ന്യൂബ്രണ്‍സ്വിക്കില്‍ നിന്ന് പ്രിന്‍സ് എഡ്വേര്‍ഡ് അയര്‍ലന്‍ഡിലേക്കാണ് പിന്നീട് യാത്ര പുറപ്പെട്ടത്. കാനഡയുടെ വടക്കേ തീരത്ത് ഒറ്റപ്പെട്ട് കിടക്കുന്ന മനോഹരമായ ദ്വീപ് ചുറ്റിലും അറ്റ്ലാന്റിക് തിരകളുടെ ആലിഗനത്തിലമര്ന്ന് കിടക്കുന്നു. ഒരു തികഞ്ഞ ബ്രിട്ടീഷ് ദ്വീപ് എഡ്വേര്‍ഡ് രാജകുമാരന്റെ (കിംഗ് ജോര്‍ജ്ജ് മൂന്നാമന്) പേരിലറിയപ്പെടുന്നു. കാനഡാ ബ്രിട്ടീഷ് സാമ്രാജ്യത്തെയും, രാജകുടുംബത്തെയും ആദരിക്കുന്നു. സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യത്തിന്റെ തിരുശ്ശേഷിപ്പുകളില് കാനഡക്ക് മുഖ്യസ്ഥാനമുണ്ട്. രാജവാഴ്ചയെ സ്തുതിക്കുന്ന ഒരു തലമുറയുടെ പിന് തലമുറയാണ് കാനഡയിലെ പൗരര്‍. ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമാണെങ്കിലും നാമമാത്രമായി ബ്രിട്ടീഷ് കിരീടത്തിന് അല്ലങ്കില്‍ രാജ്ഞിക്ക് വേണ്ടി ഇവിടെ ഒരു ഗവര്‍ണര്‍ ജനറല്‍ രാജ്ഞിയെ പ്രതിനിധീകരിച്ച് ഉപവിഷ്ടനായിട്ടുണ്ട്. കാനഡയുടെ ഡോളര്‍ പോലും രാജ്ഞിയുടെ തല ചിഹ്നമാക്കിയിരിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്ന ഏകരാജ്യമാണ് കാനഡ. ഇവിടെ ഏറെ സ്ഥലനാമങ്ങള്‍ ബ്രിട്ടീഷ് പ്രഭുക്കളുടെയും, പ്രഭ്വുനികളുടെയും നാമത്തില്‍ നിലനില്ക്കുന്നു.
കടലിടുക്കിനെ ബന്ധിപ്പിക്കുന്ന കോണ്‍ഫിഡറേഷന്‍ ബ്രിഡ്ജിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. ന്യൂബ്രിണ്സ്വിക്കിനെയും, പ്രിന്‍സ് എഡ്വേര്‍ഡ് അയര്‍ലന്റിനെയും യോജിപ്പിക്കുന്ന പാലം കടലിടുക്കിന് കുറുകെ തിരമാലകളെ മുറിച്ചു കടക്കുന്ന ഒരു കൂറ്റന്‍ അനാക്കോണ്ടയെ അനുസ്മരിപ്പിച്ചു. 12ലധികം കിലോമീറ്റര്‍ ദൂരത്തില്‍ 4 വര്‍ഷങ്ങള്‍ കൊണ്ട് പണിത ഈ പാലം നിലവിലുണ്ടായിരുന്ന ഫെറിയെ അവസാനിപ്പിച്ചു. വളരെ വേഗത്തില്‍ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുന്ന കനേഡിയന്‍ എഞ്ചിനീയറിംഗിന്റെ കാര്യക്ഷമത ഈ പാലത്തെ ഒരു അട്രാക്ഷനാക്കി മാറ്റുന്നു.
ന്യൂബ്രുണ്സ്വിക്ക് വിട്ട് പ്രിന്‍സ് എഡ്വേര്‍ഡ് അയര്ലന്റിലെത്തുമ്പോള് പറുദീസയുടെ ഏതോ കോണിലെത്തുന്ന പ്രതീതിയാണ് തോന്നുക. കാറ്റില്‍ തലയാട്ടി നില്ക്കുന്ന പച്ചപ്പുല്മേടുകള്, ഉയരം കുറഞ്ഞ മലയടിവാരങ്ങള്‍, വയലില്‍ കൂട്ടമായി വളര്‍ന്ന് നില്ക്കുന്ന നീലയും, വയലറ്റും വര്‍ണ്ണ പൂക്കള്‍. അവ ചെറുസസ്യങ്ങളായി പൂത്തുലഞ്ഞു നില്ക്കുന്ന കാഴ്ച നയനാനന്ദകരമാണ്. ആ പൂക്കളെ പ്രണയിച്ച വിശ്വ വിഖ്യാത കനേഡിയന്‍ നോവലിസ്റ്റാണ് ലൂസി മൗഡ് മഡ്ഗമൊറി. ‘ആനി ഓഫ് ഗ്രീന്‍ കേബിള്‍സ്’ എന്ന അവരുടെ വിശ്വവിഖ്യാത നോവല്‍ പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലെ കാവന്ഡിഷിലെ പൂക്കളുടെ വര്‍ണ്ണ ഭംഗിയിലും പ്രകൃതി മനോഹരമായ കാടുകളുടെ ചാരുതയിലും ചുവന്ന മണല്‍ തരികളെ ചുംബിക്കുന്ന കടല്‍ തീരത്തെയും ആവാഹിച്ച് ആവേശം പൂണ്ട് പിറന്ന കൃതിയാണ്. 1906ല്‍ ആ കൃതി പുറത്തു വന്നതോടെ ലൂസി മൗഡ് മഡ്ഗമൊറി ലോക പ്രശസ്തയായി.
1847ല്‍ ക്ലിഫറ്റണ് (ന്യൂ ലണ്ടന്‍) ഗ്രാമത്തിലാണവര്‍ ജനിച്ചത്, സ്ക്കോട്ടിഷ് കുടിയേറ്റ പരമ്പരയില്‍. പിന്നീടവര്‍ കാവന്ഡിഷിലേക്ക് താമസം മാറ്റി. കാവന്‍ഡിഷ് നാഷ്ണല്‍ പാര്‍ക്കില്‍ പ്രശസ്തയായ ആ എഴുത്തുകാരി ആരാധകരാല്‍ ആദരിക്കപ്പെട്ട് ഇന്നും ജീവിക്കുന്നു. അവരുടെ 18ആം നൂറ്റാണ്ടിലെ ഭവനം അതിശീതത്തെ അതിജീവിച്ച ഓയില്‍ ഫര്‍ണ്ണസുകള്‍, കന്നുകാലി പുര, വൈക്കോല്‍ പുര, അവ തെറുത്ത് കെട്ടുന്ന മാനുവല്‍ യന്ത്രോപകരണങ്ങള്‍, കൃഷി ആയുധങ്ങള്‍, കുതിരവണ്ടി എല്ലാം ഒരു മ്യൂസിയം പോലെ കാഴ്ചക്കാര്‍ക്ക് മുന്പില് തുറക്കുന്നു. ലോകത്തിലെ നാനാഭാഗത്തുള്ള ആരാധകര്‍ അത് സന്ദര്‍ശിക്കുന്നത് കണ്ടപ്പോള്‍ എളിയ എഴുത്തുകാരനായ എന്റെ മനസ്സില്‍ നിരാശ നിഴലിക്കാതെ ഇരുന്നില്ല. ഞാനോര്‍ത്തു നമ്മുടെ ജന്മനാട്ടിലെ എഴുത്തുകാര്‍ നിലയും വിലയുമില്ലാതെ പുഴുക്കളെ പോലെ ഇഴയുന്നു. അവിടെ ആര്‍ക്കും വേണ്ടാത്ത ഒന്നാണ് ഈ ‘വണ്ടി സാഹിത്യം’! ലോക നിലവാരത്തില്‍ കൃതികള്‍ ചമയ്ക്കാന്‍ നമ്മുടെ നാട്ടില്‍ എഴുത്തുകാരില്ലാത്തത് കൊണ്ടോ? അതോ ഭാഷയുടെ പരിമിതി കൊണ്ടോ? എന്തു കൊണ്ടോ?.. എല്ലാവര്ക്കും സിനിമയും സീരിയലും മതി. ഭാഷയെ ആസ്വദിക്കാത്ത ജനത, വായന ഇല്ലാത്ത ജനത! എന്ന് കുറ്റപ്പെടുത്തിയിട്ട് എന്തു കാര്യം!
പ്രിന്‍സ് എഡ്വേര്‍ഡ് ദ്വീപ് ചുറ്റിലും ചെറു തിരമാലകളില്‍ നൃത്തമാടുന്നു. ചുവന്ന പൂഴിമണ്ണുള്ള കടല്‍തീരം ശാന്തമാണ്. അങ്ങകലെ അലകള്‍ ഞൊറിഞ്ഞ് വരുന്ന തിരമാലകള്‍ തീരത്തെ ശാന്തമായി പുണരുന്നു. കടലില്‍ മുങ്ങിത്താഴുന്ന ചെങ്കല്‍ നിറമുള്ള വലിയ സൂര്യന് സായംസന്ധ്യകളില്‍ ആകിആശത്തില് അനന്തതയുടെ വര്‍ണ്ണ ചിത്രങ്ങള്‍ കോറിയിടുന്ന കാഴ്ച അവര്‍ണ്ണനീയമാണ്. സംഗീതം പകരുന്ന കടല്‍കാറ്റിന്റെ ചെറിയ ചൂളം വിളി മുറിഞ്ഞു വീഴുന്ന ഓടക്കുഴല്‍ നാദം പോലെ കാറ്റുകളുടെ വിള്ളലുകളിലൂടെ ഒഴുകുന്നു.
മനോഹരമായ ഭൂപ്രകൃതി. കൃഷി ഏറെയുണ്ട്. ഉറുളന്‍ കിഴങ്ങും, പച്ചക്കറികളും സമൃദ്ധമായി വളരുന്നു. ഗോതമ്പും, ചോളവും, ബാര്‍ളിയും തലയാട്ടി നില്ക്കുന്ന വയലേലകള്‍. തഴുകി പുണരുന്ന കടലോരത്തെ കുളില്‍ തെന്നല്‍. അവിടെ സന്ദര്‍ശകര്‍ക്ക് വേണ്ടി സജ്ജമാക്കിയ റിസോര്‍ട്ടുകള്‍. മുന്തിയ ഇനം മരങ്ങളില്‍ തീര്‍ത്ത മനോഹര ഭവനങ്ങള്‍. വാടക തുച്ഛം. സൗകര്യങ്ങള്‍ ഏറെ. കാടുകള്‍ക്ക് നടുവില്‍ മരങ്ങള്‍ കൊണ്ട് മാത്രം തീര്‍ത്ത ആ ചെറിയ ഭവങ്ങള്‍ ശാന്തിയും സമാധാനവും ആനന്ദവും ഏകുന്നു. ഒറ്റപ്പെട്ട ഏതോ കാട്ടില്‍ ഏകാന്തത ഇഷ്ടപ്പെടുന്ന ദമ്പതിമാര്‍ക്കും നവ വധൂവരന്മാര്ക്കും കമിതാക്കള്‍ക്കും ഈ റിസ്സോര്‍ട്ടുകള്‍ പരമാനന്ദമേകും. ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ സൗകര്യങ്ങള്‍ അവ ഏകുന്നു. കിടക്ക വിരിച്ചൊരുക്കിയ കിടക്ക മുറികള്‍, സ്വീകരണ മുറികള്‍, കിച്ചണ്‍, കിച്ചണ്‍ അപ്ലൈയന്‍സ്, പുറത്ത് വിശാലമായ ഡക്ക്, ബാര്‍ബിക്യു ഓവന്, കളിസ്ഥലങ്ങള്‍. നാനാ സ്ഥലങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ അവിടെ സൗഹൃദ്ദം പങ്കിട്ട് ഉല്ലസിക്കുമ്പോള്‍ നാം തരിച്ച് പോകും, നാം എവിടെയോ ഏകാന്തമായ ദ്വീപിലെന്നോണം.
അവിടെ സീറോ മലബാര്‍ സി.എം.ഐ സഭയിലെ ബഹുമാനപ്പെട്ട ഐസക്കച്ചന്റെയും ജോസ് തൈപ്പറമ്പിലിന്റെയും ക്ഷണം സ്വീകരിച്ച് അവരെ കാണാന്‍ പോയി തലസ്ഥാന പട്ടണമായ ഷാര്‍ലറ്റ് പട്ടണത്തില്‍. കുന്നും ചെറിയ മലനിരകളും താഴ്വാരങ്ങളും നിറഞ്ഞ പട്ടണം. നഗരമദ്ധ്യത്തില്‍ സെന്റ് ഡന്സ്റ്റാന് ബസിലിക്ക, മദ്ധ്യകാല യൂറോപ്പിന്റെ വിശ്വാസ വിളംബരം വിളിച്ചറിയിക്കുന്ന കൂറ്റന്‍ ഗോപുരങ്ങളോടെ നിലകൊള്ളുന്നു.
പിന്നീട് സന്ദര്‍ശിച്ചത് ചരിത്ര പ്രസിദ്ധമായ ഷാര്‍ലെറ്റ് തുറമുഖമാണ്. അറ്റ്ലാന്റിക് കടലിലേക്ക് തള്ളി നില്ക്കുന്ന ഉള്‍ക്കടല്‍. അവിടെ പഴയ ലൈറ്റ് ഹൗസ്, അഴിമുഖത്തേക്ക് തുറിച്ച് നോക്കുന്ന പീരങ്കികള്‍. ധീരരായ യോദ്ധാക്കളെയും, നാവികരെയും, വൈസ്രോയിമാരെ പറ്റിയുള്ള വിവരണങ്ങളും ചിത്രങ്ങളും ചെമ്പ് പാളികളില്‍ ആലേഖനം ചെയ്ത് സൂക്ഷിച്ചിരിക്കുന്ന ബോര്‍ഡുകള്‍ അവ പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളില്‍ നടന്ന കുടിയേറ്റ യുദ്ധങ്ങള്‍ നമ്മില്‍ ആവേശം ഉണര്‍ത്തുന്നു. അപ്പോള്‍ വീണ്ടും വയലാറിന്റെ ഗാനധാരയാണ് ഓര്‍മ്മയില്‍ എത്തുക. അതിന്റെ സാരാംശം ഇപ്രകാരം;
മുഷ്യനും മനുഷ്യനും പങ്കുവെച്ചു
മണ്ണും, പെണ്ണും, പൊന്നും…. (ഗാനം ഓര്മ്മയില്ലാത്തതില് ഖേദിക്കുന്നു!)
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply