Flash News

വി.എസിന്റെ കെയറോഫില്‍ അല്ല പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ജി. സുധാകരന്‍

August 25, 2015 , സ്വന്തം ലേഖകന്‍

g_sudhakaranആലപ്പുഴ: കുടുംബവീടിന് അടുത്തുള്ള പുന്നപ്ര പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വികസന പദ്ധതി ഉദ്ഘാടന ചടങ്ങില്‍ വി.എസ്. അച്യുതാനന്ദന്‍ പങ്കെടുക്കാത്തതിനെതിരെ ജി. സുധാകരന്‍ എം.എല്‍.എയുടെ രൂക്ഷവിമര്‍ശനം. തിങ്കളാഴ്ച രാവിലെ 10നായിരുന്നു ഉദ്ഘാടന ചടങ്ങ്. എം.എല്‍.എ ഫണ്ടില്‍നിന്ന് ഒരുകോടി ചെലവഴിച്ച് നിര്‍മിച്ച സ്കൂള്‍ ബ്ലോക്കിന്റെ ഉദ്ഘാടനമായിരുന്നു. ഈ സമയം വിളിപ്പാടകലെയുള്ള വീട്ടില്‍ വി.എസ് ഉണ്ടായിരുന്നു. പഠിച്ച വിദ്യാലയം കൂടിയായതിനാല്‍ വി.എസ് എത്തുമെന്നായിരുന്നു പ്രചാരണം. എന്നാല്‍, വി.എസ് ചടങ്ങില്‍ എത്തില്ലന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചു. ഇതാണ് സുധാകരനെ പ്രകോപിപ്പിച്ചത്.

വി.എസിന്‍െറ കെയറോഫില്‍ അല്ല താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയതെന്ന തുടക്കത്തോടെയാണ് സുധാകരന്‍ പറഞ്ഞുതുടങ്ങിയത്. വി.എസിന് ആത്മബന്ധമുള്ള സ്കൂളായതിനാല്‍ ഗുരുത്വം കാരണമാണ് പ്രതിപക്ഷനേതാവിനെ ക്ഷണിച്ചത്. ഒരാഴ്ചമുമ്പ് അദ്ദേഹം വരില്ലന്ന് അറിയിച്ചു. ഈ ഭാഗത്തുള്ള ഒരാളാണ് വി.എസിനെ വരാതിരിക്കാന്‍ പ്രേരിപ്പിച്ചത്. പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റത്തിന് വി.എസിന്‍െറ കാലുതിരുമ്മാന്‍ പോയ ആളല്ല താന്‍. ഇനി വി.എസ് വിചാരിച്ചാലൊന്നും പ്രമോഷന്‍ കിട്ടുകയുമില്ല.

വി.എസിന് മുന്നില്‍ കൊതിയും നുണയും ഏഷണിയും പറയാന്‍ ഞാന്‍ പോയിട്ടില്ല. ഇതൊക്കെ പറഞ്ഞതിന്‍െറ പേരില്‍ എന്നെ തോല്‍പിക്കാന്‍ ശ്രമിച്ചാലും വിഷമമില്ല. തെരഞ്ഞെടുപ്പില്‍ നില്‍ക്കണമോയെന്ന് തീരുമാനിച്ചിട്ടില്ല. അതൊക്കെ പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. വി.എസിനെ ആക്ഷേപിക്കാനോ അനാദരിക്കാനോ ചീത്തവിളിക്കാനോ ഒന്നും പോയിട്ടില്ല. പാര്‍ട്ടി സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ നടന്നപ്പോള്‍ സംഘാടക സമിതിയുടെ ചുമതല നന്നായി നിറവേറ്റി. അപ്പോഴൊന്നും ഞാന്‍ വി.എസിനെ മോശപ്പെടുത്തിയിട്ടില്ല. ഇത്തരം വിഷയങ്ങള്‍ ഇല്ലാതിരുന്ന കാലത്തും വി.എസിന്റെ വാര്‍ഡില്‍ പാര്‍ട്ടി 300 വോട്ടിന് തോറ്റിട്ടുണ്ട്. അന്ന് എന്‍െറ വാര്‍ഡില്‍ പാര്‍ട്ടി 200 വോട്ടിന് ജയിച്ചിട്ടേയുള്ളൂ.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍പിക്കാനായിരിക്കും ചിലരുടെ ആഗ്രഹം. നേതാവിന്‍െറ ഇഷ്ടാനിഷ്ടങ്ങള്‍ നടക്കട്ടെ -സുധാകരന്‍ തുടര്‍ന്നു. തോറ്റാലും ഒരു വിഷമവുമില്ല. വി.എസ് വലിയ നേതാവാണ്. ഇ.എം.എസ് കഴിഞ്ഞാല്‍ ഏറെ ബഹുമാന്യനായ നേതാവ്. അദ്ദേഹത്തോട് സ്നേഹവും ബഹുമാനവും എന്നുമുണ്ട്. വി.എസിന് താല്‍പര്യമില്ലന്ന് കരുതി ആത്മഹത്യക്കൊന്നും താനില്ല. വി.എസിന്‍െറ സമയം നോക്കിയാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്. എന്നിട്ടും വന്നില്ല. വി.എസിന്‍െറ വീടിന്റെ മുന്നിലുള്ള റോഡിന്‍െറ കരാറുകാരന്‍ എന്തൊക്കെയാണ് കാണിച്ചത്. അയാള്‍ ഇപ്പോള്‍ ആ മതില്‍ക്കെട്ടിന് അകത്തുകാണും.

അയാള്‍ എന്നെ സമീപിക്കുകയോ ക്ഷണിക്കുകയോ ചെയ്തോവെന്ന് നിങ്ങള്‍ ചോദിച്ചോ എന്നായിരുന്നു വി.എസിന്‍െറ പ്രതികരണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top