Flash News

ഒരു സത്യാന്വേഷിയുടെ വിശ്വാസവും അന്ധവിശ്വാസവും (ഭാഗം – 1)

July 22, 2015 , ഡോ. തോമസ് പാലയ്ക്കല്‍

lekhana titleസത്യാന്വേഷിയെ ഈ ഭൂമുഖത്ത് ആദ്യമായി പരിചയപ്പെടുന്ന സാഹചര്യം ഏതാണെന്ന് നോക്കാം. മരുഭൂമികളില്‍ ജീവിക്കുന്ന മൃഗങ്ങള്‍ ഉച്ചവെയിലിന്റെ കാഠിന്യത്തില്‍ ദാഹിച്ച് വലയുമ്പോള്‍, നോക്കെത്തും ദൂരത്ത് ഇളകിമറിയുന്നത് ജലാശയമാണെന്ന് വിശ്വസിച്ച്, അതിന്റെ നേര്‍ക്ക് പാഞ്ഞടുക്കുന്നു.

അടുക്കുംതോറും അകന്നകന്ന് പോകുന്ന സ്ഥിതിവിശേഷം തിരിച്ചരിയാനുള്ള വിവേകമില്ലാതെ ഓടിത്തളരുന്ന രീതിയാണ് മൃഗതൃഷ്ണ എന്നറിയപ്പെടുന്നത്. മൃഗങ്ങളോടൊപ്പം മരുഭൂമിയില്‍ കഴിയേണ്ടി വരുന്ന മനുഷ്യ രുംഅത്തരം ജലാശയങ്ങള്‍ കാണാറുണ്ട്. പക്ഷെ അത്യഥാര്‍ത്ഥ ജലാശയങ്ങളാണെന്ന വിശ്വാസം ശരിയല്ലെന്നും, മണല്‍പരപ്പില്‍ നിന്ന് പ്രസരിക്കുന്ന വെയിലിന്റെ അലകളാണതെന്നും അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ മനുഷ്യര്‍ അതിനെ അന്ധവിശ്വാസം എന്ന് വിളിക്കുന്നു.

സത്യവിശ്വാസത്തിന്റേയും അന്ധവിസ്വസത്തിന്റെയും ലളിതമായ ഒരു തരംതിരിക്കലാണിത്. സത്യവിശ്വാസങ്ങളേയും അന്ധവിശ്വാസങ്ങളേയും തരംതിരിക്കുവാനുള്ള കഴിവ് മൃഗങ്ങള്‍ക്ക് ഇല്ലാതെ പോയതും, മനുഷ്യര്‍ക്ക് ആ കഴിവ് ഉണ്ടായതും മനുഷ്യ മസ്തിഷ്ക്കത്തില്‍ മാത്രം നിലനില്‍ക്കുന്ന വിവേചനബുദ്ധി കൊണ്ട് മാത്രമാണ്.

നട്ടുച്ചനേരത്ത് ടാറിട്ട റോഡിലൂടെ കാറോടിച്ച്പോകുന്ന ഒരു യാത്രികന്‍, നോക്കെത്തും ദൂരത്ത് നടുറോഡില്‍ തിരയിളക്കം കണ്ട്ഭയന്ന് കാറ് നിറുത്താന്‍ കാണുന്നത് മൃഗതൃഷ്ണ ആണെന്നുള്ള ബോധം ഉള്ളതു കൊണ്ടാണ്. മൃഗങ്ങള്‍ക്കില്ലാത്ത ഈ വിവേചന ബുദ്ധി മനുഷ്യര്‍ക്ക് എങ്ങിനെ ഉണ്ടായി എന്ന് വിശദീകരിക്കാന്‍ ഒരു ശാസ്ത്രീയ വിശകലനം ആവശ്യമാണ്.

ആരംഭ കാലത്ത് ഭൂമി നിര്‍ജീവമായിരുന്നെന്നും, കാലാന്തരത്തില്‍ ഭൂമിക്ക് ചുറ്റും പ്രാണവായു അടങ്ങുന്ന അന്തരീക്ഷം ഉണ്ടായപ്പോള്‍, പ്രാണവായുവുമായി അചേതന വസ്തുക്കള്‍ക്കുണ്ടായ രാസപ്രതിപ്രവര്‍ത്തങ്ങളാല്‍ ആണ് സചേതന വസ്തുക്കള്‍ ഉണ്ടായതെന്നും, അങ്ങിനെ ഉണ്ടായ ലളിത ജൈവ കണികകള്‍ക്ക് പരിണാമ പന്ഥാവിന്റെ സുദീര്‍ഘകാല പരിധികളില്‍ ഘടനാവ്യത്യാസം വന്നതോടു കുടിയാണ് ഈ ഭൂമി ജൈവഗോളമായതെന്നുമുള്ള വസ്തുതകള്‍ സത്യവിശ്വാസങ്ങളായി പരിഗണിക്കപ്പെടുന്നു. ഏകദേശം നാലായിരത്തിയഞ്ഞൂറു മില്യണ്‍ വര്‍ഷത്തെ കാലദൈര്‍ഘ്യമുള്ള പരിണാമ പന്ഥാവ് എത്തിനില്‍ക്കുന്നത് മനുഷ്യോല്‍ഭവത്തിലാണ്. മനുഷ്യോല്‍ഭവത്തോടെ പരിണാമ പന്ഥാവ് മനുഷ്യന്റെ നിയന്ത്രണത്തിലായി. മനുഷ്യ നിയന്ത്രിത പരിണാമം ഇവിടെ അവസാനിച്ചു എന്നോ മറ്റേതെങ്കിലുംപരിണാമ പുരോഗതിയിലേക്ക് നീങ്ങുമെന്നോ ഉള്ള ഭാവി, നിര്‍വചനാതീതവും പ്രതീക്ഷാരഹിതവുമാണ്.

രണ്ട് മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നു എന്ന് വിശ്വസിക്കുന്ന മനുഷ്യോല്‍ഭവം വരെയുള്ള പരിണാമ ചരിത്രം ചെറുതായിട്ടൊന്ന്വിന്ന് വിശകലനം ചെയ്യുന്നത് ശാസ്ത്രീയാവബോധത്തിന്റെ അടിത്തറ ബലപ്പെടുത്തുവാന്‍ ആവശ്യമാണ്.

പരിണാമ സിദ്ധാന്തം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുള്ള ഒരു ജന്തുശാസ്ത്രാദ്ധ്യാപകന്‍ എന്ന നിലയില്‍ മനുഷ്യ മസ്തിഷ്ക്കത്തിനുണ്ടായ പരിണാമ പുരോഗതി എന്താണെന്ന് വിശദീകരിക്കുവാന്‍, എന്റെ പ്രിയ വായനക്കാര്‍ക്ക് മുഷിപ്പ് തോന്നുമെന്ന് അറിയാമെങ്കിലും, പരിണാമ സിദ്ധാന്തത്തിന്റെ വിശ്വാസ്യതയ്ക്കായി, പരിണാമ പന്ഥാവിലേക്ക് നിങ്ങളെ നിര്‍ബന്ധിക്കേണ്ടി വരുന്നതില്‍ ഖേദമുണ്ട്. ഈ ഭൂമുഖത്തുണ്ടായ പരിണാമ വ്യതിയാനങ്ങളെ ഭൂഗര്‍ഭശാസ്ത്ര ദണ്ഡു കൊണ്ട് (ജിയോളജിക്കല്‍ ടൈം സ്കെയില്‍) എങ്ങിനെ അളന്ന് തിട്ടപ്പെടുത്തിയിരിക്കുന്നു എന്ന് ആദ്യം മനസിലാക്കാം. നാലായിരത്തിയഞ്ഞൂറു മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുൻപ് സൗരയൂഥാരംഭത്തില്‍ രൂപം പ്രാപിച്ച ഭൂമിയില്‍ ആദ്യത്തെ ജൈവ കണികകള്‍ അഞ്ഞൂറു മില്യണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉണ്ടായതെന്നാണ് ശാസ്ത്രീയനിഗമനം.

വീണ്ടും അഞ്ഞൂറു മില്യണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹരിത വര്‍ണ്ണ കണികയായ ക്ലോറോഫില്‍ ഉണ്ടായതും സൌരോര്‍ജ്ജത്തിന്റെ സാന്നിധ്യത്തില്‍ ഫോട്ടോസിന്തസിസ് തുടങ്ങിയതും. പരിണാ മപന്ഥാവിലെ ഒരു നിര്‍ണ്ണായക നാഴികക്കല്ലായിരുന്നു ക്ലോരോഫില്ലിന്റേയും ഫോട്ടോസിന്തസിത്തിന്റേയും ആരംഭം. ക്ലോറോഫില്‍ ഉള്‍ക്കൊണ്ടിരുന്ന ഏക കോശജീവികള്‍ സംയോജിച്ച് ബഹുകോശജീവികള്‍ ആവുകയും ഈ ബഹുകോശ ജീവികള്‍ക്ക് രൂപാന്തരീകരണം സംഭവിച്ച് ചെറുസസ്യങ്ങള്‍ ഉണ്ടാവുകയും ചെയ്തു. അനേക മില്യണ്‍ വര്‍ഷങ്ങളിലെ പരിണാമ പുരോഗതിയില്‍ ഈ ചെറുസസ്യങ്ങള്‍ വളര്‍ന്ന് ചെടികളും വൃക്ഷങ്ങളും ആയതോടുകൂടി ഭൂമിയുടെ ഉപരിതലം മുഴുവന്‍ വൃക്ഷനിബിഡമായ ഘോരവനങ്ങള്‍ കൊണ്ട് നിറഞ്ഞു. പൗരാണിക കാലത്ത് ഭൂമിയുടെ ഉപരിതലത്തില്‍ നടന്ന ഗ്ലേസിയേഷന്‍ പോലുള്ള ഭൌമിക വ്യതിയാനങ്ങളില്‍ പെട്ട് ഈവനപ്രദേശത്തിന്റെ നല്ലൊരു ഭാഗം ഭൂഗര്‍ഭത്തില്‍ അകപ്പെടുകയും, ആ പ്രദേശങ്ങളൊക്കെ മറ്റ്ഭാഗങ്ങളില്‍ നിന്ന് ഒഴുകി വന്ന മണലാരണ്യങ്ങളാല്‍ മൂടപ്പെടുകയുംചെയ്തു. ഭൂഗര്‍ഭത്തില്‍ അകപ്പെട്ടു പോയ ഈ സസ്യസമ്പത്ത്, അനേക മില്യണ്‍ വര്‍ഷങ്ങളിലെ അണുപ്രവര്‍ത്തനം വഴി ജൈവഇന്ധനമായി ഭുഗര്‍ഭത്തില്‍ സംഭരിക്കപ്പെട്ട് കിടന്നതാണ് ഇന്ന് മനുഷ്യര്‍ മണലാരണ്യങ്ങളില്‍ നിന്ന് കുഴിച്ചെടുക്കുന്നത്.

ഇതേപോലെതന്നെ ക്ലോറോഫില്‍ കണികകള്‍ ഇല്ലാത്ത ഏകകോശ ജീവികള്‍ സംയോജിച്ച് ബഹുകോശജീവികള്‍ ആവുകയും, പരിണാമ പന്ഥാവിന്റെ സുദീര്‍ഘ കാലയിളവുകളില്‍ വ്യത്യസ്തവും, വ്യക്തവുമായ പരിണാമ പുരോഗതി നേടി ജന്തുലോകം ഉത്ഭവിക്കുകയും ചെയ്തു.

ഏകദേശം മൂവായിരത്തിഅഞ്ഞുറോളം മില്യണ്‍ വര്‍ഷക്കാലം കൊണ്ട് ഈ വിഭാഗം വിവിധ ജന്തു വര്‍ഗ്ഗങ്ങളായി ജലാശയങ്ങളിലും കരഭുമിയിലും വ്യാപിച്ചു. കേവലം അഞ്ഞൂറ്റിനാല്പത് മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആദ്യമായി നട്ടെല്ലുള്ള ജീവികള്‍ ഉത്ഭവിക്കുന്നത്. ജലാശയങ്ങളിലായിരുന്നു ഇവയുടെ രംഗപ്രവേശം. അനേക മില്യണ്‍ വര്‍ഷത്തെ ആഴക്കടല്‍ ജീവിതത്തിനു ശേഷം മുന്നുറ്റിയെണ്‍പത് മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആദ്യത്തെ നട്ടെല്ലുള്ള കരജീവി ഉത്ഭവിച്ചത്. ഏകദേശം ഇരുന്നൂറ്റിഅന്‍പത് മില്യണ്‍ വര്‍ഷത്തെ കരജീവിതത്തിനു ശേഷമാണ് ഭീകാരന്മാരായ ദൈനോസോറുകള്‍ ഭൂപ്പരപ്പിലെ അധിപന്മാരയത്. ഈ ദൈനോസോറുകള്‍ക്ക് അറുപത്തിയാറ് മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വംശനാശം സംഭവിക്കുകയും, അതിനു മുന്‍പായി അവയില്‍ നിന്ന് പക്ഷികളും സസ്തന ജീവികളും ഉത്ഭവിക്കുകയും ചെയ്തു.

ഏഴ് മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനുഷ്യ സദൃശ്യരായ കുരങ്ങു വര്‍ഗ്ഗങ്ങള്‍ ഉണ്ടായി. ഇവരുടെ പരിണാമ പുരോഗതിയിലാണ് മനുഷ്യന്റെ മുന്‍ഗാമികളായ ആസ്റ്റ്രാലോപ്പിത്തിക്കസ് വിഭാഗത്തില്‍പെട്ട ആള്‍ക്കുരങ്ങുകള്‍ ഉണ്ടായത്. ഇവയില്‍ നിന്ന് രണ്ട് മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹോമോസാപ്പിയന്സ് എന്ന യഥാര്‍ത്ഥ മനുഷ്യന്‍ ഉത്ഭവിച്ചു. രണ്ട് മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ മനുഷ്യവിഭാഗങ്ങളില്‍ ബുദ്ധിവികാസം ഉണ്ടാകാന്‍ ഒന്നര മില്യണ്‍ വര്‍ഷത്തോളം വേണ്ടിവന്നു. ഈശാസ്ത്രീയ നിഗമനങ്ങള്‍ തെളിയിക്കുന്ന ഭൂഗര്‍ഭ ഗവേഷണങ്ങളില്‍ നിന്ന് ഒരുകാര്യം വ്യക്തമാകുന്നുണ്ട്. മനുഷ്യനില്‍ ഉണ്ടായ ദൈവ സങ്കല്‍പങ്ങളും, മനുഷ്യാത്മാവിന്റെ സ്വര്‍ഗ്ഗ-നരക പ്രവേശനങ്ങളും എല്ലാം ഇതൊന്നുമില്ലാതെ ഒന്നര മില്യണ്‍ വര്‍ഷങ്ങളോളം ഈ ഭൂമിയില്‍ ജീവിച്ച പ്രാകൃത മനുഷ്യന്റെ പിന്‍തലമുറയില്‍ ഉണ്ടായ പരിണാമ പുരോഗതിയാണ്. മനുഷ്യ മസ്തിഷ്ക്കത്തില്‍ ഉണ്ടായ ഈ പരിണാമ പുരോഗതി കൂടുതല്‍ വ്യക്തമാകണമെങ്കില്‍ ഈ ഭൂമുഖത്തെ വെര്‍ട്ടബ്രേറ്റ് ജന്തുവിഭാഗങ്ങളില്‍ ഉണ്ടായ പരിണാമ പുരോഗതിയുടെ താരതമ്യപഠനം ആവശ്യമാണ്.

നാലായിരം മില്യണ്‍ വര്‍ഷത്തെ ദൈര്‍ഘ്യമുള്ള പരിണാമ പന്ഥാവില്‍ ആദ്യമായി ഉണ്ടായ വെര്‍ട്ടബ്രേറ്റ് ജീവികള്‍ മത്സ്യങ്ങളാണ്. വെള്ളത്തില്‍ നീന്തുവാനുള്ള ചിറകുകളും, വെള്ളത്തില്‍ അലിഞ്ഞിട്ടുള്ള പ്രാണവായു വീണ്ടെടുക്കുവാനുള്ള ഗില്ലുകളും മാത്രമുണ്ടായിരുന്ന മത്സ്യങ്ങള്‍ക്ക് കരയില്‍ ജീവിക്കുവാന്‍ കഴിയുമായിരുന്നില്ല. ജലാശയങ്ങളിലെ വര്‍ഗ്ഗവര്‍ദ്ധനവും, ഭക്ഷ്യദൌര്‍ലഭ്യവും പുതിയ ആവാസ കേന്ദ്രങ്ങള്‍ തേടാനുള്ള പ്രേരണയായി. അനേക മില്യണ്‍ വര്‍ഷങ്ങളുടെ കാലപരിധിയില്‍ നടന്ന ശ്രമഫലമായി ചിറകുകളുടെ സ്ഥാനത്ത് കൈകാലുകളും, ശ്വസനോപാധിയായി ഗില്ലുകള്‍ക്ക് പകരം ശ്വാസകോശവും വളര്‍ന്നതോടു കൂടി കരയിലേക്ക് കയറിയ ആദ്യത്തെ വെര്‍ട്ടബ്രേറ്റ് ഗ്രൂപ്പാണു ആംഫീബിയ. പ്രകൃതിയുടെ ഈ സംരംഭത്തിലെ ജീവിക്കുന്ന തെളിവുകളെ മനുഷ്യര്‍ കണ്ടെത്തിയത് ക്രോസോപ്റ്റെരീജീയ എന്ന മത്സ്യ വിഭാഗത്തില്‍ ആണ്. ആഴക്കടലില്‍ നിന്ന് വലയില്‍ കുരുങ്ങിയ ഈ മത്സ്യങ്ങള്‍ക്ക് ചിറകുകളുടെ സ്ഥാനത്ത് വളര്‍ച്ച പൂര്‍ത്തിയാകാത്ത അവയവങ്ങളും, കാര്യക്ഷമതയുള്ള ഗില്ലുകളോടൊപ്പം പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കാത്ത ശ്വാസകോശങ്ങളും ഉണ്ടായിരുന്നു. നീണ്ടകാലത്തെ പരിശ്രമ ഫലമായി ഇവ കരജീവികള്‍ ആയെങ്കിലും ജലസാന്നിധ്യം വിട്ട് സമ്പൂര്‍ണ്ണ കരജീവികള്‍ ആവാന്‍ ഇവയ്ക്ക് സാധിച്ചില്ല. വെള്ളത്തില്‍ മാത്രം വിരിയുന്ന മുട്ടകളില്‍ നിന്ന് പുറത്തു വരുന്ന കുഞ്ഞുങ്ങള്‍ക്ക് (ടാഡ്പോള്‍) മത്സ്യങ്ങളുടേതു പോലുള്ള ചിറകുകളും ശ്വസനത്തിനു ഗില്ലുകളും മാത്രമാണ് ഉണ്ടായിരുന്നത്. ഈ കുഞ്ഞുങ്ങളുടെ വളര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ വാല്‍ കുറഞ്ഞ് ഇല്ലാതാവുകയും, മറ്റ് ചിറകുകളുടെ സ്ഥാനത്ത് പുതിയതായി കൈകാലുകള്‍ പ്രത്യക്ഷപ്പെടുകയും, ശ്വസനത്തിനു പുതിയ ശ്വാസകോശങ്ങള്‍ ഉണ്ടാവുകയും ചെയ്തപ്പോഴാണ് ഇവയ്ക്ക് കരയില്‍ ജീവിക്കാന്‍ സാധിച്ചത്. മത്സ്യങ്ങളെപ്പോലുള്ള ടാഡ്പോളുകള്‍ വളര്‍ച്ചയെത്തുമ്പോള്‍ മാത്രം കരജീവികള്‍ ആകുന്നത്കൊണ്ടാണ് ഇവയെ ആംഫീബിയ എന്ന് വിളിക്കുന്നത്.

ജലസാന്നിധ്യമില്ലാതെ കരയില്‍തന്നെ ആധിപത്യം സ്ഥാപിക്കാനും, കരയില്‍തന്നെ മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ വളരുന്ന രീതി കൈവരിക്കാനുമായിരുന്നു പ്രകൃതിയുടെ അടുത്ത യജ്ഞം.വീണ്ടും അനേകം മില്യണ്‍ വര്‍ഷങ്ങള്‍ നീണ്ടുനിന്ന അടുത്ത യജ്ഞത്തിലാണ് ജലത്തില്‍ മാത്രം ജീവിക്കുവാന്‍ സാധിക്കുന്ന ടാഡ്പോളുകളെ ഒഴിവാക്കി, മുട്ടക്കുള്ളില്‍ ജലസാന്നിധ്യം ഉണ്ടാക്കി പ്രാഥമിക വളര്‍ച്ച പാരമ്പര്യ രീതി അനുസരിച്ച് മുട്ടക്കുള്ളിലെ ജലത്തില്‍ (ആമ്നിയോട്ടിക്ഫ്ലൂയിഡ്) വളരുന്ന രീതി ആവിഷ്ക്കരിക്കപ്പെട്ടത്. ഇതിനുവേണ്ടി ഭ്രൂണവളര്‍ച്ചയില്‍ ഉണ്ടായ ആമ്നിയോണും അലന്റോയിസും ആണ് ഈയജ്ഞം വിജയിപ്പിച്ചത്. ഇങ്ങിനെ ഉണ്ടായ സമ്പൂര്‍ണ്ണ കരജീവികളാണ് റെപ്റ്റെയില്‍സ്. ഓന്തുകള്‍, ഉടുമ്പുകള്‍, മുതലകള്‍, ആമകള്‍, പാമ്പുകള്‍ തുടങ്ങി ഒരു കാലത്ത് ഭൂമിയിലെ ഏറ്റവും വലിയ കരജീവികള്‍ ആയിരുന്ന ഡൈനോസോറുകള്‍ വരെ റെപ്റ്റയില്‍സ് വിഭാഗത്തില്‍ പെടുന്നു. ഭൂമിയുടെ ഉപരിതലത്തിലെ അനുകൂല ഊഷ്മാവസ്ത തിരഞ്ഞെടുത്ത്, അവിടെ മുട്ടകള്‍ നിക്ഷേപിച്ച് മണ്ണിട്ട്മൂടി, പ്രകൃതിയുടെ കനിവിന് വിട്ടുകൊടുക്കുന്ന ഈ രീതിയും പൂര്‍ണ്ണവിജയമല്ല എന്ന അനുഭവ പരിജ്ഞാനമാണ് പ്രകൃതിയെ അടുത്ത യജ്ഞത്തിന് പ്രേരിപ്പിച്ചത്. മുട്ടകള്‍ ശ്രദ്ധിക്കപ്പെടാതെ വെളിയില്‍ നിക്ഷേപിക്കുന്നത്കൊണ്ട് എല്ലാ മുട്ടകളിലും ഭ്രൂണവളര്‍ച്ച പൂര്‍ത്തിയാക്കാനും, വളര്‍ച്ച പൂര്‍ത്തിയാക്കി പുറത്തു വരുന്ന എല്ലാ കുഞ്ഞുങ്ങളും രക്ഷപ്പെടുവാനുമുള്ള പ്രതിബന്ധങ്ങളെ മറികടന്ന്, മുട്ടകള്‍ വെളിയില്‍ നിക്ഷേപിക്കാതെ ശരീരത്തിനുള്ളില്‍ തന്നെ ഭ്രൂണവളര്‍ച്ച പൂര്‍ത്തിയാക്കിയ കുഞ്ഞുങ്ങളെ പ്രസവിക്കാനുമുള്ള അടുത്ത യജ്ഞത്തിലാണ് സസ്തന ജീവികള്‍ ഉത്ഭവിച്ചത്. ഡൈനോസോരുകളുടെ വിഭാഗത്തില്‍പെട്ട ഒരു കൂട്ടര്‍ പിന്‍കാലുകള്‍ മാത്രമുപയോഗിച്ച് വേഗത്തില്‍ ഓടുവാനുള്ള ശ്രമത്തില്‍ മുന്‍കൈകള്‍ കൊണ്ട് വായുവില്‍ ബാലന്‍സ് പിടിക്കുന്ന രീതി അനേക മില്യണ്‍ വര്‍ഷങ്ങളില്‍ തുടര്‍ന്നാണ് കൈകളില്‍ തുവലുകള്‍ വളരാന്‍ സഹായിച്ചത്. പില്‍ക്കാലത്ത് ശരീരത്തിലെ ശല്‍ക്കങ്ങളെല്ലാം തൂവലുകളായി രൂപാന്തരപ്പെട്ടപ്പോഴാണു പക്ഷിവിഭാഗം ഉണ്ടായത്. ഈപരിണാമ പുരോഗതിയുടെ തെളിവ് ജര്‍മ്മനിയിലെ ഒരു മ്യുസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ആര്‍ക്കിയോപ്റ്റെരിക്സ് എന്ന ഫോസിലാണ്. ഉടുമ്പിന്റെ ശരീരത്ത് തല മുതല്‍ വാലറ്റം വരെ തുവലുകള്‍ ഉണ്ടായാല്‍ എങ്ങിനെ ഇരിക്കുമോ അതുപോലെ തന്നെയാണ് പാറയില്‍ നിന്ന് കണ്ടെടുത്ത ഈ ഫോസില്‍. ശരീരഘടനയിലും, ഉത്പാദന രീതിയിലും റെപ്റ്റയില്‍സില്‍ നിന്ന് വലിയ മാറ്റങ്ങള്‍ അധികമില്ലത്തതു കൊണ്ടാണ് പക്ഷി വിഭാഗത്തെ ഗ്ലോറിഫൈഡ്റെപ്റ്റയില്‍സ് എന്ന് വിളിക്കുന്നത്. ഉയരങ്ങളില്‍ ജീവിക്കുന്ന രീതി ആവിഷ്ക്കരിച്ചപ്പോള്‍ ഭൂപ്പരപ്പിലെ ഊഷ്മാവുപയോഗിച്ച് ഭ്രൂണവളര്‍ച്ച സാധ്യമല്ലാതായി തീര്‍ന്നതു കൊണ്ടാണു മുട്ടകള്‍ക്ക് മീതെ അടയിരിക്കുന്ന രീതി ആരംഭിച്ചത്.

സസ്തന ജീവികള്‍ ആകാനുള്ള പരിശ്രമത്തില്‍ ഗര്‍ഭാശയം ഉണ്ടാകുന്നതിനു മുന്‍പ് മുട്ടകള്‍ വെളിയില്‍ നിക്ഷേപിച്ച് അടയിരുന്ന് വിരിയുന്ന കുഞ്ഞുങ്ങളെ മുലയൂട്ടി വളര്‍ത്തുന്ന രീതിയാണ് ആദ്യമായി കൈവരിക്കാന്‍ സാധിച്ചത്. ഈ രീതിയില്‍ ഉണ്ടായ വിഭാഗത്തെ പ്രോട്ടോത്തീറിയാ എന്ന് വിളിക്കുന്നു. ഡക്ബില്‍പ്ലാറ്റിപസ് അഥവാ എക്കിഡ്നാ എന്ന പേരുള്ള ജീവികള്‍ പരിണാമ സിദ്ധാന്തത്തിന്റെ ജീവിക്കുന്ന തെളിവുകളായി ഇന്നും ആസ്ട്രേലിയായില്‍ കാണാം.

വീണ്ടും പരിണാമ പന്ഥാവില്‍ പ്രകൃതി നടത്തിയ അനേക മില്യണ്‍ വര്‍ഷത്തെ അടുത്ത യജ്ഞത്തിലാണ് ശരീരത്തിനുള്ളില്‍ ഗര്‍ഭാശയങ്ങള്‍ രൂപപ്പെടുകയും, ഭ്രൂണ വളര്‍ച്ച ഗര്‍ഭാശയത്തിനുള്ളില്‍ നടക്കുകയും ചെയ്യുന്ന പുരോഗതി കൈവരിച്ചത്. വളരുന്ന ഭ്രൂണത്തിനു ആവശ്യമായ പ്രാണവായുവും പോഷകങ്ങളും മാതൃശരീരത്തില്‍ നിന്ന് ലഭ്യമാക്കാന്‍ ഉണ്ടായ പുതിയ സംവിധാനമാണ് ഭ്രൂണത്തെ ഗര്‍ഭാശയ ഭിത്തിയുമായി ബന്ധിപ്പിക്കുന്ന പ്ലാസന്റാ. ഇത്തരത്തില്‍ ആദ്യമായി ഭ്രൂണ വളര്‍ച്ച ഗര്‍ഭാശയത്തിനുള്ളില്‍ നടത്തി വിജയിച്ച ജന്തു വിഭാഗമാണ് കങ്കാരു. പക്ഷെ കങ്കാരുവിനും സമ്പൂര്‍ണ്ണ പരിണാമ ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചില്ല. കങ്കാരുവിന്റെ ഭ്രൂണം ഗര്‍ഭാശയത്തില്‍ വളരുമ്പോള്‍ ഗര്‍ഭാശയ ഭിത്തിയുമായി ബന്ധപ്പെടുന്ന പ്ലാസന്റാക്ക് ബലക്കുറവ് ഉണ്ടായിരുന്നതു കൊണ്ട് ഭ്രൂണവളര്‍ച്ച പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ പ്ലാസന്റാ ഗര്‍ഭാശയ ഭിത്തിയില്‍ നിന്ന് വേര്‍പെട്ട്പോവുകയും വളര്‍ച്ച പൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ പ്രസവിക്കേണ്ടി വരുകയും ചെയ്തു. ഇങ്ങിനെ അപൂര്‍ണ്ണ വളര്‍ച്ചയുള്ള കുഞ്ഞുങ്ങളുടെ വളര്‍ച്ച പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണു പ്രകൃതി കങ്കാരുവിന്റെ ഉദര ഭാഗത്ത് ഒരു ബാഹ്യ ഉറ (മാര്‍സുപിയം) ഉണ്ടാക്കി കുഞ്ഞുങ്ങളുടെ വളര്‍ച്ച പൂര്‍ത്തിയാകും വരെ ഈ അറയ്ക്കുള്ളില്‍ സൂക്ഷിക്കുന്ന സംവിധാനം ഉണ്ടാക്കിയത്. ഗര്‍ഭാശയത്തിനുള്ളില്‍ വെച്ച് നടന്ന വളര്‍ച്ചയേക്കാള്‍ ദീര്‍ഘകാലം കുഞ്ഞുങ്ങള്‍ വളരുന്നത് ഈ മാര്‍സുപിയത്തിനകത്താണു. അതുകൊണ്ടാണ് ഈ ജന്തു വിഭാഗത്തെ മാര്‍സുപിയല്‍സ് അഥവാ മെറ്റാത്തീറിയാ എന്ന് വിളിക്കുന്നത്.

പ്രകൃതിയുടെ അടുത്ത യജ്ഞം ഗര്‍ഭാശയത്തിനുള്ളില്‍ ഭ്രൂണ വളര്‍ച്ച പൂര്‍ത്തിയാക്കിയ കുഞ്ഞുങ്ങളെ പ്രസവിച്ച്, ബാലാരിഷ്ടക്കാലം കഴിയുംവരെ എങ്കിലും മുലയൂട്ടി വളര്‍ത്തി സ്വയം പര്യാപ്തതയില്‍ എത്തിക്കുന്ന രീതി കൈവരിക്കാനായിരുന്നു. ഈ യജ്ഞത്തില്‍ വിജയിച്ച സമ്പൂര്‍ണ്ണ സസ്തന ജീവികളെ യുത്തീറിയ എന്ന് വിളിക്കുന്നു.

യുത്തീറിയ വിഭാഗത്തിന്റെ ഉല്‍ഭവത്തോടെ മസ്തിഷ്ക്ക ഘടനയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ ഉണ്ടായി. താഴ്ന്ന വെര്‍ട്ടബ്രേറ്റ് വിഭാഗങ്ങളുടെ തുല്യസമാനതകള്‍ ഉള്ള ഫോര്‍ബ്രൈന്‍, മിഡ്ബ്രൈന്‍, ഹൈന്‍ഡ്ബ്രൈന്‍ എന്ന മസ്തിഷ്ക്ക ഘടനയില്‍ ഫോര്‍ബ്രയിന്‍ പ്രതിനിധാനം ചെയ്യുന്ന സെരിബ്രം മറ്റു ഭാഗങ്ങളേക്കാള്‍ വലിപ്പത്തിലും, കാര്യക്ഷമതയിലും പ്രബലമായി. സെരിബ്രത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി പുതിയതായി ഉണ്ടായ ആഴത്തിലുള്ള ഒരുവിടവ് (ലോഞ്ചിറ്റ്യൂഡിനല്‍ഫിഷര്‍) സെരിബ്രത്തെ രണ്ട് സെറിബ്രല്‍ ഹെമിസ്ഫിയറുകളായി വിഭജിച്ചു. ഈ വിടവിന്റെ അടിഭാഗത്ത് രണ്ട് ഹെമിസ്ഫിയറുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് കോര്‍പസ്‌കലോസം എന്ന പേരുള്ള ഒരു പുതിയ മസ്തിഷ്ക്കഘടകം പ്രത്യക്ഷപ്പെട്ടു. ലക്ഷക്കണക്കിനു നെര്‍വ് ഫൈബറുകള്‍ ഉള്‍ക്കൊള്ളുന്ന കോര്‍പസ്‌കലോസം രണ്ടായി വിഭജിക്കപ്പെട്ട സെറിബ്രല്‍ ഹെമിസ്ഫിയറുകളുടെ പ്രവര്‍ത്തനങ്ങളെ ക്രോഡീകരിക്കുകയും, അവ തമ്മിലുള്ള ഇന്‍ഫോര്‍മേഷന്‍ വിനിമയത്തെ ത്വരിതപ്പെടുത്തുകയും ചെയ്തു.

മറ്റു സസ്തന ജീവികളില്‍നിന്ന് പരിണാമ പുരോഗതി മനുഷ്യനില്‍ എത്തിയപ്പോള്‍ ഈ പുതിയ കോര്‍പസ്‌കലോസം മസ്തിഷ്ക്കത്തിനുള്ളിലെ ഏറ്റവും കട്ടികൂടിയ വൈറ്റ്മാറ്റര്‍ ഭാഗമാവുകയും, ഇതില്‍ ഉള്‍പ്പെടുന്ന നെര്‍വ് ഫൈബരുകളുടെ മയലിനേഷന്‍ സമ്പൂര്‍ണ്ണമാവുകയും ചെയ്തു. ഇലക്ട്രിക് പവ്വര്‍ കടന്നുപോകുന്ന ചെമ്പ് കമ്പികള്‍ തമ്മില്‍ കൂട്ടിമുട്ടി ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാതിരിക്കാന്‍ പ്ലാസ്റ്റിക്ക് കൊണ്ട് ഇന്‍സുലേറ്റ് ചെയ്യുന്നതുപോലെ നെര്‍വ് ഫൈബറുകളെ ലിപിഡ്കോട്ടിംഗ് കൊണ്ട് ഇന്‍സുലേറ്റ് ചെയ്യുന്ന പ്രക്രിയയാണ് മലിനേഷന്‍ എന്ന് പറയുന്നത്. സെറിബ്രല്‍ ഹെമിസ്ഫിയറുകളില്‍ നിന്നുള്ള സെന്‍സറി ഇമ്പള്‍സുകളേയും, മോട്ടോര്‍ ഇമ്പള്‍സുകളേയും വഹിക്കുന്ന ഈ നെര്‍വ് ഫൈബറുകള്‍ സമ്പൂര്‍ണ്ണമായി ഇന്‍സുലേറ്റ് ചെയ്യപ്പെട്ടതോടെയാണു സെന്‍സരി-മോട്ടോര്‍ ഇമ്പള്‍സുകള്‍ തമ്മില്‍ കൂട്ടിമുട്ടാതെ കോര്‍പസ്‌കലോസത്തില്‍ കൂടിയുള്ള ഇന്‍ഫോര്‍മേഷന്‍ വിനിമയ സംവിധാനം സാധ്യമായതും, മുനുഷ്യരില്‍ ഇന്റലിജന്‍സ് അഥവാ ബുദ്ധിശക്തി ഉളവായതും. നെര്‍വ് ഫൈബറുകളുടെ മയലിനേഷന്‍ അഥവാ ലിപ്പിഡ് ഇന്‍സുലേഷന്‍ മനുഷ്യ മസ്തിഷ്ക്കത്തിലെ കോര്‍പസ്‌കലോസത്തിന്റെ നിലവാരത്തില്‍ എത്താതിരുന്നതാണ് മനുഷ്യേതര സസ്തന ജീവികളില്‍ ബുദ്ധിശക്തി ഉണ്ടാകാതെ പോയത്. മരുഭൂമിയിലെ മൃഗങ്ങളില്‍ മൃഗതൃഷ്ണ നിലനില്‍ക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. കോര്‍പസ്‌കലോസത്തില്‍ ഉണ്ടായ സമ്പൂര്‍ണ്ണ മയലിനേഷന്‍ മനുഷ്യരില്‍ ബുദ്ധിശക്തി പ്രദാനം ചെയ്തതോടുകൂടിയാണ് മനുഷ്യരില്‍ ഈശ്വരസങ്കല്‍പങ്ങളും, സ്വര്‍ഗ-നരകചിന്തകളും ഉണ്ടാക്കിയതെന്ന പ്രായോഗിക വിശകലനങ്ങള്‍ അടുത്ത ലക്കത്തില്‍ തുടരുന്നതാണ്.

(തുടരും)

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top