അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നാരായണീയ സപ്താഹം ശനീശ്വര ക്ഷേത്രത്തില്‍ പുരോഗമിക്കുന്നു

sAPTHAHAM 4ന്യൂയോര്‍ക്ക്: അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ ക്വീന്‍സ് വില്ലേജിലുള്ള ശനീശ്വര ക്ഷേത്രത്തില്‍ ഓഗസ്റ്റ് 16 ഞായറാഴ്ച സ്വാമി ഉദിത് ചൈതന്യജിയുടെ കാര്‍മ്മികത്വത്തിൽ നാരായണീയം ആയുരാരോഗ്യ സപ്താഹം സമാരംഭിച്ചു.

താലപ്പൊലിയുടെ അകമ്പടിയോടെയും, ഭക്തജനങ്ങളുടെ നാരായണ നാമ ജപത്തോടെയും ശനീശ്വര ക്ഷേത്ര കവാടത്തില്‍ നിന്ന് സ്വാമി ഉദിത് ചൈതന്യജിയെ എതിരേറ്റ് ഉള്ളിലേക്കാനയിച്ചു. സ്വാമി ഉദിത് ചൈതന്യജി യജ്ഞശാലയില്‍ ഭദ്രദീപം തെളിയിച്ചുകൊണ്ട്‌ സപ്താഹം ഉദ്ഘാടനം ചെയ്തു. ഈ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മലയാളി ഹിന്ദു മണ്ഡലം പ്രസിഡന്റ് ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി, നാരായണീയത്തിലെ ഏതാനും ശ്ലോകങ്ങള്‍ ശ്രുതി മധുരമായി ആലപിച്ചു.

അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ശ്രീ ഗോപിനാഥ് കുറുപ്പ് ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും, സ്വാമിജിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചാദരിക്കുകയുണ്ടായി. യജ്ഞപൌരാണികരായ ബാലകൃഷ്ണന്‍ നായരെ ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ കുന്നപ്പള്ളില്‍ രാജഗോപാലും (പബ്ലിക് റിലേഷന്‍സ്), ജയപ്രകാശ് നായരെ ജനറല്‍ സെക്രട്ടറി സജി കരുണാകരനും, പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി.

സ്വാമി ഉദിത് ചൈതന്യജി വിജ്ഞാനപ്രദമായ നീണ്ട ഒരു പ്രഭാഷണം ചെയ്ത് ഭക്തജനങ്ങളെ വേദാന്തത്തിന്റെ ഉത്തുംഗതയിലേക്ക് എത്തിക്കുകയുണ്ടായി. തുടര്‍ന്ന് ബാംഗ്ലൂരില്‍ നിന്നുള്ള നാട്യാ സ്റ്റെം ഇന്‍സ്റ്റിറ്റ്യൂ ട്ട് മനോഹരമായി കഥക് നൃത്തരൂപത്തില്‍ രാധാകൃഷ്ണ നൃത്തം അവതരിപ്പിച്ചു. നായര്‍ ബനവലന്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് രഘുവരന്‍ നായര്‍ ആണ് ഈ ട്രൂപ്പിന്റെ പരിപാടി സംഘടിപ്പിക്കുവാന്‍ വേണ്ട സഹായസഹകരണം ചെയ്തു തന്നത്.

ശനീശ്വര ക്ഷേത്രത്തിന്റെ പ്രസിഡന്റ് ശ്രീമതി രൂപാ ശ്രീധര്‍, കഥക് നൃത്തത്തില്‍ പങ്കെടുത്ത കലാകാരന്മാരെ പൊന്നാട അണിയിച്ച് അനുമോദിക്കുകയുണ്ടായി. തുടര്‍ന്നു് അയ്യപ്പ സേവാ സംഘം പ്രത്യേക പാരിതോഷികം കലാകാരന്മാര്‍ക്ക് നല്‍കുകയുണ്ടായി.

എല്ലാ ദിവസവും യജ്ഞപൌരാണികരുടെ നേതൃത്വത്തില്‍ നാരായണീയ പാരായണം മൂന്നു മണിമുതല്‍ നടന്നുവരുന്നു. പാരായണം ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ക്കെല്ലാം അവസരം കൊടുത്തുകൊണ്ടാണ് സപ്താഹം പുരോഗമിക്കുന്നത്. അവശേഷിക്കുന്ന ദിവസങ്ങളില്‍ പാരായണത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 3 മണിക്ക് തന്നെ എത്തിച്ചേരണം എന്ന് അറിയിക്കുന്നു.

അഞ്ചാം ദിവസമായ വെള്ളിയാഴ്ച്ച ഓഗസ്റ്റ് 21-ന് വൈകിട്ട് 3 മണി മുതല്‍ 5 മണി വരെ കുട്ടികള്‍ക്കായി വേദാന്ത ക്ലാസ്സുകളും ചോദ്യോത്തര പംക്തികളും, പുരാണേതിഹാസങ്ങളില്‍ അഗാധമായ ജ്ഞാനമുള്ള വ്യക്തികളും സ്വാമി ഉദിത് ചൈതന്യജിയും ക്ലാസുകള്‍ പ്രത്യേകം പ്രത്യേകം എടുക്കുന്നതാണ്. കുട്ടികളെ ഇതില്‍ പങ്കെടുപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സമാപന ദിവസം സുപ്രസിദ്ധ ഗായകന്‍ മനോജ്‌ കൈപ്പിള്ളി നയിക്കുന്ന ഭക്തിഗാന മേള ഉണ്ടായിരിക്കുന്നതാണ്. അമേരിക്കയില്‍ വളരെ അപൂര്‍വമായി സിദ്ധിക്കുന്ന ഇതുപോലെയുള്ള സുവര്‍ണാവസരം പ്രയോജനപ്പെടുത്തണമെന്ന് ജനറല്‍ സെക്രട്ടറി സജി കരുണാകരന്‍ അഭ്യര്‍ത്ഥിച്ചു.

രാജേശ്വരി രാജഗോപാല്‍, താമര രാജീവ്, മഹിമയുടെ മുന്‍ പ്രസിഡന്റ് ബാഹുലേയന്‍ രാഘവന്‍, ശ്രീനാരായണ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കെ.ജി. സഹൃദയന്‍, ഭാരതി പണിക്കര്‍, മുരളീധരന്‍ നായര്‍, കലാ സതീഷ്, സുധാകരന്‍ പിള്ള, വിജയകുമാര്‍ നായര്‍, സുശീലാമ്മ പിള്ള എന്നിവര്‍ സപ്താഹത്തിന്റെ സമ്പൂര്‍ണ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

യജ്ഞപൗരാണികന്‍ കൂടിയായ ജയപ്രകാശ് നായര്‍ സദസ്സിന് നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് പ്രസാദവിതരണത്തോടെ ഉദ്ഘാടന പരിപാടികള്‍ സമംഗളം പര്യവസാനിച്ചു.

SAPTHAHAM 1 SAPTHAHAM 2 sAPTHAHAM 5 sAPTHAHAM 6 sAPTHAHAM 7 sAPTHAHAM 8

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment