Flash News

CPM to review IUML policies – ഇന്ദുലേഖയും സീതാറാം യെച്ചൂരിയും

July 13, 2015 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

indu lekhayum1PHOTOകേരള രാഷ്ട്രീയം വലതുപക്ഷത്തേക്കും മതവര്‍ഗീയയുടെ മേല്‍ക്കൈയിലേക്കും മാറുകയാണോ? ഇന്ത്യക്ക് മാതൃകയായി ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ആധാരമായി വര്‍ത്തിച്ചുവന്ന സി.പി.എംതന്നെ അതിന് നിമിത്തമാകുകയാണോ?

ഈ ചോദ്യം ഈ ലേഖകനിലേക്കും വായനക്കാരിലേക്കും ഒരു മിന്നല്‍പോലെ പ്രസരിപ്പിക്കുന്നത് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞദിവസം കോഴിക്കോട്ട് ഒരു മലയാള ചാനലിന് നല്‍കിയ അഭിമുഖമാണ്. മുസ്ലിം ലീഗിനെപ്പോലുള്ള ഒരു വര്‍ഗീയ പാര്‍ട്ടിയോടുള്ള എല്‍.ഡി.എഫിന്റെ സമീപനം എന്തായിരിക്കുമെന്ന ചോദ്യത്തിന് സീതാറാം മറുപടി പറഞ്ഞതിങ്ങനെ: ഒരു പാര്‍ട്ടി വര്‍ഗീയമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് അതിന്റെ നയങ്ങള്‍ പരിശോധിച്ചാണ്. മുസ്ലിം ലീഗിനോടുള്ള എല്‍.ഡി.എഫിന്റെ സമീപനവും ആ പാര്‍ട്ടിയുടെ നയങ്ങളെ വിലയിരുത്തിയായിരിക്കും.

അരുവിക്കര ഉപതെരഞ്ഞെടുപ്പിന് തൊട്ടുപിറകെയായിരുന്നു ഈ പ്രതികരണം. എല്‍.ഡി.എഫ് വികസിപ്പിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളുമായി ബന്ധപ്പെട്ട്. പ്രതീക്ഷിക്കാത്ത തിരിച്ചടി എല്‍.ഡി.എഫിന് ലഭിക്കുകയും ബി.ജെ.പി സംസ്ഥാനത്ത് വെല്ലുവിളി ഉയര്‍ത്തുന്ന പുതിയ രാഷ്ട്രീയ ശക്തിയാകുമെന്ന് തോന്നിപ്പിക്കുംവിധം 24 ശതമാനത്തോളം വോട്ട് വാങ്ങുകയും ചെയ്തതിനുശേഷം. ഭൂരിപക്ഷ വര്‍ഗീയതയുടെ സംഘശക്തിയായ ബി.ജെ.പിയുടെ ഭീഷണി യു.ഡി.എഫും എല്‍.ഡി.എഫും ആദ്യമായി ഒരുപോലെ രുചിച്ചറിഞ്ഞ ജനവിധിയാണ് അരുവിക്കരയിലേത്. അതിന്റെ ഏറ്റവും വലിയ ആഘാതം മറ്റരേക്കാളും തിരിച്ചറിഞ്ഞ് പ്രതികരിച്ചത് സി.പി.എം പൊളിറ്റ് ബ്യൂറോ തന്നെയാണ്. എന്നിട്ടും യു.ഡി.എഫില്‍ രണ്ടാംസ്ഥാനത്ത് നിലകൊള്ളുന്ന മുസ്ലിം ലീഗ് വര്‍ഗീയപാര്‍ട്ടിയാണോ അല്ലയോ എന്ന് ഇനിയും പരിശോധിച്ച് ബോധ്യപ്പെടേണ്ടതുണ്ടെന്ന്. പുള്ളിപ്പുലിയുടെ പുള്ളികള്‍ പരിശോധിച്ചശേഷം എന്തു സമീപനം എടുക്കാമെന്ന് അതിനുമുന്നില്‍ ചെന്നുചാടിയ ഒരു പുതുമുഖ രാഷ്ട്രീയപാര്‍ട്ടി പറയുന്നത് ഒരുപക്ഷേ മനസിലാകും.

മൂന്ന് പതിറ്റാണ്ടുമുമ്പ് സി.പി.ഐ.എമ്മിന്റെ 12-ാം പാര്‍ട്ടി കോണ്‍ഗ്രസ് ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്തുമെന്ന് തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കിയതാണ്. ന്യൂനപക്ഷ വര്‍ഗീയതയ്‌ക്കെതിരായ രാഷ്ട്രീയ പരീക്ഷണശാല എന്ന നിലയില്‍ സ്വന്തം സംഘടനാതലത്തില്‍പോലും വലിയ ആള്‍നാശവും രാഷ്ട്രീയ കെടുതിയും നേരിട്ട് ഈ നയം സി.പി.എം പരീക്ഷിച്ചു. 1987-ല്‍ സംഘടനാപരമായും രാഷ്ട്രീയമായും മാത്രമല്ല അധികാരത്തില്‍ വരാന്‍പോലും എല്‍.ഡി.എഫിനെ സി.പി.എം പ്രാപ്തമാക്കി. ബദല്‍രേഖയും എം.വി.ആര്‍ – സി.പി.എം പ്രതിഭാസവും മറ്റും മറ്റും മലയാളികളോട് കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. ഇന്ദുലേഖയല്ലെങ്കില്‍ തോഴിയായാലും മതി എന്ന ചിന്ത പല തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും കേരള സംസ്ഥാന നേതൃത്വത്തില്‍നിന്ന് ഉയര്‍ന്നിരുന്നു. രഹസ്യ തെരഞ്ഞെടുപ്പ് ബാന്ധവങ്ങളും ഉണ്ടാക്കിയിരുന്നു. വിഷയം പാര്‍ട്ടി കോണ്‍ഗ്രസ് വരെ ചര്‍ച്ചചെയ്ത് വ്യക്തത വരുത്തി മുന്‍ നയത്തില്‍ ഉറപ്പിച്ചുനിര്‍ത്തിപ്പോന്നതാണ്.

sitaram

ഐ.യു.എം.എല്ലുമായി ധാരണയ്‌ക്കോ : സീതാറാം യെച്ചൂരി

അങ്ങനെ മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചതിന് ഒരുവശത്ത് നേതൃത്വം കൊടുത്ത മുഹമ്മദലി ജിന്നയുടെ ചരിത്ര പാരമ്പര്യത്തില്‍നിന്ന് കൊടിയും മതചിഹ്നങ്ങളും വിശ്വാസവും ഇഴചേര്‍ത്ത് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു പാര്‍ട്ടിതന്നെയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്. അതിന്റെ പ്രസിഡന്റായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് നരസിംഹറാവുവിന്റെ സംഘ് പരിവാര്‍ പ്രീണനനയം ബാബ്‌റി മസ്ജിദ് തകര്‍ത്തപ്പോള്‍ ലീഗിന്റെ കോണ്‍ഗ്രസ് പ്രീണന നയത്തില്‍ പ്രതിഷേധിച്ച് ലീഗ് വിട്ടു. സെക്യുലര്‍ ഭരണഘടനയുണ്ടാക്കി ഐ.എന്‍.എല്‍ എന്ന ഇന്ത്യന്‍ നാഷണല്‍ ലീഗിന് രൂപം നല്‍കി. അതുപോലും ന്യൂനപക്ഷ വര്‍ഗീയ രൂപമാണെന്നും ഭൂരിപക്ഷ വര്‍ഗീയ വിപത്ത് ആളിക്കത്തിക്കുമെന്നും ഇ.എം.എസിനെ തിരുത്തിയ നേതൃത്വമാണ് സി.പി.എമ്മിന്റേത്. യു.പി.എ ഗവണ്മെന്റില്‍ ഐ.യു.എം.എല്‍ നേതാവ് ഇ. അഹമ്മദിനെ കോണ്‍ഗ്രസ് ഐ മന്ത്രിയാക്കിയപ്പോള്‍ വര്‍ഗീയ പാര്‍ട്ടിയുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തിയതിനെ സി.പി.എം ചോദ്യം ചെയ്തിരുന്നതാണ്. ഇപ്പോള്‍ ഇസ്മയില്‍ സാഹിബിന്റെ ഐ.യു.എം.എല്ലിന്റെ വര്‍ഗീയപുള്ളികള്‍ മാഞ്ഞുതീര്‍ന്നോ എന്ന സന്ദേഹം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് തോന്നേണ്ട കാര്യമില്ല. ആര്‍.എസ്.എസ് – സംഘ്പരിവാര്‍ വര്‍ഗീയതയെക്കുറിച്ചും ന്യൂനപക്ഷ മത-രാഷ്ട്രീയ പാര്‍ട്ടികളുടെ ആപത്തിനെക്കുറിച്ചും ഇ.എം.എസിനുശേഷം യെച്ചൂരിയോളം ഇന്ത്യക്കാരെ എഴുതിപഠിപ്പിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് ഇല്ലെന്നിരിക്കെ.

കേരളത്തില്‍ എട്ടുമാസത്തിനകം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് അധികാരത്തില്‍ വരേണ്ടതുണ്ട്. ബംഗാള്‍ പശ്ചാത്തലത്തില്‍ അത് ജീവന്മരണ പ്രശ്‌നമാണ്. 2006-ല്‍ അധികാരത്തില്‍ വന്നതിനുശേഷം ഒരു ഉപതെരഞ്ഞെടുപ്പുപോലും ജയിക്കാത്ത എല്‍.ഡി.എഫ് യു.ഡി.എഫില്‍നിന്ന് വഴിയില്‍ കൊഴിഞ്ഞ ചില ഏറുപടക്കങ്ങളൊക്കെ അരുവിക്കരയില്‍ ആയുധമാക്കിയിരുന്നു. യു.ഡി.എഫിന്റെ പടപേടിച്ച് ചെന്നപ്പോള്‍ ബി.ജെ.പിയുടെ പന്തംകൊളുത്തി പടകൂടി മുന്നിലെത്തി. വി.എസ് അച്യുതാനന്ദനെന്ന ‘പാര്‍ട്ടി വിരുദ്ധന്‍’ ഇടങ്കോലിട്ടിരുന്നില്ലെങ്കില്‍ പി.ഡി.പിയെന്നല്ല ലീഗുമായിപ്പോലും നേരത്തെ കേരളഘടകം അടവുനയമുണ്ടാക്കി നാട് ഭരിച്ചേനേ. അത് കഴിയാതിരുന്നതുകൊണ്ടാണ് കെ.എം മാണിയുടെ കേരളാ കോണ്‍ഗ്രസിനെ കൂടെ കൊണ്ടുവരാന്‍ ശ്രമം നടത്തിയത്. അത് ബാര്‍ കോഴയില്‍ വഴുതി വീണുനാറിപ്പോയി.

അരുവിക്കര തെരഞ്ഞെടുപ്പിനിടയില്‍തന്നെ എല്‍.ഡി.എഫിലെ ഒരു പ്രമുഖ കക്ഷി യു.ഡി.എഫില്‍ ചേക്കേറുമെന്ന് വലിയവായില്‍ വിളിച്ചുപറഞ്ഞത് മുസ്ലിം ലീഗ് നേതാക്കളായിരുന്നു. അറയ്ക്കല്‍ ബീവിക്ക് സമ്മതമായാലും ഇല്ലെങ്കിലും ഇപ്പോള്‍ ലീഗിനെ സ്വീകരിക്കാന്‍ സി.പി.എമ്മിന് സമ്മതമാണ് എന്ന ചിന്ത വ്യക്തമാക്കുന്നതാണ് യെച്ചൂരിയുടെ പ്രസ്താവന. അങ്ങനെയൊരു നിര്‍ദ്ദേശം കേരള നേതൃത്വത്തില്‍നിന്ന് ഉയരാതെ പൊന്തയ്ക്കുചുറ്റും അടിക്കുന്ന ഒരു പ്രതികരണം ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടാവില്ല.

വിഷയത്തിന്റെ മര്‍മ്മവും അത് കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതവുമാണ് പ്രശ്‌നം. സി.പി.എമ്മിന്റെ വോട്ടോ വിജയമോ ഭരണമോ ഒന്നുമല്ല. ഇടതുപക്ഷ – പുരോഗമന – മതനിരപേക്ഷ രാഷ്ട്രീയത്തിന് ഇന്ത്യയാകെ വഴികാണിച്ച കേരളത്തിന്റെ രാഷ്ട്രീയ മാതൃകയുടെ അടിസ്ഥാന ശിലയിട്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനവും 57-ലെ ആദ്യ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റുമാണ്. ആ സംസ്ഥാനം ബി.ജെ.പിയുടേയും സംഘ് പരിവാറിന്റേയും കൈകളിലേക്ക് സ്വര്‍ണ്ണത്തളികയില്‍തന്നെ ഏല്‍പ്പിച്ചു കൊടുക്കാന്‍ സി.പി.എംതന്നെ മുതിരുന്നത് അവിശ്വസനീയം. പാര്‍ലമെന്ററിസത്തിന്റെ സ്വാധീനത്തില്‍ പക്ഷേ പലതും നടക്കും.

1982-ലേയോ 1987-ലേയോ വസ്തുനിഷ്ഠ സാഹചര്യമല്ല രാഷ്ട്രീയമായി കേരളത്തിലും ദേശീയതലത്തിലും. അത് സൂക്ഷ്മമായി പഠിച്ച് പ്രവര്‍ത്തിക്കേണ്ടത് ഇടതുപക്ഷ പാര്‍ട്ടികളാണ്. 31 ശതമാനം വോട്ടുനേടി ബി.ജെ.പി ലോകസഭയിലെ മൂന്നില്‍രണ്ടിലേറെ ഭൂരിപക്ഷമുള്ള ഭരണശക്തിയായി ഉയര്‍ന്നത് ഓരോ സംസ്ഥാനത്തേയും ജാതി-മത ശക്തികളുടെ വ്യത്യസ്ത ചേരുവകകള്‍ ഉപയോഗപ്പെടുത്തിയാണ്. വര്‍ഗീയ ധ്രുവീകരണം സംസ്ഥാനങ്ങളിലും ദേശീയതലത്തിലും നടപ്പാക്കാന്‍ ബ്രഹത്തായ അജണ്ടകള്‍ ബി.ജെ.പിക്കും മോദി ഗവണ്മെന്റിനുമുണ്ട്. കേരളത്തിലടക്കം സംഘ് പരിവാറിന്റെ വിവിധ പ്രസ്ഥാനങ്ങള്‍ സാമുദായിക സംഘടനകളെ ചേര്‍ത്തും അല്ലാതെയും അത് നിര്‍വ്വഹിക്കുന്നുണ്ട്.

ബംഗാളില്‍ നീണ്ടകാലം അധികാരത്തിലിരുന്ന ഇടതുമുന്നണിയുടെ തകര്‍ച്ചയില്‍നിന്ന് മുതലെടുത്ത് വളരുന്ന ആര്‍.എസ്.എസ് ഇടതുമുക്ത കേരളമെന്ന ഒരു രഹസ്യ അജണ്ട ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇവിടെ തുടക്കമിട്ടിട്ടുണ്ട്. ഏറ്റവുമൊടുവില്‍ സി.പി.എമ്മില്‍നിന്ന് പുറത്താക്കപ്പെട്ടവരെ തെരഞ്ഞുപിടിച്ച് പ്രത്യേക പരിശീലനം നല്‍കി കേഡര്‍വത്ക്കരിക്കാനും തീരുമാനിച്ചതായാണ് വാര്‍ത്ത. അവരുടെ കൈകളില്‍ കളിക്കലാകും മുസ്ലിംലീഗ് എല്‍.ഡി.എഫില്‍ വരാന്‍ യോഗ്യമായ നയങ്ങളുള്ള ഒരു പാര്‍ട്ടി എന്ന തരത്തിലുള്ള ചര്‍ച്ചപോലും കേരളത്തില്‍ ഉയരുന്നത്. അതിനുതന്നെയാണല്ലോ യെച്ചൂരി തിരികൊളുത്തിക്കണ്ടത്.

സംസ്ഥാനത്തെ ജനസംഖ്യാനുപാതമനുസരിച്ച് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വിഭിന്നമായി രണ്ട് ന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ഇവിടെ വിഭജിക്കപ്പെട്ടിരിക്കുന്നു. ഭരിക്കുന്ന യു.ഡി.എഫിന്റെ ഭാഗമാണ് ഈ പാര്‍ട്ടികള്‍ എന്നതുകൊണ്ട് സംസ്ഥാനത്തെ മതനിരപേക്ഷമല്ലാതെ ചിതറിക്കിടക്കുന്ന മുസ്ലിം-ക്രിസ്ത്യന്‍ വോട്ടുകളെ കോണ്‍ഗ്രസിനുവേണ്ടി ഈ പാര്‍ട്ടികള്‍ക്ക് സമാഹരിക്കാനാവുന്നു. പ്രത്യേകിച്ചും ബി.ജെ.പിയുടെ സാന്നിധ്യം അപകടമണി മുഴക്കുമ്പോള്‍. അതാണ് അരുവിക്കരയില്‍ ഇത്തവണ 9 ശതമാനം വോട്ട് ഇടിഞ്ഞിട്ടും ജനങ്ങള്‍ വെറുത്ത യു.ഡി.എഫ് ഭരണത്തിന്റെ പ്രതിനിധി 39.61 ശതമാനം വോട്ടിന് ജയിച്ചതില്‍ കണ്ടത്. കേരള കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന പി.സി ജോര്‍ജിന് ആ വിഭാഗം വോട്ട് നല്‍കാതിരുന്നതും അതുകൊണ്ടാണ്. അതുപോലെ പി.ഡി.പി സ്ഥാനാര്‍ത്ഥിക്കും കെട്ടിവെച്ച പണം പോയി.

മറ്റൊന്നുകൂടി സി.പി.എം ചേര്‍ത്തുവെച്ച് വായിച്ചു പഠിക്കേണ്ടതുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ ബി.ജെ.പിയേക്കാള്‍ 32.66 ശതമാനം വോട്ടിന് മുന്നിലായിരുന്നു എല്‍.ഡി.എഫ്. ഇത്തവണ എല്‍.ഡി.എഫില്‍നിന്ന് 9 ശതമാനം മാത്രം പിന്നിലാണ് ബി.ജെ.പി.

അരുവിക്കര കേരള രാഷ്ട്രീയത്തിന്റെ ഒരു പരിഛേദമാണെങ്കില്‍ മാറിയ പരിതസ്ഥിതിയില്‍ മുസ്ലിം ലീഗുമായി എല്‍.ഡി.എഫ് ഉണ്ടാക്കുന്ന ഏതൊരു സഖ്യവും സി.പി.എമ്മിന്റേയും ഇടതു പാര്‍ട്ടികളുടേയും വര്‍ഗീയതയുടെ അന്തരാളത്തിലേക്കാണ് കെട്ടിത്താഴ്ത്തുക. ന്യൂനപക്ഷ വര്‍ഗീയ പാര്‍ട്ടികളെ (സമുദായങ്ങളെ എന്നാണ് ബി.ജെ.പി – സംഘ് പരിവാര്‍ പറയുന്നത്) പ്രീണിപ്പിക്കുന്നു എന്നാണ് എല്‍.ഡി.എഫിനും യു.ഡി.എഫിനുമെതിരെ ബി.ജെ.പിയുടെ തുരുപ്പുചീട്ട്. മന്ത്രി അബ്ദുറബ്ബിന്റെ മുമ്പില്‍ നിലവിളക്ക് കത്തിച്ച് പ്രതിഷേധിച്ചതുകൊണ്ടൊന്നും ആ അപഖ്യാതി തീരുകയില്ല. പാര്‍ട്ടിയംഗങ്ങളായ മുസ്ലിം വനിതകളെ പര്‍ദ്ദയണിയിച്ചും ബീഫ് ഫെസ്റ്റിവല്‍ നടത്തിയും ബിഷപ് ഹൗസുകളില്‍ പ്രാതല്‍ കഴിച്ച് വോട്ടുചോദിച്ചും ഇസ്ലാമിക ബാങ്ക് സര്‍ക്കാര്‍ തലത്തില്‍ തുടങ്ങാന്‍ ശ്രമിച്ചുമൊക്കെ വര്‍ഗീയ പ്രീണനത്തിന്റെ പല മാനങ്ങളും സി.പി.എം പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.

അതിരിക്കട്ടെ, മുസ്ലിം ലീഗുമായി രാഷ്ട്രീയ സഖ്യത്തിലേക്ക് നീങ്ങാനാണ് സി.പി.എം മുതിരുന്നതെങ്കില്‍ അതിന്റെ പ്രത്യാഘാതം രണ്ടുതരത്തിലായിരിക്കും. മതനിരപേക്ഷരെന്ന നിലയില്‍ സി.പി.എമ്മിലും ഇടതുപാര്‍ട്ടികളിലും കോണ്‍ഗ്രസില്‍തന്നെയും ഉറച്ചുനിന്ന ഭൂരിപക്ഷ സമുദായത്തില്‍പെട്ടവരുടെ വലിയൊരു ഒഴുക്ക് ബി.ജെ.പിയിലേക്ക് മാത്രമല്ല സംഘ് പരിവാറിലേക്കും ഉണ്ടാക്കും. ഇടതുപക്ഷം രാഷ്ട്രീയമായി തടഞ്ഞുനിര്‍ത്തിയിട്ടും അവിടവിടെ പുറ്റുപോലെ തലയുയര്‍ത്തി നിന്ന ന്യൂനപക്ഷ മത – തീവ്രവാദ സംഘടനകള്‍ വന്‍തോതില്‍ വളരുകയും ശക്തിപ്രാപിക്കുകയും വ്യാപിക്കുകയും ചെയ്യും. ഇടതുപക്ഷം ബംഗാളിനേക്കാളും ഇവിടെ കഷ്ടത്തിലാകും. കോണ്‍ഗ്രസ് ഐയും രക്ഷപെടാന്‍ പോകുന്നില്ല.

മദിച്ചുപുളക്കാന്‍ പോകുന്നത് ഭൂരിപക്ഷ – ന്യൂനപക്ഷ വര്‍ഗീയതയുടെ പരസ്യവും നിഗൂഢവുമായ ശാക്തിക ചേരികളാകും. ഇവിടെ പരക്കുക അവര്‍ സൃഷ്ടിക്കുന്ന ചോരക്കളങ്ങളും.

സീതാറാം യെച്ചൂരിക്കും സി.പി.എം കേന്ദ്ര നേതൃത്വത്തിനും ഇത് മനസിലായില്ലെന്ന് സങ്കല്‍പ്പിക്കാന്‍ പ്രയാസം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top