Flash News

“കണ്ണുനീര്‍ത്തുള്ളിയെ സ്‌ത്രീയോടുപമിച്ച” സംഗീതജ്ഞന്‍ എം. എസ്.വിശ്വനാഥന്‍ അന്തരിച്ചു

July 13, 2015 , സ്വന്തം ലേഖകന്‍

19FR-MSV__2443046f

ചെന്നൈ : പ്രശസ്ത സംഗീതജ്ഞന്‍ എം. എസ്. വിശ്വനാഥന്‍ അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. സംസ്കാരം ബുധനാഴ്ച ചെന്നൈയില്‍ നടക്കും.

1928 ജൂണ്‍ 24ന് പാലക്കാട് എലപ്പുള്ളിയില്‍ മനയങ്കത്തു വീട്ടില്‍ സുബ്രഹ്മണ്യന്‍ നാരായണിക്കുട്ടി ദമ്പതികളുടെ മകനായാണ് എം. എസ് വിശ്വനാഥന്‍ ജനിച്ചത്. നാലാം വയസില്‍ അച്ഛന്‍റെ മരണത്തോടെ മുത്തച്ഛന്‍റെ സംരക്ഷണത്തിലാണ് എം. എസ്. വി വളര്‍ന്നത്. ദാരിദ്ര്യം മറികടക്കാന്‍ തിയെറ്ററില്‍ കടല വില്‍പ്പനക്കാരനായി. നീലകണ്ഠ ഭാഗവതരുടെ അടുത്തെത്തിയതോടെയാണ് എം. എസ്. വിയിലെ സംഗീതജ്ഞന്‍റെ ജനനം.

1952-ലാണ് സിനിമാലോകത്ത് എത്തിയത്. നൂറിലേറെ മലയാളം ചിത്രങ്ങള്‍ക്കൊപ്പം 2000ലേറെ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും സജീവമായിരുന്നു. സംഗീത ലോകത്ത് മെല്ലിസ മന്നന്‍ എന്നാണ് എംഎസ്‌വി അറിയപ്പെടുന്നത്.

വിരലുകള്‍ കൊണ്ട് മാസ്മരിക സംഗീതം തീര്‍ക്കുന്ന സംഗീതാചാര്യന്‍

വിരലുകള്‍ കൊണ്ട് മാസ്മരിക സംഗീതം തീര്‍ക്കുന്ന സംഗീത ആചാര്യനാണ് എം. എസ്. വിശ്വനാഥന്‍. തെന്നിന്ത്യന്‍ സംഗീത ലോകത്തെ സംഗീത സര്‍വകലശാല. മാന്ത്രിക സംഗീതത്തിലൂ‌ടെ എല്ലാതലമുറകളെയും ഒരു പോലെ ഹരം കൊളളിച്ചിരുന്ന അപൂര്‍വ പ്രതിഭ. എംഎസ്‌വിയുടെ വിശേഷണങ്ങള്‍ അവസാനിക്കുന്നില്ല. എം. എസ് വിശ്വനാഥന്‍റെ വിയോഗത്തോടെ സംഗീതലോകത്തിന് നഷ്ടമായത് യഥാര്‍ഥ ആചാര്യനെയാണ്. ലളിത സംഗീതത്തിന്‍റെ ചക്രവര്‍ത്തി എന്നര്‍ഥം വരുന്ന മെല്ലിസൈ മന്നന്‍ എന്നാണ് അദ്ദേഹം സംഗീത ലോകത്ത് അറിയപ്പെടുന്നത്. ഈ വിശേഷണം ഏറ്റവുമധികം ചേരുന്നതും എം. എസിനു തന്നെ.

സംഗീതലോകത്ത് ആചര്യനായിരുന്നെങ്കിലും ദാരിദ്ര്യത്തിന്‍റെ കറുപ്പ് വീണ ഒരു ബാല്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹത്തിന് നാല് വയസുള്ളപ്പോള്‍ അദ്ദേഹത്തിന്‍റെ അച്ഛനെ നഷ്ടമായി. തുടര്‍ന്നുണ്ടായ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷനേടാന്‍ മകനെയും കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അന്ന് രക്ഷകനായെത്തിയത് മുത്തച്ഛനായിരുന്നു. മുത്തച്ഛന്‍റെ സംരക്ഷണയിലായിരുന്ന വിശ്വനാഥന്‍ ചെറിയ പ്രായത്തില്‍ തന്നെ സംഗീതം അഭ്യസിച്ച് തുടങ്ങി. പതിമൂന്നാം വയസില്‍ ആദ്യ കച്ചേരി.

പാടാനും അഭിനയിക്കാനുമായിരുന്നു വിശ്വനാഥന്‍റെ താത്പര്യം. തുടര്‍ന്ന് ചില നാടകങ്ങളില്‍ അഭിനയിച്ചു. എസ്. വി വെങ്കട്ടരാമന്‍റെ സംഗീത ട്രൂപ്പില്‍ ജോലി കിട്ടിയത് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ വഴിത്തിരിവായി. ട്രൂപ്പിലെ വയലിനിസ്റ്റ് രാമമൂര്‍ത്തിയുമായുള്ള സൗഹൃദമാണ് പിന്നീട് തെന്നിന്ത്യന്‍ സംഗീത ലോകത്ത് നിര്‍ണായകമായത്.

1952ലാണ് അദ്ദേഹം സിനിമയിലെത്തുന്നത്. തുടര്‍ന്ന് രാമമൂര്‍ത്തി- വിശ്വനാഥന്‍ കൂട്ടുകെട്ടില്‍ പിറന്നത് അനശ്വര ഗാനങ്ങളായിരുന്നു. പാനം എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണം നല്‍കിക്കൊണ്ടാണ് ആ കൂട്ടുകെട്ട് സംഗീത സപര്യ ആരംഭിച്ചു. ഒടുവില്‍ 1965-ല്‍ പുറത്തിറങ്ങിയ ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിക്കൊണ്ട് ആ സംഗീത കൂട്ടുകെട്ട് വഴിപിരിഞ്ഞു. 13 വര്‍ഷത്തെ സൗഹൃദത്തില്‍ ജന്മം കൊണ്ടത് നൂറോളം ഗാനങ്ങളായിരുന്നു. പിന്നീട് ഇരുവരും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ഒടുവില്‍ 29 വര്‍ഷങ്ങള്‍ക്കു ശേഷം 1995-ല്‍ പുറത്തിറങ്ങിയ എങ്കിറുന്തോ വന്താന്‍ എന്ന ചിത്രത്തിലൂടെ ആ അപൂര്‍വ സഖ്യം വീണ്ടും ഒന്നിച്ചു. സ്വതന്ത്രമായി പ്രവര്‍ത്തിച്ചപ്പോഴും എംഎസ്‌വിയുടെ വിരലുകളിലൂടെ പിറന്നത് എക്കാലത്തെയും ഹിറ്റ് ഗാനങ്ങളായിരുന്നു.

1953-ല്‍ പുറത്തിറങ്ങിയ ജനോവ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിലേക്കെത്തുന്നത്. നൂറിലേറെ മലയാള ചിത്രങ്ങള്‍ക്ക് അദ്ദേഹം ഈണം നല്‍കി. കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച എന്നഗാനം എംഎസ്വിയുടെ ശബ്ദം മലയാളത്തില്‍ അനശ്വരമാക്കുകയും ചെയ്തു.

1990-നു ശേഷം അദ്ദേഹം ഭക്തിഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നതിന് ശ്രദ്ധ തിരിച്ചു. 2013-ല്‍ പുറത്തിറങ്ങിയ തില്ലുമുല്ലു എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി ഈണം നല്‍കിയത്.
എം. എസ്. വിശ്വനാഥന്‍ എന്ന അനശ്വര പ്രതിഭ നമ്മെ വിട്ട് പിരിഞ്ഞെങ്കിലും ഈണം നല്‍കിയ ഒരുപിടിഗാനങ്ങളിലൂടെ ആരാധകര്‍ക്കിടയില്‍ അദ്ദേഹം ഇനിയും നിറഞ്ഞു നില്‍ക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top