Flash News

ആരോഗ്യരംഗത്ത് ഇ-ഹെല്‍ത്ത് പരിഷ്ക്കരണം ഉടന്‍ നടപ്പിലാക്കും

July 16, 2015 , സ്വന്തം ലേഖകന്‍

downloadകണ്ണൂര്‍: ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇ-ഹെല്‍ത്ത് നടപ്പാക്കുന്നു. ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭാവം പരിഹരിക്കാനും ആരോഗ്യ-രോഗ വിവരങ്ങള്‍ സംബന്ധിച്ച കൈമാറ്റത്തിനും സമഗ്ര ആരോഗ്യ വിവരസാങ്കേതിക വിദ്യ നടപ്പാക്കുന്നതോടെ സാധിക്കും. വിവര സാങ്കേതികവിദ്യാ മേഖലയില്‍ മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനമെന്ന നില കൂടി പരിഗണിച്ചാണ് കേന്ദ്ര പദ്ധതിയായ ഇ-ഹെല്‍ത്ത് കേരളത്തിലും പ്രയോഗത്തില്‍ വരുത്തുന്നത്.

ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. 86 കോടി രൂപ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിലെ വിവരങ്ങള്‍ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ശേഖരിക്കാനും അപഗ്രഥിക്കാനും പങ്കുവയ്ക്കാനും ഇ-ഹെല്‍ത്തിലൂടെ സാധിക്കും. കംപ്യൂട്ടറില്‍ സേവ് ചെയ്യുന്ന രോഗികളുടെ വിവരങ്ങള്‍ എവിടെനിന്നും കണ്ടെത്താനാകും. പദ്ധതിയുടെ ആദ്യപടിയായി മരുന്ന് കുറിപ്പടികള്‍ കംപ്യൂട്ടര്‍ മുഖേന നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോഡ്സ്, ഹെല്‍ത്ത് ഇന്‍ഫൊര്‍മാറ്റിക്സ്, ടെലി മെഡിസിന്‍, ഹെല്‍ത്ത് നോളജ് റിസോഴ്സസ്, ഹോസ്പിറ്റല്‍ ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റം തുടങ്ങിയ ഐടി അധിഷ്ഠിത സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

ഇലക്ട്രോണിക്സ് മെഡിക്കല്‍ റെക്കോഡ്സ് എന്ന സംവിധാനം വഴി ഡോക്റ്ററുടെ കുറിപ്പടി, ലാബ് പരിശോധനാ ഫലങ്ങള്‍, രോഗിയുടെ വിവരങ്ങള്‍, മുന്‍കാല ആരോഗ്യവിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനാകും. ഡോക്റ്റര്‍മാര്‍ തമ്മില്‍ വളരെയെളുപ്പത്തില്‍ സുരക്ഷിതമായി വിവരങ്ങള്‍ കൈമാറാനും ആശയവിനിമയം നടത്താനും കഴിയും. ഇലക്ട്രോണിക്സ് ഹെല്‍ത്ത് റെക്കോഡ്സ് സംവിധാനമുപയോഗിച്ച് രോഗി ആശുപത്രിയിലെത്തുന്നതിനു മുന്‍പു തന്നെ മുന്‍കാല രോഗവിവരങ്ങളെക്കുറിച്ചും ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ചുമെല്ലാം ഡോക്റ്റര്‍മാര്‍ക്ക് മനസിലാക്കാനാകും. കുറിപ്പടികള്‍ ഡോക്റ്ററില്‍ നിന്ന് നേരിട്ട് ഫാര്‍മസിയിലേക്ക് ഇലട്രോണിക് രൂപത്തില്‍ കൈമാറ്റം ചെയ്യാനാകുന്ന ഇലട്രോണിക് പ്രിസ്ക്രൈബിങ് രീതിയും ഇ-ഹെല്‍ത്തിലുണ്ട്.
രോഗികള്‍ സ്വന്തമായി കൈകാര്യം ചെയ്യുകയും പുതുക്കുകയും ചെയ്യുന്ന പെഴ്സനല്‍ ഹെല്‍ത്ത് റെക്കോഡ്സാണ് മറ്റൊരു സവിശേഷത.

രോഗ വിവരങ്ങള്‍, രക്തസമ്മര്‍ദം, പഞ്ചസാരയുടെ അളവ്, ഭക്ഷണക്രമം, ഹൃദയമിടിപ്പ് തുടങ്ങിയ വിവരങ്ങളെ ആരോഗ്യ പരിപാലകര്‍ക്ക് കാണാനും മറ്റും പെഴ്സനല്‍ ഹെല്‍ത്ത് റെക്കോഡ്സിലൂടെ സാധിക്കും. മൊബൈല്‍ ഹെല്‍ത്ത് എന്ന രീതിയിലൂടെ രോഗികളുടെ ആരോഗ്യസംബന്ധമായ വിവരങ്ങള്‍ ശേഖരിക്കാനും അപഗ്രഥിക്കാനുമാകും. വിദൂരസ്ഥലങ്ങളിലുള്ള രോഗികള്‍ക്ക് ക്ലിനിക്കല്‍, ആരോഗ്യപരിചരണം സാധ്യമാക്കുന്ന ടെലിമെഡിസിന്‍ സംവിധാനവും ഇ ഹെല്‍ത്തിലുണ്ട്.

വിദേശത്തുള്ള ഡോക്റ്റര്‍മാരുടെ അഭിപ്രായം തേടി ചികിത്സിക്കാനും ഇതിലൂടെ സാധിക്കും. രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കുന്നതിലും പകര്‍ച്ചവ്യാധികളും മാറാരോഗവും പിടിപെട്ടവരുടെ പരിചരണത്തിലും പൂര്‍ണതോതിലുള്ള പരിചരണം കിട്ടുന്നില്ലെന്നാണ് കണക്ക്. ഇതില്‍ തന്നെ പകര്‍ച്ചവ്യാധി ബാധിതര്‍ക്കും മാറാരോഗികള്‍ക്കും നല്‍കുന്ന പരിചരണം വലിയൊരളവ് വരെ ഫലവത്താകാറില്ലെന്നും ആരോഗ്യമേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിലെല്ലാം ഇ ഹെല്‍ത്ത് ഉപയോഗിച്ച് രോഗികളുടെ സുരക്ഷ കാര്യക്ഷമമായി ഉറപ്പുവരുത്താനാകുമെന്നാണ് കണക്കാക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top