Flash News

‘വംശശുദ്ധി സൂക്ഷിച്ച പാര്‍സിസമൂഹം നിശ്ശബ്ദ ഗോപുരത്തില്‍’ വാല്‍ക്കണ്ണാടി – കോരസണ്‍

July 25, 2015 , കോരസണ്‍ വര്‍ഗീസ്

banner

വംശഭീഷണി നേരിടുന്ന ഇന്ത്യയിലെ വളരെക്കുറച്ചു മാത്രം അംഗസംഖ്യയുള്ള പാര്‍സി സമൂഹത്തെ നിലനിര്‍ത്തുവാനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഏതാണ്ട് 17 മില്ല്യന്‍ രൂപ ചിലവാക്കാന്‍ ഉദ്ദേശിക്കുന്നു. മക്കളില്ലാത്ത ദമ്പതികളെ ബീജസംയോജന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി, മനുഷ്യോല്‍പാദന വിദഗ്ദരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുകയും കൂടുതല്‍ ചെറുപ്പക്കാരെ വിവാഹം ചെയ്യാന്‍ പ്രേരിപ്പിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

വര്‍ണ്ണശബളമായ ഒരു ചരിത്രം ഇന്ത്യയില്‍ നിര്‍മ്മിച്ച ഈ സമൂഹം 7ആം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ നിന്നും മൂസ്ലീങ്ങളുമായുള്ള മതസംഘട്ടനം ഭയന്നു ഇന്ത്യയിലേക്കു പാലായനം ചെയ്ത സൊറാസ്ട്രന്‍ മതവിശ്വാസികളാണ്. ആകെ ഒരു ലക്ഷത്തോളം ജനസംഖ്യയുള്ള ഇവര്‍ ഇന്ത്യയില്‍ ബോംബെ കേന്ദ്രമന്ത്രിയാണ് നിലനില്‍ക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ വമ്പിച്ച സ്വാധീനം നിലനിര്‍ത്തുന്ന ഇവര്‍, 18-ാം നൂറ്റാണ്ടില്‍ ബോംബെ കപ്പല്‍ നിര്‍മ്മാണ വ്യവസായം ആരംഭിക്കാന്‍ പരിശ്രമിച്ചു. ഇന്ത്യയിലെ വന്‍ വ്യവസായികളായ ടാറ്റ കുടുംബം തന്നെ ഉദാഹരണം. ജാഗ്വാര്‍, ലാന്റ് റോവര്‍ തുടങ്ങിയ പ്രസിദ്ധമായ കാറുകള്‍, കോറസ് സ്റ്റീല്‍ എന്നു തുടങ്ങി വ്യവസായത്തിലും, വ്യോമയാനത്തിലും, ആതുരസേവനത്തിലും, ഗവേഷണ കേന്ദ്രങ്ങളിലും ഇന്നും ഇവരുടെ മുദ്ര ഗാഡമായി പതിഞ്ഞു നില്‍ക്കുന്നു. പാക്കിസ്ഥാന്റെ ആഭ്യന്തര ഉല്‍പാദനത്തിന്റെ പകുതിയോളം വരും ടാറ്റാഗ്രൂപ്പിന്റെ വിറ്റുവരവ്. ബിര്‍ലാ, അംബാനി വ്യവസായികളില്‍ നിന്നും വിഭിന്നമായി, ടാറ്റാ ഗ്രൂപ്പിന്റെ സാരഥിയായ സൈറസ് മിസ്ട്രി, കമ്പനിയുടെ ഒരു ശതമാനത്തില്‍ താഴെയാണ് സ്വന്തമായി നിലനിര്‍ത്തുന്നത്. ബില്‍ ഗേറ്റ്‌സും, വാറല്‍ ബഫറ്റും ചെയ്യുന്നതുപോലെ ആയിരക്കണക്കിനു കോടി രൂപ മനുഷ്യപുരോഗതിക്കായി ചിലവാക്കുകയാണ്. അതുതന്നെയാണ് ഈ സമൂഹത്തിന്റെ സാമ്പത്തിക വീക്ഷണവും.

ഇന്ത്യയുടെ നാനാവിധ പുരോഗതിയില്‍ കാര്യമായ പങ്കു നിര്‍വഹിച്ച പാര്‍സികള്‍ ശ്രേഷ്ഠമായ നിലയില്‍ തന്നെ അംഗീകരിക്കപ്പെടുന്നു. ബോംബെയിലെ പ്രസിദ്ധമായ നരിമാന്‍ പോയിന്റ്, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ദാദാബായി നവറോജി, ഹേമി ബാബ, ഹോമി സെത്ന എന്ന ശാസ്ത്രജ്ഞര്‍, രത്തന്‍ ടാറ്റ, ഗോദ്റേജ് വെഹ്ദിയ വ്യവസായികള്‍ തിളക്കമുള്ള കരസേനാമേധാവി ഫീല്‍ഡ് മാര്‍ഷല്‍ മനക്ഷാ, പ്രസിദ്ധ സംഗീതജ്ഞന്‍ ഫ്രെഡി മര്‍ക്കുറി, കംപോസര്‍ സോറാബ്ജി, കണ്‍ഡക്ടര്‍ സുബിന്‍ മേത്ത, ബോളിവുഡിലെ ജോണ്‍ ഏബ്രഹാം, ബോമാന്‍ ഇറാനി, നക്‌സല്‍ ചിന്തകനായ കോബാഭ് ഗാല്‍ഡി, ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധി തുടങ്ങിയവര്‍ ഒരു ചെറിയ കൂട്ടം, വലിയ സംഭാവനകള്‍ ചെയ്ത പാര്‍സികളാണ്. നിരവധി കഥകളിലും സിനിമകളിലും പാര്‍സികളുടെ ജീവിതം പടര്‍ന്നു നില്‍ക്കുന്നു.

ഒരു സമൂഹം അതായിത്തീരുന്നത്, വര്‍ഷങ്ങളുടെ കുത്തൊഴുക്കില്‍, സമരസപ്പെട്ടും, കലഹിച്ചും അനുരജ്ഞനപ്പെട്ടും കാലത്തിന്റെ ഭാഗമായിത്തീരുമ്പോഴാണ്. അതിന്റെ തനിമയും അസ്തിത്വവും നിലനില്‍ക്കാന്‍ പാടുപെടുമ്പോഴും ഭാഷയും വിശ്വാസവും ബന്ധങ്ങളും അറിയാതെ ഉരുകി ഇല്ലാതായിത്തീരുന്നത് വിധിയുടെ പകല്‍ നാടകം. സംസ്‌കാരസമ്പന്നമായ പല സമൂഹങ്ങളും അന്യം നിന്നു പോകുന്നത് അവരുടെ തന്നെ വിജയത്തിന്റെ ഇരകളായി മാറുന്നു എന്നത് വിധി വൈപരീത്യം. കേവലം 50,000 താഴെയേ ഇന്ന് പാര്‍സികള്‍ ഇന്ത്യലുള്ളൂ. ഹഖാമനി കാലഘട്ടത്തില്‍ വിശാല ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട മതമായിരുന്നു സൊറാസ്ട്രിയന്‍ മതം.

കുട്ടികള്‍ ഇല്ലാതാകുന്നതും കുടിയേറ്റങ്ങളുമാണ് ഈ സമൂഹത്തിന്റെ തിരോഥാനത്തിനു കാരണമായിക്കാണുന്നത്. 2020 ആകുമ്പോഴേക്ക് ഇവരുടെ ജനസംഖ്യ 23000 താഴെയാകുമെന്നാണ് കണക്കാക്കുന്നത്. 31 ശതമാനം ആളുകളും 60 വയസ്സില്‍ കൂടുതലുള്ളവരാണ്. 1000 ആണുങ്ങള്‍ക്ക് 1050 പെണ്ണുങ്ങളെന്ന അനുപാതമാണുള്ളത്. അതിനാല്‍ മിശ്രവിവാഹത്തിന് സാധ്യത ഏറുകയും ഇങ്ങനെ മിശ്രവിവാഹിതരാകുന്നവരെ വംശത്തില്‍ കൂട്ടാതിരിക്കയുമാണ് ചെയ്യുന്നത്. സാക്ഷരതയും(97ശതമാനം) വളരെ കൂടുതലാണ് പെണ്‍കുട്ടികള്‍ക്ക് അതിനാല്‍ സ്വാതന്ത്ര്യത്തോടെ അവിവാഹിതരായി നില്‍ക്കാനും ഇവര്‍ താല്‍പര്യപ്പെടുന്നു. സാധാരണ ആണ്‍കുട്ടികള്‍ 31 വയസ്സിലും പെണ്‍കുട്ടികള്‍ 29 വയസ്സിലുമാണ് വിവാഹിതരാകുന്നത്, അതിനാല്‍ ഇവരുടെ പ്രത്യുല്‍പാദന ശേഷിയും കുറവായിട്ടാണ് കാണപ്പെടുന്നത്. മിശ്രവിവാഹിതരായ കുട്ടികളെയും ഉള്‍പ്പെടുത്തി സമൂഹം വിപുലപ്പെടുത്തണമെന്ന ആശയം മുമ്പോട്ടു വയ്ക്കുന്നവരുണ്ട്. എന്നാല്‍, ഇങ്ങനെ വാതില്‍ തുറന്നിട്ടാല്‍ ഏഴെട്ടു തലമുറകളില്‍ പാര്‍സികള്‍ എന്ന പദം തന്നെ അപ്രത്യക്ഷമാകും എന്നു വാദിക്കുന്നവരുമുണ്ട്.

മ്യാന്‍മറിലെ റോഹംങ്കികളെപ്പോലെ, തലമുറകള്‍ നിലനിന്നിട്ടും ആട്ടിപ്പുറത്താക്കപ്പെടുന്ന സമൂഹങ്ങള്‍ ഉണ്ട്. ചിലരെ പിടിച്ചു കൊണ്ടുപോയവരാണ്, ചിലര്‍ കലാപത്തിനിരയായി പാലായനം ചെയ്തവരാണ്. ആയിരക്കണക്കിനു വര്‍ഷത്തെ ചരിത്രം നിലനിര്‍ത്തിക്കൊണ്ട് തങ്ങളുടെ പരിശ്രമത്തിന്റെയും അദ്ധ്വാനത്തിന്റെയും നന്മ കുടിയേറ്റ ഭൂമിയില്‍ സമ്മാനിച്ച് തങ്ങളും തന്നെ കഴിവും അഭിവൃദ്ധിയും വംശനഷ്ടത്തിനു കാരണമാകുന്ന പാര്‍സികള്‍ ഇന്ത്യയില്‍ ഇന്നു നിലനില്‍ക്കണമെന്ന്. ഒരു ജനത ആഗ്രഹിക്കുന്നു അതിനായി പ്രവര്‍ത്തിക്കുന്നു. ലോകത്തെമ്പാടും 52 മില്യനിലധികം ജനങ്ങള്‍ രാജ്യമില്ലാതെ നാടോടികളായി നട്ടം തിരിയുമ്പോള്‍ പാര്‍സികള്‍ക്കു മറ്റൊരു ചരിത്രമാണ് എഴുതാനുള്ളത്.

ഇവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്തു സൂക്ഷിക്കാനുള്ള പുരോഹിതന്മാരും ദൈവശാസ്ത്രഗ്രന്ഥങ്ങളും, ക്ഷേത്രങ്ങളും ഇപ്പോഴുമുണ്ട്. ഇവരുടെ ശവസംസ്‌കാര വിധങ്ങളും വിചിത്രമാണ്. മൃതശരീരം വൃത്തിയാക്കി “നിശ്ശബ്ദഗോപുരം’ എന്നറിയപ്പെടുന്ന സ്ഥലത്ത് കൊണ്ടു വയ്ക്കും. അവ കഴുകന്മാര്‍ക്കുള്ള ഭക്ഷണമാണ്. ബോംബെ മലബാര്‍ ഹില്ലിലെ നിശ്ശബ്ദ ഗോപുരം പ്രസിദ്ധമാണ്. കാലചക്രത്തില്‍ വ്യതിയാനങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ അവസാനത്തെ ശരീരവും കഴുകന്‍ കൊത്തിത്തിന്നാല്‍ അധികം കാത്തിരിക്കേണ്ടി വരില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top