Police to rule Campus in Kerala – വേണ്ട, ക്യാമ്പസില്‍ പൊലീസ് ലഹരി

police1മുന്‍കൂര്‍ അനുവാദമില്ലാതെ സര്‍വ്വകലാശാലാ-കോളജ് ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും പൊലീസിനെ കയറ്റാനുള്ള നീക്കം അനുവദിച്ചുകൂടാ. ക്യാമ്പസുകളിലെ ലഹരി ഉപയോഗവും ബന്ധപ്പെട്ട് ഉണ്ടാകുന്ന അക്രമങ്ങളും തടയാന്‍ പൊലീസ് ലഹരി പകരം വെച്ചാലാകുമെന്ന് കരുതുന്നത് അപകടകരമായ ധാരണയാണ്. കണ്ണിലെ കരടെടുക്കാന്‍ തൂമ്പ എടുക്കുന്നതുപോലെ.

തിരുവനന്തപുരത്തെ കോളജ് ഓഫ് എഞ്ചിനിയറിങിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന തസ്‌നിയുടെ ദാരണമായ മരണമാണ് ഈ പരിഹാരത്തിന് സര്‍ക്കാറിനെ പ്രരിപ്പിച്ചത്. ഇതുപോലൊരു അനുഭവം ഇനിയൊരു രക്ഷിതാവിനും ഉണ്ടാവാതിരിക്കട്ടെയെന്ന തസ്‌നിയുടെ പിതാവ് ബഷീറിന്റെ വേദന കേരള സമൂഹത്തിന്റെ നെഞ്ച് പൊള്ളിച്ചിട്ടുണ്ട്. ആഭ്യന്തരവകുപ്പു മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ആഭ്യന്തര വിദ്യാഭ്യാസ വകുപ്പ് അധികാരികളുടെ ഉന്നതതലയോഗത്തില്‍ എടുത്ത തീരുമാനമാണിത്. എന്റെ മകന്റെ ഗതി ഇനി മറ്റൊരാള്‍ക്കും ഉണ്ടാവാതിരിക്കട്ടെ എന്ന മറ്റൊരു പിതാവിന്റെ ദു:ഖം കേരളം ഏറ്റുവാങ്ങിയത് മറക്കാനാവില്ല. ചാത്തമംഗലത്തെ റീജണല്‍ എഞ്ചിനിയറിങ് കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന പി.രാജനെ പുലര്‍ച്ചെ പൊലീസ് പിടിച്ചുകൊണ്ടുപോയിട്ട് ശവംപോലും കിട്ടിയില്ല. കൊല്ലപ്പെട്ട മുനിപുത്രന്റെ അച്ഛനമ്മമാരുടെ തപിച്ച വാക്കുകള്‍ ദശരഥ രാജാവിനോടെന്നപോലെ രാജന്റെ പിതാവ് ഈച്ചരവാര്യയുടെ വാക്കുകളും പൊലീസ് അതിക്രമം സംബന്ധിച്ച മുന്നറിയിപ്പാണ്.

ക്യാമ്പസുകളിലെ പ്രശ്‌നങ്ങള്‍ രൂക്ഷവും സങ്കീര്‍ണ്ണവും എല്ലാവരേയും ഉത്ക്കണ്ഠപ്പെടുത്തുന്നതുമാണ്. എന്നാല്‍ പൊലീസ് വേട്ട എന്ന ഒറ്റമൂലികൊണ്ട് അത് പരിഹരിക്കാനാവില്ല. തന്നെയുമല്ല പൊലീസ് അതിക്രമങ്ങളുടേയും ലോക്കപ്പ് മരണങ്ങളുടേയും കള്ള കേസുകളുടേയും മനുഷ്യാവകാശ പ്രശ്‌നങ്ങളുടേയും പുതിയ പ്രശ്‌നങ്ങളിലേക്കും ദുരന്തങ്ങളിലേക്കും വാതില്‍ തുറക്കലാകും അത്. കലാലയ – സര്‍വ്വകലാശാലാ വളപ്പുകളില്‍ പൊലീസ് കടക്കുന്നതിനോട് യോജിപ്പില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലതന്നെ പറയുന്നു. പല ഹോസ്റ്റലുകളും ലഹരിയുടെ പിടിയിലായതുകൊണ്ട് അധികൃതരുടെ അനുമതിക്ക് പൊലീസ് കാത്തുനില്ക്കുന്നില്ലെന്നും. ലഹരി വിഷയവുമായി ബന്ധപ്പെട്ടല്ലാത്ത ‘മറ്റു സാഹചര്യങ്ങളി’ലും പൊലീസിന് ക്യാമ്പസില്‍ കയറാന്‍ അനുമതി നല്‍കുമെന്നും നിര്‍ദ്ദേശിക്കുന്നു.

ഇതാണ് അപകടം. മയക്കുമരുന്നുകളും ലഹരി പദാര്‍ത്ഥങ്ങളും വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നതും ഇതിന്റെ സൂക്ഷിപ്പ് -വിതരണ കേന്ദ്രങ്ങളായി ഹോസ്റ്റലുകളും ക്യാമ്പസുകളും മാറുന്നതും അത്യന്തം ഗൗരവമായ സ്ഥിതിവിശേഷമാണ്. കഴിയും വേഗത്തില്‍ അതിന് നിയന്ത്രണവും പരിഹാരവും ഉണ്ടാകുകയും വേണം. പൊലീസിനെക്കൊണ്ട് ആ ദൗത്യം നിര്‍വ്വഹിക്കാമെന്ന് കരുതുന്നത് അപ്രായോഗികവും അതിലേറെ തിരിച്ചടിയുണ്ടാക്കുന്നതുമാണ്. വിദ്യാഭ്യാസ മേഖലയില്‍ ഒരുതരം മിനി അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കലാണ്.

p-rajanഅടിയന്തരാവസ്ഥ നിലനിന്നിരുന്നതുകൊണ്ടാണ് ചാത്തമംഗലം റീജ്യണല്‍ എഞ്ചിനിയറിങ് കോളജില്‍ പുലര്‍ച്ചെ കയറിച്ചെന്ന് പി. രാജനടക്കമുള്ള വിദ്യാര്‍ത്ഥികളെ പിടിച്ചുകൊണ്ടുപോകാന്‍ ഒരു നിയമവും ചട്ടവും പാലിക്കാതെ മൂന്നു പതിറ്റാണ്ടുമുമ്പ് പൊലീസിന് കഴിഞ്ഞത്. അടിയന്തരാവസ്ഥയുടെ പ്രതികൂല പരിതസ്ഥിതിയിലും ആര്‍.ഇ.സി കോളജ് പ്രിന്‍സിപ്പല്‍ പ്രൊ. ബഹാവുദ്ദീന്‍ തന്റെ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കക്കയം ക്യാമ്പുവരെ പോയി പരിശ്രമിച്ചു. വൃഥാവിലായെങ്കിലും. ഒടുവില്‍ അസാധാരണ സാഹചര്യത്തില്‍ ഹൈക്കോടതിയിലെത്തി അനുഭവം തെളിവായി വിവരിച്ചതുകൊണ്ടാണ് ആ പൊലീസ് കൊടും ഭീകരതയുടെ രഹസ്യം ലോകമറിഞ്ഞത്.

കോളജ് പ്രിന്‍സിപ്പല്‍മാരുടെ ഈ ചുമതലയും ഉത്തരവാദിത്വബോധവും പൊലീസിനും വകുപ്പുമന്ത്രിക്കും എന്തെങ്കിലും ന്യായംപറഞ്ഞ് പിടിച്ചെടുക്കാവുന്നതല്ല. ബ്രിട്ടീഷ് വാഴ്ചയില്‍പോലും ക്യാമ്പസില്‍ ഇരച്ചുകയറാന്‍ ശ്രമിച്ച പൊലീസിനെ തടഞ്ഞ് ഇറക്കിവിട്ട പ്രിന്‍സിപ്പല്‍മാരുടെ മാതൃകാപരമായ ഇടപെടല്‍ ചരിത്രത്തിലുണ്ട്.

പൊലീസിനെ തടയുന്നതിനുള്ള കേവല അധികാരത്തിലൊതുങ്ങുന്നതല്ല പ്രിന്‍സിപ്പലിന്റേയും സര്‍വ്വകലാശാലാ അധികാരികളുടേയും കോളജ് മാനേജ് മെന്റുകളുടേയും ചുമതലയും അധികാരവും. ആ നിലയ്ക്ക് ഇപ്പോള്‍ അത് നിര്‍വ്വഹിക്കാത്തത് മറ്റൊരു പ്രശ്‌നം. കലാലയങ്ങളുടേയും ക്യാമ്പസുകളുടേയും പാരിസ്ഥിതിക അന്തരീക്ഷവും അച്ചടക്കവും സംരക്ഷിക്കേണ്ടത് അതിന്റെ അധികൃതര്‍ തന്നെയാണ്. കാലങ്ങളായി നിലനിന്നുപോന്ന ആ അവസ്ഥ പ്രസക്തവും പ്രായോഗികവുമല്ലെങ്കില്‍ അത് എങ്ങനെ സംഭവിച്ചു എന്നാണ് പരിശോധിക്കേണ്ടത്. ഇതിന്റെയൊക്കെ കാരണമായി ചൂണ്ടിക്കാണിക്കുന്നത് വിദ്യാര്‍ത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യവും പ്രവര്‍ത്തനവും വഴിപിഴച്ചതുകൊണ്ടാണെന്നാണ്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതെങ്ങനെ, ഏത്രത്തോളം, ആരൊക്കെ ഉത്തരവാദി എന്നാണ് പരിശോധിക്കേണ്ടത്.

അത്തരമൊരു പരിശോധനയിലേക്ക് കടക്കുമ്പോള്‍ രക്ഷിതാക്കളുടേയും അധ്യാപകരുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികാരികളുടേയും ഉത്തരവാദിത്വവും പങ്കും പരിശോധിക്കണം. അതുകൊണ്ടു മാത്രമായില്ല. വിദ്യാര്‍ത്ഥി യൂണിയനുകളെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പങ്കും ചുമതലയും ഉത്തരവാദിത്വവും വിലയിരുത്തണം. ക്യാമ്പസ് രാഷ്ട്രീയത്തെപ്പറ്റിയും സംഘടനാ സ്വാതന്ത്ര്യത്തെപ്പററിയും സംസാരിക്കുമ്പോള്‍ സാമൂഹിക ഉത്തരവാദിത്വവും വിദ്യാര്‍ത്ഥികളുടെ സ്വഭാവ രൂപീകരണവും ഉത്തമ പൗരബോധവും അക്കാദമിക് യോഗ്യതയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുന്നതില്‍ രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങള്‍ക്കുള്ള പങ്കും പരിശോധിക്കണം. യൂണിവേഴ്‌സിറ്റി യൂണിയന്‍തൊട്ട് അക്കാദമിക് ബോഡികള്‍വരെ ഉപരിപ്ലവവും നിക്ഷിപ്തവും കക്ഷി താല്‍പ്പര്യത്തിലൂന്നിയുമുള്ള പ്രവര്‍ത്തനങ്ങളിലേക്ക് എങ്ങനെ എത്തിപ്പെട്ടെന്നും. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും അവര്‍ നേതൃത്വം നല്‍കുന്ന ഭരണ സംവിധാനങ്ങള്‍ക്കും ഇതില്‍ മുഖ്യ പങ്കുണ്ട്.

ക്രിമിനല്‍ സംഘങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും പൊലീസും ചേര്‍ന്നുള്ള കൂട്ടുകെട്ട് കഴിഞ്ഞ കാലങ്ങളില്‍ വളര്‍ന്നുവന്നിട്ടുണ്ട്. ഗവണ്മെന്റുകള്‍ മാറിമാറി വരുമ്പോള്‍ ആളുകളും സംഘങ്ങളും മാറുമെങ്കിലും സമൂഹവിരുദ്ധമായ ഈ സംവിധാനം കലാലയങ്ങളിലും സര്‍വ്വകലാശാലാ വളപ്പുകളിലും സ്ഥായിയായ ഇടപെടല്‍ ശക്തിയായി നിലകൊള്ളുന്നു. ഇത് തടയാനോ അവരെ നിലക്കുനിര്‍ത്താനോ അതിനു പിന്നിലെ രാഷ്ട്രീയ-ഭരണ സ്വാധീനത്തിന്റെ എതിര്‍പ്പ് ഭയപ്പെട്ട് കോളജ്-സര്‍വ്വകലാശാലാ അധികൃതര്‍ക്ക് കഴിയുന്നില്ല. ചിലപ്പോള്‍ ചിലരുടെ രാഷ്ട്രീയ ആഭിമുഖ്യം കാരണം ഉത്തരവാദിത്വം നിറവേറ്റുന്ന കാര്യത്തില്‍ കണ്ണടക്കുന്നു. നിഷ്പക്ഷ നിലപാട് ശക്തമായി സ്വീകരിക്കുന്നതിനുപകരം പക്ഷപാതപരമായ നിലപാടെടുക്കുകയും ചെയ്യുന്നു. അക്രമങ്ങളിലേക്കും അരക്ഷിതാവസ്ഥയിലേക്കും കാര്യങ്ങള്‍ എത്തിക്കുന്നതില്‍ അവരും പങ്കുവഹിക്കുന്നു. രക്ഷാകര്‍ത്തൃസമിതി, അധ്യാപക- അനധ്യാപക സംഘടനകള്‍ തുടങ്ങിയവയും ഉത്തരവാദിത്വബോധത്തോടെ ജനാധിപത്യപരമായി രാഷ്ട്രീയ യജമാനന്മാരുടെ കരുക്കളായും പ്രവര്‍ത്തിക്കാതിരുന്നെങ്കില്‍ ഇപ്പോഴത്തെ അവസ്ഥ രൂപപ്പെടുമായിരുന്നില്ല. അരാഷ്ട്രീയവത്ക്കരണമാണ് ഇതിനുള്ള പരിഹാരമെന്നല്ല പറയുന്നത്. കലാലയങ്ങളും സര്‍വ്വകലാശാലകളും അരാഷ്ട്രീയവത്ക്കരിച്ചാല്‍ സാമൂഹ്യവിരുദ്ധ ശക്തികള്‍ ആ ഇടം കയ്യേറി കൂടുതല്‍ അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നു എന്നാണ് അനുഭവം.

വിദ്യാഭ്യാസ മേഖലയിലെ കുഴപ്പങ്ങളും തെറ്റും കുറ്റവും അളക്കുമ്പോള്‍ പൊതു സമൂഹത്തിന്റെ അവസ്ഥയെന്താണെന്ന് മറന്നുകൂടാ. വിദേശപണത്തിന്റേയും കള്ളപ്പണത്തിന്റേയും കുത്തൊഴുക്ക്. ആഗോളവത്ക്കരണത്തിന്റെ കെടുതികള്‍. മദ്യപാനവും ലഹരി ഉപയോഗവും മറയില്ലാതെ സര്‍വ്വസാധാരണമായത്. സമൂഹത്തെ അതിവേഗം ഈ സ്വാധീനം മാറ്റിമറിക്കുകയാണ്. പെണ്‍കുട്ടികളും സ്ത്രീകളുംവരെ മുമ്പില്ലാത്തവിധം ഇത്തരം വിഷയങ്ങള്‍ക്ക് അടിമകളാകുന്ന വഴിവിട്ടുള്ള കൂട്ടുകെട്ടുകളിലും രഹസ്യവൃത്തികളിലും പങ്കാളികളാകുന്ന അവസ്ഥയുണ്ട്. മാതാപിതാക്കളും രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ത്ഥി- യുവജന നേതാക്കളും രാഷ്ട്രീയ നേതാക്കളും കെട്ട മാതൃകയാകുന്ന സ്ഥിതിയും ഏറുകയാണ്.

onam-cele1ഇതിന്റെ അവിശ്വസനീയവും ഭീകരവുമായ ഒരവസ്ഥ പൊതു സമൂഹത്തിലാകെ രൂപപ്പെട്ടിട്ടുണ്ട്. സുഖലോലുപതക്കുള്ള ആര്‍ത്തിയും അതു തേടുന്നതിനുള്ള കുറുക്കുവഴികളും സാംസ്‌ക്കാരിക – ജനാധിപത്യ അവസ്ഥ തകര്‍ക്കുന്നു. ക്രിമിനലുകളും വാടകക്കൊലയാളികളും തട്ടിപ്പുകാരും അഴിമതിക്കാരും പെരുകുന്നു. യഥാര്‍ത്ഥത്തില്‍ അതിന്റെ അണുപ്രസരണമാണ് ക്യാമ്പസുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ക്രിമിനല്‍വത്ക്കരണത്തിനും അക്രമങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും വഴിവെക്കുന്നത്. ഈ സാമൂഹികാവസ്ഥയില്‍നിന്ന് വേറിട്ട് ഒരു അണുവിമുക്ത മേഖലയാക്കി വിദ്യാഭ്യാസരംഗത്തെ മാത്രം കൈകാര്യം ചെയ്യാനാവില്ല. ഒരു സംഘം പൊലീസുകാര്‍ ലാത്തിയും തോക്കും കണ്ണീര്‍ വാതകവും ഗ്രനേഡുമായി കുതിച്ചുചെന്നാല്‍ അവസാനിപ്പിക്കാവുന്ന ഭീഷണിയല്ല വളര്‍ന്നു വ്യാപിക്കുന്നത്.

വിദ്യാര്‍ത്ഥി സംഘടനകളെ അവര്‍ കേന്ദ്രീകരിക്കേണ്ട മേഖലയില്‍നിന്നു മാറ്റി പ്രതിപക്ഷ കക്ഷികള്‍, അവര്‍ ആരുതന്നെയായാലും രാഷ്ട്രീയായുധങ്ങളായി ഉപയോഗിക്കുന്നു. ഗവണ്മെന്റിനെതിരായ സമരങ്ങള്‍ക്ക് വഴിമരുന്നിടാനോ തങ്ങള്‍ നടത്തുന്ന പൊട്ടാത്ത പടക്കമായി മാറിയ സമരങ്ങളെ ആളിക്കത്തിക്കാനോ വിദ്യാര്‍ത്ഥികളെ ഇതില്‍ ഉപയോഗിക്കുന്നു. ഇടത് – വലത് വ്യത്യാസമില്ലാതെ. ഇതിന്റെയൊക്കെ ആകെത്തുകയായ പശ്ചാത്തല സംഭാവനകളാണ് കലാലയങ്ങളില്‍ കൊലപാതകങ്ങളായും മരണങ്ങളായും സായുധ ആക്രമണങ്ങളായും അരങ്ങേറുന്നത്.

ഇതേക്കുറിച്ചുള്ള ഉത്ക്കണ്ഠകള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ ഭരിക്കുന്നവരും അല്ലാത്തവരുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആഴത്തില്‍ സ്വയം വിമര്‍ശനം നടത്തണം. തങ്ങള്‍ മാറിമാറി രൂപം കൊടുത്ത വിദ്യാഭ്യാസ നയങ്ങളും സൃഷ്ടിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും കാര്യങ്ങള്‍ എവിടെ എത്തിച്ചു എന്ന് പരിശോധിക്കണം. തിരുത്തലുകള്‍ കൊണ്ടുവരണം. പണച്ചെലവില്ലാതെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസ സൗകര്യം അവരുടെ മൗലിക അവകാശമായി ഉറപ്പുവരുത്തണം. സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി മുറവിളിയും സമരവും നടത്തുന്ന അധ്യാപക അധ്യാപകേതര സംഘടനകള്‍ തങ്ങള്‍ക്ക് ലഭ്യമായ സാമ്പത്തിക നേട്ടങ്ങള്‍ക്കും അവകാശങ്ങള്‍ക്കും അനുപാതമായ തോതില്‍ സേവനവും ബാധ്യതയും സമൂഹത്തിന് ഉറപ്പുവരുത്തുന്നുണ്ടോയെന്ന് പരിശോധിക്കണം.

ഇത്തരം പരിശോധനകള്‍ക്കും തിരുത്തലുകള്‍ക്കും ആവശ്യമായ ജനാധിപത്യപരമായ ഒരു അഴിച്ചുപണിയാണ് സംസ്ഥാന ഗവണ്മെന്റ് നിര്‍വ്വഹിക്കേണ്ടത്. കുത്തഴിഞ്ഞ് വഴിവിട്ടൊഴുകുന്ന വിദ്യാഭ്യാസ മേഖലയില്‍ അടിയന്തരമായി ചെയ്യേണ്ടത്. അതു സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ത്ഥി-അധ്യാപക സമൂഹത്തില്‍നിന്നും രക്ഷിതാക്കളില്‍നിന്നും ചര്‍ച്ചചെയ്ത് രൂപപ്പെടുത്തണം. അധ്യാപക നിയമനം, വിദ്യാര്‍ത്ഥി പ്രവേശനം, സിലബസ്, പാഠ്യപുസ്തകങ്ങള്‍, അതിന്റെ വിതരണം, പരീക്ഷ, അധ്യാപക-വിദ്യാര്‍ത്ഥി- രക്ഷാകര്‍ത്തൃ ബന്ധം, ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടേയും വന്നുപോകുന്നവരുടേയും പ്രശ്‌നങ്ങള്‍, ഉന്നതവിദ്യാഭ്യാസം, ഗവേഷണം, തൊഴില്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യണം. ഈ മേഖലയെ ജനാധിപത്യവത്ക്കരിക്കുന്നതിനുള്ള സര്‍വ്വസ്പര്‍ശിയായ തീരുമാനങ്ങള്‍ മുന്‍ഗണനവെച്ച് എടുക്കണം.

വിശാലവും അടിയന്തരവുമായ ഈ ജനാധിപത്യ ഉത്തരവാദിത്വത്തെ സര്‍ക്കാര്‍ പുറംകാലുകൊണ്ട് തട്ടരുത്. വിദ്യാഭ്യാസവകുപ്പ് കയ്യാളുന്ന ഘടകകക്ഷിയെ പ്രീണിപ്പിക്കുന്നതിന് അവര്‍ക്കു പിന്നില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിക്കുകയല്ല ഗവണ്മെന്റും ഭരണമുന്നണിയും ചെയ്യേണ്ടത്. എല്ലാ സമുദായങ്ങളം ഉള്‍പ്പെട്ട ജനാധിപത്യ പൊതു സമൂഹത്തിന്റെ മുന്നോട്ടുപോക്കിനും പുരോഗതിക്കുവേണ്ടി അതിനുപിന്നില്‍ അണിനിരക്കുകയാണ്. ആവശ്യമായ ഭരണപരമായ നേതൃത്വവും നയരൂപീകരണവും നിര്‍വ്വഹിക്കുകയുമാണ്. അത് നിര്‍വ്വഹിക്കുമ്പോള്‍ ഭരണകക്ഷി രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഭാഗമായി കൂടുതല്‍ കൂടുതല്‍ അരികുചേര്‍ന്നു പോകുന്ന പൊലീസ് സേനക്ക് മേയാന്‍ വിദ്യാഭ്യാസ മേഖല തുറന്നുകൊടുക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment