കളമശ്ശേരി ഭൂമി തട്ടിപ്പു കേസില്‍ സലിംരാജിനെതിരെ തെളിവില്ല

salim rajകൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ വെറുതെ വിട്ടുകൊണ്ട് കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. നാല് റവന്യൂ ഉദ്യോഗസ്ഥരടക്കം ആറു പേരാണ് പ്രതികള്‍. സലിമിന്‍െറ സഹോദരീ ഭര്‍ത്താവ് കെ.എച്ച്. അബ്ദുല്‍ മജീദാണ് ഒന്നാം പ്രതി. ഇയാളുടെ സഹോദരന്‍ അബ്ദുല്‍ സലാം രണ്ടാം പ്രതിയാണ്.

തൃക്കാക്കര നോര്‍ത് വില്ലേജ് ഓഫിസിലെ സ്പെഷല്‍ വില്ലേജ് ഓഫിസറായിരുന്ന ചേര്‍ത്തല പൂച്ചാക്കല്‍ പുത്തന്‍പുരയില്‍ ഇ. മുറാദ്, തൃക്കാക്കര നോര്‍ത് വില്ലേജ് ഓഫിസറായിരുന്ന ചങ്ങമ്പുഴ നഗര്‍ മന്നത്തുപാടം കിഴക്കേവീട്ടില്‍ കെ.എസ്. സാബു, എറണാകുളം കലക്ടറേറ്റിലെ ലാന്‍ഡ് റവന്യൂ വിഭാഗം യു.ഡി ക്ലര്‍ക്ക് മുളന്തുരുത്തി എടപ്പങ്ങാട്ടില്‍ വീട്ടില്‍ ഇ.സി. ഗീവര്‍ഗീസ്, കണയന്നൂര്‍ താലൂക്ക് ഓഫിസിലെ അഡീഷനല്‍ തഹസില്‍ദാറായിരുന്ന പാലാരിവട്ടം പുനത്തില്‍പാടം വിഷ്ണു ഹൗസില്‍ കൃഷ്ണകുമാരി എന്നിവരാണ് മൂന്നു മുതല്‍ ആറു വരെ പ്രതിസ്ഥാനത്തുള്ളത്.

ഒന്നും രണ്ടും പ്രതികളായ അബ്ദുല്‍ മജീദും അബ്ദുല്‍ സലാമും മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ക്കൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ചാണ് ഇടപ്പള്ളി പത്തടിപ്പാലം ബി.എം. റോഡിലെ എന്‍. ശരീഫയുടെ 25 കോടിയോളം രൂപ വിലവരുന്ന 116 സെന്‍റ് സ്ഥലം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍, തെളിവ് നശിപ്പിക്കല്‍, കൈക്കൂലി വാങ്ങുക, ഇതിന് പ്രേരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സലിംരാജിനെതിരെ ഒരു തരത്തിലുള്ള തെളിവും ലഭിക്കാത്ത സാഹചര്യത്തിലാണ് ഒഴിവാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.

സി.ബി.ഐ സംശയിച്ചിരുന്ന മുന്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ ടി.ഒ. സൂരജിനെയും ഒഴിവാക്കിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയില്‍ സൂരജ് അറിഞ്ഞുകൊണ്ട് കുറ്റകൃത്യം നടത്തിയിട്ടില്ലന്ന് തെളിഞ്ഞതോടെയാണ് ഇദ്ദേഹത്തെയും ഒഴിവാക്കിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment