തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് പി.സി. ജോര്‍ജ്

pcതിരുവനന്തപുരം: മന്ത്രി കെ.എം. മാണിയുടെ അനുമതിയില്ലാത്തതിനാല്‍ തന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ച അഴിമതിവിരുദ്ധ ജനാധിപത്യ മുന്നണി (എ.സി.ഡി.എഫ്) പിരിച്ചുവിടുന്നില്ലന്ന് പി.സി. ജോര്‍ജ്. എ.സി.ഡി.എഫ് പിരിച്ചുവിടണമെന്ന് ആഗ്രഹിച്ചിരുന്നു. കേരള കോണ്‍ഗ്രസ്(എം) അംഗീകരിച്ച സംഘടനയാണിതെന്ന് മാണി തന്നെ നിയമസഭയില്‍ പറഞ്ഞതിനാല്‍ അദ്ദേഹത്തിന്‍െറ അനുമതിയില്ലാതെ പിരിച്ചുവിടാന്‍ കഴിയില്ല. കൂറുമാറ്റ നിരോധ നിയമവുമായി ബന്ധപ്പെട്ട പരാതിയില്‍ സ്പീക്കര്‍ക്ക് തെളിവു നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജോര്‍ജ്.

മാണിയുടെ അനുമതിയില്ലാതെ പിരിച്ചുവിട്ടാല്‍ വേറെ നടപടികള്‍ വല്ലതും വരുമോയെന്ന് പേടിയുണ്ട്. അതുകൊണ്ട് എ.സി.ഡി.എഫിനെ കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലൊക്കെ സ്ഥാനാര്‍ഥികളെ നിര്‍ത്താനും തനിക്കാകും. അതിന്‍െറ ഭരണഘടനയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തനിക്ക് അനുമതി നല്‍കിയിട്ടുണ്ട്.

മാണിയെ പുകഴ്ത്തുന്നത് ഉമ്മന്‍ ചാണ്ടി നിര്‍ത്തിയാല്‍ അദ്ദേഹത്തിന് നല്ലത്. അറേബ്യയിലെ മുഴുവന്‍ സുഗന്ധവും പൂശിയാലും മാണിയിലുള്ള അഴിമതിയുടെ ദുര്‍ഗന്ധം മാറില്ല. വെറുതെ അഴിമതിയുടെ നാറ്റം ഉമ്മന്‍ ചാണ്ടി ഏറ്റുവാങ്ങരുതെന്നും ജോര്‍ജ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment