മേമനെ തൂക്കിക്കൊന്നു, മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കും

yakub_660_032113093148നാഗ്പൂര്‍: ന്യൂദല്‍ഹിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിവരെ നടന്ന തിരക്കിട്ട ചര്‍ച്ചകള്‍ക്കും നിയമനടപടികള്‍ക്കുമൊടുവില്‍ മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ രാവിലെ 6.48ന് തൂക്കിലേറ്റി. മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കും. യാക്കൂബ് മേമന്‍െറ വധശിക്ഷ ഒഴിവാക്കാന്‍ ബുധനാഴ്ച രാത്രി മുതല്‍ വ്യാഴാഴ്ച പുലര്‍ച്ചെ വരെ സുപ്രീംകോടതിയിലും സര്‍ക്കാര്‍ തലത്തിലും മുമ്പൊരിക്കലുമില്ലാത്ത നീക്കങ്ങളാണ് നടന്നത്. മേമന്‍െറ മൃതദേഹം നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഏറ്റുവാങ്ങാന്‍ കുടുംബാംഗങ്ങള്‍ എത്തിയിട്ടുണ്ട്. അല്‍പസമയത്തിനകം നടപടി പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകൊടുക്കും.

മേമന്‍ നല്‍കിയ രണ്ടാം ദയാഹരജിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളുകയും തുടര്‍ന്ന് സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയില്‍ സ്റ്റേ അനുവദിക്കാന്‍ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ സുപ്രീംകോടതി വിസ്സമ്മതിക്കുകയും ചെയ്തതോടെയാണ് നാഗ്പൂര്‍ ജയിലില്‍ വധശിക്ഷക്ക് ഒരുക്കം തുടങ്ങിയത്.

മഹാരാഷ്ട്രയിലെ ടാഡ കോടതി പുറപ്പെടുവിച്ച മരണവാറന്‍റ് സാധുവാണെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ് പുറപ്പെടുവിച്ച വിധി ബുധനാഴ്ച പകല്‍ ദുര്‍ബലപ്പെടുത്തിയിരുന്നു. സുപ്രീംകോടതി വിധിക്ക് തൊട്ടുപിറകെ നാഗ്പുര്‍ ജയിലില്‍നിന്ന് യാക്കൂബ് മേമന്‍ സമര്‍പ്പിച്ച ദയാഹരജി മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും തള്ളി. ബുധനാഴ്ച രാഷ്ട്രപതിക്ക് നല്‍കിയ മറ്റൊരു ദയാഹരജി തുടര്‍നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചെങ്കിലും മന്ത്രാലയം പ്രണബ് മുഖര്‍ജിക്ക് തിരിച്ചയച്ചു. വിധിയെതുടര്‍ന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, അറ്റോര്‍ണി ജനറല്‍, സോളിസിറ്റര്‍ ജനറല്‍ എന്നിവരുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തി. ഇതേതുടര്‍ന്നാണ് രാത്രി വൈകി ദയാഹരജി തള്ളിയതായി രാഷ്ട്രപതിയുടെ പ്രഖ്യാപനമുണ്ടായത്. സുപ്രീംകോടതി വിധിക്കുപിന്നാലെ ദയാഹരജിയില്‍ തിരക്കിട്ട് തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതി എതിരായിരുന്നെന്നാണ് വിവരം. അദ്ദേഹത്തിന് വിധിപ്പകര്‍പ്പ് കിട്ടിയിരുന്നുമില്ല. തുടര്‍ന്നാണ് സര്‍ക്കാറിന്‍െറ അഭിപ്രായംതേടി രാഷ്ട്രപതി ദയാഹരജി ആഭ്യന്തരമന്ത്രാലയത്തിലേക്ക് അയച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര സെക്രട്ടറി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ചര്‍ച്ച നടത്തിയശേഷമാണ് രാജ്നാഥ് രാഷ്ട്രപതിയെ കണ്ടത്. കൂടിക്കാഴ്ചക്കുശേഷം രാഷ്ട്രപതി ദയാഹരജി തള്ളിയതോടെ വധശിക്ഷ നടപ്പാക്കാന്‍ സാഹചര്യമൊരുങ്ങി. മരണവാറന്‍റ് നാഗ്പുര്‍ ജയിലിലേക്ക് അയച്ചതോടെ ശിക്ഷ നടപ്പാക്കുന്നതിന്‍െറ അവസാന നടപടിക്കും തുടക്കമായി. ജയില്‍പരിസരത്ത് 144 പ്രഖ്യാപിച്ചു. അതിനിടെ, മണിക്കൂറുകള്‍കൊണ്ട് ദയാഹരജിയില്‍ രാഷ്ട്രപതി തീരുമാനമെടുത്തത് ചോദ്യംചെയ്ത് പ്രശാന്ത് ഭൂഷണും ഇന്ദിര ജയ്സിങ്ങുമടക്കം മുതിര്‍ന്ന അഭിഭാഷകര്‍ അര്‍ധരാത്രിയോടെ വീണ്ടും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിനെ സമീപിക്കുകയായിരുന്നു. ദയാഹരജി തള്ളിയാല്‍ ശിക്ഷ നടപ്പാക്കാന്‍ 14 ദിവസം സാവകാശം അനുവദിക്കേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള മൂന്നംഗബെഞ്ച് പുലര്‍ച്ചെ 3.20ന് ചേര്‍ന്നാണ് സ്റ്റേ ആവശ്യം തള്ളിയത്.

yakub-relatives-1_647_073015092757
Yakub’s body was sent for an autopsy by a medical team from a Nagpur government hospital.
Print Friendly, PDF & Email

Leave a Comment