Flash News

യു.ഡി.എഫ് സര്‍ക്കാറിനെതിരായ പ്രതിഷേധ വോട്ടില്‍ ഒരു വിഭാഗം ബി.ജെ.പിക്ക് നേടാന്‍ കഴിഞ്ഞു: കോടിയേരി

August 17, 2015 , സ്വന്തം ലേഖകന്‍

KODIYERI_BALAKRISHNA_30814eതിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സര്‍ക്കാറിനെതിരായ പ്രതിഷേധ വോട്ടില്‍ ഒരു വിഭാഗം ബി.ജെ.പിക്ക് നേടാന്‍ കഴിഞ്ഞുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പിക്കെതിരായ പ്രചാരണത്തില്‍ കൂടുതല്‍ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല. അതില്‍ വീഴ്ച പറ്റി. ബി.ജെ.പി സര്‍വ സന്നാഹത്തോടെ അണിനിരന്നു. ഉമ്മന്‍ ചാണ്ടി അവരെ എല്ലാവിധത്തിലും പ്രോത്സാഹിപ്പിച്ചു. മത്സരം യു.ഡി.എഫും ബി.ജെ.പിയുമായാണെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന ബി.ജെ.പിയെ സഹായിക്കുന്നതായി. ബി.ജെ.പിയെയും യു.ഡി.എഫിനെയും മുഖ്യകക്ഷിയാക്കുകയായിരുന്നു തന്ത്രം. പക്ഷേ, അത് വിജയിച്ചില്ലന്നും സംസ്ഥാന സമിതിയുടെ തീരുമാനം വിശദീകരിച്ച് കോടിയേരി പറഞ്ഞു.

സാമുദായികബോധം പ്രചരിപ്പിക്കുന്ന നേതാക്കളെ മതബോധം സൃഷ്ടിക്കാനായി കേന്ദ്രഭരണത്തിന്‍െറ സ്വാധീനത്തില്‍ ബി.ജെ.പി ഉപയോഗിക്കുകയാണ്. ദേശീയ തലത്തില്‍ ആര്‍.എസ്.എസ് തയാറാക്കിയ പദ്ധതി പ്രകാരമാണിത്. കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ ആപത്കരമായി പ്രവര്‍ത്തിക്കുന്ന സ്ഥിതിയുണ്ട്. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നശേഷം ഹിന്ദുത്വ ശക്തികള്‍ വെല്ലുവിളി ഉയര്‍ത്തുന്നു. ഇതിനെതിരെ ന്യൂനപക്ഷ വര്‍ഗീയതയും ശക്തിപ്പെടുന്നു. ഇവ രണ്ടിനുമെതിരെ ശക്തമായ പ്രചാരണം സംഘടിപ്പിക്കും. ഇതിനായി മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന സംഘടനകളെ പരമാവധി യോജിപ്പിക്കും. ഉദാരവത്കരണ നയങ്ങള്‍ക്കും വര്‍ഗീയതക്കും എതിരായും അധികാര വികേന്ദ്രീകരണത്തിന് അനുകൂലമായും പ്രചാരണം സംഘടിപ്പിക്കും. സെപ്റ്റംബര്‍ 15 നുള്ളില്‍ അതത് ജില്ലകളിലെ പഠന ഗവേഷണ കേന്ദ്രങ്ങള്‍ വര്‍ഗീയവിരുദ്ധ സെമിനാര്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം അഡ്മിനിസ്ട്രേറ്റര്‍മാരെ ഏല്‍പ്പിക്കുകയും യു.ഡി.എഫ് താല്‍പര്യ പ്രകാരം വാര്‍ഡ് വിഭജിച്ച് തെരഞ്ഞെടുപ്പില്‍ കൃത്രിമ ഭൂരിപക്ഷം സൃഷ്ടിക്കുകയുമാണ് സര്‍ക്കാര്‍ ശ്രമം. ഇതിനെതിരെ ആഗസ്റ്റ് 20ന് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ ഓഫിസ് ധര്‍ണ ശക്തമാക്കും. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. ഓണക്കാലമായിട്ടും വിപണിയില്‍ ഇടപെടാന്‍ കഴിയുന്നില്ല. ബാര്‍ കേസില്‍ സുപ്രീംകോടതിയില്‍ അറ്റോണി ജനറല്‍ ഹാജരായത് ബാര്‍ ഉടമകളും ഉമ്മന്‍ ചാണ്ടിയും തമ്മിലെ ഒത്തുകളിക്ക് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top