ്മയത്തിന്റെയും സരണികളിലേക്ക് കൈ പിടിച്ച് കൊണ്ടുപോകുന്നു.
ക്യൂബക്ക് നഗരമദ്ധ്യത്തിലെ ചുടുകട്ടകള്‍ പാകിയ ഇടുങ്ങിയ നിരത്ത് മദ്ധ്യകാലഘട്ടങ്ങളിലെ യൂറോപ്പിനെ അനുസ്മരിപ്പിക്കുന്നു. ചരിത്രത്തിന്റെ രക്തക്കറകള്‍ പുരണ്ട കുതിര വണ്ടികളുടെ ഇരുമ്പു പട്ടകള് കോറിയിട്ട പാടുകള്‍ അവ്യക്തമെങ്കിലും ഇടക്കിടെ കാണാം. അവക്കിരുപുറവുമുള്ള കരിങ്കല്‍ കൊട്ടാരങ്ങളില്‍ രാജാക്കളും, പ്രഭുക്കളും, കപ്പിത്താന്മാരും, സേനാധിപതികളും പാര്‍ത്തിരിക്കണം. അവിടെ അലങ്കരിച്ച കുതിര വണ്ടികളില്‍ അത്തര്‍ പുരട്ടി ചുണ്ടുകള്‍ ചുവപ്പിച്ച സുന്ദരിമാരായ വെപ്പാട്ടികള്‍ സഞ്ചരിച്ചിരിക്കണം.
തടാകക്കരയിലും നദിക്കരയിലും കുടിയേറ്റക്കരുടെ ഭവനങ്ങള്‍ കണ്ടു. കരിങ്കല്ലും, തടിയും കൊണ്ട് തീര്‍ത്തവ. അവക്ക് ചുറ്റും പരന്ന് കിടക്കുന്ന കൃഷിസ്ഥലങ്ങള്‍, വിറക് പുരകള്‍, പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന കരിങ്കല്ല് കെട്ടിയ നെരിപ്പോടുകള്‍, വൈക്കോല്‍ കെട്ടുകളായി തെറുത്ത് കെട്ടുന്ന പുരാതന യന്ത്ര സാമഗ്രികള്‍, പഴകി തുരുമ്പിച്ച പണി ആയുധങ്ങള്‍. ഇവയൊക്കെ ചില ഇടങ്ങളില്‍ ക്യൂബക്കുകാര് സ്മാരകങ്ങളായി സൂക്ഷിച്ചിരിക്കുന്നു. കാഴ്ചക്കാര്‍ക്ക് വേണ്ടിയും ഗൃഹാതുരുത്വം നിലനിര്‍ത്താന്‍ വേണ്ടിയും.
ക്യൂബക്കിലെ മറ്റൊരു കാഴ്ച ആല്‍ബര്‍ട്ട് ഗില്സ്സെന്ന ഫ്രഞ്ച് കുടിയേറ്റ തലമുറയുടെ ചെമ്പ് ശില്പ നിര്‍മ്മാണ കേന്ദ്രമാണ്. ചെമ്പില്‍ കവിത തീര്‍ക്കുന്ന നയനസുന്ദരമായ ഒരു ഓട്ട പ്രദക്ഷണം. ഒരു ഫ്രഞ്ച് കുടിയേറ്റത്തിന്റെ മൗനമുദ്ര പോലെ നമ്മെ അത് ആവേശഭരിതരാക്കുന്നു. ക്യൂബക്ക് നഗരത്തിലെ സെന്റ് അന്നാ ബസലിക്കായെ അലങ്കരിക്കുന്ന ചെമ്പ് ശില്പങ്ങള് ഇവരുടെ നിര്‍മ്മിതിയാണ്. ലോകത്തിലെ ചെമ്പ് ഉല്പാദക കേന്ദ്രങ്ങളില്‍ ക്യൂബക് പ്രസിദ്ധമാണ്. ക്ലാവ് പിടിച്ച ചെമ്പ് പ്രതിമകള്‍ എവിടെയും കാണാം. സാഹസികരായ ഫ്രഞ്ച് കപ്പിത്താന്മാരുടെയും സൈനിക മേധാവികളായ പ്രഭുക്കളുടെയും എന്തിന് സെന്റ് അന്നാ ബസിലിക്കായുടെ മേല്‍ക്കൂരയുടെ കുറേ ഭാഗമെങ്കിലും ചെമ്പു തന്നെ!
കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന മറ്റൊന്ന് കുടിയേറ്റ ഗ്രാമങ്ങളുടെ മദ്ധ്യത്തില്‍ എവിടെയും തലയുയര്‍ത്തി നില്ക്കുന്ന കപ്പേളകളും പള്ളികളുമാണ്. അവയുടെ മുകളില്‍ കുരിശോട് ചേര്‍ന്ന് നില്ക്കുന്ന ‘കോഴിപ്പൂവന്’ ഫ്രഞ്ചടയാളമായി നിലകൊള്ളുന്നു. ക്യൂബക്കിന്റെ മഹാമുദ്ര സെന്റ് അന്നാ ബസലിക്കയാണ്. മദ്ധ്യകാല ഫ്രഞ്ച് കുടിയേറ്റത്തിലെ വലിയ നാഴികക്കല്ല് പോലെ ആകാശത്തേക്ക് തലയുയര്‍ത്തി ഇരു ഗോപുരങ്ങള്‍. അതിനു മദ്ധ്യത്തില്‍ വിശുദ്ധ അന്നയുടെ തങ്കം പൂശിയ പൂര്‍ണ്ണകായ പ്രതിമ സൂര്യകിരണങ്ങളില്‍ സുവര്‍ണ്ണ പ്രകാശം ചൊരിഞ്ഞ് നില്ക്കുന്നു. മാസങ്ങളോളം നീളുന്ന കപ്പല്‍ യാത്രക്കൊടുവില്‍ ക്ഷീണിച്ചവശരായ കുടിയേറ്റക്കാരുടെ ആശ്രയ ആശ്വാസ കേന്ദ്രമായിരുന്നു പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലെ ഈ ബസലിക്ക. അവര്‍ അര്‍പ്പിച്ച നേര്‍ച്ച കാഴ്ചകളിലും ഭണ്ഡാരങ്ങളില് അവര്‍ കുത്തി നിറച്ച സമ്പത്തിലും ഈ ബസിലിക്ക കൈവിട്ടൊരു മദ്ധ്യകാല ഫ്രഞ്ച് സംസ്കാരത്തിന്റെ സ്മാരകമായി ഇന്നും നിലകൊള്ളുന്നു. ഇന്നത്തെ തലമുറയാകട്ടെ ഈശ്വര വിശ്വാസം കൈയ്യൊഴിഞ്ഞൊരു തലമുറയായിക്കൊണ്ടിരിക്കുന്നത് കൊണ്ട് ഒട്ടേറെ പള്ളികളും ബസിലിക്കകളും ആരാധന ഇല്ലാത്ത പുരാത കാഴ്ച വസ്തുക്കളായി നിലകൊള്ളുന്നു.
ഒരു സംസ്കാരത്തിന്റെ ഒരു ജനതയുടെ രണ്ട് മുഖങ്ങളാണ് ഫ്രാന്‍സും, ഇംഗ്ലണ്ടും ഫ്രഞ്ചും, ഇംഗ്ലീഷും! അവയെ വേര്‍തിരിക്കാനാകാത്ത വിധം പരസ്പരം അവ ചുറ്റിപിരിഞ്ഞ് കിടക്കുന്നു. പരിപൂര്‍ണ്ണ ഫ്രഞ്ച്കാരല്ലാത്തവരുടെയും ഇംഗ്ലീഷുകാരല്ലാത്തവരുടെയും ഒരു സംസ്കാര സമ്മിശ്രണമാണ് കാനഡ. ഉള്ളില്‍ ഫ്രഞ്ചും ഇംഗ്ലീഷും സംസ്കാരങ്ങളും, രീതികളും, അഭിലാഷങ്ങളും, ആശയങ്ങളും ഇടക്കിടെ അവരെ മാനസികമായും സാംസ്കാരികമായും ഭിന്നിപ്പിക്കാറുണ്ടെങ്കിലും ‘ഫ്രീ കണ്ട്രി’ എന്ന ഉടമ്പടിയില്‍ പിറന്ന ‘സയാമീസ് ഇരട്ട’കളെന്ന് അവരെ വിശേഷിപ്പിച്ചാല്‍ അതില്‍ അതിശയോക്തി ഇല്ലതന്നെ!
തുടരും….













