പട്ടേല്‍ സം‌വരണം; ഗുജറാത്തില്‍ അക്രമങ്ങള്‍ പടരുന്നു

curഅഹമ്മദാബാദ്: പട്ടേല്‍ സമുദായക സംവരണം വേണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തില്‍ നടത്തുന്ന പ്രതിഷേധത്തില്‍ വിവിധ ഇടങ്ങളില്‍ അക്രമം റിപ്പോര്‍ട്ട് ചെയ്തു. ഇതിനെ തുടര്‍ന്ന് അഹമ്മദാബാദിലെയും സൂറത്തിലെയും ഒന്‍പത് പൊലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മാത്രമല്ല സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി 5,000 കേന്ദ്ര സൈനികരെ വിന്യസിച്ചു .

സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായ ബന്ദിന് ഹര്‍ദീക് പട്ടേല്‍ ആഹ്വാനം ചെയ്തു. അഹമ്മദാബാദിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് സമാധാനം കൊണ്ടുവരാന്‍ എല്ലാ ശ്രമവും നടത്തുമെന്നു ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ പറഞ്ഞു. പ്രകടനക്കാരും ദലിത് വിഭാഗക്കാരും തമ്മില്‍ നഗരത്തില്‍ പലയിടത്തും സംഘട്ടനവുമുണ്ടായി.

പൊലീസുമായും പ്രകടനക്കാര്‍ ഏറ്റുമുട്ടി. പൊലീസ് ചില സ്ഥലങ്ങളില്‍ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തിയിരുന്നു. എന്നാല്‍ അക്രമങ്ങളില്‍ നിന്നു പിന്മാറണമെന്നു പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഹര്‍ദീക് പട്ടേല്‍ പറഞ്ഞു. സംഘട്ടനങ്ങളുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ഹര്‍ദീക് പട്ടേലിനെ അറസ്‌റ്റ് ചെയ്തെങ്കിലും ഇന്നലെ തന്നെ വിട്ടയച്ചു. ഹര്‍ദീക് പട്ടേലിനെ അറസ്‌റ്റ് ചെയ്തതിനു പിന്നാലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളി‍ല്‍ പ്രവര്‍ത്തകര്‍ അക്രമാസക്‌തരായി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment