ചില ഓണ വിഭവങ്ങള്‍

സാമ്പാര്‍

ആവശ്യമുള്ള സാധനങ്ങള്‍:

സവാള – രണ്ടെണ്ണം (നാലായിമുറിച്ചത്)
ഉരുളക്കിഴങ്ങ് – രണ്ട് (കഷണങ്ങളാക്കിയത്)
തക്കാളി -രണ്ടെണ്ണം- (നാലായി പിളര്‍ത്തിയത്)
വെണ്ടയ്ക്ക – നാലെണ്ണം -(കഷണങ്ങളാക്കിയത്)
മുരിങ്ങയ്ക്ക – രണ്ടെണ്ണം – (കഷണങ്ങാക്കിയത്)
വഴുതനങ്ങ – രണ്ടെണ്ണം – (കഷണങ്ങാക്കിയത്)
കുമ്പളങ്ങ / മത്തങ്ങ – 250ഗ്രാം (കഷണങ്ങളാക്കിയത്)
സാമ്പാര്‍ പരിപ്പ് – അര കപ്പ്
പച്ചമുളക് – അഞ്ചെണ്ണം (നെടുകെ പിളര്‍ന്നത്) കറിവേപ്പില – രണ്ടു തണ്ട് ഉപ്പ് പാകത്തിന് സാമ്പാര്‍പൊടി –
നാല് സ്പൂണ്‍ കായപ്പൊടി – ഒരു നുള്ള്
വാളന്‍പുളി – പാകത്തിന്
മഞ്ഞള്‍പൊടി – അര സ്പൂണ്‍
മല്ലിയില – രണ്ടു തണ്ട്
കടുക് – 25ഗ്രാം
വറ്റല്‍ മുളക് – രണ്ടെണ്ണം

പാകം ചെയ്യുന്ന വിധം:

പരിപ്പ്, പച്ചമുളക്, മഞ്ഞള്‍ എന്നിവ ചേര്‍ത്ത്നന്നായി വേവിക്കുക. ഇതിലേയ്ക്ക് വഴുതനങ്ങ, മുരിങ്ങയ്ക്ക, കുമ്പളങ്ങ എന്നിവ ഇടുക. കഷണങ്ങള്‍ നന്നായി വെന്തു കഴിയുമ്പോള്‍ തക്കാളിയും വെണ്ടക്കയും ചേര്‍ക്കുക.

ഒപ്പം പാകത്തിന് പുളി പിഴിഞ്ഞതും ചേര്‍ക്കുക. നന്നായി തിളച്ചു കഴിയുമ്പോള്‍ സാമ്പാര്‍ പൊടിയും കായവും ചേര്‍ക്കുക. പാകത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. മല്ലിയില ചേര്‍ത്ത് അടുപ്പില്‍ നിന്നു വാങ്ങാം. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേയ്ക്കു കടുക്, ചെറിയ ഉള്ളി, രണ്ട് വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ഇട്ട് താളിക്കുക. ഇത് കറിയിലേയ്ക്കു ചേര്‍ക്കുക..

അവിയല്‍

ആവശ്യമുള്ള സാധനങ്ങള്‍:

ചേന – 100ഗ്രാം
വെള്ളരിക്ക – 100ഗ്രാം
അച്ചിങ്ങ – 100ഗ്രാം
കാരറ്റ് – 100ഗ്രാം
മുരിങ്ങക്കായ – നാലെണ്ണം
കോവയ്ക്ക – 100ഗ്രാം
മാങ്ങ – ഒന്ന്
തേങ്ങ – ഒന്ന്
കറിവേപ്പില – രണ്ട് സ്പൂണ്‍
പച്ചമുളക് – 50ഗ്രാം
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ -പാകത്തിന്

പാകം ചെയ്യുന്ന വിധം:

പച്ചക്കറികള്‍ നീളത്തില്‍ അരിയുക. പച്ച മുളക്, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിയ്ക്കുക. അല്പം വെളിച്ചെണ്ണ തൂകി വേവിക്കുക. പച്ചക്കറികള്‍ വെന്തശേഷം അതിലേയ്ക്കു നീളത്തില്‍ അരിഞ്ഞ മാങ്ങ ചേര്‍ക്കുക. (മാങ്ങയ്ക്കു പകരം പുളിയുള്ള തൈര് ഉപയോഗിക്കാം) മാങ്ങ വെന്ത ശേഷം ജീരകവും പച്ചമുളകും ചേര്‍ത്ത് തേങ്ങ അരച്ച് ചേര്‍ക്കുക. തേങ്ങ അധികം അരയരുത്. അരപ്പ് നന്നായി ചേര്‍ത്തിളക്കി ഒന്നു തിളപ്പിച്ച ശേഷം അതിലേയ്ക്കു വെളിച്ചെണ്ണയും കറി വേപ്പിലയും ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങാം.

കാളന്‍

ആവശ്യമുള്ള സാധനങ്ങള്‍:

തൈര് -നാല് കപ്പ്
ചേന -250ഗ്രാം-ചെറിയ കഷണങ്ങളാക്കിയത്
ഏത്തപ്പഴം – ഒരെണ്ണം- ചെറിയ കഷണങ്ങളാക്കിയത്
പച്ചമുളക് – അഞ്ചെണ്ണം -നെടുകെ പിളര്‍ന്നത്
തേങ്ങ – ഒരെണ്ണം
ജീരകം – ഒരു നുള്ള്
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കറിവേപ്പില – രണ്ടില
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
കടുക് – ഒരു സ്പൂണ്‍
വറ്റല്‍ മുളക് – രണ്ടെണ്ണം കഷണങ്ങളാക്കിയത്
ഉലുവ – അര സ്പൂണ്‍

പാകം ചെയ്യുന്ന വിധം:
ചേന, ഏത്തപ്പഴം, പച്ചമുളക്, എന്നിവ മഞ്ഞള്‍പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് അല്പം വെള്ളത്തില്‍ വേവിക്കുക. അധികം വെള്ളം ചേര്‍ക്കാതെ തേങ്ങ ജീരകവും പച്ചമുളകും ചേര്‍ത്ത് നന്നായി അരക്കുക. കഷണങ്ങള്‍ വെന്തു വരുമ്പോള്‍ തേങ്ങ അരച്ചത് ചേര്‍ത്ത് ഇളക്കുക. അരപ്പ് നന്നായി തിളക്കുമ്പോള്‍ അതിലേക്കു തൈര് ഒഴിക്കുക. ഒന്നു കുറുകുന്നതുവരെ നന്നായി ഇളക്കിയ ശേഷം അടുപ്പില്‍ നിന്നും ഇറക്കി വയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുമ്പോള്‍ കടുക്, ഒരു നുള്ള് ജീരകം, ഉലുവ, രണ്ട് വറ്റല്‍ മുളക് , കറിവേപ്പില എന്നിവ ഇട്ട് താളിക്കുക. ഇത് കറിയിലേയ്ക്കു ചേര്‍ക്കുക. കുറിപ്പ് : ചേനയ്ക്കു പകരം പൈനാപ്പിളും ഉപയോഗിക്കാം.

ഓലന്‍

ആവശ്യമുള്ള സാധനങ്ങള്‍:

കുമ്പളങ്ങ(ചെറുതായി അരിഞ്ഞത്) – 300ഗ്രാം
പച്ചമുളക് -അഞ്ചെണ്ണം
വെളിച്ചെണ്ണ – പാകത്തിന്
തേങ്ങ – ഒരു മുറി
ഉപ്പ് – പാകത്തിന്
കറിവേപ്പില – രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം:

കുമ്പളങ്ങ അരിഞ്ഞതും പച്ചമുളകും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിയ്ക്കുക. ഇതിലേയ്ക്കു തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ക്കുക. കഷണങ്ങള്‍ നന്നായി വെന്തശേഷം ഒന്നാം പാല്‍ ഒഴിക്കുക. അല്പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് വാങ്ങുക.

ഇഞ്ചിക്കറി

ആവശ്യമുള്ള സാധനങ്ങള്‍:

ഇഞ്ചി -250ഗ്രാം(ചെറുതായി അരിഞ്ഞത്)
കടുക് -അര സ്പൂണ്‍
വാളന്‍ പുളി -ആവശ്യത്തിന്
പച്ചമുളക് -അഞ്ചെണ്ണം(ചെറുതായി അരിഞ്ഞത്)

പാകം ചെയ്യുന്ന വിധം:

അരിഞ്ഞെടുത്ത ഇഞ്ചി നന്നായി കഴുകിയ ശേഷം വെള്ളം തോരാന്‍ വെയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേയ്ക്കു ഇഞ്ചി ഇട്ട് വറുത്ത് മാറ്റുക. ഇത് മിക്സിയില്‍ ചെറുതായി പൊടിക്കുക. വീണ്ടും ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. അതിലേയ്ക്കു കടുക്, വറ്റല്‍ മുളക്, കറിവേപ്പില, പച്ച മുളക് എന്നിവ ഇട്ട് താളിക്കുക. വറുത്ത ഇഞ്ചിയിട്ട് പാകത്തിന് പുളി പിഴിഞ്ഞതും ഉപ്പും ചേര്‍ക്കുക. നന്നായി തിളപ്പിയ്ക്കുക. കുറിപ്പ് : എരിവ് അധികം ഇഷ്ടമല്ലാത്തവര്‍ പുളിയ്ക്കൊപ്പം അല്പംശര്‍ക്കര പൊടിച്ചതും ചേര്‍ത്ത് തിളപ്പിച്ചാല്‍ ഇഞ്ചിക്കറിക്ക് അല്പം മധുരവുമാകും.

കാബേജ് തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍:

കാബേജ് (അരിഞ്ഞത്) -500ഗ്രാം
തേങ്ങ -ഒരു പകുതി (ചിരകിയത്)
പച്ചമുളക് -നാലെണ്ണം (നെടുകെ പിളര്‍ന്നത്)
ഉപ്പ് -പാകത്തിന് കറിവേപ്പില – രണ്ട് തണ്ട്
മഞ്ഞള്‍ ‍- പാകത്തിന് കടുക് -25ഗ്രാം
മഞ്ഞള്‍ ‍- പാകത്തിന് കടുക് -25ഗ്രാം
വറ്റല്‍ മുളക് -രണ്ടെണ്ണം
ഉഴുന്നുപരിപ്പ് -അര സ്പൂണ്‍

പാകം ചെയ്യുന്ന വിധം:

കാബേജ് അരിഞ്ഞതിലേയ്ക്കു തേങ്ങ ചിരകിയതും പച്ചമുളക് കീറിയതും മഞ്ഞളും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി തിരുമ്മുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, ഉഴുന്നു പരിപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് താളിക്കുക. ഇതിലേയ്ക്കു തിരുമ്മിയ കാബേജ് ചേര്‍ത്ത് അല്പം വെള്ളം തൂകി അടച്ചു വേവിയ്ക്കുക. മൂന്നു മിനുറ്റിനു ശേഷം മൂടി തുറന്ന് നന്നായി ഇളക്കുക. വെള്ളം പൂര്‍ണ്ണമായും വറ്റിയ ശേഷം അടുപ്പില്‍ നിന്നുമിറക്കുക.

തക്കാളി രസം

1. വലിയ തക്കാളി ചെറുതായി മുറിച്ചത് – ഒരു കപ്പ്
2. കായം – ചെറിയ കഷ്ണം
3. വാളന്‍പുളി ചെറിയ നെല്ലിക്കാ വലുപ്പം വെളളത്തില്‍ കലക്കിയത് – രണ്ടു കപ്പ്
4. രസപൊടി – ഒരു ടിസ്പൂണ്‍
5. തുവരപ്പരിപ്പ് – അര കപ്പ്
6. ഉപ്പ് – പാകത്തിന്
7. വെളിച്ചെണ്ണ – മുന്നു ടിസ്പൂണ്‍
8. കടുക് – അര ടിസ്പൂണ്‍, കറിവേപ്പില, ഉണക്കമുളക്‌
9. മല്ലിയില – ഒരു പിടി വീതം

പാകം ചെയ്യുന്ന വിധം

രണ്ടു കപ്പ് വെളളത്തില്‍ തക്കാളിയും കായവും ചേര്‍ത്ത് തിളപ്പിക്കണം തുവരപ്പരിപ്പ് വേവിച്ചു ഉടചെടുത്തു മാറ്റിവെക്കുക രസം തിളച്ചതിനു ശേഷം രസപോടിയും ഉപ്പും ചേര്‍ത്ത് വാങ്ങുക. അതില്‍ ഉടച്ച പരിപ്പ് ചേര്‍ക്കുക. ചുടായ എണ്ണയില്‍ കടുക്‌, ഉണക്കമുളക്‌, കറിവേപ്പില ഇവ ക്രമത്തില്‍ ചേര്‍ത്ത് മുത്താലുടന്‍ രസത്തില്‍ ഒഴിക്കണം മല്ലിയിലയും ചേര്‍ക്കുക. രസപൊടി ഉണ്ടാക്കുന്ന വിധം ഉണക്കമുളക്‌ – 6 എണ്ണം ഉന്നക്ക മല്ലി – അര കപ്പ് ജീരകം – ഒരു ടീസ്പൂന്‍ കുരുമുളക് – 16 എണ്ണം ഇവയെല്ലാം കൂടി വെയിലത്ത്‌ അര മണിക്കൂര്‍ ഉണക്കി തരു തരുപ്പായി പ്പൊടിച്ച് കുപ്പിയിലാക്കി സൂക്ഷിക്കുക.

അടപ്രഥമന്‍

ആവശ്യമുള്ള സാധനങ്ങള്‍:

അട – ഒരുപായ്ക്കറ്റ്
ശര്‍ക്കര – ഒരുകിലോ
തേങ്ങ – 4 എണ്ണം
തേങ്ങ – ഒരുമുറി ചെറിയകഷണങ്ങളായിമുറിച്ചത്
അണ്ടിപരിപ്പ് – 100ഗ്രാം
കിസ്മിസ് – 100ഗ്രാം
ഏലക്കായ – ചതച്ചത് 100ഗ്രാം
നെയ്യ് – ഒരുകപ്പ്

പാകം ചെയ്യുന്ന വിധം:

അട മൂന്നോ നാലോ ഗ്ളാസ് വെള്ളമൊഴിച്ച് നന്നായി വേവിയ്ക്കുക. തേങ്ങ നന്നായി ചിരകി മിക്സിയില്‍ അടിച്ച് ഒന്നാം പാല്‍ എടുക്കുക. വീണ്ടും നന്നായി പിഴിഞ്ഞ് രണ്ടാം പാലും എടുക്കുക. രണ്ട് സ്പണ്‍ നെയ്യില്‍ തേങ്ങ ചെറിയ കഷണങ്ങളാക്കിയത്, അണ്ടിപരിപ്പ്, കിസ്മിസ്, എന്നിവ വറുക്കുക. ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി അതിലേയ്ക്കു ശര്‍ക്കര പൊടിച്ച് നന്നായി ഉരുക്കുക. അതിനുശേഷം വേവിച്ച അട ചേര്‍ത്ത് യോജിപ്പിക്കുക. തിളച്ച ശേഷം അതിലേയ്ക്കു രണ്ടാം പാലും വറുത്ത അണ്ടിപരിപ്പ്, കിസ്മിസ് തേങ്ങ, ചതച്ച ഏലക്ക എന്നിവ ചേര്‍ത്തു വീണ്ടും തിളപ്പിയ്ക്കുക. അല്പം കുറുകിയ ശേഷം ഒന്നാം പാല്‍ രണ്ടാം ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങുക. കുറിപ്പ്: ചതച്ച ഏലക്കായ്ക്കു പകരം ഏല്ക്കാ പൊടിയിട്ടാലും മതി. പായസം അധികം കുറുകിപോയാല്അല്പം തേങ്ങാ പാലോ, പശുവന്‍ പാലോ ചേര്‍ത്താല്‍ മതി.

സേമിയ പായസം

ചേരുവകള്‍

1.പാല്‍ -1 ലിറ്റര്‍
2. സേമിയ -1 /2 കപ്പ്‌
3. പഞ്ചസാര -1 /2 കപ്പ്‌
4.അണ്ടിപരിപ്പ് -10 എണ്ണം
5.ഉണക്കമുന്തിരി -10 എണ്ണം
6.നെയ്യ്
7.ഏലയ്ക്ക

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ ചൂടാക്കി നെയ്യ് ഒഴിച്ച് സേമിയ ബ്രൌണ്‍ നിറം ആകുന്നതുവരെ വറക്കുക.1 ലിറ്റര്‍ പാലില്‍ 2 കപ്പ്‌ വെള്ളംചേര്‍ത്ത് നന്നായി തിളപ്പിക്കുക. പാല്‍ തിളച്ചശേഷം അതിലേക്കു സേമിയ ചേര്‍ക്കുക. സേമിയ പകുതി വേവായാല്‍ ആവശ്യത്തിന്നു പഞ്ചസാര ചേര്‍ത്ത് വീണ്ടും വേവിച്ചു കുറുകുമ്പോള്‍ ഏലക്ക പൊടിച്ചത് ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങുക. അല്‍പ്പം നെയ്യില്‍ അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്ത് അലങ്കരിക്കാം.

Print Friendly, PDF & Email

Related posts

Leave a Comment