ജെയ്സാല്‍മര്‍ : ബിഹാറില്‍ നാല് വിമാനത്താവളങ്ങള്‍ സ്ഥാപിക്കാന്‍ 27 ബില്ല്യന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് നേട്ടങ്ങളേക്കാള്‍ കോട്ടങ്ങളായിരിക്കുമെന്ന് നിരീക്ഷകര്‍. അവികസിതമായ പ്രദേശങ്ങളില്‍ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്നത് ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കുമെന്നതിന് ഉദാഹരണമാണ് ജെയ്സാല്‍മര്‍ വിമാനത്താവളം. കാലത്തിനൊത്ത് അടിസ്ഥാന സൗകര്യങ്ങളിലും മാറ്റം വരണം. ജനങ്ങള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിയെന്ന് പല സര്‍ക്കാരുകളും വീമ്പ് പറയുമ്പോള്‍ അവ എല്ലാവര്ക്കും പ്രയോജനപ്പെടുത്താനാവുമോയെന്നും പരിശോധിക്കണം. അല്ലെങ്കില്‍ അവ ഉപയോഗിക്കാന്‍ കഴിയാതെ നഷ്ടമായിപ്പോകും. അത്തരത്തില്‍ നഷ്ടമായിപ്പോയ ഒരു സംരംഭം ഇന്ത്യയിലുണ്ട്.
വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലെ ജെയ്സാല്‍മര്‍ വിമാനത്താവളമാണ് ആര്‍ക്കും വേണ്ടാതെ പാഴായിപ്പോയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 17 മില്ല്യന്‍ ഡോളര്‍ ചെലവാക്കി കൊട്ടിഘോഷിച്ചാണ് വിമാനത്താവളം നിര്‍മ്മിച്ചത്. ഇത് ഒരു പ്രാവശ്യം പോലും തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല. എപ്പോഴെങ്കിലും പ്രവര്‍ത്തിക്കുമോ എന്ന കാര്യത്തിലും നിശ്ചയമില്ല. മനുഷ്യര്‍ക്കു പകരം ഇവിടെയുള്ളത് പട്ടിയും പ്രാവുമൊക്കെയാണ്. അവ ഇവിടെ നിര്‍ബാധം വിഹരിക്കുന്നുമുണ്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വാണിജ്യ വ്യവസായങ്ങളുടെ പുരോഗതി ലക്ഷ്യമാക്കി നിര്‍മ്മിച്ച വിമാനത്താവളമാണ് ഇത്. പുരോഗമനം തൊട്ടുതീണ്ടാത്ത ഒറ്റപ്പെട്ട പ്രദേശത്താണ് വിമാനത്താവളം. ഇതുതന്നെയാണ് വിമാനത്താവളത്തിന് വിനയായതും. 180 സീറ്റുള്ള വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയുന്നതാണ് ഈ വിമാനത്താവളം.