ജനങ്ങളെ കരയിച്ച് സവാള വില കുതിക്കുന്നു

images (1)തിരുവനന്തപുരം: സവാള വില ഉപഭോക്താക്കളെ കരയിപ്പിക്കുന്നു. കേരളത്തില്‍ കഴിഞ്ഞയാഴ്ച മൊത്ത വില 38 രൂപയായിരുന്നത് 60 രൂപയായി ഉയര്‍ന്നു. ചില്ലറ വില്‍പന വില 50 രൂപയില്‍ നിന്ന് 65 ആയി.

ചെറിയ ഉള്ളിയുടെ വിലിയില്‍ വലിയ മാറ്റമില്ല. മൊത്ത വില കിലോക്ക് 30-35 രൂപയും ചില്ലറ വില 40 രൂപയുമാണ്. ഉഴുന്നിന് കിലോക്ക് 118 രൂപയില്‍ നിന്ന് 126 ലത്തെി. മുളക് വില ഏഴ് രൂപ വര്‍ധിച്ച് 117 ആയി. പഞ്ചസാര 26 രൂപയില്‍ നിന്ന് 29 ആയി. മല്ലിക്ക് 137ല്‍ നിന്ന് 145 രൂപയായി വിലകയറി. പയറിനും വെളിച്ചെണ്ണക്കും കാര്യമായ വര്‍ധനയില്ല. നിലവില്‍ നേരിയ വര്‍ധന മാത്രമേ പച്ചക്കറികളില്‍ വന്നിട്ടുള്ളൂ.

ഡല്‍ഹിയില്‍ ഒരു കിലോ ഉള്ളിയുടെ ചില്ലറ വില വ്യാഴാഴ്ച 80 രൂപയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഉള്ളി മൊത്ത വിപണന കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസികില്‍ ക്വിന്‍റലിന് 4900 രൂപയായി ഉയര്‍ന്നു. വ്യാഴാഴ്ച ഒരു ദിവസം മാത്രം 400 രൂപയാണ് കൂടിയത്. മൊത്ത വിപണിയില്‍ രണ്ടു വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോഴത്തേത്. വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന.

ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ വിളനാശമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണം. ഉല്‍പാദനം കുറയുകയും വിളവെടുപ്പ് വൈകുകയും ചെയ്തു. സാധാരണ നിലയില്‍ ജൂലൈ മാസത്തില്‍ വിപണിയില്‍ എത്തേണ്ട ഉള്ളിയുടെ പകുതി മാത്രമാണ് എത്തിയതെന്ന് വ്യാപാരികള്‍ പറയുന്നു. മഴ കുറഞ്ഞതിനാല്‍ മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് അടുത്ത മാസങ്ങളില്‍ വിപണിയിലെത്തേണ്ട ഉള്ളിയുടെ അളവിലും കുറവുണ്ടാകും. അങ്ങനെ സംഭവിച്ചാല്‍ വിലക്കയറ്റം രൂക്ഷമാകും. വിലക്കയറ്റം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 10,000 ടണ്‍ ഇറക്കുമതി ചെയ്യും.

Print Friendly, PDF & Email

Leave a Comment