പ്രവാസികള്‍ക്ക് ഇക്കുറി ഇ-വോട്ടില്ല

Online-Vote-election-300x225തിരുവനന്തപുരം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഇ-ബാലറ്റും ഇ-വോട്ടിങും ഏര്‍പ്പെടുത്താന്‍ കഴിയില്ലന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍. അതേസമയം, കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പ്രവാസികള്‍ക്ക് നടപ്പാക്കിയ വോട്ട് ചെയ്യാനുള്ള സൗകര്യം ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിലും ഏര്‍പ്പെടുത്തും.

പ്രവാസികള്‍ നേരിട്ടത്തെി വോട്ട് ചെയ്യുന്ന സംവിധാനത്തിന്‍െറ ബദല്‍ നിര്‍ദേശങ്ങള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നവംബര്‍ ഒന്നിന് പുതിയ തദ്ദേശ ഭരണ സമിതികള്‍ ചുമതലയേല്‍ക്കേണ്ടതിനാല്‍ ചുരുങ്ങിയ സമയപരിധിയില്‍ നിഷ്പക്ഷവും കുറ്റമറ്റതും സുതാര്യവുമായ രീതിയില്‍ ഇ-ബാലറ്റ്/ ഇ-വോട്ടിങ് സംവിധാനം ഏര്‍പ്പെടുത്തല്‍ പ്രായോഗികമാവില്ല. തദ്ദേശ സ്ഥാപനങ്ങളുടെ 22000ത്തില്‍പരം വാര്‍ഡുകളിലായി ഒരു ലക്ഷത്തിലേറെ സ്ഥാനാര്‍ഥികള്‍ ഉണ്ടാകും. ബൃഹത്തായ ഇത്തരമൊരു തെരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലെയും ബാലറ്റുപേപ്പറുകള്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് ലഭ്യമാക്കാനും അവര്‍ക്ക് വോട്ട് രേഖപ്പെടുത്താനുമുള്ള സംവിധാനം രണ്ടു മാസംകൊണ്ട് ഏര്‍പ്പെടുത്താന്‍ കഴിയില്ല.

പുതിയ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവയുടെ രൂപവത്കരണത്തിലെ കാലതാമസം മൂലം ഡീലിമിറ്റേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. ഇവിടങ്ങളില്‍ വാര്‍ഡ് വിഭജനവും അതിര്‍ത്തി നിര്‍ണയവും പൂര്‍ത്തിയാക്കി വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ ഡീലിമിറ്റേഷന്‍ കമീഷന്‍െറ ചെയര്‍മാന്‍ കൂടി ആയതിനാല്‍ ഇതുമായി ബന്ധപ്പെട്ട നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. കേരളത്തിലെ 152 ബ്ലോക് പഞ്ചായത്തുകളുടെ കാര്യത്തിലും പ്രാഥമിക വിജ്ഞാപനം മാത്രമാണ് പുറപ്പെടുവിച്ചത്. അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ച് അംഗങ്ങളുടെ എണ്ണം നിശ്ചയിച്ചാലേ ഡീലിമിറ്റേഷന്‍ നടത്താനാകൂ. ഇതിനു ശേഷമാണ് ജില്ലാപഞ്ചായത്ത് ഡിവിഷനുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയവും വോട്ടര്‍പട്ടിക തയാറാക്കലും. ഇതും പൂര്‍ത്തിയാക്കിയ ശേഷമേ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കാനാവൂ. ഈ സാഹചര്യത്തില്‍ ഇ-ബാലറ്റ്/ഇ-വോട്ടിങ് സംവിധാനം ഏര്‍പ്പെടുത്തല്‍ പ്രായോഗികമല്ലന്ന് കത്തില്‍ പറയുന്നു.

പഞ്ചായത്തീരാജ് ആക്ടിന്‍െറ 74, 74എ വകുപ്പുകളും മുനിസിപ്പാലിറ്റി ആക്ടിലെ 130, 130എ വകുപ്പുകളും പ്രകാരം പേപ്പര്‍ ബാലറ്റ് വഴിയോ ഇ.വി.എം വഴിയോ മാത്രമേ വോട്ട് ചെയ്യാനാവൂ. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് വ്യവസ്ഥയും ഉണ്ട്. 1994ലെ കേരള പഞ്ചായത്തീരാജ് ആക്ട്, 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട് എന്നിവയിലും ഇ- ബാലറ്റ്/ ഇ-വോട്ടിങ് അനുവദിച്ച് ഭേദഗതികള്‍ വരുത്തണം. ഭേദഗതി ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്നതിനു മുമ്പ് വിശദമായ ചര്‍ച്ചകളും പരിശോധനകളും ആവശ്യമാണ്. ഈ സന്ദര്‍ഭത്തില്‍ ഇവയൊന്നും പ്രായോഗികമല്ലന്നും കമീഷന്‍ വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment