Flash News

ഇത് രാമായണ മാസക്കാലം

July 18, 2015 , അജിത് കുമാര്‍

ramayanamകര്‍ക്കിടക മാസത്തിന് ഇന്നു തുടക്കമാകുകയാണ്. കോരിച്ചൊരിയുന്ന മഴയും പകര്‍ച്ചവ്യാധികളും കൃഷിപ്പണിയൊന്നുമില്ലാത്തതിനാല്‍ പട്ടിണിയും പെരുകുന്ന കര്‍ക്കിടകത്തില്‍ പ്രകൃതിയൊരുക്കുന്ന പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാന്‍ മനസിനെയൊരുക്കാന്‍ രാമായണം പാരായണം ചെയ്തു പോന്നു. കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കാന്‍ തുടങ്ങിയതങ്ങനെയാണ്. ‘രാ’ എന്നാല്‍ രാത്രി അഥവാ ഇരുട്ടാണ്. രാമായണത്തിന് “ഇരുട്ട് മാറ്റണം” എന്നൊരര്‍ഥം കൂടിയുണ്ട്. “രാമന്‍റെ വഴി” “രാഗാദികള്‍” “മായണം” എന്നെല്ലാം രാമായണത്തെ പലരും വിശദീകരിക്കാറുണ്ട്. ജാതീയതയുടെയും പോര്‍ച്ചുഗീസുകാരുടെ അധിനിവേശത്തിന്‍റെയും ക്രൂരതകളില്‍പ്പെട്ട് കേരളം ഇരുട്ടിലായിരുന്ന കാലത്താണ് തുഞ്ചത്താചാര്യന്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിക്കുന്നത്. ഭക്തിമാര്‍ഗത്തിലൂടെ നയിച്ച് ജനമനസില്‍ വെളിച്ചം നിറയ്ക്കാന്‍ ഈ കൃതിയിലൂടെ തുഞ്ചത്താചാര്യന് കഴിഞ്ഞു.

അദ്ധ്യാത്മ രാമായണം
വാല്മീകി രാമായണത്തിലെ ആത്മീയ വശങ്ങളെ പ്രകാശിപ്പിച്ചെഴുതിയ മറ്റൊരു രാമായണമാണ് അദ്ധ്യാത്മ രാമായണം. ഇതിന്‍റെ കര്‍ത്താവാരെന്ന് ഇന്നും തിട്ടപ്പെടുത്തിയിട്ടില്ല. വേദവ്യാസമഹര്‍ഷിയാണ് അദ്ധ്യാത്മ രാമായണമെഴുതിയതെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. വാല്മീകി, രാമനെ ആദര്‍ശ പുരുഷനായി ചിത്രീകരിക്കുമ്പോള്‍ അദ്ധ്യാത്മ രാമായണം രാമനെ ഈശ്വരാവതാരമായി കാണുന്നു.

രാമായണമാസം
പണ്ടുതൊട്ടേ കേരളീയര്‍ കര്‍ക്കിടക മാസത്തില്‍ രാമായണ പാരായണം ചെയ്യാറുണ്ടായിരുന്നു. കര്‍ക്കിടകം രാമായണമാസമായി അറിയപ്പെട്ടു തുടങ്ങിയതങ്ങനെയാണ്. രാമായണമാസത്തെ വരവേല്‍ക്കാനായി പണ്ടുമുതലേ കേരളീയര്‍ ചില ചടങ്ങുകളും നടത്തിവന്നു.

ചേട്ടയെ പുറത്താക്കല്‍
മിഥുനമാസം ചേട്ട അഥവാ ജ്യേഷ്ഠയുടെ മാസമായാണ് കണക്കാക്കുന്നത്. ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും ദേവതയാണ് ചേട്ട. അശുദ്ധിയും അനീതിയും ഉള്ളിടത്താണ് ചേട്ടയുടെ വാസം. ഉള്ള ധനവും ധാന്യവും കൃഷിക്കായി ചെലവഴിച്ച് ആളുകള്‍ പഞ്ഞം കിടക്കുന്ന മാസമാണ് മിഥുനമാസം. മിഥുനം അവസാനത്തോടെ വീടും പരിസരവും അടിച്ചുതെളിച്ച് വൃത്തിയാക്കി ചേട്ടയെ പുറത്താക്കാന്‍ വീട്ടമ്മമാര്‍ ഒരുക്കം തുടങ്ങും. കര്‍ക്കിട സംക്രമദിവസം (സൂര്യന്‍ ഉത്തരായണത്തില്‍ നിന്നു ദക്ഷിണായനത്തിലേക്ക് നീങ്ങുന്ന ദിവസം) സന്ധ്യയോടെയാണ് ചേട്ടയെ പുറത്താക്കുക. പഴയ മുറം, പഴയ കൊട്ട, കുറ്റിച്ചൂല്‍, പൊട്ടിയ പെട്ടി എന്നിവയോടൊപ്പം ചേമ്പിന്‍തണ്ട്, ചോറ്, നെല്ല്, ഉപ്പ്, മുളക്, കരിക്കട്ട, കത്തിച്ചുവെച്ച നാല് വിളക്കുതിരി എന്നിവയെല്ലാമാണ് ചേട്ടയെ പുറത്താക്കാനൊരുക്കുക.
സന്ധ്യയോടെ വീട്ടമ്മയുടെ നേതൃത്വത്തില്‍ മറ്റ് അംഗങ്ങള്‍ ഇതെല്ലാമെടുത്ത് ചേട്ടാഭഗവതി പോ .. പോ.. ശീപോതി (ശ്രീഭഗവതി- മഹാലക്ഷ്മി) വാ… വാ.. എന്നു വിളിച്ചുപറഞ്ഞ് മൂന്നു ചുറ്റ് വീടിനെ വലംവെച്ച് വീടിന്‍റെ പടിക്കുപുറത്ത് കൊണ്ടുവയ്ക്കുന്നു. അപ്പോഴേയ്ക്ക് മറ്റു ചിലര്‍ വീടും പരിസരവും ചാണകവെള്ളം തളിച്ച് ശുദ്ധി വരുത്തും. ചേട്ടയെ പുറത്താക്കുന്നതോടെ വീടിന്‍റെ ഉമ്മറത്ത് വിളക്കു കത്തിച്ചുവയ്ക്കും. ഐശ്വര്യത്തിന്‍റെ ദേവതയായ ശ്രീഭഗവതി (മഹാലക്ഷ്മി)യെ വീട്ടിലേക്ക് ക്ഷണിക്കാനാണിത്. കര്‍ക്കിടകം ഒന്നു മുതല്‍ “ശീപോതിക്കു വെക്കല്‍” എന്ന ചടങ്ങിന് തുടക്കം കുറിക്കും. കഴുകി വൃത്തിയാക്കിയ മരപ്പലകയില്‍ തേച്ചുമിനുക്കിയ ഓട്ടുരുളിയില്‍ വെള്ളം, കത്തിച്ചുവെച്ച നിലവിളക്ക്, ദശപുഷ്പങ്ങള്‍ എന്നിവയാണ് ശീപോതിക്ക് വെയ്ക്കുക. ശീപോതിക്ക് വച്ചശേഷം ഉച്ചയൂണൊക്കെ കഴിഞ്ഞാണ് വീട്ടില്‍ രാമായണ പാരായണമാരംഭിക്കുക.

രാമായണ പാരായണമിങ്ങനെ
സന്ധ്യാസമയത്ത് രാമായണം വായിക്കാറില്ല. രാമായണം വായിക്കുന്ന സ്ഥലത്ത് ഹനുമാനോടൊപ്പം ദേവന്മാരും ഗന്ധര്‍വന്മാരും കിന്നരയക്ഷന്മാരും വന്നിരിക്കാറുണ്ടത്രെ. സന്ധ്യയ്ക്ക് രാമായണം പാരായണം ചെയ്താല്‍ ഇവരുടെ സന്ധ്യാവന്ദനം മുടങ്ങും. കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നുവേണം രാമായണം വായിക്കാന്‍. പാരായണം തുടങ്ങുന്നതിനുമുമ്പ് ഗുരു, ഇഷ്ടദേവത, ഹനുമാന്‍, വാല്മീകി, രാമന്‍, സീത, ലക്ഷ്മണന്‍, ഭരതശത്രുഘ്നന്മാര്‍ എന്നിവരെ സ്തുതിക്കണം. തുടര്‍ന്ന് തുഞ്ചത്താചാര്യനെ വന്ദിക്കണം. കര്‍ക്കിടകമാസാവസാനത്തോടെ രാമായണം മുഴുവന്‍ വായിച്ചു തീര്‍ക്കണം. ഉത്തരരാമായണം പൊതുവെ ആരും വായിക്കാറില്ല. ശുഭമായ ഒരു രംഗത്ത് പുസ്തകത്തിന്‍റെ വലതുവശത്തുവേണം ഓരോ ദിവസവും വായന അവസാനിപ്പിക്കാന്‍.

മാപ്പിളരാമായണം
കോഴിക്കോട് വടകരയ്ക്കടുത്തുള്ള പ്രദേശങ്ങളില്‍ ആളുകള്‍ പാടിപ്പോന്ന രാമായണമാണ് മാപ്പിളരാമായണം. ഇതിന്‍റെ കാര്‍ത്താവാരെന്നോ രചനാകാലമേതെന്നോ ആര്‍ക്കും അറിഞ്ഞുകൂടാ.

കുന്നും മലയും കേറിക്കീഞ്ഞ് ശെനമ്പ് ഞെരുക്കം
വന്നൊരു സുന്ദരി ലാവണന്‍റെ പെങ്ങളുമ്മാ

പൊന്നു പെരുത്തൊരു പാതാളത്തിലെ സൂല്‍ത്താനേറെ മിന്നും പൊമ്മണി കമ്മണി ബീവി ശൂര്‍പ്പണഖാ എന്നു തുടങ്ങുന്ന ശൂര്‍പ്പണഖയുടെ ചമഞ്ഞൊരുക്കങ്ങള്‍ മുതല്‍ ശൂര്‍പ്പണഖയുടെ പ്രണയാഭ്യര്‍ഥന, രാവണന്‍റെ പ്രണയാഭ്യര്‍ഥന

ഹനുമാന്‍റെ പൂങ്കാവന പ്രവേശം, ഹനുമാന്‍റെ പൂങ്കാവന നശീകരണം എന്നീ അധ്യായങ്ങളോടെ മാപ്പിള രാമായണം അവസാനിക്കുന്നു.

പൊന്നും മലര്‍കനി സീതയെകണ്ട്
മിന്നും മുടിപ്പൊന്ന് വാങ്ങുന്ന
മാലാഖപ്പെണ്ണിന്‍റെ മാറ്റ് കണ്ടിട്ട്
വാലുള്ളോന്‍ നിക്കാരം ചെയ്യുന്നത്

തിത്തത്തൈ തിത്തത്തൈയെന്ന് ചാടുന്ന തത്തമ്മപ്പൂങ്കാവിലെത്തുന്ന് എന്ന രീതിയിലാണ് ഹനുമാന്‍റെ പൂങ്കാവന നശീകരണം മാപ്പിളരാമായണത്തില്‍ വിവരിക്കുന്നത്.
കണ്ണശരാമായണം

കണ്ണശന്‍മാര്‍ അഥവാ നിരണം കവികള്‍ എന്നറിയപ്പെടുന്നവരില്‍ ഒരാളായിരുന്ന രാമപ്പണിക്കരുടെ രാമായണം. വാല്മീകി രാമായണത്തെ അവലംബമാക്കി രാമായണകഥ ശ്രവിക്കുന്നതിനും വായിക്കുന്നതിനും സാധാരണക്കാര്‍ക്കു വഴിയൊരുക്കിക്കൊടുക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് തുടക്കത്തില്‍ കവി പറയുന്നുണ്ട്.

ചൊല്ലേറിയ വാല്മീകി മഹാമുനി
ചൊല്ലിയ രാമായണമിനിയേതും
വല്ലാതെ ഞാനിന്നുരചെയ്വതു
മനസിപൊറുക്ക മഹാജനമെല്ലാം!
എന്നിങ്ങനെ രാമപ്പണിക്കര്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
(എഴുത്തച്ഛനു മുന്‍പു ജീവിച്ചിരുന്ന – മാധവപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍, രാമപ്പണിക്കര്‍ എന്നിവരാണ് നിരണം കവികള്‍)

പാതാള രാമായണം
വടക്കന്‍ കോട്ടയത്ത് കേരളവര്‍മ രാജാവ് രചിച്ച ഒരു പ്രാചീന മലയാളകൃതിയാണ് പാതാളരാമായണം. രാമ-രാവണ യുദ്ധത്തില്‍ രാവണനെ സഹായിക്കാന്‍ പാതാളവാസിയായ പാതാളരാവണന്‍ വിഭീഷണന്‍റെ വേഷത്തില്‍ വന്ന് ഉറങ്ങിക്കിടന്ന രാമലക്ഷ്മണന്‍മാരെ അപഹരിച്ചുകൊണ്ടുപോയി. ഹനുമാന്‍ ഈ പുതിയ രാവണന്‍റെ വാസസ്ഥാനം സുഗ്രീവനില്‍ നിന്നു മനസിലാക്കി പാതാളരാവണനെ വധിച്ച് രാമലക്ഷ്മണന്‍മാരെ വീണ്ടെടുത്തു. ഇതാണ് പാതാള രാമായണത്തിലെ ഇതിവൃത്തം.

തുളസീദാസ രാമായണം
വിശ്വസാഹിത്യത്തിലെ സമുന്നതമായ കാവ്യശില്‍പ്പമാണ് തുളസീദാസ രാമായണം അഥവാ രാമചരിതമാനസ്. പ്രമുഖ ഹിന്ദി കവിയായ തുളസീദാസ് ആണ് ഇതിന്‍െറ രചയിതാവ്. വാല്മീകിയുടെ രാമായണത്തെ അവലംബിക്കുന്നതിനോടൊപ്പം സ്വതന്ത്രകല്‍പ്പനകളും ഇതില്‍ ധാരാളമുണ്ട്. രാമനുമാനുഷഭാവം നല്‍കിയാണ് തുളസീദാസ് ഈ കാവ്യം രചിച്ചിരിക്കുന്നത്.

കമ്പരാമായണം
തമിഴ് കവിയായ കമ്പര്‍ രചിച്ചതാണ് ഈ കാവ്യം. രാമായണകഥ ഇദ്ദേഹത്തിനു വളരെ മുമ്പുതന്നെ ദക്ഷിണേന്ത്യയില്‍ പ്രചരിച്ചിരുന്നുവെങ്കിലും രാമായണം ഒരു സമ്പൂര്‍ണകാവ്യമായി ആദ്യം രചിച്ചത് കമ്പരാണ്. വാല്മീകി രാമായണം തന്നെയാണ് കമ്പരാമായണത്തിന്‍റെയും അടിസ്ഥാനം. എന്നാല്‍ ഇതിവൃത്തം സ്വീകരിച്ചതൊഴിച്ചാല്‍ കമ്പരാമായണം സ്വതന്ത്രമായ ഒരു കാവ്യമാണെന്നു പറയാം.

ആദികാവ്യം
ഭാരതത്തില്‍ കാവ്യരൂപത്തില്‍ ഉടലെടുത്ത ആദ്യകൃതി വാല്മീകി രാമായണമാണ്. അതുകൊണ്ട് ഇത് ആദ്യകാവ്യമെന്നും വാല്മീകി ആദ്യകവിയെന്നും അറിയപ്പെടുന്നു. വാല്മീകിയും രാമനും സമകാലികരാണെന്നാണ് വിശ്വാസം. വനവാസക്കാലത്ത് ശ്രീരാമന്‍ വാല്മീകിയുടെ ആശ്രമം സന്ദര്‍ശിച്ചു. സീതയെ ഉപേക്ഷിച്ചശേഷം താമസിച്ചതും വാല്മീകിയുടെ ആശ്രമത്തിലാണ്. വാല്മീകിക്ക് രാമായണകാവ്യരചനയ്ക്ക് പ്രചോദനമായത് ഇതെല്ലാമാകാം. ഇരുപത്തിനാലായിരം ശ്ലോകങ്ങള്‍ കൊണ്ടാണ് വാല്മീകി രാമായണകഥ എഴുതിത്തീര്‍ത്തത്. ബാലകാണ്ഡം, അയോധ്യകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നീ ഏഴുകാണ്ഡങ്ങളിലായി അഞ്ഞൂറ് അധ്യായങ്ങളിലായാണ് വാല്മീകി ആദ്യകാവ്യം രചിച്ചിരിക്കുന്നത്.

ഭാഷാപിതാവ്
16-ാം ശതകത്തില്‍ എഴുത്തച്ഛനോടുകൂടി മലയാളകവിതയില്‍ ഒരു പുതുയുഗം പിറന്നു. മലയാളഭാഷയെ പ്രാചീനഘട്ടത്തില്‍ നിന്ന് ആധുനികതയിലേക്ക് നയിച്ചത് എഴുത്തച്ഛനായിരുന്നു. അലങ്കാരശബളിതമായ കൃത്രിമരീതിയിലും സംസ്കൃതവൃത്തങ്ങളിലും കാവ്യരചന നടത്തിയിരുന്ന പതിവില്‍നിന്ന് വ്യതിയാനം വരുത്തി മലയാളഭാഷയെ അതിന്‍റെ സ്വഭാവികതയിലേക്ക് ആനയിച്ചത് എഴുത്തച്ഛനാണ്. മലയാള കവിതയ്ക്ക് ഭാവഗാംഭീര്യവും ആശയപ്രൗഢിയും അഴകും മിഴിവും നല്‍കി എഴുത്തച്ഛന്‍ പുനരുദ്ധരിച്ചു. മലയാളത്തില്‍ അദ്ദേഹത്തിനുമുമ്പും കൃതികളുണ്ടായിട്ടുണ്ടെങ്കിലും മലയാളഭാഷയ്ക്കു രൂപംകൊടുത്തു എന്ന അര്‍ഥത്തിലല്ല എഴുത്തച്ഛനെ മലയാളത്തിന്‍റെ പിതാവെന്നു വിളിച്ചത്. പ്രാദേശിക ഭാഷാഭേദങ്ങള്‍ക്ക് അതീതമായി അദ്ദേഹത്തിന്‍റെ കൃതികള്‍ പ്രചരിക്കുകയും എല്ലാവിഭാഗം ജനങ്ങളെയും ഏകീകരിക്കുന്നതില്‍ വലിയ പങ്കുവഹിക്കുകയും ചെയ്തു. ഇതിനാലാണ് എഴുത്തച്ഛനെ ഭാഷാപിതാവെന്ന പദവിയില്‍ അവരോധിച്ചത്. അധ്യാത്മരാമായണം കിളിപ്പാട്ടും ശ്രീ മഹാഭാരതവുമാണ് എഴുത്തച്ഛന്‍െറ പ്രധാനകൃതികള്‍. ഉത്തരരാമായണം, ഭാഗവതം കിളിപ്പാട്ട്, ഹരിനാമകീര്‍ത്തനം, ചിന്താരത്നം, ബ്രഹ്മാണ്ഡപുരാണം, ദേവീമാഹാത്മ്യം, ഇരുപത്തിനാലുവൃത്തം, ശതമുഖരാമായണം, കൈവല്യനവനീതം എന്നീ കൃതികള്‍ എഴുത്തച്ഛന്‍േറതാണെന്നും അല്ലെന്നും പണ്ഡിതന്‍മാര്‍ക്കിടയില്‍ തര്‍ക്കമുണ്ട്.

കിളിപ്പാട്ട്
കവിക്ക് അറംപറ്റാതിരിക്കാന്‍ കിളിയെക്കൊണ്ട് കഥ പറയിച്ചു, സരസ്വതീദേവിയുടെ കൈയിലെ ലീലാശുകമാണ് എഴുത്തച്ഛന്‍െറ കിളി. ശുകത്തിന്‍െറ രൂപത്തില്‍ ഈശ്വരന്‍ കവിക്കു ജ്ഞാനോപദേശം ചെയ്തു തുടങ്ങി കിളിയെക്കൊണ്ട് കഥ പാടിക്കുന്ന കാവ്യരീതിയെക്കുറിച്ച് പല അഭിപ്രായങ്ങളുമുണ്ട്. കിളിയെപ്പോലെ സുന്ദരവും ശബ്ദമാധുര്യവുമുള്ളതായ കവിതയായിരിക്കണം തന്‍റെ കവിത എന്ന മോഹത്തിന്‍റെ സൂചനയായും, കവിയുടെ വിനയം പ്രകടിപ്പിക്കാനാണ് കിളിയെക്കൊണ്ട് പാടിക്കുന്നത് എന്നിങ്ങനെയുള്ള യുക്തികളും പണ്ഡിതന്മാര്‍ പറഞ്ഞുപോരുന്നു. കിളിയെകൊണ്ട് കഥ പാടിക്കുന്ന കാവ്യരീതി എഴുത്തച്ഛനു മുന്‍പേ തമിഴില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ രീതി ഏറ്റവും ഹൃദ്യമായും ശക്തമായും ഉപയോഗിച്ച് എഴുത്തച്ഛനാണ്. കേക, കാകളി, കളകാഞ്ചി, അന്നനട എന്നിവയാണ് പ്രധാനപ്പെട്ട കിളിപ്പാട്ടുവൃത്തങ്ങള്‍. കിളിയെക്കൊണ്ടു പാടിക്കാത്തവയാണെങ്കിലും കിളിപ്പാട്ടിന് ഉപയോഗിക്കുന്ന വൃത്തങ്ങളില്‍ രചിച്ചിട്ടുള്ള കാവ്യങ്ങളെയും കിളിപ്പാട്ടുകള്‍ എന്നുപറയും.

രാമായണം എഴുതിയതാര് …?
ആദി കവിയായി നാം വാഴ്ത്തുന്ന വാല്മീകിയാണ് രാമായണമെഴുതിയതെന്ന് നമുക്കൊക്കെ അറിയാം. രത്നാകരനെന്ന കാട്ടാളനാണ് വാല്മീകി മഹര്‍ഷിയായി ത്തീര്‍ന്നത്. വാല്മീകി തമസാ നദീതീരത്ത് പര്‍ണശാലകെട്ടി താമസിക്കുന്ന കാലം. സന്ധ്യാവന്ദനങ്ങള്‍ക്കായി നദീതീരത്തെത്തിയ അദ്ദേഹം രണ്ട് ക്രൗഞ്ചമിഥുനങ്ങള്‍ മരക്കൊമ്പിലിരുന്ന് കിന്നാരം പറയുന്നതു കണ്ടു. അല്‍പ്പ സമയത്തിനകം തന്നെ ഒരു വേടന്‍ അതിലെ ആണ്‍ പക്ഷിയെ അമ്പെയ്തു വീഴ്ത്തി. പെണ്‍പക്ഷിയുടെ ദീന രോദനം വാല്മീകിയെ ദുഃഖിതനാക്കി. അദ്ദേഹത്തിന്‍റെ ദുഃഖവും രോഷവും ഒരു ശ്ലോകമായി പുറത്തുവന്നു.

“മാ നിഷാദ പ്രതിഷ്ഠാം ത്വ-
മഗമഃ ശാശ്വതീ സമാഃ
യല്‍ ക്രൗഞ്ചമിഥുനാ ദേ ക-
മവധീഃ കാമമോഹിതം”

കാമമോഹിതമായ ക്രൗഞ്ച മിഥുനങ്ങളിലൊന്നിനെ കൊന്ന് ഇണയെ ദുഃഖിപ്പിച്ചതുകൊണ്ട് ഹേ കാട്ടാളാ നീ നശിച്ചുപോകട്ടെ എന്ന മുനി ശാപമായിരുന്നു ആ ശ്ലോകം. വാല്മീകിയുടെ ആശ്രമ സന്ദര്‍ശനത്തിനായി ആ നേരം അവിടെയെത്തിയ ബ്രഹ്മാവ് വാല്മീകിയുടെ ശ്ലോകത്തിന് മറ്റൊരര്‍ഥം കൂടിയുണ്ടെന്നും ലോകജനതയ്ക്ക് മാര്‍ഗദര്‍ശനം നല്‍കാന്‍ അത് കാവ്യമായി എഴുതണമെന്നും ആവശ്യപ്പെട്ടു. “കാമമോഹിതനായ രാവണനെ കൊന്ന് ലോകത്തെ രക്ഷിച്ചതുകൊണ്ട് ഹേ ലക്ഷ്മീവല്ലഭനായ ശ്രീരാമചന്ദ്രാ, അവിടുന്ന് നീണാള്‍ വാഴട്ടെ” എന്നാണ് ബ്രഹ്മാവ് ഈ ശ്ലോകത്തിനര്‍ഥം വിശദീകരിച്ചത്. പിന്നീട് വാല്മീകി ജ്ഞാനദൃഷ്ടിയില്‍ ശ്രീരാമ കഥ മുഴുവന്‍ കണ്ട് 24,000 ശ്ലോകങ്ങളിലായി രാമായണമെഴുതി എന്നാണ് കഥ. ഇതാണ് ആദ്യത്തെ രാമായണമായ വാല്മീകി രാമായണം.

തുഞ്ചന്‍ പറമ്പും ചിറ്റൂര്‍മഠവും
ജന്മസ്ഥലമായ തുഞ്ചന്‍ പറമ്പില്‍ എഴുത്തച്ഛന്‍ ഒരു പള്ളിക്കൂടം സ്ഥാപിച്ച് കുറേക്കാലം കഴിഞ്ഞു. അദ്ദേഹം ഒരു സഞ്ചാരപ്രിയന്‍ കൂടിയായിരുന്നു. ഇങ്ങനെയൊരു യാത്രയില്‍ പാലക്കാടു ജില്ലയിലെ ചിറ്റൂരിലും എത്തി. അവിടെയുള്ള “ശോകനാശിനി” എന്ന പുഴയുടെ തീരപ്രദേശത്തിന്‍െറ പ്രകൃതിസൗന്ദര്യവും ശാന്തതയും എഴുത്തച്ഛനെ ആകര്‍ഷിച്ചു. അദ്ദേഹം അവിടെ ഒരാശ്രമം സ്ഥാപിച്ചു താമസമാക്കി. ഈ മഠം “ചിറ്റൂര്‍ മഠം” എന്നറിയപ്പെടുന്നു. എഴുത്തച്ഛന്‍ സമാധിയടഞ്ഞത് ചിറ്റൂര്‍മഠത്തില്‍ വെച്ചാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. എഴുത്തച്ഛന്‍റെ ജന്മസ്ഥലമായ തുഞ്ചന്‍പറമ്പ് ഇന്നൊരു സാംസ്കാരിക കേന്ദ്രമാണ്. മലയാള സര്‍വകലാശാലയുടെ ആസ്ഥാനവും ഇതിനടുത്താണ്.

അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്
അദ്ധ്യാത്മ രാമായണത്തെ അധികരിച്ച് തുഞ്ചത്ത് രാമാനുജനാണ് അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് എഴുതിയത്. ജനങ്ങളില്‍ അദ്ധ്യാത്മ ചിന്തകളുണര്‍ത്തും വിധം വിശദീകരിക്കേണ്ടിടത്ത് വിശദീകരിച്ചും സംഗ്രഹിക്കേണ്ടിടത്ത് സംഗ്രഹിച്ചും ഉപേക്ഷിക്കേണ്ടവ ഉപേക്ഷിച്ചും ഉചിതമായ ഭാഗത്ത് സ്വതന്ത്ര ഭാവനയുപയോഗിച്ചുമാണ് എഴുത്തച്ഛന്‍ രാമായണ രചന നിര്‍വഹിച്ചത്. ഗഹനമായ ആശ യങ്ങള്‍ ലളിതമായി അവതരിപ്പിച്ച ആ കൃതി പിന്നീട് മലയാളക്കരയിലെ ആത്മീയ ഗ്രന്ഥമായി. ആ കൃതിയിലൂടെ എഴുത്തച്ഛന്‍ മലയാള ഭാഷയുടെ പിതാവുമായി.

ബാലന്മാര്‍ക്കായൊരു രാമായണം
മഹാകവി കുമാരനാശാന്‍ ബാലന്മാര്‍ക്കായി എഴുതിയ രാമായണമാണ് ബാലരാമായണം. ഉത്കൃഷ്ടമായ രാമായണത്തിലെ കഥാസാരം പാടുള്ളത്ര പ്രകൃത്യനു രൂപമായ വിധത്തില്‍ ബാലഹൃദയങ്ങളില്‍ പ്രതിഫലിപ്പിക്കുക, മറ്റേത് വലിയ പദ്യകൃതികള്‍ വായിച്ചു രസിപ്പാന്‍ കുട്ടികളുടെ മനസില്‍ കൗതുകം ജനിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കായാണ് താന്‍ ബാലരാമായണം രചിച്ചതെന്ന് ആമുഖത്തില്‍ കവി സൂചിപ്പിക്കുന്നുണ്ട്.

ശ്രീരാമചന്ദ്രചരിതം ശോഭനം ബാലരൊക്കവേ ശ്രദ്ധിച്ചു കേള്‍പ്പിന്‍ സരസം ചൊല്‍വാന്‍ ലളിതഭാഷയില്‍ എന്നു തുടങ്ങി ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യ കാണ്ഡം എന്നീ മൂന്നദ്ധ്യായങ്ങളിലായി അവസാനി പ്പിക്കുന്ന ഒരു ചെറുകൃതിയാണ് കുമാരനാശാന്‍റെ ബാലരാമായണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top