പാക്ക് സര്‍ക്കാര്‍ ഭീകരരുടെ കളിപ്പാവ; പാക്കിസ്ഥാന് ചുട്ട മറുപടിയുമായി ഇന്ത്യ

pakലക്നൗ: വേണ്ടിവന്നാല്‍ ഇന്ത്യയ്ക്കെതിരേ ആണവായുധം പ്രയോഗിക്കുമെന്ന പാക്കിസ്ഥാന്‍റെ മുന്നറിയിപ്പ് ഇന്ത്യയുടെ ശക്തമായ മറുപടി. അതിര്‍ത്തി സംരക്ഷിക്കാന്‍ ഇന്ത്യയ്ക്ക് അറിയാമെന്നും ഏതു സാഹചര്യം നേരിടാനും ഇന്ത്യന്‍ സൈന്യം സുസുജ്ജമാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പാക് പ്രതിരോധ മന്ത്രി ഖൗജ ആസിഫിന്‍റെ മുന്നറിയിപ്പ് അദ്ദേഹം തള്ളിക്കളഞ്ഞു. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ സാധിക്കില്ല. താന്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയാണ്. അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കാന്‍ സൈന്യത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. സമാധാനമാണ് ഇന്ത്യയും ആഗ്രഹിക്കുന്നത്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുംബൈ ഭീകരാക്രമണത്തിന്‍റെ ആസൂത്രകന്‍ ലഖ്‌വിയുടെ മോചനവുമായി ബന്ധപ്പെട്ട് ചൈന സ്വീകരിച്ച നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് വിദേശകാര്യ മന്ത്രാലയവും പ്രധാനമന്ത്രിയുമാണ് പ്രതികരിക്കേണ്ടതെന്നാണ് പരീക്കര്‍. മ്യാന്‍മര്‍ അതിര്‍ത്തി കടന്നു ഭീകരരെ വധിച്ചതുപോലുള്ള ഓപ്പറേഷനുകള്‍ ഇനിയും ഉണ്ടാകുമോ എന്നു ചോദിച്ചപ്പോള്‍ ഇത് വളരെ രഹസ്യ സ്വഭാവമുള്ള കേസാണെന്നും പങ്കുവയ്ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന്റെ തുടരെത്തുടരെയുള്ള ഈ പ്രഖ്യാപനം ഇന്ത്യയെ ഓലപ്പാമ്പ് കാട്ടി വിരട്ടുന്നതിനു തുല്യമാണെന്നും, സ്വന്തം രാജ്യത്തിന്റെ നിലനില്പ് തന്നെ ചോദ്യചിഹ്നമായതിന്റെ അങ്കലാപ്പ് ആണെന്നും പരീക്കര്‍ പറഞ്ഞു. പാക്കിസ്ഥാന് സ്വപ്നം പോലും കാണാന്‍ കഴിയാത്തത്ര വിപുലമാണ് ഇന്ത്യയുടെ പ്രതിരോധ ശക്തിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതീവരഹസ്യ സ്വഭാവമുള്ള ആയുധങ്ങളും ഇന്ത്യയുടെ കൈവശമുണ്ട്. അത് പ്രദര്‍ശിപ്പിക്കാനുള്ളതല്ല.

പാക്കിസ്ഥാന്‍ ഇപ്പോള്‍ ഭീകര സംഘടനകളുടെ നിയന്ത്രണത്തിലാണ്. അവിടത്തെ സര്‍ക്കാര്‍ കളിപ്പാവകളും. ഭീകരര്‍ പറയുന്നത് സര്‍ക്കാര്‍ വിളംബരം ചെയ്യുന്നു. അതുമാത്രമേ പാക്കിസ്ഥാന് ചെയ്യാന്‍ കഴിയൂ. അതുകൊണ്ടാണ് ഇന്ത്യ മുന്‍‌കൈയെടുത്ത് കൊണ്ടുവരുന്ന എല്ലാ സന്ധിസമാധാന ശ്രമങ്ങള്‍ക്കും പാക് സര്‍ക്കാര്‍ അട്ടിമറിക്കുന്നത്. ഭീകരര്‍ക്ക് സമാധാനമല്ല ആവശ്യം, ഭീകരപ്രവര്‍ത്തനങ്ങളാണ്. അതു മനസ്സിലാക്കാനുള്ള കഴിവ് പാക് സര്‍ക്കാരിന് ഇല്ലാതെ പോയി. മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ പാക്കിസ്ഥാനില്‍ നിഴല്‍ യുദ്ധം നടത്തുന്നുവെന്നാണ് ഖൗജ ആരോപിച്ചത് പാക് താലിബാന്‍ ഭീകരരെയും വിഘടനവാദികളെയും ഇന്ത്യ സഹായിക്കുന്നതിന്‍റെ തെളിവുകള്‍ പാക്കിസ്ഥാന്‍റെ പക്കലുണ്ട്. പാക്കിസ്ഥാന്‍റെ പക്കലുള്ള ആണവായുധങ്ങള്‍ വെറുതെ സൂക്ഷിക്കാനുള്ളതല്ല. വേണ്ടിവന്നാല്‍ അവ പ്രയോഗിക്കും. അങ്ങനെയൊരു സാഹചര്യം ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നത്. പാക്കിസ്ഥാന്‍റെ പ്രതിരോധ സംവിധാനം ശക്തമാണെന്നും ഖൗജ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment