എ.ടി.എം തട്ടിപ്പ്: പണം കവര്‍ന്ന സ്ത്രീയുടെ ചിത്രം ലഭിച്ചു

atm-fraudകൊല്ലം: എ.ടി.എമ്മില്‍ നിന്ന് കശുവണ്ടിത്തൊഴിലാളിയായ സ്ത്രീയുടെ 39,000 രൂപ നഷ്ടപ്പെട്ട സംഭവത്തില്‍ തട്ടിപ്പ് നടത്തിയ സ്ത്രീയുടെ ചിത്രം പൊലീസിന് ലഭിച്ചു. അവസാനം തട്ടിപ്പ് നടത്തിയ കൊട്ടാരക്കര ചന്തമുക്കിലെ എസ്.ബി.ഐ എ.ടി.എമ്മിലെ കാമറയില്‍ നിന്നാണ് ചിത്രം ലഭിച്ചത്.

20 വയസ്സ് തോന്നിക്കുന്ന യുവതിയാണ് തട്ടിപ്പിനു പിന്നില്‍. മാന്യമായി വസ്ത്രം ധരിച്ച് എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ എത്തുന്ന ഇവര്‍ കാര്‍ഡ് ഉപയോഗിക്കാനറിയാത്തവരെയാണ് ഇരയാക്കുന്നത്. സഹായിക്കാന്‍ എത്തി അവരില്‍ നിന്ന് രഹസ്യകോഡ് മനസ്സിലാക്കി പണം പിന്‍വലിച്ചശേഷം കാര്‍ഡ് മാറി സ്ഥലം വിടും. ഇത് ഉപയോഗിച്ച് മറ്റൊരു ബാങ്കില്‍നിന്ന് ഇവരുടെ അക്കൗണ്ടിലെ മുഴുവന്‍ തുകയും പിന്‍വലിക്കും. അതിനുശേഷം കാര്‍ഡ് മറ്റൊരാള്‍ക്ക് നല്‍കി അവരുടെ കാര്‍ഡ് സ്വന്തമാക്കും. തട്ടിപ്പിനിരയായ ആളുടെ കാര്‍ഡിലെ അഡ്രസ് തേടി എത്തുമ്പോഴാണ് അവരുടെ കൈയിലുള്ളത് മറ്റൊരാളിന്‍േറതാണെന്ന് തിരിച്ചറിയുന്നത്. ഇതിനകം നിരവധിപേര്‍ക്ക് ഇത്തരത്തില്‍ തുക നഷ്ടപ്പെട്ടിട്ടുണ്ട്. എ.ടി.എമ്മുകളില്‍ ഏറെനേരം ചെലവഴിക്കുന്ന യുവതി പണമെടുക്കാനത്തെുന്ന വയോധികരോട് സഹായം ആവശ്യമുണ്ടോ എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ജൂലൈ 31ന് കോട്ടാത്തല സത്യ നിവാസില്‍ സരള (58) തന്‍െറ ബാങ്ക് അക്കൗണ്ടിലുള്ള 60,000 രൂപയില്‍നിന്ന് 20,000 രൂപ കൊട്ടാരക്കര ചന്തമുക്കിലെ എസ്.ബി.ഐ ബ്രാഞ്ചിലത്തെി പിന്‍വലിച്ചു. ബാങ്കില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ 1,000 രൂപയുടെകൂടി ആവശ്യം വന്നു. ഈ തുക എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിക്കാന്‍ ബാങ്ക് അധികൃതര്‍ നിര്‍ദേശിച്ചു. സമീപത്തെ എ.ടി.എമ്മില്‍ കാര്‍ഡ് ഉപയോഗിക്കാന്‍ അറിയാതെ പതറിയ സരളക്ക് സഹായ വാഗ്ദാനവുമായി ഒരു യുവതി എത്തി. ഇവര്‍ പാസ്‌വേഡ് ചോദിച്ചറിഞ്ഞ് എ.ടി.എമ്മില്‍നിന്ന് 1,000 രൂപ എടുത്തുനല്‍കി. പുറത്തിറങ്ങിയ യുവതി സ്ഥലംവിട്ടു. തന്‍െറ അക്കൗണ്ടില്‍നിന്ന് 1,000 രൂപ വീണ്ടും എടുത്തത് പാസ്ബുക്കില്‍ പതിപ്പിക്കാന്‍ ബാങ്കില്‍ എത്തിയപ്പോഴാണ് 39,000 രൂപകൂടി നഷ്ടപ്പെട്ടത് സരള അറിഞ്ഞത്.

സമീപത്തെ എസ്.ബി.ടി എ.ടി.എമ്മില്‍നിന്ന് രണ്ടുതവണ പണം പിന്‍വലിച്ചതായി ബാങ്കുകാര്‍ കണ്ടത്തെി. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ എ.ടി.എം കാര്‍ഡ് പരിശോധിച്ചപ്പോഴാണ് കൈവശമുള്ളത് മറ്റൊന്നാണെന്ന് മനസ്സിലായത്. ഇവര്‍ക്ക് ലഭിച്ചത് ചവറ സ്വദേശിനിയുടെ കാര്‍ഡായിരുന്നു. ചവറ സ്വദേശിനിയും ഇത്തരത്തില്‍ തട്ടിപ്പിനിരയായതായി കണ്ടത്തെി. ഇവര്‍ക്ക് ലഭിച്ചത് മുകുന്ദപുരം സ്വദേശിനി നിസയുടെ കാര്‍ഡായിരുന്നു. നിസക്ക് കരുനാഗപ്പള്ളി സ്വദേശി അമ്മിണിയുടെ കാര്‍ഡും. അങ്കണവാടി അധ്യാപികയായ തൊടിയൂര്‍ സ്വദേശി ഗിരിജയുടെയും കൊട്ടാരക്കര സ്വദേശി ചന്ദ്രമതിയുടെയും കാര്‍ഡുകള്‍ നഷ്ടപ്പെട്ടവരുടെ പട്ടികയിലുണ്ട്. ചന്ദ്രമതിക്ക് ലഭിച്ചത് അശോകന്‍ എന്നയാളുടെ കാര്‍ഡാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment