നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പറഞ്ഞിട്ടില്ലാത്ത കഥകളും ദുരൂഹതകളും (ജോസഫ് പടന്നമാക്കല്‍)

netajiഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ വീരപടനായകന്‍, ജനഹൃദയങ്ങളെ കിടിലം കൊള്ളിച്ച വിപ്ലവകാരി, ബ്രിട്ടീഷ് ഭരണത്തെ ഭാരത മണ്ണില്‍നിന്നും തുരത്താന്‍ പടപൊരുതിയ ധീര ദേശാഭിമാനി, എന്നീ നിലകളില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേര് കാലത്തിന്റെ ചുവരെഴുത്തിങ്കല്‍ നിത്യവും വെട്ടിത്തിളങ്ങിക്കൊണ്ടിരിക്കുന്നു. ‘നിങ്ങള്‍ എനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടി തരാമെന്ന്’ സ്വാതന്ത്ര്യ ദാഹികളായവരെ കോരി തരിപ്പിച്ചുകൊണ്ട് ആ മഹാന്‍ ഉച്ചത്തിലുച്ചത്തില്‍ വിളിച്ചു പറയുമായിരുന്നു. ഗാന്ധിജി, നെഹ്‌റുജി എന്നീ മിതവാദികളുടെ ചിന്താഗതികള്‍ക്കുപരിയായി സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിച്ച തീവ്രവാദിയായിരുന്നു.

‘ഭാരതത്തിനു വേണ്ടത് ഭാഗികമായ സ്വാതന്ത്ര്യമല്ല പൂര്‍ണ്ണ സ്വരാജ്യസ്വാതന്ത്ര്യമെന്നു ബ്രിട്ടീഷ് സര്‍ക്കാരിനോട് ആ കര്‍മ്മയോഗി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. മിതവാദികളായ ഗാന്ധിജിയുടെയും നെഹ്രുവിന്റെയും വീക്ഷണങ്ങള്‍ക്കുപരി വ്യത്യസ്തമായി ചിന്തിച്ചിരുന്നുവെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള ശ്രമങ്ങളില്‍ അവരുടെ അതേ ലക്ഷ്യങ്ങളായിരുന്നു അദ്ദേഹത്തിനുമുണ്ടായിരുന്നത്. ഐ.എന്‍ ഐ യുടെ മുന്നേറ്റം ബ്രിട്ടീഷ്‌കാര്‍ക്ക് ഇന്ത്യയില്‍ ഭരണം മുമ്പോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ വന്നു. നേതാജി പടനായകനായ ഐ.എന്‍ ഐ പട്ടാളത്തിന്റെ വീര്യം ബ്രിട്ടീഷ് സര്‍ക്കാരിനെ ക്ഷയിപ്പിച്ചതുകൊണ്ടാണ് ക്ലമന്റ് ആറ്റ്‌ലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയ്ക്ക് സ്വാത്രന്ത്ര്യം നല്കാന്‍ തീരുമാനിച്ചെതെന്ന സത്യം ചരിത്രത്തിനൊരിക്കലും മൂടിവെയ്ക്കാന്‍ സാധിക്കില്ല.

gandhi9സുഭാഷ് ചന്ദ്രബോസ് 1897 ജനുവരി ഇരുപത്തി മൂന്നാം തിയതി ജാനകിനാഥ ബോസിന്റെയും പ്രഭാവതി ദേവിയുടെയും പതിനാലു മക്കളില്‍ ഒമ്പതാമനായി കല്ക്കട്ടായിലുള്ള കട്ടക്കില്‍ ജനിച്ചു. ജാനകിനാഥ ബോസ് കട്ടക്കിലെ പേരുകേട്ട ഒരു വക്കീലായിരുന്നു. ‘റായ് ബഹാദൂര്‍’ എന്ന ബഹുമതിയും അദ്ദേഹത്തിനുണ്ടായിരുന്നു. ബംഗാള്‍ ലെജിസ്ലേറ്റിവ് കൗണ്‍സില്‍ അംഗവുമായിരുന്നു.

സുഭാഷ് ചന്ദ്രബോസ് ബുദ്ധിമാനും പഠിക്കാന്‍ അതി മിടുക്കനുമായിരുന്നു. സ്വാമി വിവേകാനന്ദന്റെ തത്ത്വസംഹിതകളില്‍ അദ്ദേഹം ആകൃഷ്ടനായിരുന്നു. വിദ്യാര്‍ത്ഥിയായിരുന്നപ്പോഴും അമിതമായ ദേശഭക്തി അദ്ദേഹത്തില്‍ ജ്വലിച്ചിരുന്നു. തന്റെ അധ്യാത്മിക ഗുരുവായി വിവേകാനന്ദനെ ഹൃദയത്തില്‍ പ്രതിഷ്ടിച്ചിരുന്നു. ബോസ് യുവാവായിരുന്നപ്പോള്‍ തന്നെ ഭാരതീയ ജനതയെ ബ്രിട്ടീഷുകാര്‍ ചൂഷണം ചെയ്യുന്നതില്‍ കുപിതനായിരുന്നു. ഏതു വിധേനയും പ്രതികാരം ചെയ്യണമെന്ന ചിന്തകളുമായി പ്രവര്‍ത്തനങ്ങളാരംഭിച്ചു. പ്രസിഡന്‍സി കോളേജില്‍ ബോസ് പഠിച്ചിരുന്ന കാലത്ത് ഒരു ബ്രിട്ടീഷദ്ധ്യാപകനായ ‘ഇ.എഫ് ഒട്ടന്‍’ ഇന്ത്യാക്കാരെ അധിക്ഷേപിച്ചു സംസാരിച്ചതില്‍ കുപിതനായി അയാളെ ദേഹോപദ്രവം ചെയ്തു. അതുമൂലം അവിടുത്തെ പഠനം അവസാനിപ്പിക്കേണ്ടി വന്നു. ആ സംഭവത്തില്‍ കല്ക്കട്ടാ യൂണിവേഴ്‌സിറ്റിയും അദ്ദേഹത്തെ ഡീബാര്‍ ചെയ്തു. അന്നുമുതല്‍ ബോസ് ബ്രിട്ടീഷധികാരികളുടെയും നോട്ടപുള്ളിയായി ഒരു വിഘടനവാദിയായി അറിയപ്പെട്ടു. ബോസ് പിന്നീട് സ്‌കൊട്ടീഷ് ചര്‍ച്ച് കോളേജില്‍ നിന്നും തത്ത്വശാസ്ത്രത്തില്‍ ബി.എ ഡിഗ്രീ നേടി. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ കിട്ടുകയും ഐ.സി.എസ് (ഇന്ത്യന്‍ സിവില്‍ സര്‍വീസ്) പരീക്ഷ പാസാകുകയും ചെയ്തു. സ്വന്തം പിതാവിന്റെ ആഗ്രഹം അനുസരിച്ച് സര്‍ക്കാരില്‍ ജോലിയില്‍ പ്രവേശിച്ചു. ഒരു വിദേശ സര്‍ക്കാരിന്റെ കീഴില്‍ ജോലി തുടരാന്‍ ആത്മാഭിമാനമുള്ള ബോസിന് സാധിക്കില്ലായിരുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഉള്ള തൊഴിലുകള്‍ വാഗ്ദാനം ചെയ്‌തെങ്കിലും അതെല്ലാം വേണ്ടെന്നു വെച്ച് ബോസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേരുകയാണുണ്ടായത്.

gandhi10സുഭാഷ് ചന്ദ്രബോസ് ജര്‍മ്മനിയില്‍ താമസിക്കുന്ന കാലത്ത് എമിലി ഷെങ്കിയെന്ന (Emilie Schenki) ഓസ്ട്രിയന്‍ കത്തോലിക്കാ വനിതയെ വിവാഹം ചെയ്തിരുന്നു. അവര്‍ക്ക് ‘അനിതാ പ്‌ഫാഫ്’ (Anita Schenkl Pfaff) എന്ന പേരുള്ള ഒരു മകള്‍ ജനിച്ചിരുന്നു. ഇന്നവര്‍ക്ക് 73 വയസ്സ് പ്രായമുണ്ട്. ധനതത്ത്വ ശാസ്ത്രജ്ഞയും രാഷ്ട്രീയ പ്രവര്‍ത്തകയുമായിരുന്നു. ആഗ്‌സ് ബെര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായിരുന്നു. അവര്‍ രാഷ്ട്രീയ പ്രവര്‍ത്തകനും ജര്‍മ്മന്‍ പാര്‍ലമെന്റ് മെമ്പറുമായിരുന്ന മാര്‍ട്ടിനെ വിവാഹം ചെയുതു. അവര്‍ക്ക് പീറ്റര്‍ അരുണ്‍, തോമസ് കൃഷ്ണാ, മായാ കരീനാ എന്നിങ്ങനെ പേരുകളില്‍ മൂന്നു മക്കളുണ്ട്. അനിതയുടെ പിതാവായ ബോസ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് അനിത കുഞ്ഞായിരുന്നപ്പോള്‍ തന്നെ വീടുവിട്ടു പോയിരുന്നു. പിന്നീട് പിതാവില്ലാതെ അമ്മ എമിലി ഷെങ്കിയുടെ സംരക്ഷണയില്‍ അവര്‍ വളര്‍ന്നു.’യുദ്ധത്തില്‍ താന്‍ മരിച്ചു പോവുകയാണെങ്കില്‍ തന്റെ കുഞ്ഞിനേയും ഭാര്യയേയും കുടുംബത്തിലേയ്ക്ക് സ്വീകരിക്കണമെന്നു’ ബോസ് തന്റെ സഹോദരന്‍ ശരദ് ബോസിന് എഴുതിയിട്ടുണ്ടായിരുന്നു. എമിലിയും മകളും ശരദ് ബോസിനെ 1948 ല്‍ വിയന്നയില്‍ വെച്ചു കാണുകയും അവരെ ബോസ് കുടുംബത്തിലേയ്ക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

ബോസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ മഹാത്മാ ഗാന്ധിജിയില്‍ ആവേശഭരിതനായിരുന്നു. വെയില്‍സിലെ രാജകുമാരന്റെ പേരിലുള്ള ആഘോഷങ്ങളെ തടസപ്പെടുത്തിയതില്‍ 1921ല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. അദ്ദേഹം 1921ല്‍ ഗാന്ധിജിയുമായി പരസ്പരം കണ്ടുമുട്ടി. ഭാരത ചരിത്രത്തിലേയ്ക്ക് രണ്ടു മഹാന്മാരുടെ കൂടികാഴ്ചയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും ആരംഭിച്ചത് അന്നുമുതലാണ്. ബോസിന് ഗാന്ധിജിയെക്കാളും 28 വയസ് പ്രായക്കുറവുണ്ടായിരുന്നു. കേംബ്രിഡ്ജില്‍ നിന്നും ഐ.സി.എസ്. നേടി സര്‍വ്വവിധ സുഖ സൌകര്യങ്ങളോടെയും ജീവിക്കാന്‍ അവസരങ്ങള്‍ ഉണ്ടായിട്ടും അതെല്ലാം വേണ്ടെന്നു വെച്ചുകൊണ്ട് ഗാന്ധിജിയോടൊപ്പം അദ്ദേഹം ഒരു സാധാരണ കോണ്‍ഗ്രസ്‌കാരനായി പ്രവര്‍ത്തനം ആരംഭിച്ചു. അക്കാലത്ത് ഗാന്ധിജിയുടെയും സി. ആര്‍.ദാസിന്റെയും പത്രങ്ങളില്‍ വരുന്ന സ്വാതന്ത്ര്യ ദാഹത്തിനായുള്ള ലേഖനങ്ങളിലും ആകൃഷ്ടനായിരുന്നു.

gandhi13ഗാന്ധിജി 1915 മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് സ്വാതന്ത്ര്യത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാലത്ത് കോണ്‍ഗ്രസിനെ നയിച്ചിരുന്നത് ഗോപാല കൃഷ്ണ ഗോഖലെയായിരുന്നു. വിപ്ലവ മാര്‍ഗങ്ങളില്ലാതെ സമാധാനപരമായി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടണമെന്നായിരുന്നു ഗോപാല കൃഷ്ണ ഗോഖലെയും കൂട്ടരും ചിന്തിച്ചിരുന്നത്. ഗോഖലയുടെ ഗ്രൂപ്പില്‍ ഗാന്ധിജിയും പ്രവര്‍ത്തിച്ചു. ഗാന്ധിജിയുടെ ആഹ്വാനങ്ങളില്‍ ബോസും അക്കാലങ്ങളില്‍ ആവേശഭരിതനായിരുന്നു.

കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ശേഷം ഒരു ദേശീയ നേതാവെന്ന നിലയിലുള്ള ബോസിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. സി.ആര്‍.ദാസിന്റെ ഇഷ്ടതോഴനായി അദ്ദേഹം കല്‍ക്കട്ടായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കല്‍ക്കട്ടാ പട്ടണത്തില്‍ അറിയപ്പെടുന്ന നേതാവായി ഉയര്‍ന്നു. യുവജന കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1927ല്‍ ജയില്‍ വാസം ലഭിച്ചു. കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി. ജവഹര്‍ലാല്‍ നെഹ്‌റുമായി സൗഹാര്‍ദ്ദ ബന്ധം സ്ഥാപിച്ചത് അക്കാലത്താണ്. ബ്രിട്ടീഷുകാരുടെ സിവില്‍ സര്‍വീസിനെ പരിഹസിച്ചുകൊണ്ട് നെഹ്‌റു പറഞ്ഞ അഭിപ്രായം ബോസിനെ ചിന്താവിഷ്ടനാക്കിയിരുന്നു. “രാജ്യത്തിനപമാനകരമായ ‘ഇന്ത്യന്‍ സിവില്‍ സര്‍വീസെന്ന’ വാക്കില്‍ നിന്നും ‘ഇന്ത്യനോ’, ‘സിവിലോ’ ‘സേവനമോ’യെന്ന അര്‍ത്ഥം ധ്വനിക്കുന്നില്ലന്നുള്ളത്” പ്രസംഗ പീഠങ്ങളില്‍ നെഹ്‌റുവിന്റെ ഒരു പല്ലവിയായിരുന്നു. നെഹ്‌റുവിന്റെ ഈ വാക്കുകള്‍ ബോസിനെ ഐ.സി.എസ് സേവനത്തില്‍ നിന്നും വിരമിക്കാനും ഗാന്ധിയോടും കോണ്‍ഗ്രസിനോടുമൊത്തു പ്രവര്‍ത്തിക്കാനും പ്രേരിപ്പിച്ചു.

gandhi4ഗാന്ധിജിയും ബോസുമായി ആദ്യം അഭിപ്രായ വിത്യാസമുണ്ടായത് സൈമണ്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇന്ത്യയ്ക്ക് ഭാഗികമായ സ്വാതന്ത്ര്യം നല്കുന്ന വ്യവസ്ഥയില്‍ നിലവിലുള്ള സര്‍ക്കാരുമൊത്ത് ഇന്ത്യാക്കാര്‍ ഭരണകാര്യങ്ങളില്‍ ഇടപെടുകയെന്നതായിരുന്നു റിപ്പോര്‍ട്ടിലെ ഉള്ളടക്കം. ഗാന്ധിയുടെ അന്നത്തെ നേതൃത്വം റിപ്പോര്‍ട്ടിനെ അംഗീകരിക്കാനുള്ള തീരുമാനമായിരുന്നു കൈകൊണ്ടത്. എന്നാല്‍ തീവ്രവാദിയായ ബോസിന്റെ ഗ്രൂപ്പ് ഇന്ത്യയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യത്തില്‍ കുറഞ്ഞ വ്യവസ്ഥകളില്‍ ഒത്തുതീര്‍പ്പിന് തയ്യാറായില്ല. ബോസിന്റെ ഈ തീരുമാനത്തില്‍ ഗാന്ധിജിയെ കുപിതനാക്കിയിരുന്നു. അതിന്റെ പേരില്‍ ഗാന്ധിജിയും ബോസും തമ്മില്‍ വിവാദ പ്രസ്താവനകള്‍ നടത്താനും തുടങ്ങി. ആശയപരമായ പ്രസ്താവനകളല്ലാതെ ഇരുകൂട്ടരും വ്യക്തിപരമായി പഴിചാരിയിരുന്നില്ല. ബോസ് കൂടുതലായും തീവ്രവാദിയായ ബാലഗംഗാധര തിലകന്റെ അനുയായിയായിരുന്നെങ്കില്‍ ഗാന്ധിജി മിതവാദിയായ ഗോപാലകൃഷ്ണ ഗോഖലെയുടെ ആശയങ്ങളില്‍ പിന്തുടര്‍ന്നിരുന്നു. അക്കാലങ്ങളില്‍ നെഹ്‌റുവും ബോസും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു. അവര്‍ രണ്ടുപേരും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായിരുന്നു. അതേസമയം രാജാജിയും രാജേന്ദ്ര പ്രസാദും വല്ലഭായി പട്ടേലും വലതു പക്ഷ ചിന്താഗതിക്കാരും. കോണ്‍ഗ്രസ് അക്കാലത്ത് സോഷ്യലിസ്റ്റ് ആശയങ്ങളുമായി മുമ്പോട്ട് നീങ്ങി. കോണ്‍ഗ്രസ്പ്രസിഡന്റ് സ്ഥാനം നെഹ്‌റുബോസ് ഗ്രൂപ്പില്‍ നിന്നും മാത്രമായിരുന്നു നേടിയിരുന്നത്. വലതുപക്ഷ ചിന്താഗതിക്കാരായവര്‍ക്ക് നെഹ്‌റുബോസ് ഗ്രൂപ്പുകളുടെ ശക്തിയുടെ മുമ്പില്‍ യാതൊരു സ്വാധീനവും ഉണ്ടായിരുന്നില്ല.

gandhi8രാജ്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം അവകാശപ്പെട്ടുകൊണ്ട് 1927ല്‍ ബോസിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ‘പൂര്‍ണ്ണ സ്വരാജ്’ പ്രമേയം പാസാക്കി. എന്നാല്‍ 1928ല്‍ മിതവാദികള്‍ ആ പ്രമേയത്തെ പരാജയപ്പെടുത്തി. ഗാന്ധിജി നയതന്ത്രത്തില്‍ക്കൂടി 1929ല്‍ നെഹ്രുവിനെ കോണ്‍ഗ്രസ് പ്രസിഡന്റാക്കി.1930ലെ ‘ദണ്ഡി ഉപ്പു സത്യാഗ്രഹ’ മാര്‍ച്ചിനെ ബോസും കൂട്ടരും അഭിനന്ദിച്ചിരുന്നു. നെപ്പോളിയന്‍ പാരീസില്‍ നടത്തിയ മാര്‍ച്ചിനു തുല്യമായി ഉപമിച്ചുകൊണ്ടു ബോസ് പറഞ്ഞു, ‘ദണ്ഡി ഉപ്പു യാത്ര ചരിത്രത്തിലെ സുവര്‍ണ്ണ ലിപികളില്‍ എന്നുമെന്നും മായാതെ ലിഖിതം ചെയ്യപ്പെടും.’ ചരിത്ര ഗവേഷകര്‍ക്ക് കൌതുകമാകത്തക്കവണ്ണം അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. ഉപ്പു സത്യാഗ്രഹത്തിന്റെ പേരില്‍ പ്ലാറ്റ് ഫോറങ്ങളില്‍ നെഹ്‌റു അക്കാലങ്ങളില്‍ വളരെ വാചാലനായിരുന്നു.

1931ല്‍ ബ്രിട്ടനിലെ രണ്ടാം വട്ടമേശ സമ്മേളനത്തില്‍ ബ്രിട്ടനിലെ ജോര്‍ജ് രാജാവ് കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയായി ഗാന്ധിജിയെ ക്ഷണിച്ചിരുന്നു. സരോജിനി നായിഡുവുമായി ഒന്നിച്ചായിരുന്നു ഗാന്ധിജി ആ സമ്മേളനത്തില്‍ അന്ന് പങ്കു ചേര്‍ന്നത്. എന്നാല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കാതെ അംബേദ്ക്കറിന്റെ ആവശ്യങ്ങളും ന്യൂനപക്ഷങ്ങളെപ്പറ്റിയുമാണ് ഗാന്ധിജി വട്ടമേശ സമ്മേളനത്തില്‍ സംസാരിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കാന്‍ സാധിക്കാത്ത ഗാന്ധിജിയുടെ ഭീരുത്വത്തില്‍ ബോസ് നിരാശനാവുകയും ചെയ്തു. ‘വട്ടമേശ സമ്മേളനത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കാന്‍ ഗാന്ധിജി പരാജയപ്പെട്ടെന്നും അദ്ദേഹത്തിന്റെ പ്രധാന പ്രശ്‌നം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളാണെന്നും’ പറഞ്ഞ് ബോസ് പ്ലാറ്റ് ഫോറങ്ങളില്‍ ഗാന്ധിജിയെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. ഈ സംഭവത്തിനു ശേഷം ബോസ് മാനസികമായി തകരുകയും സ്വയം സമാധാനം തേടി അനേക യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. അദ്ദേഹം അക്കാലത്ത് ഇറ്റലിയില്‍ മുസോളിനിയേയും ജര്‍മ്മനിയില്‍ ഹിറ്റ്‌ലറെയും സന്ദര്‍ശിച്ചു. അക്കാലയളവിലായിരുന്നു അദ്ദേഹത്തിന്റെ ജര്‍മ്മനിയില്‍ വെച്ചുള്ള വിവാഹം നടന്നത്. ഗാരിബാള്‍ഡിന്റെ ചിന്തകളിലും അദ്ദേഹം മുഴുകിയിരുന്നു. ‘ഞാന്‍ നിങ്ങള്‍ക്ക് പതിഫലമോ വാസസ്ഥലമോ ഭക്ഷണമോ വാഗ്ദാനം ചെയ്യുന്നില്ല. പകരം വിശപ്പും ദാഹവും നിര്‍ബന്ധിത കാല്‍ നടപ്പും, യുദ്ധവും, വീരമരണവും തരുന്നു.’ ഗാരിബാള്‍ഡിന്റെ ഈ വാക്കുകള്‍ കടമെടുത്തുകൊണ്ടു ബോസ് ജനങ്ങളെ ആവേശഭരിതരാക്കിയിരുന്നു. അധരങ്ങള്‍ കൊണ്ട് മാത്രം ഉരിയാടാതെ പൂര്‍ണ്ണ ഹൃദയത്തോടെ രാജ്യത്തെ സ്‌നേഹിക്കുന്നവന്‍ എന്റെ പിന്നാലെ വരൂവെന്നു ബോസ് അനുയായിളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

gandhi2ഫ്രഞ്ച് വിപ്ലവത്തിന്റെ മാറ്റൊലികളും ഗാരിബാള്‍ഡിന്റെ തത്ത്വചിന്തകളും നേതാജി ബോസിനെ സ്വാധീനിച്ചു കൊണ്ടിരുന്നു. 1938ല്‍ ഇന്ത്യയില്‍ മടങ്ങി വന്നപ്പോള്‍ അദ്ദേഹത്തിന് ഗാന്ധിജിയോട് അഗാധമായ സ്‌നേഹമുണ്ടായിരുന്നു. എങ്കിലും ആശയപരമായി ഗാന്ധിജിയെ വിമര്‍ശിച്ചുകൊണ്ടിരുന്നു. ഗാന്ധിജിയുടെ പഴഞ്ചനായ ചര്‍ക്കാ വ്യവസായമല്ല ഇന്ന് ഭാരതത്തിനു വേണ്ടത് മറിച്ചു യൂറോപ്പ്യന്‍ രീതിയിലുള്ള വ്യവസായവല്‍ക്കരണമാണ് നാടിന്റെ പുരോഗതിക്കാവശ്യമെന്നും അദ്ദേഹം തന്റെ അനുയായികളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ആധുനിക വ്യവസായ വിപ്ലവത്തില്‍ക്കൂടി ഇന്ത്യാ ജീവിക്കണമെന്നും കാളവണ്ടി യുഗത്തില്‍നിന്ന് മുക്തി നേടണമെന്നും അദ്ദേഹം കൂടെ കൂടെ പറയുമായിരുന്നു. ഫാസിസം തത്ത്വ ചിന്തകളില്‍ ബോസ് മുഴുകിയിരുന്നെങ്കിലും സോഷ്യലിസമായിരുന്നു അദ്ദേഹം കൂടുതലും വിഭാവന ചെയ്തത്. വര്‍ഗീയതയും ഹൈന്ദവ മേധാവിത്വവുമില്ലാത്ത ഒരു ഭരണ സംവിധാനം ഭാവന ചെയ്തിരുന്നു. ന്യൂനപക്ഷങ്ങളോടും മുസ്ലിമുകളോടും സ്വാതന്ത്ര്യ സമരത്തില്‍ പങ്കുചേരാന്‍ ആഹ്വാനം ചെയ്തു. സത്യത്തില്‍ അധിഷ്ടിതമായ ഒരു രാഷ്ട്രീയമാണ് അദ്ദേഹമാഗ്രഹിച്ചത്. 1939ല്‍ കോണ്‍ഗ്രസ് പ്രസിഡന്റായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. ബോസിന്റെ തീവ്രമായ ആശയങ്ങളില്‍ ഗാന്ധിജി എതിര്‍ത്തുകൊണ്ടിരുന്നു. 1939ല്‍ വ്യാവസായിക പ്രമുഖരും ശാസ്ത്രജ്ഞരും അടങ്ങിയ ഒരു കോണ്‍ഗ്രസ് കമ്മിറ്റി ബോസിന്റെ നേതൃത്വത്തില്‍ രൂപികരിക്കുകയും ചെയ്തു. അക്കാലത്തെല്ലാം ജവഹര്‍ലാല്‍ നെഹ്‌റു ബോസിന് പിന്തുണ നല്കുമായിരുന്നു.

ഗാന്ധിജിയുടെ രക്തരഹിത സമാധാന തത്ത്വങ്ങളൊന്നും ബോസിനെ ആകര്‍ഷിച്ചില്ല. രക്തരഹിത വിപ്ലവങ്ങള്‍ കൂടുതല്‍ രക്തം ചൊരിയാനിടയാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഗാന്ധിജിയുടെ ലക്ഷ്യബോധങ്ങളിലും കര്‍മ്മ മണ്ഡലങ്ങളിലും ബ്രിട്ടീഷ്‌കാരോട് സഹകരിച്ചുള്ളതെന്നതിലും അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. ബോസിന്റെ വിപ്ലവകരമായ അഭിപ്രായങ്ങളില്‍ ഗാന്ധിജി അസന്തുഷ്ടനായിരുന്നു. അടുത്ത കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ഗാന്ധിജി പട്ടാഭി സീതാ രാമായ്യായെ പ്രസിഡന്‍ന്റ് സ്ഥാനാര്‍ത്ഥിയായി നോമിനേറ്റു ചെയ്തു. ഒരു മത്സരം ഉണ്ടാകാതിരിക്കാന്‍ ബോസിനോട് ആ സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്നും പിന്‍തിരിയാനും ഗാന്ധിജി ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ ആവശ്യം ബോസ് നിരസിക്കുകയും കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറി ഉണ്ടാകുന്നതിനു കാരണമാവുകയും ചെയ്തു. ആ തെരഞ്ഞെടുപ്പില്‍ ബോസ് വിജയിക്കുകയും ചെയ്തു. പട്ടാഭിയുടെ പരാജയം ഗാന്ധിജി വ്യക്തിപരമായി കണക്കാക്കി ബോസിനെ വിമര്‍ശിക്കാനും തുടങ്ങി. ഗാന്ധിജിയില്‍ നിരാശനായ ബോസ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വെക്കുകയും ആള്‍ ഇന്ത്യാ ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്ന മറ്റൊരു സംഘടന രൂപികരിക്കുകയും ചെയ്തു. നെഹ്‌റു ബോസിനൊപ്പം നില്‍ക്കാതെ ഗാന്ധിജിയ്‌ക്കൊപ്പം നിന്നു. അതിനുശേഷം നെഹ്‌റുവും ബോസുമായുള്ള സൗഹാര്‍ദ്ദത്തിനും മങ്ങലേറ്റു.

gandi1രാഷ്ട്രീയത്തില്‍ സംഭവ വികാസങ്ങള്‍ പലതും സംഭവിച്ചെങ്കിലും ബോസും നെഹ്രുവും തമ്മില്‍ പരസ്പര ബഹുമാനത്തോടെ വ്യത്യസ്ത ചിന്താഗതികളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. യുദ്ധകാലവസരങ്ങള്‍ മുതലാക്കി ബ്രിട്ടനെതിരെ ബോസ് പട്ടാളത്തെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. യുദ്ധം കഴിയുമ്പോള്‍ ജയിച്ചാലും തോറ്റാലും ബ്രിട്ടന്‍ ക്ഷയിക്കുമെന്നും അങ്ങനെ ഇന്ത്യാ സ്വതന്ത്രമാകുമെന്നും ഗാന്ധിജി വിശ്വസിച്ചു. ബോസിന്റെ പദ്ധതിപ്രകാരമുള്ള ഒരു രക്തചൊരിച്ചില്‍ ഇല്ലാതാക്കാന്‍ ഗാന്ധിജി ആഗ്രഹിച്ചു. ഇന്ത്യന്‍ പട്ടാളം ബ്രിട്ടീഷ്‌കാര്‍ക്കുവേണ്ടി യുദ്ധം ചെയ്യുന്നതിലും ബോസ് എതിര്‍ത്തു. ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ബോസിനെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കി. 1941 ജനുവരി പതിനേഴാം തിയതി വീട്ടു തടങ്കലില്‍നിന്നും അദ്ദേഹം രക്ഷപ്പെട്ടു. പിന്നീടുള്ള ബോസിന്റെ കഥകളെല്ലാം ഊഹോപാഹങ്ങള്‍ നിറഞ്ഞ ചരിത്രമാണ്.

gandhi3പുറംരാജ്യങ്ങളുടെ പിന്തുണ ലഭിക്കാനായി അദ്ദേഹം ജര്‍മ്മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ രണ്ടാം ലോക മഹായുദ്ധകാലങ്ങളില്‍ സന്ദര്‍ശിക്കുകയും അവിടങ്ങളില്‍നിന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പട്ടാളത്തെ സംഘടിപ്പിച്ചുകൊണ്ടുമിരുന്നു. ജവര്‍ഹാര്‍ലാല്‍ നെഹ്‌റു, സുഭാഷിന്റെ വിപ്ലവ ചിന്താഗതിയില്‍ തികച്ചും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ‘അന്യനാടുകളില്‍ നിന്നും സുഭാഷ് ഇന്ത്യയില്‍ പട്ടാളത്തെ കൊണ്ടുവന്നാല്‍ അവരെയെതിര്‍ത്ത് അവര്‍ക്കെതിരായി വാളെടുക്കുന്ന ആദ്യത്തെവന്‍ താനായിരിക്കുമെന്നു’ നെഹ്‌റു അക്കാലങ്ങളില്‍ പറയുമായിരുന്നു.

നിറയെ ആള്‍ക്കാരുമായി വന്ന ഒരു വിമാനാപകടത്തില്‍ സുബാഷ് ചന്ദ്ര ബോസ് മരണപ്പെട്ടുവെന്നാണ് പൊതുവായ വിശ്വാസം. വിമാനം ഗ്രൗണ്ടില്‍ താണപ്പോള്‍ കത്തിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യപന്തം പോലെ പുറത്തേക്ക് വരുന്ന ബോസിനെ കണ്ടതായി പറയപ്പെടുന്നു. കത്തിയ ശരീരത്തെ അടുത്തുള്ള ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 1945 ആഗസ്റ്റ് പതിനെട്ടാം തിയതി അദ്ദേഹം മരണ മടഞ്ഞെന്നും പൊതുവായി വിശ്വസിക്കുന്നു. രണ്ടു ദിവസത്തിനു ശേഷം അദ്ദേഹത്തിന്റെ ശരീരം ചാമ്പലാക്കുകയും ചാരം ടോക്കിയോയില്‍ പ്രതിഷ്ടിക്കുകയും ചെയ്തു. എന്നിരുന്നാലും ബോസ് ആ വിമാനാപകടത്തില്‍ മരിച്ചിട്ടില്ലന്ന്’ പലരും അവകാശപ്പെടുന്നു. ബോസ് തന്നെ മരണത്തിന്റെ കഥ ഉണ്ടാക്കിയതെന്നും അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി ബംഗാളിലെ ഷൗല്‍മരി ആശ്രമത്തില്‍ ഒരു സന്യാസിയായി ശിഷ്ടകാലം കഴിഞ്ഞുവെന്നും ധരിക്കുന്നു.

kolkata-special-hc-bench-to-take-up-netaji-case_160114052708വിമാനാപകടത്തിനുശേഷം സോവിയറ്റ് യൂണിയനില്‍ ബോസ് അഭയം തേടിയെന്നുള്ള കണകൂട്ടലുകളുമുണ്ട്. ഗാന്ധിയുടെയും നെഹ്രുവിന്റെയും സംസ്‌ക്കാര ചടങ്ങുകളില്‍ ബോസ് സംബന്ധിച്ചിരുന്നുവെന്നും ഒരു വിശ്വാസവുമുണ്ട്. ഇന്ത്യയുടെ സോവിയറ്റ് നയപരിപാടികള്‍ മാറ്റിയാല്‍ ബോസിന്റെ സത്യം വെളിപ്പെടുത്തുമെന്ന് സോവിയറ്റ് യൂണിയന്‍ നെഹ്രുവിനെയും ഇന്ദിരാ ഗാന്ധിയേയും ബ്ലാക്ക് മെയില്‍ ചെയ്തതായും ഊഹങ്ങള്‍ ഉണ്ട്. ബോസിന്റെ തീരോധാനത്തിനുശേഷം ചൈനീസ് റെഡ് ആര്‍മിയോടൊപ്പം അദ്ദേഹത്തിന്റെ ഫോട്ടോയും പ്രസിദ്ധപ്പെടുത്തിയെന്നു പറയുന്നു.

നേതാജി സുഭാഷ് ചന്ദ്ര ബോസിന് മരണാനന്തര ബഹുമതിയായി രാഷ്ട്രത്തിന്റെ ഏറ്റവും വലിയ അംഗീകാരമായ ഭാരത രത്‌നം നല്‍കിയിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ എതിര്‍പ്പുമൂലം ആ ബഹുമതി രാഷ്ട്രം പിന്‍വലിക്കുകയാണുണ്ടായത്. മഹാത്മാ ഗാന്ധിജിയെപ്പോലെ രാഷ്ട്രത്തിനു സേവനം ചെയ്ത അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഭാരത രത്‌നത്തെക്കാള്‍ ഉപരിയാണെന്ന് ബന്ധുക്കള്‍ വിലയിരുത്തി. വെസ്റ്റ് ബംഗാള്‍ നിയമസഭാ മന്ദിരത്തിനു മുമ്പിലായി അദ്ദേഹത്തിന്റെ ഒരു പ്രതിമയും ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഭിത്തിയില്‍ ഒരു പടവും പ്രതിഷ്ടിച്ചിട്ടുണ്ട്. അടുത്ത കാലത്തായി ബോസിന്റെ ജീവചരിത്രങ്ങളും സംഭവ വികാസങ്ങളും ചരിത്രകാരന്മാര്‍ പ്രസിദ്ധീകരിക്കാന്‍ താല്പര്യം കാണിക്കുന്നതും ശ്രദ്ധേയമാണ്. ഈ ദേശീയ നേതാവിനെ സംബന്ധിച്ച് അനേക ഡോക്കുമെന്ററി ഫിലിമുകളും ഇറങ്ങിയിട്ടുണ്ട്. അദ്ദേഹത്തെപ്പറ്റിയുള്ള ഒളിഞ്ഞിരിക്കുന്ന ചരിത്രങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാനുള്ള തീഷ്ണത പുതിയ രാഷ്ട്രീയ നേതൃത്വം പ്രകടിപ്പിക്കുന്നതായും കാണാം.

gandhi11ബോസ് എവിടെയോ സുരക്ഷിതമായി ഉണ്ടെന്നും സമയമാകുമ്പോള്‍ വന്നെത്തുമെന്നും ബോസിന്റെ കുടുബാംഗങ്ങള്‍ അനേക തവണകള്‍ പൊതുജന മദ്ധ്യേ പ്രഖ്യാപിച്ചിരുന്നു. 1966ല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ സുരേഷ് ബോസ് ഒരു പ്രസ്‌ കോണ്‍‌ഫറന്‍സില്‍ സുഭാഷ് ചന്ദ്രബോസ് അക്കൊല്ലം മാര്‍ച്ചില്‍ വന്നെത്തുമെന്ന് പറയുകയുണ്ടായി. തായ്‌വാനിലെ വിമാന അപകടത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ നാളിതുവരെ മറ്റു യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നുള്ളതാണ് സത്യം. എന്നാല്‍ ബോസിനെപ്പറ്റിയുള്ള ദുര്‍ഗ്രാഹ്യങ്ങളായ കഥകള്‍ സമൂഹ മദ്ധ്യത്തില്‍ ഇന്നും സജീവമാണ്. ജനങ്ങളുടെ ഊഹോപാഹങ്ങള്‍ക്ക് ശമനം കിട്ടാന്‍ സ്വാതന്ത്ര്യത്തിനു ശേഷം സര്‍ക്കാര്‍ ഭാഗത്തു നിന്നും അനേക അന്വേഷണ കമ്മീഷനുകളെ നിയമിച്ചിട്ടുണ്ട്. വ്യക്തമായ ഒരുത്തരം കിട്ടാതെ ഊഹങ്ങള്‍ ഇന്നും സമൂഹ മധ്യത്തില്‍ തുടരുന്നു.

2015 ആഗസ്റ്റ് പതിനഞ്ചാം തിയതിയിലെ സ്വാതന്ത്ര്യ പുലരിയില്‍ രാഷ്ട്രം നേതാജിയുടെ ശബ്ദം ശ്രവിച്ചിട്ട്, അല്ലെങ്കില്‍ നേതാജി ജീവിക്കുന്നുവെന്ന തെളിവുകള്‍ തേടിയുള്ള അന്വേഷണത്തില്‍, ഇന്നേയ്ക്ക് 70 വര്‍ഷമാകുന്നു. ബ്രിട്ടീഷ് ഭരണം ഇന്നില്ലെങ്കിലും അഴിമതി നിറഞ്ഞ പുതിയ വില്ലന്മാരുടെ ഭരണകൂടങ്ങള്‍ ഭാരതാംബികയെ കാര്‍ന്നു കഴിഞ്ഞു. ആര്‍ക്കും ആ മഹാനെ കണ്ടുപിടിക്കാന്‍ സാധിക്കാതെ ഇന്നും പുസ്തകത്താളുകളില്‍ കുഴിച്ചിട്ടിരിക്കുകയാണ്. തോക്കു ചൂണ്ടേണ്ടത് നമ്മെ തന്നെയാണ്; തിന്മ നിറഞ്ഞ കൊളോണിയല്‍ ഭരണത്തിനെതിരെയല്ല. രാഷ്ട്രത്തിനുവേണ്ടി ആത്മാഹൂതി ചെയ്ത ധീരന്മാരുടെരക്തം ഇന്ത്യയിലെ ചരിത്രത്തിലെ താളുകളില്‍ മാത്രമായി അവശേഷിക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment