നെഹ്‌റു ട്രോഫി വള്ളം‌കളി നടത്തിപ്പിന് ധനമില്ല

alleppey-boat-raceആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി നടത്തിപ്പിനുമേല്‍ സാമ്പത്തിക പ്രതിസന്ധിയുടെ കരിനിഴല്‍. മുന്‍വര്‍ഷത്തെപ്പോലെ ഇത്തവണയും മുഖ്യ സ്പോണ്‍സറെ കണ്ടെത്താന്‍ ജലോത്സവ കമ്മിറ്റിക്കു കഴിഞ്ഞിട്ടില്ല. വള്ളംകളി നടത്തിപ്പിനു എന്‍ടിബിആര്‍ സൊസൈറ്റി മുന്‍കാലങ്ങളില്‍ സ്വരൂപിച്ചിരുന്ന കരുതല്‍ ധനം ഇക്കുറിയില്ലാത്തതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. ജലമേളയ്ക്ക് 1.20 കോടി രൂപ ചെലവു വരുമെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിന്‍റെ വിലയിരുത്തല്‍.

സര്‍ക്കാര്‍ ഗ്രാന്‍റായി 50 ലക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യം ധനവകുപ്പിന്‍റെ പരിഗണനയിലാണ്. ടിക്കറ്റു വില്‍പനയിലൂടെ 35 ലക്ഷവും, ബാങ്കുകളില്‍ നിന്ന് സ്പോണ്‍സര്‍ ഇനത്തില്‍ 15 ലക്ഷവും, ഹൗസ്ബോട്ട് ഉടമകളില്‍നിന്ന് അഞ്ചു ലക്ഷവും, സുവനീര്‍ പരസ്യത്തില്‍നിന്ന് പത്തു ലക്ഷവും പ്രതീക്ഷിക്കുന്നു. എന്നാല്‍ ടിക്കറ്റു വില്‍പനയില്‍ നിന്നും പ്രതീക്ഷിക്കുന്ന തുക ലഭിക്കുമോയെന്ന ആശങ്കയും സംഘാടകര്‍ക്കുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വഴി ടിക്കറ്റ് വിറ്റഴിക്കുന്ന പതിവു രീതി ഒഴിവാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. വള്ളങ്ങളുടെ ബോണസ് വെട്ടിക്കുറച്ച നടപടി ജലോത്സവത്തിന്‍റെ തുടക്കം വിവാദത്തിലാക്കി. ചെലവു കുറയ്ക്കലിന്‍റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികള്‍ ബോട്ട് ക്ലബുകള്‍ക്ക് അധിക ബാധ്യത വരുത്തുമെന്നാരോപിച്ച് ക്ലബുകള്‍ രജിസ്ട്രേഷനില്‍ നിന്നും വിട്ടു നിന്നതോടെ സംഘാടകര്‍ ഒത്തുതീര്‍പ്പിനു വഴങ്ങി.

ബോണസ് തുക ഉയര്‍ത്താമെന്ന് റെയ്സ് കമ്മിറ്റി അറിയിച്ചതോടെ ജലോത്സവവുമായി സഹകരിക്കാന്‍ ക്ലബുകള്‍ തായാറായിട്ടുണ്ട്. മതിയായ ഫണ്ടില്ലാത്തതിനാല്‍ പ്രചാരണപ്രവര്‍ത്തനങ്ങളും വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനവും ഊര്‍ജിതമായിട്ടില്ല. സംപ്രേക്ഷണാവകാശത്തിന് സ്വകാര്യചാനലുകളും ഇത്തവണ സമീപിച്ചിട്ടില്ല. വരുമാനം കുറഞ്ഞതോടെ വള്ളംകളി നടത്തിപ്പിന് മറ്റു സാമ്പത്തിക സ്രോതസുകള്‍ തേടുകയാണ് സംഘാടകര്‍.

Print Friendly, PDF & Email

Related News

Leave a Comment