ആലപ്പുഴയില്‍ 40 പേര്‍ സഞ്ചരിച്ച ഹൗസ്ബോട്ട് മുങ്ങി

1438372580boatആലപ്പുഴ: പുന്നമടക്കായലില്‍ ഡോക്ക് ചിറക്ക് സമീപം ഹൗസ്ബോട്ട് മുങ്ങി. കരയോട് ചേര്‍ന്നായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. പുലിക്കാട്ടില്‍ ഗ്രൂപ്പില്‍പ്പെട്ട ആറ് ബെഡ്റൂമും കോണ്‍ഫറന്‍സ് ഹാളുമുള്ള അപ്പര്‍ഡെക്ക് ഹൗസ്ബോട്ടാണ് മുങ്ങിയത്. ഹൗസ്ബോട്ടില്‍ 12 സ്ത്രീകളും നാലുകുട്ടികളും ഉള്‍പ്പെടെ 40 യാത്രക്കാര്‍ ഉണ്ടായിരുന്നു. കണ്ണൂര്‍, തൊടുപുഴ, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍നിന്നുള്ളവരായിരുന്നു യാത്രക്കാര്‍.

രാവിലെ തുടങ്ങിയ യാത്ര അവസാനിച്ച് വൈകുന്നേരം ഹൗസ്ബോട്ട് കരയോട് ചേര്‍ക്കുന്ന സമയത്താണ് സംഭവം. കരക്ക് അടുപ്പിക്കാനുള്ള ശ്രമത്തിനിടെ തിരിക്കുമ്പോള്‍ വെള്ളത്തില്‍ മുങ്ങിനിന്ന മരക്കുറ്റിയില്‍ തട്ടി അടിത്തട്ടിലെ പലക അടര്‍ന്നുപോയി. പെട്ടെന്ന് വെള്ളം വള്ളത്തിലേക്ക് ഇരച്ചുകയറിത്തുടങ്ങി. വളരെ കുറച്ചുസമയത്തിനുള്ളില്‍ താഴത്തെ നില വെള്ളം നിറഞ്ഞു.

യാത്രക്കാര്‍ കൂടുതലും അപ്പര്‍ ഡെക്കിലായിരുന്നതുമൂലമാണ് ദുരന്തം ഒഴിവായത്. താഴെ മുറികളില്‍ സൂക്ഷിച്ചിരുന്ന പലരുടെയും ലഗേജുകള്‍ എടുക്കാന്‍ കഴിയാതെ വെള്ളത്തില്‍ ഒഴുകി നഷ്ടപ്പെട്ടു. പരിസരത്ത് താമസിക്കുന്ന മായ എന്ന യുവതി ചെറിയ വള്ളത്തില്‍ എത്തി കുട്ടികളെയും മറ്റും സാഹസികമായി രക്ഷപ്പെടുത്തി. തുടര്‍ന്ന് പരിസരത്തുണ്ടായിരുന്ന മറ്റ് ഹൗസ്ബോട്ടുകളിലെ ജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തിനത്തെി. ഫയര്‍ഫോഴ്സ് സംഘവും പൊലീസും സ്ഥലത്ത് എത്തിയിരുന്നു.

Print Friendly, PDF & Email

Leave a Comment