Flash News

പോലീസ് ലോക്കപ്പില്‍ കൊല്ലപ്പെട്ട സിബിയുടെ മൃതദേഹവുമായി നാട്ടുകാര്‍ മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

July 12, 2015 , സ്വന്തം ലേഖകന്‍

sibiകോട്ടയം (ജൂലൈ 13): പൊലീസ് ലോക്കപ്പില്‍ കൊല്ലപ്പെട്ട മരങ്ങാട്ടുപിള്ളി പാറയ്ക്കല്‍ പി വി സിബി (40) യുടെ മൃതദേഹവുമായി എല്‍ഡിഎഫ് നേതൃത്വത്തില്‍ നാട്ടുകാര്‍ മരങ്ങാട്ടുപിള്ളി പൊലീസ്സ്റ്റേഷന്‍ ഉപരോധിച്ചു. തുടര്‍ന്ന് ഏറെനേരം മരങ്ങാട്ടുപിള്ളിയും പരിസരവും സംഘര്‍ഷാവസ്ഥയിലായി. സിബിയുടെ മരണത്തിന് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. തുടര്‍ന്ന് ജില്ലാ കലക്റ്റര്‍ യു വി ജോസും എറണാകുളം റേഞ്ച് ഐജി എം ആര്‍ അജിത്കുമാറും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. എല്‍ഡിഎഫ് നേതാക്കള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി അടിയന്തിരമായി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് കലക്റ്റര്‍ ഉറപ്പു നല്‍കിയതിനു ശേഷമാണ് ഉപരോധം അവസാനിപ്പിച്ച് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.

കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, മാതാപിതാക്കള്‍ എത്തിയിട്ടും ജാമ്യം അനുവദിക്കാതിരുന്നതും ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്തതും അന്വേഷിക്കുക, കുടുംബത്തിന് അടിയന്തിരമായി നഷ്ടപരിഹാരം അനുവദിക്കുക, കേസില്‍ പൊലീസ് പ്രതി ചേര്‍ത്തത് പതിനാറുകാരനെ ആണെന്നിരിക്കെ, വാദിയായ സിബിയെ അറസ്റ്റ് ചെയ്ത് എന്തിനെന്ന് അന്വേഷിക്കുക എന്നീ ആവശ്യങ്ങളാണ് എല്‍ഡിഎഫ് മുന്നോട്ടുവെച്ചത്.

11700817_385789738284393_5302043472336895383_nപോസ്റ്റുമോര്‍ട്ടത്തിനു ശേഷം വിട്ടുകിട്ടിയ മൃതദേഹവുമായി എല്‍ഡിഎഫ് നേതാക്കളും നാട്ടുകാരും സിബിയുടെ ബന്ധുക്കളും മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷന് മുന്നിലെത്തിയാണ് ഉപരോധസമരം ആരംഭിച്ചത്. സ്റ്റേഷന് ഏതാനും വാരയകലെ ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് ഇവരെ തടഞ്ഞു. തുടര്‍ന്ന് നിലത്തിരുന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി കുറ്റക്കാര്‍ക്കെതിരായ നടപടി സംബന്ധിച്ച് ഉറപ്പ് നല്‍കിയാല്‍ മാത്രമേ ഉപരോധം അവസാനിപ്പിക്കുകയുള്ളുവെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു.

ലോക്കപ്പ് കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു. കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങാന്‍ ആയിരങ്ങളാണ് എത്തിയത്. എറണാകുളം റേഞ്ച് ഐജി എം ആര്‍ അജിത്കുമാര്‍, കോട്ടയം ജില്ലാ പൊലീസ് മേധാവി എം പി ദിനേശ്, കോട്ടയം ഡിവൈഎസ്പി വി അജിത് എന്നിവര്‍ ഇന്‍ക്വസ്റ്റ് നടപടിക്ക് തയാറായി വന്നെങ്കിലും ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് അവരെ ഒഴിവാക്കി. തുടര്‍ന്ന് കോട്ടയം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് സി ആര്‍ ബിജുകുമാര്‍, പാലാ ആര്‍ഡിഒ സി കെ പ്രകാശ്, ആര്‍ഡിഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് പി ജി രാധാകൃഷ്ണന്‍, മീനച്ചില്‍ തഹസില്‍ദാര്‍ ബാബു സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി പൂര്‍ത്തിയാക്കിയത്. ഇവര്‍ക്കു പുറമെ സിബിയുടെ രണ്ട് ബന്ധുക്കള്‍ക്കു മാത്രമായിരുന്നു പ്രവേശനം. പ്രത്യേക ടീമിന്‍റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം.

ഫോറന്‍സിക് പ്രൊഫസര്‍ കെ ശശികല, അസോസിയേറ്റ് പ്രൊഫസര്‍ വി എം രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോസ്റ്റ്മോര്‍ട്ടം മൂന്നു മണിക്കൂറോളം നീണ്ടു. തെളിവ് നശിപ്പിക്കപ്പെടാതിരിക്കാന്‍ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും പൂര്‍ണ്ണമായി വീഡിയോയില്‍ ചിത്രീകരിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. പൊലീസിന്‍റെ വീഡിയോഗ്രാഫറെ ഒഴിവാക്കി പിആര്‍ഡി പ്രതിനിധിയെ ഇതിനായി നിയോഗിച്ചു. നടപടി പൂര്‍ത്തിയായ ശേഷം വീഡിയോ ടേപ്പ് സീല്‍ ചെയ്ത് ആര്‍ഡിഒയ്ക്ക് കൈമാറി. ഇതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് അടുത്തദിവസം മജിസ്ട്രേറ്റിനു കൈമാറുമെന്ന് ആര്‍ഡിഒ അറിയിച്ചു.

ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയയ്ക്കും. രാവിലെ ഒമ്പതോടെ ആരംഭിച്ച ഇന്‍ക്വസ്റ്റിനും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കും ശേഷം നാലോടെയാണ് മൃതദേഹം വിട്ടുകിട്ടിയത്. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പില്‍ നടക്കും. പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇന്ന് കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top