കെ.കെ. രാഗേഷും ഗുലാം നബി ആസാദും സ്വത്ത് വിവരം നല്‍കിയില്ല

rr_150326024731618കൊച്ചി: ആസ്തി ബാധ്യതകള്‍ സംബന്ധിച്ച സത്യവാങ്മൂലം നല്‍കാത്ത രാജ്യസഭാംഗങ്ങളില്‍ കേരളത്തില്‍ നിന്നുള്ള സി.പി.എമ്മിന്‍െറ കെ.കെ. രാഗേഷും രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദും. മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പിയുടെ രാജ്യസഭാംഗങ്ങളായ രാംദാസ് അത്വാലെ, അമര്‍ ശങ്കര്‍സബ്ലി എന്നിവരും സ്വത്ത് വിവരം നല്‍കിയില്ല. ഇവര്‍ക്കൊപ്പമുള്ള അഞ്ചാമന്‍ ഒഡിഷയില്‍ നിന്നുള്ള ബിജു ജനതാദളിലെ അനുഭവ് മൊഹന്തിയാണ്. കൊച്ചിയിലെ ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി. ബിനുവിന് നല്‍കിയ മറുപടിയിലാണ് രാജ്യസഭാ സെക്രട്ടേറിയറ്റിലെ ഡയറക്ടര്‍ കെ.പി. സിങ് ഈ വിവരങ്ങള്‍ നല്‍കിയത് .

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 75 എ വകുപ്പ് പ്രകാരവും 2004ലെ മെംബേഴ്സ് ഓഫ് രാജ്യസഭാ ഡിക്ളറേഷന്‍ ഓഫ് അസസ്മെന്‍റ് ആന്‍ഡ് ലയബലിറ്റീസ് ചട്ടപ്രകാരം എം.പിമാര്‍ അവരുടെയും കുടുംബാംഗങ്ങളുടെയും ആസ്തിബാധ്യതകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് 90 ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് ചട്ടം. രാജ്യസഭാ സെക്രട്ടേറിയറ്റും രാജ്യസഭാ എത്തിക്സ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. കരണ്‍സിങ്ങും രേഖാമൂലം ആവശ്യപ്പെട്ടിട്ടും എം.പിമാര്‍ അനുസരിക്കാന്‍ തയാറായിട്ടില്ല.

നിലവില്‍ രാജ്യസഭയില്‍ 244 അംഗങ്ങളുള്ളത്. നോമിനേഷനിലൂടെ വന്ന 12 അംഗങ്ങളെ സ്വത്ത് വിവരം സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റുള്ളവര്‍ നിശ്ചിത തീയതിക്കകം വിവരങ്ങള്‍ സമര്‍പ്പിച്ചിരിക്കണം. തന്നെയുമല്ല എല്ലാ വര്‍ഷവും ഈവിവരങ്ങള്‍ പുതുക്കുകയും വേണമെന്ന് ചട്ടം അനുശാസിക്കുന്നു. ഇതില്‍ വീഴ്ച വരുത്തുന്ന എം.പിമാര്‍ക്കെതിരെ സഭയുടെ അവകാശ ലംഘനത്തിന്‍െറ പേരില്‍ നടപടി സ്വീകരിക്കണമെന്നാണ് വ്യവസ്ഥ.

എന്നാല്‍, എം.പിമാര്‍ക്കെതിരെ ഒരു പരാതിയും ലഭിക്കാത്തതിനാല്‍ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലന്നാണ് രാജ്യസഭ നല്‍കുന്ന വിശദീകരണം. 2014 സെപ്റ്റംബര്‍ ഏഴായിരുന്നു ആസ്തി ബാധ്യത സമര്‍പ്പിക്കേണ്ട അവസാന തീയതി.

Print Friendly, PDF & Email

Leave a Comment