പറവൂര്‍ ഭരതന്‍ അന്തരിച്ചു; സംസ്കാരം നാളെ രാവിലെ 10ന്

aaപറവൂര്‍: ചലച്ചിത്രനടന്‍ പറവൂര്‍ ഭരതന്‍ (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെ 6.30ഓടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നാടകരംഗത്തിലൂടെ സിനിമയിലേക്ക് എത്തിയ പറവൂര്‍ ഭരതന്‍ 250ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്കാരം നാളെ രാവിലെ പത്തിന് വീട്ടുവളപ്പില്‍. പൊതുദര്‍ശനം ഇന്ന്: വാവക്കാട് എസ്.എന്‍.ഡി.പി ഹാള്‍ (2.30), പറവൂര്‍ (4.00).

എറണാകുളം നോര്‍ത്ത് പറവൂരിനടുത്ത് വാവക്കാട് എന്ന സ്ഥത്ത് 1929ലായിരുന്നു പറവൂര്‍ ഭരതന്റെ ജനനം. സ്‌കൂള്‍ ജീവിതം മുതല്‍ നാടകം മനസില്‍ കൊണ്ടുനടന്ന അദ്ദേഹം അമെച്വര്‍ നാടക രംഗത്ത് സജീവമായിരുന്നു. അവിടെ നിന്നു പ്രൊഫഷണല്‍ നാടകരംഗത്തേക്ക് കടന്ന ഭരതന്‍ നാടക രംഗത്ത് ശക്തമായ വേഷങ്ങള്‍ ചെയ്‌ത് ശ്രദ്ധേയമായി. അവിടെ നിന്നാണ് മലയാള സിനിമയിലേക്ക് അദ്ദേഹം പ്രവേശിച്ചത്. 1951 ല്‍ രക്തബന്ധം എന്ന മലയാള ചിത്രത്തിലൂടെ സിനിമ ജീവിതത്തിലേക്ക് പ്രവേശിച്ചു. ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യുബോഴും നാടകത്തില്‍ സജീവമായി തുടരുകയും ചെയ്‌തു.

1964 ല്‍ എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത കറുത്തകൈയിലെ മുഴുനീള വില്ലന്‍ വേഷമായിരുന്നു പറവൂര്‍ ഭരതനെന്ന നടന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായത്. ചെറുതും വലുതുമായ ഏത് വേഷവും മികച്ചതാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതോടെ പില്‍ക്കാലത്ത് ഏറെ വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഹാസ്യനടനായും, വില്ലനായും, സ്വഭാവനടനായുമൊക്കെ പറവൂര്‍ ഭരതനെന്ന നടന്‍ വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങി.

അള്‍ത്താര, സ്കൂള്‍മാസ്റര്‍, ഗോഡ്ഫാദര്‍, പട്ടണപ്രവേശം, കുറുക്കന്റെ കല്യാണം, ഹിസ്ഹൈനസ് അബ്ദുളള, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ഇന്‍ഹരിഹര്‍നഗര്‍, മാനത്തെ കൊട്ടാരം, മഴവില്‍ക്കാവടി, തലയണമന്ത്രം എന്നിങ്ങനെ മലയാള ചലച്ചിത്രാസ്വാദകന്റെ മനസില്‍ തങ്ങി നില്‍ക്കുന്ന ഒട്ടനവധി വേഷങ്ങള്‍ പറവൂര്‍ ഭരതന്‍ അഭ്രപാളിയില്‍ പകര്‍ന്നാടി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment