സ്വകാര്യ പ്രാക്ടീസിനിടെ വീട്ടില്‍ വെച്ച് പണം വാങ്ങിയ സര്‍ക്കാര്‍ ഡോക്ടറെ കൈക്കൂലി കേസില്‍ ശിക്ഷിക്കാനാവില്ല

daily news thumpnailകൊച്ചി: സ്വകാര്യ പ്രാക്ടീസ് നടത്തിയ സര്‍ക്കാര്‍ ഡോക്ടര്‍ വീട്ടില്‍ വെച്ച് പണം വാങ്ങിയതിന്‍െറ പേരില്‍ കൈക്കൂലി കേസില്‍ ശിക്ഷിക്കാനാവില്ലെന്ന് ഹൈകോടതി. സര്‍ക്കാര്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് നടത്തിയ ചികിത്സയുടെയോ മറ്റോ പേരില്‍ നിയമവിരുദ്ധമായി പണം ആവശ്യപ്പെടുകയും കൈപ്പറ്റുകയും ചെയ്തെന്ന് തെളിയിക്കാനായാല്‍ മാത്രമേ ഡോക്ടര്‍ക്കെതിരെ അഴിമതി നിരോധ നിയമപ്രകാരം കേസ് നിലനില്‍ക്കൂവെന്നും കോടതി വ്യക്തമാക്കി. കൈക്കൂലി കേസില്‍ കോഴിക്കോട് വിജിലന്‍സ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കല്‍പറ്റ ഗവ. ആശുപത്രി സൂപ്രണ്ട് ഡോ. ടി. ഭാര്‍ഗവന്‍ നല്‍കിയ അപ്പീല്‍ ഹരജി അനുവദിച്ചാണ് ത്തരവ്.

ഭാര്യയുടെ പ്രസവം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്ക് ബിജുകുമാര്‍ എന്നയാള്‍ 350 രൂപ കൈക്കൂലി നല്‍കുമ്പോള്‍ വിജിലന്‍സ് സംഘം ഹരജിക്കാരനെ പിടികൂടുകയായിരുന്നു. ആവശ്യപ്പെട്ട തുകയില്‍ 500 രൂപ ആദ്യം നല്‍കിയ ശേഷം രണ്ടാം ഗഡു വീട്ടിലെത്തി നല്‍കുമ്പോഴാണ് പിടിയിലായതെന്നായിരുന്നു കേസ്. ഡോക്ടര്‍ക്ക് രണ്ടുവര്‍ഷത്തെ തടവും 2000 രൂപ പിഴയും വിജിലന്‍സ് കോടതി വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഹരജിക്കാരന്‍ ഹൈകോടതിയെ സമീപിച്ചത്.

സ്വകാര്യ പ്രാക്ടീസ് കൂടി നടത്തുന്ന താന്‍ ബിജുകുമാറില്‍നിന്ന് തന്‍െറ വീട്ടില്‍ വെച്ചാണ് തുക വാങ്ങിയതെന്നും ഇത് ആശുപത്രിയിലെ ചികിത്സയുമായി ബന്ധപ്പെട്ട കൈക്കൂലി അല്ലെന്നുമായിരുന്നു ഹരജിക്കാരന്‍െറ വാദം. സ്വകാര്യ പ്രാക്ടീസിന്‍െറയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്‍െറയും ഫീസാണ് താന്‍ കൈപ്പറ്റിയത്. കൂറുമാറിയ പരാതിക്കാരനും ഹരജിക്കാരന്‍െറ വാദം ശരിവെച്ചു.
എന്നാല്‍, നിലവിലെ ഫീസ് നിരക്കിനേക്കാള്‍ ഉയര്‍ന്ന തുകയാണ് ഹരജിക്കാരനില്‍നിന്ന് പിടിച്ചെടുത്തതെന്നിരിക്കെ ഇത് കൈക്കൂലിയാണെന്നായിരുന്നു പ്രോസിക്യൂഷന്‍െറ വാദം.

കൈക്കൂലി ആവശ്യപ്പെട്ടതിനും അത് നേരിട്ട് കൈപ്പറ്റിയതിനും വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ അഴിമതി നിരോധ നിയമ പ്രകാരം ശിക്ഷിക്കാനാകൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ പ്രാക്ടീസ് നടത്താന്‍ അവകാശമുള്ള താന്‍ വീട്ടില്‍ വെച്ച് വാങ്ങിയത് കണ്‍സള്‍ട്ടിങ് ഫീസും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനുള്ള പ്രതിഫലവുമാണെന്ന ഹരജിക്കാരന്‍െറ വാദം തെറ്റാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അമിത ഫീസ് വാങ്ങിയെന്നത് അഴിമതി നിരോധ നിയമം കേസുമായി ബന്ധപ്പെട്ട് നിലനില്‍ക്കില്ല. കൈക്കൂലി വാങ്ങലും അമിതഫീസ് ഈടാക്കലും വ്യത്യസ്ത കുറ്റകൃത്യങ്ങളാണ്. ഇക്കാര്യത്തില്‍ നടപടി എടുക്കേണ്ടത് മെഡിക്കല്‍ കൗണ്‍സിലോ സര്‍ക്കാറോ ആണെന്ന് വ്യക്തമാക്കിയ കോടതി വിജിലന്‍സ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കി.

 

Print Friendly, PDF & Email

Leave a Comment