ബാര്‍ കോഴ: മാണിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

mani-sitrതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണിക്കെതിരായി കൂടുതല്‍ തെളിവുകള്‍ പുറത്ത്. കോഴയിടപാട് നടന്ന ദിവസങ്ങളില്‍ മാണി ബാറുടമകളെ വിളിച്ചതിന് ശാസ്ത്രീയ തെളിവുണ്ടെന്ന് വിജിലന്‍സിന്റെ വസ്തുതാ വിവര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മാണിക്ക് കോഴ കൈമാറിയെന്ന് ആരോപിക്കുന്ന ദിവസം ബാറുടമകളെ വിളിച്ചതിന്റെ തെളിവുകളാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാണിയുടെ പേഴ്‌സണല്‍ സ്റ്റാഫ് സിബിയുടെ നമ്പറില്‍ നിന്നും ബാറുടമ പോളക്കുളം കൃഷ്ണദാസിനെ വിളിച്ചതായും കോഴയിടപാട് നടന്ന ദിവസങ്ങളില്‍ മാണിയും ബാറുടമകളും ഒരേ ടവര്‍ ലൊക്കേഷനിലായിരുന്നുവെന്ന് വസ്തുതാവിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാര്‍ കോഴക്കേസില്‍ ബാര്‍ ഉടമ രാജ്കുമാര്‍ ഉണ്ണി വിജിലന്‍സിന് നല്‍കിയതില്‍ പകുതിയലധികവും നുണകളെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണസംഘം ശാസ്ത്രീയമായി നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. ഉണ്ണിയുടെ മൊഴികളിലും വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഡിസംബര്‍ 31ലെ ബാറുടമകളുടെ യോഗത്തിന്റെ കാര്യവും ഉണ്ണി മറച്ച് വച്ചു. രണ്ട്മാസം കഴിഞ്ഞ് നല്‍കിയ മൊഴിയില്‍ യോഗം നടന്നെന്ന് പറയുകയും ചെയ്തു. കണക്കുകളുടെ കാര്യത്തിലും ഉണ്ണി തെറ്റായ മൊഴിയാണ് നല്‍കിയത്. ധനമന്ത്രി കെ.എം മാണിക്ക് കോഴ നല്‍കിയ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് രാജ്കുമാര്‍ ഉണ്ണിയെന്ന് ബിജു രമേശ് ആരോപണം ഉന്നയിച്ചിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News