ചിക്കാഗോ : എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ നടന്ന 5-മത് ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് കിരീടം ചിക്കാഗോ മാര്‍ത്തോമ്മാ ദേവാലയം കരസ്ഥമാക്കി. അവസാന നിമിഷം വരെ അത്യന്തം വാശിയേറിയ മത്സരം കാഴ്ചവെച്ച കളിയില്‍ ചിക്കാഗോ ക്നാനായ ടീമിനെ പരാജയപ്പെടുത്തിയാണ് ചിക്കാഗോ മാര്‍ത്തോമ്മാ ടീം ഈ നേട്ടം കൈവരിച്ചത്.
ജൂലൈ 12 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണി മുതല്‍ ഡെസ്പ്ലെയ്ന്‍സിലെ ഫെല്‍ഡ്മാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങള്‍ക്ക് വിവിധ എക്യൂമിനിക്കല്‍ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് പത്ത് ടീമുകള്‍ മത്സരിച്ചു. മത്സരങ്ങള്‍ക്ക് മുന്നോടിയായി നടന്ന ഉത്ഘാടന ചടങ്ങില്‍ സീറോ മലബാര്‍ രൂപത സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ട് വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഉത്ഘാടനം നിര്‍വഹിച്ചു. അഞ്ചു വീതമുള്ള ഇരു ഗ്രൂപ്പുകളില്‍ നിന്നുള്ള മത്സര വിജയികളായ ചിക്കാഗോ മാര്‍ത്തോമാ ടീം, ക്നാനായ ‘എ’ ടീം, ക്നാനായ ‘ബി’ ടീം, സി.എസ്.ഐ. സംയുക്ത ടീം എന്നിവര്‍ സെമി ഫൈനിലിന് അര്‍ഹരായി. ചിക്കാഗോ മാര്‍ത്തോമ്മാ ടീം സി.എസ്.ഐ. സംയുക്ത ടീമിനെയും, ക്നാനായ ‘എ’ ടീം ക്നാനായ ‘ബി’ ടീമിനെയും തോല്‍പ്പിച്ച് ഫൈനല്‍ മത്സരങ്ങള്‍ക്ക് അര്‍ഹരായി.
ചിക്കാഗോയിലെ മുഴുവന്‍ കായിക പ്രേമികളെയും കൊണ്ട് തിങ്ങിനിറഞ്ഞ ഗ്യാലറികളും, ആര്‍പ്പു വിളികളും, ചെണ്ടമേളവും മത്സരത്തിന്റെ ആവേശം വാനോളമുയര്‍ത്തുകയും, ഇരു ടീമുകളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എക്യൂമിനിക്കല്‍ കൗണ്‍സില്‍ വൈദീകരും, അംഗങ്ങളും മത്സരത്തിന്റെ ക്രമീകരണങ്ങള്‍ക്ക് ചിട്ടയായ നേതൃത്വം കൊടുക്കാന്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. ചിക്കാഗോയിലെ കായിക മാമാങ്കത്തിന് ഉത്സവാന്തരീക്ഷം പകര്‍ന്ന് നടത്തപ്പെട്ട അഞ്ചാമത് വോളിബോള്‍ ടൂര്‍ണമെന്റിന് മുന്‍ വര്‍ഷത്തെക്കാള്‍ കാണികളുടെ ആവേശവും, മത്സരത്തിന്റെ നിലവാരവും മെച്ചപ്പെട്ടതായിരുന്നു. പങ്കെടുത്ത ഓരോ ടീമും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോള്‍ അത് കാണികള്‍ക്ക് മറക്കാനാവാത്ത സുന്ദരനിമിഷങ്ങള്‍ സമ്മാനിച്ചു. കാണികളുടെ ആവേശം നിലയ്ക്കാതെ അണപൊട്ടിയൊഴുകിയ ഫൈനല്‍ മത്സരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഫെല്‍ഡ്മാന്‍ സ്റ്റേഡിയത്തെ പ്രകടമ്പനം കൊള്ളിച്ചു.
വിജയികള്‍ക്കുള്ള സമ്മാനദാനം എക്യൂമിനിക്കള് കൗണ്‍സില്‍ പ്രസിഡന്റ് റവ.ഫാ.ഡാനിയേല്‍ ജോര്‍ജ്ജും, എറണാകുളം എം.പി. പ്രൊഫ.കെ.വി.തോമസും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ടൂര്‍ണമെന്റിന്റെ മുഴുവന്‍ കളിയുടെ പ്രകടനത്തില്‍ നിന്നും മോസ്റ്റ് വാല്യുബിള്‍ പ്ലെയറായി സനല്‍ തോമസ്, മികച്ച ഡിഫന്‍സീവ് പ്ലെയറായി റോബിന് ഫിലിപ്പ് (ഇരുവരും ചിക്കാഗോ മാര്‍ത്തോമ്മാ ടീം), മികച്ച ഒഫന്‍സീവ് പ്ലെയറായി ലെറിന്‍ ചേതലിന് കരോട്ട് (ക്നാനായ ടീം) എന്നിവരെ തിരഞ്ഞെടുത്തു. എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഈ ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന വരുമാനം ഫീഡ് മൈ സ്റ്റാര്‍വിംഗ് ചില്‍ഡ്രന്‍ ചാരിറ്റി പ്രോഗ്രാമിനായി നല്കുന്നു.
വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് ചുക്കാന്‍ പിടിച്ചത് റവ.ബിനോയ് ജേക്കബ് (ചെയര്മാന്), രഞ്ജന്‍ എബ്രഹാം (കണ്‍വീനര്‍), സാം തോമസ്, ടോണി ഫിലിപ്പ്, ജയിംസ് പുത്തന്‍പുരയില്‍, ആന്റോ കവലയ്ക്കല്‍, ജോണ്സന് വള്ളിയില്‍ ജോണ്സന് കണ്ണൂക്കാടന്‍, ജോജോ ജോര്‍ജ് എന്നിവരടങ്ങുന്ന സബ് കമ്മറ്റിയാണ്. പതിനാറ് വിവിധ സഭാ വിഭാഗങ്ങളിലെ ദേവാലയങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന ചിക്കാഗോ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ രക്ഷാധികാരികളായി മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട്, ഫാ.ഡാനിയേല്‍ ജോര്‍ജ്ജ് (പ്രസിഡന്റ്), റവ.സോനു വര്‍ഗ്ഗീസ് (വൈ.പ്രസിഡന്റ്), ജോര്‍ജ്ജ് പണിക്കര്‍ (സെക്രട്ടറി), മാത്യു മാപ്ലേറ്റ് (ജോ.സെക്രട്ടറി), ജോര്‍ജ് പി. മാത്യു (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്കുന്നു. അഞ്ചാമത് എക്യൂമിനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രാന്റ് സ്പോണ്‍സേഴ്സ് ആയി ബഞ്ചമിന് തോമസ് & ഫാമിലി, രാജു വിന്‍സന്റ് & ഫാമിലി, ബോബി ജേക്കബ് & ഫാമിലി, സണ്ണി ഈരോരിക്കല്‍ & ഫാമിലി (ന്യൂയോര്‍ക്ക് ലൈഫ്), ഏലിക്കുട്ടി ജോസഫ് തേനിയപ്ലാക്കല്‍ എന്നിവര്‍ അകമഴിഞ്ഞ സഹായങ്ങള്‍ നല്കി.
എക്യൂമിനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് ജോര്‍ജ്ജ് പണിക്കര്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. റവ. എബ്രഹാം സ്കറിയ നേതൃത്വം നല്കിയ പ്രാര്‍ത്ഥനയോടെ അഞ്ചാമത് എക്യൂമിനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് പരിസമാപ്തിയായി.