തൃശൂരില്‍ ആനകള്‍ വിരണ്ടോടി; ആളപായമില്ല

21432തൃശൂര്‍: കര്‍ക്കടകപ്പിറവിയില്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടില്‍ പങ്കെടുത്തു മടങ്ങിയ ആനകള്‍ വിരണ്ടോടിയത് പരിഭ്രാന്തിക്കിടയാക്കി. ക്ഷേത്രത്തില്‍ നിന്നു പുറത്ത് കടന്നശേഷം തേക്കിന്‍കാട് മൈതാനിയില്‍ ആനകളെ നിര്‍ത്തുന്നതിനിടെ തോട്ടയ്ക്കാട് ലക്ഷ്മിയെന്ന പിടിയാന തിരിഞ്ഞതാണ് ആനകള്‍ ഇടഞ്ഞോടാന്‍ കാരണമായത്. കുട്ടിയാന വെട്ടത്ത് ഗോപികണ്ണനെ തട്ടിമാറ്റിയ ശേഷം ലക്ഷ്മി ഓടിയതു കണ്ട് പുല്ലൂറ്റ് ഉണ്ണികൃഷ്ണന്‍, കൊല്ലം മീനാട് കേശവന്‍, കുട്ടിയാന വെട്ടത്ത് ഗോപീകണ്ണന്‍ എന്നീ കൊമ്പന്മാരും ഓടി. ഇതോടെ ജനങ്ങളും പരിഭ്രാന്തരായി ചിതറിയോടി.

വിരണ്ട ഗോപീകണ്ണന്‍ തേക്കിന്‍ കാട് മൈതാനിയുടെ കിഴക്കു വശത്തുള്ള വാട്ടര്‍ അഥോറിറ്റിയുടെ മതില്‍ തകര്‍ത്ത് അകത്തു കയറി നിന്നു. മീനാട് കേശവന്‍ പാറമേക്കാവ് ഭാഗത്തേക്കിറങ്ങി ടൗണ്‍ഹാള്‍ റോഡ് വഴി ചെമ്പൂക്കാവ് വരെ ഓടി. ഇവിടെയുള്ള വര്‍ക്ക് ഷോപ്പിന്‍റെ മതിലും ആന തകര്‍ത്തു. രണ്ടുകിലോ മീറ്ററോളം ഓടിയ മീനാട് കേശവനെ ചെമ്പൂക്കാവിലെ പെന്‍ഷന്‍ മൂലയില്‍ വച്ച് തളച്ചു. കൊമ്പന്‍മാരുടെ ഓട്ടത്തിനിടെ പരിഭ്രാന്തയായ ലക്ഷ്മിക്കുട്ടിയും മൈതാനിയിലൂടെ ഓടിയെങ്കിലും വേഗത്തില്‍ തളക്കാനായി. ഉണ്ണികൃഷ്ണന്‍റെ പാപ്പാന്‍ മരത്തില്‍ കയറിയാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കുറച്ചു നേരത്തിന് ശേഷം പുല്ലൂറ്റ് ഉണ്ണികൃഷ്ണനെ മൈതാനിയില്‍ തന്നെ തളച്ചു. മതില്‍ തകര്‍ത്ത് കയറിയ വെട്ടത്ത് ഗോപീകൃഷ്ണനും താമസിയാതെ ശാന്തനായി. കേശവന്‍റെ റോഡിലൂടെയുള്ള ഓട്ടം യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. വണ്ടിനിര്‍ത്തി വശങ്ങളിലേക്കൊതുങ്ങിയും ഓടിമാറിയും ആളുകള്‍ കേശവന് വഴിയൊഴിഞ്ഞുകൊടുത്തു. ഫയര്‍ഫോഴ്സും എലിഫെന്‍റ് സ്ക്വാഡും ചേര്‍ന്നാണ് കേശവനെ തളച്ചത്.

Print Friendly, PDF & Email

Leave a Comment