ചേര്‍ത്തലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കാറുകളില്‍ ഇടിച്ച് മറിഞ്ഞ് യുവദമ്പതികള്‍ അടക്കം നാലുപേര്‍ മരിച്ചു

all

ആലപ്പുഴ: ചേര്‍ത്തല മായിത്തറക്ക് സമീപം ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കാറുകളില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് നാലുപേര്‍ മരിച്ചു. കാറില്‍ സഞ്ചരിച്ച കുവൈത്തില്‍ ഇലക്ട്രീഷ്യനായ പാണ്ടനാട് നെടുംപറമ്പില്‍ അനീഷ് എബ്രഹാം (32), ഭാര്യ ബിപിന (25), കാര്‍ ഓടിച്ച കുടുംബസുഹൃത്ത് ചെങ്ങന്നൂര്‍ പാണ്ടനാട് കീഴ്വഞ്ചേരി പനച്ചിമൂട്ടില്‍ തുണ്ടിയില്‍ പി.എ. ചെറിയാന്‍െറ ഏക മകന്‍ മനു എബ്രഹാം (38), ബസ് യാത്രക്കാരി ആലപ്പുഴ ഇന്ദിരാ ജങ്ഷന്‍ രശ്മി ഭവനില്‍ കനകമ്മ (55)എന്നിവരാണ് മരിച്ചത്. 27 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 11.30നാണ് അപകടം.

ആലപ്പുഴയില്‍ നിന്ന് കുത്തിയതോട്ടിലേക്ക് പോയ ചേര്‍ത്തല ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസും നെടുമ്പാശ്ശേരിയില്‍നിന്ന് ചെങ്ങന്നൂരിലേക്ക് പോയ കാറുമാണ് അപകടത്തില്‍പെട്ടത്. ഇടറോഡില്‍ നിന്ന് അശ്രദ്ധമായി ദേശീയപാതയില്‍ കയറിയ ബൈക്കുകാരനെ രക്ഷിക്കാനുള്ള കാറുകാരന്‍െറ ശ്രമമാണ് അപകടത്തിന് ഇടയാക്കിയത്. ബൈക്കില്‍ ഇടിക്കുന്നത് ഒഴിവാക്കാന്‍ വെട്ടിച്ചപ്പോള്‍ പിന്നാലെ എത്തിയ ബസ് കാറില്‍ ഇടിച്ചു. ഇതിനിടയില്‍ ബസിന്‍െറ മുന്‍ ടയര്‍ പഞ്ചറായി. നിയന്ത്രണം വിട്ട ബസ് എതിരെ വന്ന മാരുതി ആള്‍ട്ടോ കാറുമായി കൂട്ടിയിടിച്ചു. ബസിനും സമീപത്തെ മതിലിനും ഇടയില്‍ പെട്ട് കാര്‍ ഞെരിഞ്ഞമര്‍ന്നു. ബസ് മറിയുകയും ചെയ്തു.

കാറില്‍ ഉണ്ടായിരുന്ന യുവദമ്പതികളുടെ പിതാവ് കുഞ്ഞുമോന്‍ എന്ന എബ്രഹാം, അനീഷിന്‍െറ മാതൃസഹോദരി പുത്രന്‍ മഞ്ഞനിക്കര സ്വദേശി സോജന്‍ പി. സാമുവല്‍ എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. പാണ്ടനാട് പറമ്പത്തൂര്‍പടി വാലയില്‍ വീട്ടില്‍ ബേബിയുടെ മകളാണ് ബിപിന. രണ്ടുവര്‍ഷം മുമ്പായിരുന്നു വിവാഹം. അഞ്ചുവര്‍ഷമായി അനീഷ് കുവൈത്തിലാണ്. ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് വന്ന അനീഷിനെ ബിപിനയും മറ്റും കൂട്ടിക്കൊണ്ടുവരുകയായിരുന്നു. മനു എബ്രഹാമിന്‍െറ ഉടമസ്ഥതയിലുള്ളതാണ് കാര്‍. മനുവിന്‍െറ ഭാര്യ പുറമറ്റം കാരക്കാംപൊയ്കയില്‍ കുടുംബാംഗം രാജി സൗദിയില്‍ നഴ്സാണ്. മക്കള്‍: രുഹിമ, റിയാന.

alapuzha accident

Print Friendly, PDF & Email

Leave a Comment