Flash News

പാസ്പോര്‍ട്ട് ഓഫിസറുടെ വീട്ടില്‍ നിന്ന് 25 ലക്ഷവും 80 പവന്‍ സ്വര്‍ണാഭരണവും പിടിച്ചു

July 21, 2015 , സ്വന്തം ലേഖകന്‍

rama-krishnanകണ്ണൂര്‍: കൈക്കൂലി കേസില്‍ അറസ്റ്റിലായ മലപ്പുറം റീജനല്‍ പാസ്പോര്‍ട്ട് ഓഫിസര്‍ പി. രാമകൃഷ്ണന്റെ കണ്ണൂരിലെ വസതിയില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 25 ലക്ഷം രൂപയും 80 പവന്‍ ആഭരണങ്ങളും 30 ലക്ഷത്തോളം രൂപയുടെ നിക്ഷേപം സംബന്ധിച്ച രേഖകളും കണ്ടത്തെി.

തിങ്കളാഴ്ച രാത്രി ആരംഭിച്ച പരിശോധന ചൊവ്വാഴ്ച പുലര്‍ച്ചെ 5.30വരെ നീണ്ടു. നമ്പര്‍ ലോക്കുള്ള സ്യൂട്ട്കേസില്‍ കവറുകളിലാക്കിയ നിലയിലാണ് പണം സൂക്ഷിച്ചിരുന്നത്. സി.ബി.ഐ സംഘം സ്യൂട്ട്കേസ് കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചപ്പോള്‍ വീട്ടുകാര്‍ ലോക്ക് നമ്പര്‍ നല്‍കി. ഇവയുടെ കണക്ക് രേഖപ്പെടുത്തിയശേഷം തിരികെ നല്‍കി. കഴിഞ്ഞ ദിവസം വാങ്ങിയ 48,000 രൂപയുടെ എല്‍.ഇ.ഡി ടി.വിയും സി.ബി.ഐ കസ്റ്റഡിയിലെടുത്തു. പാസ്പോര്‍ട്ട് അപേക്ഷകനില്‍നിന്ന് 50,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് രാമകൃഷ്ണനെ സി.ബി.ഐ കൊച്ചി യൂനിറ്റ് അറസ്റ്റ് ചെയ്തത്.

നേരത്തെ പോസ്റ്റല്‍ വകുപ്പിലായിരുന്നു രാമകൃഷ്ണന്‍. 10 വര്‍ഷത്തോളം കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ പോസ്റ്റല്‍ സൂപ്രണ്ടായി ജോലി ചെയ്തിരുന്നു. കോഴിക്കോട് പോസ്റ്റല്‍ സൂപ്രണ്ടായിരിക്കെയാണ് ഡെപ്യൂട്ടേഷനില്‍ മലപ്പുറം പാസ്പോര്‍ട്ട് ഓഫിസറായി നിയമിച്ചത്.

കണ്ണൂരിലെ പോസ്റ്റല്‍ എംപ്ലോയീസ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ 30 ലക്ഷം നിക്ഷേപിച്ചതിന്‍െറ തെളിവും ഭാര്യയുടെ പേരില്‍ കണ്ണൂര്‍ കരിവെള്ളൂരില്‍ വാങ്ങിയ ഭൂമിയുമാണ് വന്‍ സ്വത്ത് സമ്പാദനത്തിന് തെളിവായി സ്ഥിരീകരിച്ചത്. പോസ്റ്റ് ഓഫിസ് നിക്ഷേപത്തിലെ 15 ലക്ഷം രൂപ രാമകൃഷ്ണന്‍ അമ്മയുടെ പേരിലാണ്. കൂടാതെ, വീട്ടില്‍നിന്ന് 15.6 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ദിനേന 50,000 രൂപ വീതം രാമകൃഷ്ണന്‍ കൈക്കൂലി വാങ്ങിയതായാണ് അന്വേഷണസംഘം സംശയിക്കുന്നത്. പാസ്പോര്‍ട്ട് ഏജന്‍റായ അബ്ദുല്‍ അമീറാണ് ആവശ്യക്കാരെ രാമകൃഷ്ണന് മുന്നില്‍ എത്തിച്ചു കൊടുത്തിരുന്നത്. അബ്ദുല്‍ അമീറിന്‍െറ വീട്ടില്‍ നടന്ന പരിശോധനയില്‍ 20,000 രൂപയും പാസ്പോര്‍ട്ടുകളും പിടിച്ചെടുത്തു. രാമകൃഷ്ണന്‍ പാസ്പോര്‍ട്ട് ഓഫിസറായി ചാര്‍ജെടുത്ത ശേഷം അനധികൃതമായി പാസ്പോര്‍ട്ടുകള്‍ അനുവദിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ജോലി ചെയ്യുന്നയാള്‍ നല്‍കിയ പരാതിയിലാണ് സി.ബി.ഐ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്‍െറ താല്‍ക്കാലിക പാസ്പോര്‍ട്ട് പുതുക്കി നല്‍കാന്‍ അപേക്ഷ നല്‍കിയപ്പോള്‍ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സി.ബി.ഐക്ക് പരാതി നല്‍കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top