Flash News

അന്തരിച്ച ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന് പ്രവാസി മലയാളി ഫെഡറേഷന്റെ പ്രണാമം

July 28, 2015 , പ്രവാസി മലയാളി ഫെഡറേഷന്‍

apj-abdul-kalamഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയും, ആണവ ശാസ്ത്രജ്ഞനും ധിഷണാശാലിയായ ഗവേഷകനും എഴുത്തുകാരനും കവിയും തത്വശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ദേഹവിയോഗത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അനുശോചിച്ചു. ജൂലൈ 27-ന് നടന്ന അന്താരാഷ്ട്ര ടെലിഫോണ്‍ കോണ്‍ഫെറന്‍സിലാണ് അനുശോചനമറിയിച്ചത്.

ഇന്ത്യന്‍ ജനതയെ സ്വപ്നങ്ങള്‍ കാണുവാന്‍ പഠിപ്പിക്കുകയും, അവരുടെ പല സ്വപ്നങ്ങളും യാഥാര്‍ഥ്യമാക്കിക്കൊണ്ട് ഭാരതത്തിന്റെ സ്ഥാനം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വാനോളം ഉയര്‍ത്തുകയും ചെയ്ത ഒരു അതുല്യ പ്രതിഭയായിരുന്നു ഡോ. കലാമെന്നും, അദ്ദേഹത്തിന്റെ വിയോഗം ഭാരതത്തിന് ഒരു തീരാനഷ്ടമാണെന്നും ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് അഭിപ്രായപ്പെട്ടു.

പ്രവാസി മലയാളി ഫെഡറേഷന്‍ മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അയച്ച ഡോ. കലാം അനുശോചന പ്രസ്താവന കോണ്‍ഫെറന്‍സില്‍ വായിച്ചു. “രാഷ്ട്രപതിയായിരിക്കെ അദ്ദേഹം ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം 2 മാസത്തിനു മുമ്പ് പത്തനംതിട്ടയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തിരുന്നു. വ്യക്തിപരമായി അദ്ദേഹവുമായി വളരെ അടുപ്പം സൂക്ഷിച്ചിരുന്ന ആളാണ് ഞാന്‍. ഒരുപാടുതവണ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.” കൂടാതെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പുലര്‍ച്ചതന്നെ താന്‍ പുറപ്പെടുകയാണെന്നും തന്റെ പ്രസ്താവനയില്‍ സ്വാമി ഗുരുരത്നം അറിയിച്ചു.

മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ മരണം ഭാരതത്തിന് തീരാ നഷ്ടമാണെന്ന് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കലും, അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ ഭാരതത്തിന് ഒരു യഥാര്‍ഥ പൗരനെയാണ് നഷ്ടമായിരിക്കുന്നതെന്ന് ഗ്ലോബല്‍ അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരിലും പറഞ്ഞു.

ഇന്ത്യയുടെ ഇന്നത്തെ വളര്‍ച്ചയില്‍ പ്രചോദനം നല്‍കിയ വ്യക്തികളില്‍ ഒരാളായിരുന്നു അന്തരിച്ച ഡോ. അബ്ദുള്‍ കലാമെന്ന് ഗ്ലോബല്‍ ഡയറക്ടര്‍ബോര്‍ഡ് മെംബര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ അഭിപ്രായപ്പെട്ടു.

പ്രവാസി മലയാളികളുടെ ഉറ്റതോഴനായിരുന്നു ഡോ. കലാം. ലോകത്തിലെവിടെയായിരുന്നാലും ഭാരതത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കണമെന്ന് അദ്ദേഹം കൂടെക്കൂടെ പറയുമായിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു ഉദ്ധരണി ഇവിടെ ചേര്‍ക്കുന്നു. “I may not be handsome(സുന്ദരന്‍); but I can give my hand to some(കൈസഹായം)” പ്രവാസി മലയാളി ഫെഡറേഷന്‍ അമേരിക്കന്‍ റീജിയണ്‍ സെക്രട്ടറി ജെയിന്‍ മുണ്ടയ്ക്കല്‍ തന്റെ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

ഗ്ലോബല്‍ സെക്രട്ടറി ഷിബി നാരമംഗലത്ത്, ഗ്ലോബല്‍ ട്രഷറര്‍ പി.പി ചെറിയാന്‍, ജി.സി.സി കോര്‍ഡിനേറ്റര്‍ ലത്തീഫ് തെച്ചി, ബഷീര്‍ അമ്പലായി, പി.വൈ ഷമീര്‍ എന്നിവരും അനുശോചനം രേഖപ്പെടുത്തി. കോണ്‍ഫെറന്‍സില്‍ ഗ്ലോബല്‍ ഭാരവാഹികളെ കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്ത് അനുശോചനമറിയിച്ചു. ഓഗസ്റ്റ് 6,7 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന കണ്‍വെന്‍ഷനോടനുബന്ധിച്ച് ഡോ. അബ്ദുള്‍ കലാം അനുസ്മരണം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

PMF LOGO


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top