ചരിത്രമെഴുതി ഐ.എന്‍.ഒ.സി കേരളാ കണ്‍വന്‍ഷന്‌ കൊടിയിറങ്ങി

11

ഷിക്കാഗോ: പ്രഥമ ഐ.എന്‍.ഒ.സി കേരളാ കണ്‍വന്‍ഷന്‍ ഉജ്ജ്വല ചരിത്രമെഴുതി കൊടിയിറങ്ങി. അമേരിക്കയില്‍ ഇദംപ്രഥമമായി അരങ്ങേറിയ കണ്‍വന്‍ഷനില്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും നേതാക്കളുമടക്കം നൂറുകണക്കിന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ സാക്ഷിനിര്‍ത്തി ഗതാഗത-വനം-സ്‌പോര്‍ട്‌സ്‌- ചലച്ചിത്ര വകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഭദ്രദീപം തെളിയിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു.

രാജ്യത്തിനുവെളിയില്‍ കോണ്‍ഗ്രസിന്റെ സംസ്‌കാരവും മൂല്യങ്ങളും ആദര്‍ശങ്ങളും മുറുകെപ്പിടിച്ച്‌ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിങ്ങള്‍, ജീവിക്കുന്ന രാജ്യത്തെ നിയമങ്ങള്‍ പാലിച്ച്‌ അതിനോട്‌ സമന്വയിച്ച്‌ ജീവിക്കുന്നത്‌ ഏറെ പ്രശംസനീയമാണെന്ന്‌ മന്ത്രി പറഞ്ഞു. നിങ്ങളുടെ സമര്‍പ്പണവും കഠിനാധ്വാനവും ഇന്ത്യാ മഹാരാജ്യത്തിന്‌ അഭിമാനമേകുന്നതോടൊപ്പം കോണ്‍ഗ്രസിന്‌ മാറ്റുകൂട്ടുന്നു. എന്നെ ഈ കണ്‍വന്‍ഷനിലേക്ക്‌ ക്ഷണിച്ച നിങ്ങളെ അഭിനന്ദിക്കുന്നതോടൊപ്പം, ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ച നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കൂട്ടിച്ചേര്‍ത്തു.

ദേശീയ പ്രസിഡന്റ്‌ ജോബി ജോര്‍ജ്‌ പ്രഥമ കണ്‍വന്‍ഷന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ചവരോട്‌ നന്ദി പറഞ്ഞുകൊണ്ട്‌ മുന്‍കാല കോണ്‍ഗ്രസ്‌ സംഘടനാ ഭാരവാഹികളുടേയും പ്രവര്‍ത്തകരുടേയും കൂട്ടായ്‌മയാണ്‌ ഐ.എന്‍.ഒ.സി എന്നും ദേശീയ നേതൃരംഗത്ത്‌ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്‌ മുന്‍കാല പ്രവര്‍ത്തന മികവുകൊണ്ടാണെന്നും പറഞ്ഞു. കൂടാതെ എട്ട്‌ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്നത്‌ സംഘടനയ്‌ക്ക്‌ കരുത്തു പകരുന്നതായും അദ്ദേഹം പറഞ്ഞു.

ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്‌ ഐ.എന്‍.ഒ.സിയുടെ ചുരുങ്ങിയ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ഐ.എന്‍.ഒ.സി കണ്‍വന്‍ഷന്‍ ചരിത്രത്തില്‍ സ്ഥാനംപിടിച്ചു. എല്ലാവരുടേയും കൂട്ടായ പ്രവര്‍ത്തനമാണ്‌ കണ്‍വന്‍ഷന്റെ വിജയം. ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌ സ്വാഗതം ആശംസിച്ചു. ചാപ്‌റ്റര്‍ പ്രസിഡന്റുമാരെ പ്രത്യേകം അഭിനന്ദിച്ചു.

ഇല്ലിനോയി ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ നേതൃത്വം നല്‍കിയ കണ്‍വന്‍ഷന്‍ ആതിഥേയ കമ്മിറ്റി കണ്‍വന്‍ഷന്റെ വിജയത്തിന്‌ അശ്രാന്തപരിശ്രമം നടത്തി. ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ചാക്കോട്ട്‌ രാധാകൃഷ്‌ണന്‍ എ.ഐ.സി.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.എന്‍.ഒ.സിയുടെ പ്രവര്‍ത്തന മികവ്‌ കേന്ദ്ര നേതൃത്വം അഭിനന്ദിക്കുന്നു എന്ന്‌ അറിയിച്ചു.

സെനറ്റര്‍ മൈക്ക്‌ നോളന്‍സ്‌ കണ്‍വന്‍ഷന്‌ ആശംസകള്‍ നേര്‍ന്നു. ഇന്ത്യയുടെ വികസനത്തിന്‌ കോണ്‍ഗ്രസ്‌ സമഗ്ര സംഭാവനകള്‍ നല്‍കിയതും, ഏറ്റവും വലിയ ജനാധിപത്യരാഷ്‌ട്രീയ പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസ്‌ എന്നും പറഞ്ഞു. ഓക്‌പാര്‍ക്ക്‌ മേയര്‍ ലാല്‍ മലാനി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‌ നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്‌ ഏറ്റവും പുരാതന രാഷ്‌ട്രീയ പ്രസ്ഥാനമാണെന്നും, കേരളം മികച്ച സാക്ഷരതയുള്ള സംസ്ഥാനമാണെന്നും ആരോഗ്യരംഗത്ത്‌ ഉള്‍പ്പടെ വിവിധ മേഖലകളില്‍ കേരളം ഇന്ത്യയുടെ മികച്ച സംസ്ഥാനമാണെന്നും പറഞ്ഞു.

ഐ.എന്‍.ഒ.സി പ്രസിഡന്റ്‌ ലവിക്ക ഭഗത്‌ സിംഗ്‌ കേരളാ ചാപ്‌റ്റര്‍ ഐ.എന്‍.ഒ.സി- യു.എസ്‌.എയിലെ മികച്ച ചാപ്‌റ്ററാണെന്നും, ചാപ്‌റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘടനയ്‌ക്ക്‌ ഏറ്റവും കരുത്ത്‌ പകരുന്നുവെന്നും പറഞ്ഞു.

ഐ.എന്‍.ഒ.സി യു.എസ്‌.എ ചെയര്‍മാന്‍ ശുദ്ധ്‌ പ്രകാശ്‌ സിംഗ്‌ കണ്‍വന്‍ഷന്‍ നടത്താന്‍ മുന്‍കൈ എടുത്ത കേരളാ ചാപ്‌റ്ററിനേയും പ്രസിഡന്റ്‌ ജോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ദേശീയ കമ്മിറ്റിയേയും, ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസിനേയും പ്രത്യേകം അഭിനന്ദിച്ചു. പ്രസിഡന്റും ചെയര്‍മാനും മന്ത്രിയെ പ്രശംസാ ഫലകം നല്‍കി ആദരിച്ചു.

സുവനീറിന്റെ പ്രകാശനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ആദ്യപ്രതി സെനറ്റര്‍ മൈക്ക്‌ നോളന്‍സിന്‌ നല്‍കി നിര്‍വഹിച്ചു. ഡോ. അനുപം രാധാകൃഷ്‌ണന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച സുവനീര്‍ മികച്ചതായി. എല്ലാവരോടും നന്ദി പറഞ്ഞു. ട്രസ്റ്റി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ അറ്റോര്‍ണി ജോസ്‌ കുന്നേല്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ആര്‍.വി.പി ബോബന്‍ കൊടുവത്ത്‌, ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോയി ഇട്ടന്‍, പെന്‍സില്‍വേനിയ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ കുര്യന്‍ രാജന്‍, ടെക്‌സസ്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോസഫ്‌ ഏബ്രഹാം, ഫ്‌ളോറിഡ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഫ്രാന്‍സീസ്‌ അസീസി ജോസഫ്‌, ജോര്‍ജിയ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഡോ. എം.വി. ജോര്‍ജ്‌, ട്രസ്റ്റി ബോര്‍ഡ്‌ മെമ്പറും, ഐ.എന്‍.ഒ.സി യു.എസ്‌.എ ജോയിന്റ്‌ ട്രഷററുമായ ഡോ. വര്‍ഗീസ്‌ ഏബ്രഹാം, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജോര്‍ജ്‌ കോരുത്‌, നാണഷല്‍ കമ്മിറ്റി മെമ്പര്‍ സണ്ണി തളിയത്ത്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

നാഷണല്‍ ട്രഷറര്‍ സജി ഏബ്രഹാം കണ്‍വന്‍ഷന്റെ വിജയത്തിനു സഹായിച്ചവരോടും സ്‌പോണ്‍സര്‍മാരോടും ഷിക്കാഗോ ചാപ്‌റ്റിനുവേണ്ടി നന്ദി പ്രകാശിപ്പിച്ചു.

പൊതുസമ്മേളനത്തിന്റെ എം.സിമാരായി വൈസ്‌ പ്രസിഡന്റ്‌ ഡോ. മാമ്മന്‍ സി. ജേക്കബ്‌, സിനു പാലയ്‌ക്കത്തടം എന്നിവര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യത്തിന്റെ ചരിത്രം അറിയിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചത്‌ വിശാഖ്‌ ചെറിയാനായിരുന്നു. വിവിധ കലാപരിപാടികള്‍ അരങ്ങേറി. എം.സി സുഭാഷ്‌ ജോര്‍ജ്‌ ഭംഗിയായി നിര്‍വഹിച്ചു. ചെയര്‍മാന്‍ ടോമി അംബേനാട്ട്‌, ലൂയി ചിക്കാഗോ എന്നിവരുടെ നേതൃത്വം കണ്‍വന്‍ഷന്‌ മാറ്റുകൂട്ടി. ശനിയാഴ്‌ച നടന്ന ദേശീയ കമ്മിറ്റി മീറ്റിംഗില്‍ പ്രതിനിധികള്‍ പങ്കെടുത്തു. ദ്വിദിന കണ്‍വന്‍ഷന്‌ വിഭവസമൃദ്ധമായ സദ്യയോടെ കൊടിയിറങ്ങി.

12

13

14

15

Print Friendly, PDF & Email

Leave a Comment