Flash News

അരമനരഹസ്യം അങ്ങാടിപ്പാട്ട്…. “ആ വധശിക്ഷ അന്യായമോ?”

July 31, 2015 , സ്വന്തം ലേഖകന്‍

aramanna2257 മനുഷ്യജീവനുകള്‍ അതിക്രൂരമായി ഒടുങ്ങിപ്പോയ മുംബൈ ഭീകരാക്രമണകേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിക്കൊന്നത് ഇന്ത്യയിലും വിദേശത്തും വ്യത്യസ്ത പ്രതികരണങ്ങളാണുണ്ടാക്കിയത്. നീതിന്യായരംഗത്തെയും രാഷ്ട്രീയമേഖലയിലെയും മനുഷ്യാവകാശരംഗത്തെയും പ്രമുഖര്‍ വധശിക്ഷക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കഡ്ജു, കെ.ടി തോമസ്, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, ശശി തരൂര്‍ എം.പി തുടങ്ങി നിരവധി പേര്‍. വിദേശമാധ്യമങ്ങളില്‍ വധശിക്ഷക്കെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളുണ്ട്. മേമന്‍ കുറ്റവാളിയല്ല എന്ന് ആരും പറയുന്നില്ല. അയാള്‍ തന്നെ, സുപ്രീംകോടതിക്കും രാഷ്ട്രപതിക്കും നല്‍കിയ ദയാഹര്‍ജികളില്‍ താന്‍ നിരപരാധിയാണ് എന്ന് അവകാശപ്പെടുന്നില്ല. മാത്രമല്ല, മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് യാക്കൂബ് മേമന്‍െറ പങ്ക് തെളിയിക്കുന്ന വസ്തുതകള്‍ അന്വേഷിച്ച് കണ്ടത്തെിയിട്ടുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് മേമനുവേണ്ടി വിവേകമതികളായ മനുഷ്യര്‍ ശബ്ദമുയര്‍ത്തുന്നു. അതിന് യുക്തിസഹമായ നിരവധി കാരണങ്ങളുണ്ട്.

കുറ്റവാളിക്ക് വധശിക്ഷ നല്‍കുന്നത് ലോകരാജ്യങ്ങളില്‍ പലതും നിര്‍ത്തലാക്കിക്കൊണ്ടിരിക്കുകയാണ്. വ്യക്തി നടത്തുന്ന കുറ്റകൃത്യത്തിന് അതേനാണയത്തില്‍, പ്രതികാരമനോഭാവത്തോടെ നീതിന്യായവ്യവസ്ഥയും നല്‍കുന്ന മറുപടിയായാണ് വധശിക്ഷയെ കണക്കാക്കുന്നത്. വധശിക്ഷ നിയമപരിരക്ഷയോടെയുള്ള കൊലപാതകമാണെന്നാണ് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് പറയുന്നത്. കുറ്റവാളിയെ വീണ്ടും ഒരു മനുഷ്യനാക്കി മാറ്റാനുള്ള സാധ്യതയുണ്ടെങ്കില്‍ അത് ഉപയോഗപ്പെടുത്തുകയാണ് യഥാര്‍ഥത്തില്‍ ശിക്ഷയിലൂടെ നീതിന്യായവ്യവസ്ഥ ചെയ്യേണ്ടത്. അതിനുപകരം കുറ്റവാളിയത്തെന്നെ ഇല്ലാതാക്കുന്നത് മാനവികതക്കുനേരെയുള്ള കടന്നാക്രമണമാണെന്ന് വധശിക്ഷ നിരോധിക്കണം എന്ന് ആവശ്യപ്പെടുന്നവര്‍ വാദിക്കുന്നു. കൂടാതെ, 2007ല്‍ ഐകരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ളിയില്‍ വധശിക്ഷക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്ന പ്രമേയത്തില്‍ ഇന്ത്യയും ഒപ്പുവെച്ചിരുന്നു. 2012ലും വിഷയത്തില്‍ യു.എന്‍. പാസാക്കിയ പ്രമേയത്തില്‍ ഇന്ത്യ ഒപ്പുവെച്ചിരുന്നു.

യാക്കൂബ് മേമന്‍െറ കേസിലേക്ക് വന്നാലോ? മുംബൈ സ്ഫോടനക്കേസിലെ പ്രധാന പ്രതിയല്ല യാക്കൂബ് മേമന്‍. ജ്യേഷ്ഠന്‍ ടൈഗര്‍ മേമനും ദാവൂദ് ഇബ്രാഹിമുമാണ് മുഖ്യപ്രതികള്‍. സ്ഫോടനം നടത്തിയ സംഘത്തിലെ അംഗമല്ല യാക്കൂബ്. യാക്കൂബ് മേമന്‍ ബോംബ് നിര്‍മിച്ചതായോ അത് നഗരമധ്യത്തില്‍ വച്ചതായോ കേസില്ല. ഇത് ചെയ്തവരുടെ പട്ടികയിലെ പത്തുപേരുടെയും വധശിക്ഷ ജീവപര്യന്തമായി. സ്ഫോടനത്തിനുവേണ്ട ഫണ്ട് കൈകാര്യം ചെയ്യാന്‍ മുംബൈയിലെ തന്‍െറ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് സ്ഥാപനം ദുരുപയോഗപ്പെടുത്തി എന്നതാണ് യാക്കൂബിനെതിരായ പ്രധാന ആരോപണം. ഈ കേസില്‍ യാക്കൂബിനേക്കാള്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട നിരവധി പ്രതികള്‍ ജീവപര്യന്തവും അതിലും ചെറിയ ശിക്ഷകളാലും രക്ഷപ്പെട്ടിട്ടുണ്ട്. യാക്കൂബിനുമാത്രം തൂക്കുമരം.

മറ്റൊരു പ്രധാനപ്പെട്ട കാര്യം; യാക്കൂബ് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ച് കീഴടങ്ങിയ കുറ്റവാളിയാണ് എന്നതാണ്. ഇത്, അന്നത്തെ അന്വേഷണസംഘത്തിന് നേതൃത്വം നല്‍കിയ റോയുടെ തലവന്‍ ബി. രാമന്‍ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. അതുകൊണ്ട് മേമനെ തൂക്കിക്കൊല്ലാന്‍ പാടില്ലെന്നും രാമന്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ അന്വേഷണസംഘത്തിന്‍െറ ഉറപ്പ് വിശ്വസിച്ചാണ് യാകൂബ് മേമനും കുടുംബവും ഇന്ത്യയിലേക്ക് മടങ്ങി കേസുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ നല്‍കിയത്. സ്ഫോടനത്തിലെ പാകിസ്ഥാന്‍റെ പങ്ക് സംബന്ധിച്ച വളരെ വിലപ്പെട്ട തെളിവുകള്‍ മേമന്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറിയിരുന്നു. മേമന്‍ സഹോദരന്മാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വമുണ്ടാവുക ഇന്ത്യയിലായിരിക്കുമെന്ന് ഉറപ്പുനല്‍കിയാണ് ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് എന്ന് മുംബൈ സ്ഫോടനക്കേസ് അന്വേഷിച്ച സി.ബി.ഐ പ്രത്യേക സംഘത്തലവന്‍ ശാന്തനു സെന്‍ കഴിഞ്ഞദിവസം പറഞ്ഞത് ഓര്‍ക്കുക. കീഴടങ്ങുകയും ടൈഗര്‍ മേമന്‍, ദാവൂദ് ഇബ്രാഹിം എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും ചെയ്താല്‍ യാക്കൂബ് മേമന് ശിക്ഷയില്‍ ഇളവ് നല്‍കുമെന്ന് സി.ബി.ഐ ഉറപ്പുനല്‍കിയിരുന്നു. ഇന്‍റലിജന്‍സ് ബ്യൂറോയും രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യും മേമന്‍ കുടുംബവുമായി നിരന്തരം ബന്ധപ്പെടുകയും അവര്‍ക്ക് ഇന്ത്യയില്‍ നീതി ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. രണ്ടു സഹോദരന്മാരെയും മറ്റു കുടുംബാംഗങ്ങളെയും ഇന്ത്യയിലെത്തിക്കാന്‍ യാക്കൂബ് സഹകരിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ യാക്കൂബ് മേമനോട് ചെയ്തത് കടുത്ത അനീതിയും വാഗ്ദാനലംഘനവും കൂടിയാകുന്നു. മാത്രമല്ല, ജയിലായിരിക്കുമ്പോള്‍ തികച്ചും മാനസാന്തരപ്പെട്ട ഒരാളായിരുന്നു യാക്കൂബ് മേമന്‍. ജീവപര്യന്തം ശിക്ഷാകാലത്തിനേക്കാള്‍ കൂടുതല്‍ മേമന്‍ ജയില്‍വാസമനുഭവിച്ചു. ജയിലില്‍വച്ച് പഠിക്കുകയും രണ്ട് ബിരുദാനന്തരബിരുദം നേടുകയും ചെയ്തു. സഹതടവുകാരെ പഠിപ്പിച്ചു. എന്നാല്‍, ടൈഗര്‍ മേമന്‍ അടക്കമുള്ള പ്രതികള്‍ ഇപ്പോഴും ഭീകരരായി കഴിയുന്നു. ഒരു വ്യക്തി, അയാള്‍ കുറ്റവാളിയാകട്ടെ, ഇല്ലാതാക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിക്കപ്പെടേണ്ടതല്ലേ?

ഇനി, യാക്കൂബിന്‍െറ കേസില്‍ നിയമപരമായ നിരവധി പാളിച്ചകള്‍ സംഭവിച്ചതായി കേസ് പരിഗണിച്ച സുപ്രീംകോടതി ജഡ്ജി അടക്കമുള്ളവര്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വധശിക്ഷ സുപ്രീംകോടതിയുടെ ഏതെങ്കിലും ബെഞ്ച് വിധിക്കുകയോ ശരിവെക്കുകയോ ചെയ്താല്‍ സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാരും ചേര്‍ന്ന് അത് പരിഗണിക്കണം എന്ന് ഉപേന്ദ്രബക്ഷിയെപ്പോലുള്ള മുതിര്‍ന്ന നീതിന്യായവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അവരില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ വധശിക്ഷ നടപ്പാക്കാവൂ.

യാക്കൂബ് മേമന്‍െറ കാര്യത്തിലുണ്ടായ ചില പാളിച്ചകള്‍ നോക്കുക. അന്തിമവിധിക്കെതിരെ പ്രതിക്ക് റിവ്യു പെറ്റീഷനും അതിനുമേലെയുള്ള ക്യുറേറ്റിവ് (തിരുത്തല്‍) പെറ്റീഷനും നല്‍കാം. ക്യുറേറ്റീവ് പെറ്റീഷന്‍, റിവ്യു പെറ്റീഷന്‍ കേട്ട ജഡ്ജിമാര്‍ (ലഭ്യമാണെങ്കില്‍) കൂടിയുള്‍പ്പെട്ട ബെഞ്ചാണ് പരിഗണിക്കേണ്ടത്. ഇവിടെ യാക്കൂബ് മേമന്റെ ക്യുറേറ്റിവ് പെറ്റീഷന്‍ വന്നപ്പോള്‍ ആ ബെഞ്ചില്‍നിന്ന് റിവ്യു പെറ്റീഷന്‍ കേട്ട ജഡ്ജിമാര്‍ ഒഴിവാക്കപ്പെട്ടു. എന്തുകൊണ്ട്? യാക്കൂബ് മേമന്‍ പ്രതിയായത് ആറു സഹകുറ്റവാളികളുടെ കുറ്റസമ്മതമൊഴി പ്രകാരമാണ്. ആ മൊഴിയില്‍നിന്ന് കോടതി പ്രക്രിയക്കിടയില്‍ അഞ്ചുപേരും പിന്‍വാങ്ങി. കോടതി അത് പരിഗണിച്ചില്ല. നിയമനടപടി തുടരമ്പോള്‍ മരണവാറണ്ട് നല്‍കാന്‍ പാടില്ല എന്ന വ്യവസ്ഥ യാക്കൂബ് മേമന്‍െറ കാര്യത്തില്‍ ലംഘിക്കപ്പെട്ടു. മേമന്‍െറ ഹര്‍ജികള്‍ രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും സുപ്രീംകോടതിയുടെയും പരിഗണനയിലിരിക്കത്തെന്നെ, മേമന് മരണവാറണ്ട് നല്‍കി. ഏപ്രില്‍ 30ന് മരണവാറണ്ട് പുറപ്പെടുവിച്ചുകഴിഞ്ഞാണ് ദയാഹര്‍ജി അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമായത്.

ജൂലൈ 21ന് ക്യുറേറ്റീവ് പെറ്റീഷന്‍ സുപ്രീംകോടതിക്ക് മുമ്പാകെ വരുന്നു എന്നറിഞ്ഞിട്ടും അതിനുമുമ്പ് പുറപ്പെടുവിച്ച മരണവാറണ്ട് റദ്ദാക്കിയില്ല. യാക്കൂബ് മേമന് മുമ്പേ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിരവധി പേര്‍ ജയിലിലുണ്ട്. ഇവരുടെയൊന്നും കാര്യത്തിലില്ലാത്ത ഒരുതരം ധൃതി ഇക്കാര്യത്തിലുണ്ടായി എന്ന് സംശയിക്കണം. ദീര്‍ഘകാലം ജയിലില്‍ കിടന്നതിന്റെ പേരില്‍ ചിലരുടെ വധശിക്ഷ ഇളവുചെയ്യുക. എന്നിട്ട് അതിനേക്കാള്‍ കൂടുതല്‍ കാലം ജയിലില്‍ കിടന്നവര്‍ക്ക് വധശിക്ഷ നല്‍കുക. ഇത് യഥാര്‍ഥത്തില്‍ നീതിയാണോ?

ഇനി ഇത്ര തന്നെ ഭീകരമായ മറ്റു കേസുകളുടെ അവസ്ഥയെന്താണ്? രണ്ടായിരത്തോളം പേരെ കത്തിച്ചുകൊന്ന ഗുജറാത്ത് കലാപത്തിലെ പ്രതികള്‍ ഇപ്പോഴും പൊതുസമൂഹത്തില്‍ മാന്യന്മാരായി കഴിയുന്നു. ഇന്ദിരഗാന്ധി വധത്തത്തെുടര്‍ന്ന് സിഖുകാരെ കൂട്ടക്കോല ചെയ്തവരും മാന്യന്മാരായി ജീവിക്കുന്നു. മേമന്‍ പ്രതിയായ മുംബൈ സ്ഫോടനക്കേസിന് കാരണമായ 1992ലെ മുംബൈ വര്‍ഗീയകലാപത്തിലെ പ്രതികള്‍ സംഘപരിവാര്‍- ശിവസേനാ നേതാക്കളായിരുന്നു. ആരും ശിക്ഷിക്കപ്പെട്ടില്ല. ’92 ഡിസംബറിലാണ് മുംബൈയില്‍ വര്‍ഗീയലഹള പൊട്ടിപ്പുറപ്പെട്ടത്. 900 പേര്‍ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് 1993 മാര്‍ച്ചില്‍ നഗരത്തിലെ 12 പ്രധാന കേന്ദ്രങ്ങളില്‍ സ്ഫോടന പരമ്പര നടന്നത്. മുസ്ലിംകള്‍ പള്ളിയില്‍ പോയ വെള്ളിയാഴ്ച ഉച്ചക്കായിരുന്നു ഇത്. കലാപത്തിനുള്ള പ്രതികാരമായാണ് സ്ഫോടന പരമ്പരയെന്നാണ് കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ കമീഷന്‍െറ കണ്ടെത്തല്‍. കലാപം ആസൂത്രിതമായിരുന്നെന്നാണ് കണ്ടെത്തല്‍. മുസ്ലിംകളായിരുന്നു ലക്ഷ്യം. പൊലീസ് മുസ്ലിം വിരോധികളായ കലാപകാരികളോട് കൂറുകാട്ടിയെന്നും ശിവസേന തലവന്‍ ബാല്‍ താക്കറെ പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’യിലൂടെ കലാപാഗ്നി ആളിക്കത്തിച്ചെന്നുമാണ് ശ്രീകൃഷ്ണ കമീഷന്‍െറ കണ്ടെത്തല്‍. എന്നാല്‍, കലാപാനന്തരം 1995ല്‍ അധികാരത്തിലേറിയ ശിവസേന-ബി.ജെ.പി സഖ്യ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തള്ളി. കലാപത്തില്‍ 575 മുസ്ലിംകളാണ് കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ കേസെടുത്തെങ്കിലും മൂന്ന് കേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ശിവസേന എം.പിയായിരുന്ന മധുകര്‍ സര്‍പോദാറാണ് ശിക്ഷിക്കപ്പെട്ട പ്രമുഖന്‍. ഒരു വര്‍ഷത്തെ തടവായിരുന്നു ശിക്ഷ. എന്നാല്‍, ജാമ്യം നേടിയ അദ്ദേഹം മരിക്കുന്നതുവരെ ജയില്‍ കണ്ടിട്ടില്ല.

ബിജെപിയുടെ മുന്‍ എംഎല്‍എ ആയ മായാകോഡ്നാനി, രാജീവ്ഗാന്ധി വധക്കേസിലെ ഏഴു പ്രതികള്‍, ദേവേന്ദര്‍സിങ് ഭുള്ളര്‍, ബല്‍വന്ത്സിങ് രാജ്മാ തുടങ്ങി നിരവധിപേര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരായുണ്ട്. ഈ ശിക്ഷകളൊന്നും നടപ്പാകുന്നില്ല. മാത്രമല്ല, ചിലതെല്ലാം ജീവപര്യന്തമായി ചുരുങ്ങി. നിരവധി പേര്‍ കൊല്ലപ്പെട്ട മലേഗാവ്, മൊഡോസ, സംത്സോധാ എക്സ്പ്രസ്, മക്കാ മസ്ജിദ്, അജ്മീര്‍ ദര്‍ഗ ഷരീഫ് സ്ഫോടനങ്ങളില്‍ അന്വേഷണം ഇപ്പോള്‍ എവിടെയാണ്? ആര്‍ക്കും അറിയില്ല. ഈ കേസുകളിലെല്ലാം സംഘ്പരിവാര്‍ ബന്ധമുള്ളവരാണ് പ്രതികള്‍. ഇന്ദ്രേഷ് കുമാര്‍ എന്ന ആര്‍എസ്എസ് നേതാവ് മുതല്‍ പ്രജ്ഞാസിങ് ഠാക്കൂര്‍ എന്ന സന്യാസിനിവരെ. അപ്പോള്‍, നമ്മുടെ കോടതികളില്‍നിന്ന് മുസ്ലിംകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന ധാരണ യാക്കൂബ് മേമന്‍െറ വധശിക്ഷയോടെ ബലപ്പെട്ടുവെന്ന സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍െറ അഭിപ്രായം ശരിയാണെന്നുവരുന്നു. അദ്ദേഹത്തിന്‍െറ വാദം ഇതാണ്: “2004ന് ശേഷം മൂന്നുപേരാണ് തൂക്കിലേറ്റപ്പെട്ടത്. പാക് പൗരന്‍ അജ്മല്‍ കസബിനെ മാറ്റിനിര്‍ത്താം. മറ്റ് രണ്ടുപേരും അഫ്സല്‍ ഗുരുവും യാക്കൂബ് മേമനും മുസ്ലിം വിഭാഗത്തില്‍നിന്നുള്ളവരാണ്. ഇതോടെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ മുസ്ലിംകള്‍ ഇരട്ടനീതിയുടെ ഇരകളാക്കപ്പെടുകയാണെന്ന് തോന്നലാണ് ഉണ്ടായിട്ടുള്ളത്. മേമന്‍െറ ദയാഹരജിയില്‍ കോടതിയെ വിധി മറികടക്കാന്‍ ആര്‍ടിക്ള്‍ 72 പ്രകാരം രാഷ്ട്രപതിക്കുള്ള പ്രത്യേക അധികാരം പ്രണബ് മുഖര്‍ജി ഉപയോഗിക്കണമായിരുന്നു. അതുണ്ടാകാതെ പോയത് ദൗര്‍ഭാഗ്യകരമായിപ്പോയി. വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ഹരജികളില്‍ സുപ്രീംകോടതി വിപരീത വിധികളാണ് നല്‍കിയിട്ടുള്ളത്. ജഡ്ജിമാരുടെ വ്യക്തിപരമായ നിലപാടുകളാണ് വിധിയില്‍ പ്രതിഫലിക്കുന്നത്. രാജീവ് ഗാന്ധി വധക്കേസില്‍ മൂന്നു പേരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ചുരുക്കി. മറ്റൊരു സ്ഫോടന കേസിലെ പ്രതി ദേവീന്ദര്‍പാല്‍ സിങ് ഭുള്ളറുടെ വധശിക്ഷയും ജീവപര്യന്തമാക്കി. രണ്ടു കേസിലും വധശിക്ഷ ഒഴിവായതിന് പിന്നില്‍ തമിഴ്നാട്ടില്‍നിന്നും പഞ്ചാബില്‍നിന്നുമുള്ള ശക്തമായ രാഷ്ട്രീയ സമ്മര്‍ദമുണ്ടായിട്ടുണ്ട്. ഭീകര കേസുകളിലെ പ്രതികളുടെ കാര്യത്തില്‍ ബി.ജെ.പിയും ശിവസേനയും കാണിക്കുന്ന ചോരക്കൊതി പക്ഷപാതപരമാണ്. അജ്മീര്‍, മാലേഗാവ്, സംഝോത എക്സ്‌പ്രസ് സ്ഫോടന കേസുകളുടെ അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. ഈ കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ പോയിട്ട്, അവര്‍ കുറ്റക്കാരെന്ന് വിധിക്കുന്ന കാര്യം പോലും സംശയത്തിലാണ്.”

യാക്കൂബ് മേമന്‍െറ വധശിക്ഷ ഇത്തരം നിരവധി സംശയങ്ങളുണ്ടാക്കുന്നു. ഭാവിയില്‍ ഒരു കുറ്റവാളിയെ തൂക്കിലേറ്റും മുമ്പ് ഇത്തരം വിവേകവാദങ്ങള്‍ കൂടി നീതിപീഠത്തിന്‍െറ ദൃഷ്ടിയില്‍ വരുമെന്ന് പ്രത്യാശിക്കുകമാത്രമേ മാര്‍ഗമുള്ളൂ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top